Monday, January 19, 2015

ഇനിയും വിഷം കഴിക്കണോ..?

സ്വന്തം ശരീരത്തെയും കുടുംബത്തിന്റെ ആരോഗ്യത്തെയും നിങ്ങള്‍ വില മതിക്കുന്നുണ്ടോ ,എങ്കില്‍ തുടര്‍ന്നു വായിക്കുക. ഫേസ് ബുക്കിലെ “അടുക്കളത്തോട്ടം” എന്ന കൂട്ടായ്മയെപ്പറ്റി 4-1-2015 ലെ സണ്‍ ഡേ ദീപിക യില്‍ വന്ന ലേഖനം ഇതാ.
കടപ്പാട്: ബിജു പഴയമ്പള്ളി ,സണ്‍ ഡേ ദീപിക.
ഓരോ വിത്തും ജീവന്റെ സ്വകാര്യ ലോകം ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. ഈറനണിഞ്ഞു കുതിർന്ന തോടു പിളർന്നു മണ്ണിനെ ചുംബിച്ചു കൺതുറക്കുന്ന ഒരു വിത്തു തളിരിലകളുടെ കൂപ്പുകൈയുമായി മൺതടംവിട്ടുയരുന്നു. ഇലകളായി, പൂക്കളായി, കായ്കളായി അവ വളരുന്നു. ശലഭങ്ങളും വണ്ടുകളും കീടങ്ങളും ചെറുജാതി തിര്യക്കുകളിൽ പലതും ആ ചെടിയിൽ അഭയംതേടുന്നു. ഇലകളും കായ്കളും പൂക്കളും കറിച്ചട്ടിയിൽ പലതരം രുചികളാവുന്നു. ആ രുചിയിൽ നിരവധിയാളുകൾ സന്തുഷ്ടരാവുന്നു.

ഹരിതാഭമായ ആശയത്തിന്റെ തുടക്കം

ഒരു ചെടി കുഴിച്ചുവയ്ക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിനു നിങ്ങൾക്ക് ആഗ്രഹമുണേ്ടാ? അപൂർവമായൊരു വിത്ത് എവിടെനിന്നു ലഭിക്കുമെന്നു നിങ്ങളുടെ മനസ് അന്വേഷിക്കുന്നുണേ്ടാ? എങ്കിൽ ഒരു സ്റ്റാമ്പ് ഒട്ടിച്ച കവറിൽ മേൽവിലാസം എഴുതി

ടി.ടി മുഹമ്മദ്കുട്ടി
ജാസ്മിൻ
പറപ്പൂർ പി.ഒ
മലപ്പുറം 676503.


എന്ന വിലാസത്തിൽ അയയ്ക്കുക. വിത്തുകൾ തപാൽമാർഗം വീട്ടിലെത്തും. സൗജന്യമായി.
ഇനി കൈമാറിക്കിട്ടിയ ഒരു വിത്തു കുഴിച്ചുവയ്ക്കുന്നു. വെള്ളമൊഴിക്കുന്നു. ഇലകൾ വിരിഞ്ഞു പൂക്കൾ പുഞ്ചിരിച്ചു കായ്കളാകുമ്പോൾ കീടങ്ങൾ ചെടിയുമായി ചങ്ങാത്തം കൂടുന്നു. എന്തുചെയ്യും. വിഷം തളിക്കാൻ ആഗ്രഹമില്ല. ജൈവപരിഹാരങ്ങൾ നിരവധിയുണ്ടാകാം. അതെങ്ങനെ അറിയും. എങ്ങനെ തയാറാക്കും. പ്രയോഗിക്കും.

നിങ്ങളുടെ സംശയങ്ങൾ എഴുതി അടുക്കളത്തോട്ടം എന്ന ഫേസ് ബുക്ക് പേജിൽ പോസ്റ്റുചെയ്യുക. ഒരായിരം പരിഹാരമാർഗങ്ങൾ നിങ്ങൾക്കു മുന്നിലെത്തും. ഇനിയും സംശയമുണെ്ടങ്കിൽ കേടുവന്ന ചെടിയുടെയോ, ഇലതിന്നു നശിപ്പിക്കുന്ന പുഴുവിന്റെയോ ചിത്രംകൂടി ഇടുക. മറുപടി കുറച്ചുകൂടി സൂക്ഷ്മമായിരിക്കും.

അടുക്കളത്തോട്ടം എന്ന ഫേസ്ബുക്ക് പേജിൽ കൃഷിയോട് ഇഷ്ടം കൂടിയിരിക്കുന്ന 78,000 ആളുകളുണ്ട്. ഇവരിൽ ആരെങ്കിലും നിങ്ങളുടെ സംശയത്തിനു മറുപടി തരും. ഇവരിൽ പലരും തങ്ങളുടെ പരീക്ഷിച്ചറിഞ്ഞ പ്രായോഗിക അറിവാണു പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ പൂർണമായും വിശ്വസിക്കാം.

ഫേസ്ബുക്കിലെ കൃഷികൂട്ടായ്മ

അംഗങ്ങളിൽ പലരും മികച്ച കൃഷിക്കാരാണ്. വീട്ടിലെ അടുക്കളത്തോട്ടത്തിൽ, ടെറസിൽ, വീടിന്റെ ബാൽക്കണിയിൽ, വൻനഗരങ്ങളിലെ ഫ്‌ളാറ്റിലെ ഇത്തിരിയിടത്തിൽ, ഗൾഫിലെ വിരസമായ ഏകാന്തതകളിൽ... ഒക്കെയും കൃഷിചെയ്തും ചെടികളെ പരിചരിച്ചും പ്രകൃതിയോട് ഇഷ്ടം കൂടുന്നവരാണ്. ഇവർ സന്തോഷത്തോടെ നിങ്ങളുടെ സംശയം തീർത്തുതരും. അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. നിറയെ കായ്പിടിച്ച അടുക്കളത്തോട്ടം കാണിച്ചു നിങ്ങളെ പ്രലോഭിപ്പിച്ചു മണ്ണിലേക്കിറക്കും. കൈവശമുള്ള വിത്തും കൃഷി അറിവും സ്‌നേഹപൂർവം നിങ്ങളുമായി പങ്കുവയ്ക്കും.

അടുക്കളത്തോട്ടം ഫേസ്ബുക്ക് പേജിന്റെയും ആവശ്യക്കാർക്കു വിത്ത് എത്തിച്ചുകൊടുക്കുന്ന വിത്ത് ബാങ്കിന്റെയും വിത്തിട്ടത് ഒരാൾ മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ മുഹമ്മദ്കുട്ടി.

അടുക്കളത്തോട്ടം ഫേസ്ബുക്ക് കൂട്ടായ്മയിലെ ഇരുപതു ശതമാനം അംഗങ്ങളെങ്കിലും ജൈവകൃഷിയിൽ സജീവമാണ്. തങ്ങൾക്കാവശ്യമുള്ള പച്ചക്കറികൾ സ്വന്തം അടുക്കളത്തോട്ടത്തിൽ വിളയിക്കുന്നവരാണ്. കൃഷിയുടെ സന്തോഷവും വിളവെടുപ്പിന്റെ ആഘോഷവും ഇവർക്കു സ്വന്തം. ഇവർക്ക് ഉപദേശം നൽകാൻ കാർഷിക വിദഗ്ധരും മുതിർന്ന കർഷകരും ശാസ്ത്രജ്ഞരും കാർഷിക സർവകലാശാലയിലെ അധ്യാപകരും ഒപ്പമുണ്ട്.

കേരളം കാത്തിരിക്കുന്ന ഒരു വിപ്ലവത്തിനു നിശബ്ദമായി പണിയെടുക്കുകയാണു മുഹമ്മദുകുട്ടി. ഇതിന്റെ വിളവെടുക്കാൻ കുറച്ചുകാലം കൂടി കഴിയുമെന്നുമാത്രം.

തിരിച്ചറിവുകളുടെ കാലം

ഓഫീസ് ജോലിയിൽ മുഷിഞ്ഞു മുഷിഞ്ഞു സ്വയം ജീർണിക്കുകയാണ് എന്നു തിരിച്ചറിഞ്ഞപ്പോഴാണു ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ജോലിയിൽ നിന്നു സ്വയം വിരമിച്ച് മുഹമ്മദ്കുട്ടി വീട്ടിലെത്തിയത്. ചാരുകസേരയിൽ കിടന്നു ചായകുടിച്ചും പത്രം വായിച്ചും ദിവാസ്വപ്നം കണ്ടും കഴിയാനായിരുന്നില്ല വിരമിച്ചത്. മണ്ണിലേക്കിറങ്ങുക. അവിടെ കൊത്തിയും കിളച്ചും നട്ടും നനച്ചും മുഹമ്മദു കുട്ടി ഹരിതലോകം തീർത്തു.

യാത്രപോകുന്നിടത്തുനിന്നെല്ലാം വിത്തുകൾ ശേഖരിച്ചു. കാന്താരിമുളകു മുതൽ ആപ്പിൾതൈ വരെ പുരയിടത്തിൽ നട്ടുവളർത്തി. ഓരോ ദിവസവും ഉറക്കമുണർന്നു കൃഷിയിടത്തിലൂടെ സഞ്ചരിച്ച്, ചെടികളോടും പൂക്കളോടും കുശലം പറഞ്ഞ്, ഫലങ്ങളെ താലോലിച്ച്... അപ്പോഴൊക്കെയും ബാല്യകാല സന്തോഷത്തിലേക്കു കുതൂഹലത്തോടെ മടങ്ങിപ്പോകുകയാണ് താൻ എന്നു മുഹമ്മദു കുട്ടി തിരിച്ചറിഞ്ഞു. മനസിനെ ഉന്മേഷഭരിതമാക്കുന്ന അനുഭവങ്ങൾ.

ഏതാണ്ട് എല്ലായിനം പച്ചക്കറികളും മുഹമ്മദുകുട്ടിയുടെ പുരയിടത്തിൽ വളർന്നു. കാഷ്മീർ മുളകും പുതിനയും തക്കാളിയും വെണ്ടയും കോവലും പാവയ്ക്കയും നിറയെ ഫലം നൽകി. ചീരയും മുരിങ്ങയും നിറയെ ലഭിച്ചു. മിച്ചമുള്ള പച്ചക്കറികൾ അയൽപക്കങ്ങളിൽ കൊടുത്തു സ്‌നേഹം തിരികെവാങ്ങി. പതുക്കെ അവരിലും അടുക്കളത്തോട്ടമെന്ന കൊതിവന്നു. അവരും മണ്ണിലേക്കിറങ്ങി.

ജൈവകൃഷിയാണു തുടക്കംമുതൽ സ്വീകരിച്ചത്. മണ്ണിലേക്ക് ഈർപ്പം മടങ്ങിവന്നു. നനവാർന്ന മണ്ണിന്റെ അടരുകളിൽ മണ്ണിരകൾ കൂടുകൂട്ടി. അനേകം ചെറുജാതി ജീവികളെക്കൊണ്ടു മണ്ണു സമ്പന്നമായി. എല്ലാ വിളകളും നന്നായി വളർന്നു.

വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിലുള്ള വിഷാംശത്തെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം വന്നതോടെ അടുക്കളത്തോട്ടം എല്ലാ വീടുകളിലും എത്തണമെന്ന ചിന്ത വളർന്നു. അങ്ങനെയാണു വിത്തുബാങ്കും അടുക്കളത്തോട്ടം ഫേസ്ബുക്ക് പേജും ഉണ്ടായത്.

വിത്തുബാങ്കിലെ നിക്ഷേപവും വായ്പകളും

പലയിടത്തുനിന്നും വാങ്ങിയ വിത്തുകൾ ശരിയായ ഫലം നൽകാതായപ്പോഴാണു വിത്തുബാങ്ക് എന്ന ആശയം ഉണ്ടായത്. അന്യം നിന്നുപോയ അനേകം പച്ചക്കറി വിത്തുകൾ ശേഖരിക്കണം. ആവശ്യക്കാർക്കു കൊടുക്കണം. അവർ കൃഷിചെയ്തുണ്ടാക്കുന്ന വിത്തിൽ നിന്നൊരു പങ്കുവാങ്ങി പുതിയ ആളുകൾക്കു കൊടുക്കണം. വിത്തു ബാങ്ക് എന്ന ആശയം കേട്ടവർ പ്രോത്സാഹിപ്പിച്ചു. മണ്ണിൽ പണിയെടുത്തിരുന്നവർ കൃഷിയറിവുകളുടെ ലഘുവിജ്ഞാനകോശങ്ങളായിരുന്നു. അവയും എല്ലാവരിലും എത്തണം. അതിനായിട്ടാണ് അടുക്കളത്തോട്ടം ഫേസ്ബുക്ക് എന്ന പേജ് തുടങ്ങിയത്.

2013 ഗാന്ധിജയന്തി ദിനത്തിലാണ് അടുക്കളത്തോട്ടം എന്ന ഫേസ്ബുക്ക് പേജ് മുഹമ്മദ്കുട്ടിയും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ 78,000 അംഗങ്ങൾ. കൃഷിയോട് ആഭിമുഖ്യമുള്ള ഇത്രയും മനസുകളെ ലഭിച്ചപ്പോൾ മുഹമ്മദുകുട്ടിയും കാര്യങ്ങൾ ഒന്നുകൂടി ഊർജിതമാക്കി.

തന്റെ അറിവുകൾ മുഹമ്മദുകുട്ടി കുറിച്ചു. മറുപടിയായി അനേകം കൃഷി അറിവുകൾ പല നാട്ടിൽനിന്നും പറന്നെത്തി. ഗൾഫിൽ നിന്നും അന്യനാടുകളിൽ നിന്നും കൊച്ചുകൊച്ചു കൃഷി അറിവുകൾ എത്തി. വിത്തുകൾ നടേണ്ടവിധം, നന, വളപ്രയോഗം, കീടപ്രതിരോധം, ജൈവ കീടനിയന്ത്രണം, ജൈവകീടനാശിനികൾ...അറിവുകളുടെ കലവറയായി അടുക്കളത്തോട്ടം മാറി. പലരും വിളവെടുപ്പിനുശേഷം വിത്തുകൾ വിത്തുബാങ്കിലേക്ക് അയച്ചുകൊടുത്തു.

മുഹമ്മദുകുട്ടി ഓരോ വിത്തും തരംതിരിച്ചു സൂക്ഷിച്ചു. ആവശ്യക്കാർ വിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ച കവർ അയച്ചുകൊടുത്തു. മുഹമ്മദുകുട്ടി അവർക്കു വിത്തുകൾ അയച്ചു. അവരുടെ കൃഷിയിടങ്ങളിൽ പതിയെ പച്ചപ്പു തലനീട്ടി. അവർ സന്തോഷം ഫേസ് ബുക്കിൽ കുറിച്ചു. കൂടുതൽ ആളുകൾ പ്രലോഭിതരായി അടുക്കളത്തോട്ടത്തിലെത്തി.

പറന്നെത്തുന്ന കാർഷിക അറിവുകൾ

പലനാട്ടിൽ നിന്നും പല തരത്തിലുള്ള കൃഷിരീതികളും ഫേസ്ബുക്കിൽ കുറിക്കപ്പെട്ടു. കാലിയായ കോളയുടെ പെറ്റ് ബോട്ടിലുകളിൽ പാതി മണ്ണുനിറച്ച് വിത്തിട്ട്, ബാൽക്കണിയിൽ കെട്ടിത്തൂക്കി വളർത്തുന്ന ഹാംഗിംഗ് കൃഷിയിടങ്ങൾ, കപ്പലിൽ ജോലി ചെയ്യുന്നയാൾ കാബിനിൽ ചെടിനട്ട് കൃത്രിമ വെളിച്ചത്തിൽ വളർത്തിയെടുത്ത അനുഭവം, മരുഭൂമിയിലെ വീട്ടുമുറ്റത്തു കൃഷിത്തോട്ടമൊരുക്കിയ വീട്ടമ്മമാർ, പ്ലാസ്റ്റിക് ബോട്ടിലുകൾ രണ്ടായി പിളർന്ന് അതിൽ ചീരക്കൃഷി നടത്തിയ വീട്ടമ്മ, മണ്ണില്ലാതെ പ്രത്യേകതരത്തിലുള്ള വളലായനിയിൽ കൃഷിചെയ്യുന്നവർ... ഇവയുടെയെല്ലാം ചിത്രങ്ങളും കുറിപ്പുകളും ഫേസ്ബുക്കിൽ വന്നതോടെ അനേകർക്കു കൃഷി പ്രലോഭനമായി മാറുകയായിരുന്നു. പലരും മണ്ണിലേക്കിറങ്ങി. ചെറുകൃഷികൾ ചെയ്തു. പലരെയും പ്രോത്സാഹിപ്പിച്ചു. കൃഷിചെയ്തു ലഭിച്ച ഫലങ്ങൾ പലരുമായും പങ്കുവച്ചു.

കൃഷി ചെയ്യാൻ മണ്ണല്ല മനസാണു വേണ്ടതെന്നാണ് മുഹമ്മദ്കുട്ടി പറയുന്നത്. ആദ്യം മനസൊരുക്കു. മണ്ണു പിന്നാലെയെത്തും. അല്ലെങ്കിൽ മണ്ണുപോലുമില്ലാതെയും കൃഷിചെയ്യാനാവും.

അന്യംനിന്നുപോയെന്നു കരുതിയ പല വിത്തിനങ്ങളും കണെ്ടത്താൻ സാധിച്ചുവെന്നതും അടുക്കളത്തോട്ടത്തിന്റെ നേട്ടമാണ്. പുളിവെണ്ടയ്ക്ക, നിത്യവഴുതനങ്ങ, ചതുരപ്പയർ... എന്നിവയെല്ലാം ഇത്തരത്തിൽ വിത്തുബാങ്കിൽ വന്ന നവാതിഥികളാണ്.

ഇപ്പോൾ അടുക്കളത്തോട്ടം ഫേസ് ബുക്ക് അംഗങ്ങൾ രണ്ടു കൂട്ടായ്മയും സംഘടിപ്പിച്ചു. അടുക്കളത്തോട്ടം അംഗമായ ദുബായിൽ താമസിക്കുന്ന ശോഭ പവിത്രന്റെ ചാലക്കുടിയിലെ വീട്ടിൽ വച്ചാണ് ആദ്യത്തെ കൂട്ടായ്മ നടത്തിയത്. ഈ കൂട്ടായ്മയിൽ നിന്നുമാണു വിത്തു തപാൽ മാർഗം എത്തിക്കുക എന്ന ആശയം ഉണ്ടായത്. പരമ്പരാഗത നെൽവിത്തുകൾ സൂക്ഷിക്കുകയും അവകൊണ്ടുമാത്രം കൃഷിയിറക്കുകയും ചെയ്യുന്ന വയനാട്ടിലെ കുറിച്യൻ രാമന്റെ കൃഷി അനുഭവങ്ങൾ പങ്കുവച്ചായിരുന്നു രണ്ടാമത്തെ കൂട്ടായ്മ. അട്ടപ്പാടി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ കൃഷി സംഗമങ്ങളും നടത്തി.

വിദേശത്തേക്കു വിത്തുകൾ തപാലിൽ അയയ്ക്കാൻ സാധിക്കില്ല. അവധിക്കു നാട്ടിൽ വരുന്നവരെ വിത്തു വാങ്ങിവരാൻ പലരും പറഞ്ഞയച്ചുതുടങ്ങി. അവരുടെ കൈയിൽ തങ്ങൾ കൃഷിചെയ്ത ചില വിത്തുകളും അവർ കൊടുത്തുവിട്ടു.

സന്തോഷം കൃഷിചെയ്യുന്ന വിധം

ഓരോ ദിവസവും അയച്ചു കിട്ടുന്ന വിത്തുകൾ, അയച്ചുതന്നവരുടെ പേര് എന്നിവയെല്ലാം വിശദമാക്കി മുഹമ്മദുകുട്ടി ഫേസ്ബുക്കിൽ കുറിപ്പിടും. പലരും കൃഷിയിടത്തിന്റെ ചിത്രങ്ങൾ, വിളകൾ, ഫലങ്ങൾ... എന്നിവയുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്യും. പുതിയ തരം കളകൾ, കീടങ്ങൾ എന്നിവയുടെ നിയന്ത്രണമാർഗങ്ങളും വിവരിക്കും. പലരും വീട്ടുവളപ്പിലുള്ള പല ചെടികളുടെയും മരങ്ങളുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് എന്തു ചെടിയാണ്, എന്താണ് ഉപയോഗക്രമമെന്ന് അന്വേഷിക്കും. പലരും കൃത്യമായ മറുപടി നൽകും. ഔഷധപ്രയോഗങ്ങൾ പറഞ്ഞുകൊടുക്കും.

നോക്കു, ഒരാളുടെ മനസിൽ വിരിഞ്ഞ ആശയങ്ങൾ എത്രവേഗമാണ് ആളുകൾ സ്വീകരിച്ചതെന്ന്. എത്രമാത്രം പ്രചോദനാത്മകമായാണ് ആളുകൾ ഈ ആശയത്തെ സ്വീകരിച്ചതെന്ന്.

വരും വർഷങ്ങളിൽ കേരളം ഏറ്റവും അധികം പിന്തുടരുന്ന ആശയം കൂടിയായി ഇതു മാറിയേക്കാം.

ജീവൻ കൈമാറുന്നതുകൊണ്ടാണു വിത്തുവിനിമയത്തിൽ സന്തോഷമുണ്ടാവുന്നത്. കൈമാറ്റം ചെയ്യപ്പെട്ട വിത്തിന്റെ വളർച്ചയും അതിൽ വിളയുന്ന ഫലങ്ങളും വീണ്ടും സന്തോഷം കൊണ്ടുവരുന്നു. അതിൽനിന്നുമൊരു വിത്തു മറ്റൊരാളുടെ കൈകളിൽ എത്തുമ്പോൾ സന്തോഷത്തിനു കൂടുതൽ അവകാശികളുണ്ടാവുകയായി.

ഒരു വിത്തിടൂ; അതു നിങ്ങളുടെ പ്രകൃതത്തെയും പ്രകൃതിയേയും കൂടുതൽ ഹരിതാഭമാക്കും. ഒരു വിത്ത് പങ്കുവയ്ക്കു; അതു നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷം കൊണ്ടുവരും. അടുക്കളത്തോട്ടത്തിൽ വിളഞ്ഞ ഒരു ഫലം അയൽക്കാരനു കൊടുക്കൂ; അയാളുടെ ഹൃദയത്തിൽ നിങ്ങളുടെ സ്‌നേഹം മുദ്രവയ്ക്കപ്പെട്ടിരിക്കും.

മനസൊരുക്കി മണ്ണിലേക്കിറങ്ങാൻ ഇനിയും കാത്തിരിക്കേണ്ടതുണേ്ടാ?
 
  
മാതൃ ഭൂമി ചാനല്‍.
 റിപ്പോര്‍ട്ടര്‍ ചാനല്‍.  
ഗ്രൂപ്പിന്റെ വിലാസം https://www.facebook.com/groups/adukkalathottam/ (ഇതൊരു സീക്രറ്റ് ഗ്രൂപ്പായതിനാല്‍ നിലവിലുള്ള മെംബര്‍മാര്‍ക്ക് മറ്റു അംഗങ്ങളെ ചേര്‍ക്കാം. പ്രയാസം നേരിട്ടുവെങ്കില്‍ ttmkutty@gmail.com എന്ന വിലാസത്തില്‍ എനിക്കൊരു മെയില്‍ അയക്കുക.)

17 comments:

Junaiths said...

ഇക്കാ സന്തോഷം, ഇനിയും ഇതുപോലുള്ളവ ഷെയർ ചെയ്യുമല്ലോ

Areekkodan | അരീക്കോടന്‍ said...

Kuttykka....Abhinandanangngal..

പട്ടേപ്പാടം റാംജി said...

അഭിനനന്ദങ്ങൾ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കൂടുതല്‍ കൂടുതല്‍ കണ്ടെത്തലുകളും വിജയങ്ങളും ഉണ്ടാവട്ടെ

Philip Verghese 'Ariel' said...

ഇക്കാ
അഭിനന്ദനങ്ങൾ.
നേരത്തെ ഇന്ത്യൻ എക്സ്പ്രെസ്സിൽ കണ്ടിരുന്നു.
ഈ സംരംഭം ഇനിയും
അനേകരിലേക്കു എത്തേണ്ടതുണ്ട്
യാത്ര തുടരുക.
ഞാനിതു എൻറെ സോഷ്യൽ മീഡിയകളിൽ
ഷെയർ ചെയ്യുന്നു.
ഈ പ്രയഗ്നത്തിനു എല്ലാ നന്മകളും നേരുന്നു
ഒരു സംങ്കടം ഉണ്ട്.
ബ്ലോഗിൽ സജീവമായി കാണുന്നില്ല, തീർച്ചയായും
അതിനു പിന്നിലുള്ള പ്രയഗ്നം തന്നെ എങ്കിലും ബ്ലോഗിനെ മറക്കെണ്ട കേട്ടോ!!
സസ്നേഹം
ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ്

K@nn(())raan*خلي ولي said...

@@

ഇതൊരു വിപ്ലവം തന്നെയാണ് കുട്ടീക്കാ.
മഹത്തായൊരു വിപ്ലവം.
എന്റെം എന്റെ ബ്ലോഗിന്റെം സര്‍വവിധ ആശംസകളും നേരുന്നു..

**

Mohamedkutty മുഹമ്മദുകുട്ടി said...

എന്റെ സുഹൃത്തുക്കള്‍ ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

വര്‍ഷിണി* വിനോദിനി said...

ഇക്കാ...അഭിമാനം തോന്നുന്നൂ...
ഈ സംരംഭം ബൂലോകം കയ്യടക്കട്ടെയെന്ന് ആശംസിയ്ക്കുന്നു..
അഭിനന്ദനങ്ങൾ...!

കുഞ്ഞൂസ്(Kunjuss) said...

വളരെയേറെ സന്തോഷം ഇക്കാ.... സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ച് എല്ലാവരിലും എത്തിച്ചേരട്ടെ, എല്ലാവർക്കും നല്ലൊരു മാതൃകയാവട്ടെ....

ബ്ലോഗിൽ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും .....

Vp Ahmed said...

ഭാവുകങ്ങൾ

കുസുമം ആര്‍ പുന്നപ്ര said...

എനിക്ക് കൊതിയാവുന്നു

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മനോഹരമായ ഒരാശയത്തിന്റെ മനോഹരമായ പ്രയോഗമാണ്‌ കുട്ടിക്കാ നടപ്പാക്കുന്നത്. അതിനെ സംബന്ധിച്ച ഈ കുറിപ്പിന്റെ രചനയും മനോഹരമായി.
അടുക്കളത്തോട്ടം ഗ്രൂപ്പിലെ ഒരു എളിയ അംഗം എന്ന നിലയിലും കൃഷിയോട് മനസ്സടുപ്പമുള്ള ഒരാള്‍ എന്ന നിലയിലും ഏറെ സന്തോഷം തോന്നുന്നു. കുട്ടിക്കാ സദയം സമ്മാനിച്ച നിത്യവഴുതനയും ആനക്കൊമ്പന്‍ വെണ്ടയും ഞാനിത്തവണ കൃഷിയിറക്കിയിട്ടുണ്ട്. വിളവെടുപ്പിനുശേഷം വിത്തുകളുമായി ഞാന്‍ വീണ്ടും താങ്കളെ കാണാനെത്തും.

ബഷീർ said...

good effort.. congrats . i would like to c u soon..insha Allah.. all the best

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം ജൈവ കാർഷിക
മേന്മകൾ സ്വന്തം തൊടികളിൽ
ആരംഭിച്ച് കൊണ്ട് , വീണ്ടും നമ്മുടെ
നാട്ടിൽ ഒരു ഹരിത വിപ്ലവം പൊട്ടി മുളയ്ക്കട്ടേ ...
അഭിനന്ദനങ്ങൾ ഭായ്

Pradeep Kumar said...

നിശ്ശബ്ദമായി ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നു. ഫെയിസ് ബുക്കിനെ ഏറ്റവും മഹനീയമായ രീതിയിൽ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നു നിങ്ങൾ തെളിയിച്ചിരിക്കുന്നു

ഡി .പ്രദീപ് കുമാർ said...

ആവേശഭരിതം വായിച്ചു,ഈ വിജയകഥ.കൃഷി ജീനിലടങ്ങിയ ആയിരങ്ങളിലൊരുവനാണു.ഞാനും ഒപ്പം കൂടുന്നു.

മുബാറക്ക് വാഴക്കാട് said...

കൊള്ളാലോ......
എല്ലാവിധ ഭാവുകങ്ങളും നേരുന്നു..