നര്‍മ്മം മാത്രം എഴുതി വന്നപ്പോള്‍ ജീവിതത്തിലെ ചില സത്യങ്ങള്‍ മറച്ചു വെക്കാനാവില്ല.പക്ഷെ നര്‍മ്മം കൊണ്ട് അല്പം ആശ്വാസം കിട്ടിയാലോ? ഇത്തരത്തില്‍ ഒരു തലവാചകം കൊടുത്തതു തന്നെ പ്രത്യേക ഉദ്ദേശം വെച്ചാണ്,ഇഷ്ടപ്പെടാത്ത വിഷയമാണെങ്കില്‍ ചിലര്‍ക്കെങ്കിലും വായിക്കാന്‍ മിനക്കെടേണ്ടല്ലോ?.പക്ഷെ ഈ സത്യം നാം അംഗീകരിച്ചേ പറ്റൂ. പലപ്പോഴും നമുക്കു വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോള്‍ മാത്രം നാമതിനെപ്പറ്റി ചിന്തിക്കുന്നു!. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് ശവപ്പറമ്പിലൂടെ വേണം നടന്നു പോവാന്‍, എന്നിട്ടും അന്നൊന്നും ഇത്തരം ഒരു ചിന്ത മനസ്സില്‍ വന്നിട്ടില്ല. വീട്ടിലേക്കുള്ള വഴിയിലും റോഡ് വക്കില്‍ പള്ളിപ്പറമ്പുണ്ട്, അവിടെ ഖബറുകളും.അതും ഒരു സാധാരണ കാഴ്ച മാത്രം!. ഇപ്പോള്‍ മതില്‍ കെട്ടിയതിനാല്‍ റോഡില്‍ നിന്നു കാണുകയുമില്ല. മനസ്സില്‍ ഓടിയെത്തുന്ന ആദ്യ മരണം സ്വന്തം പിതാവിന്റെയാണ്. പക്ഷെഅന്നൊന്നും അതുണ്ടാക്കുന്ന മുറിവിനെപ്പറ്റി അറിയില്ലായിരുന്നു, പതിനഞ്ചാമത്തെ വയസ്സില്‍. എല്ലാവരും കരയുന്നു,താനും കരഞ്ഞു. പിന്നെ അതൊക്കെ മറക്കുന്നു. താന്‍ വലുതാവുന്നു. ഉത്തരവാദിത്തങ്ങള്‍ മനസ്സിലാവുന്നു. കുടുംബനാഥനും ഉദ്യോഗസ്ഥനുമൊക്കെയായി നടക്കുന്നതിന്നിടയില്‍ ഒരു ദിവസം അത് സംഭവിക്കുന്നു. തന്നോടൊത്ത് ഉറങ്ങിക്കിടന്ന പ്രിയതമയുടെ ഞരക്കം കേട്ടാണുണര്‍ന്നത്. പ്രത്യേകിച്ചസുഖമൊന്നുമുണ്ടായിരുന്നില്ല. ഇരുപത് വര്‍ഷം മുമ്പ് ഹാര്‍ട്ടിന്റെ വാല്‍വിന്നു ഓപ്പറേഷന്‍ നടത്തിയിരുന്നു.പിന്നെ സധാരണ ജീവിതമായിരുന്നു. തലേന്നു വരെ സുഖമില്ലാത്ത എന്റെ മാതാവിന്നു കൂട്ടു കിടന്നതാണ്...ലൈറ്റിട്ടു ക്ലോക്കില്‍ നോക്കി. സമയം രാത്രി രണ്ട് മണി. മിണ്ടാന്‍ പോലും പറ്റുന്നില്ല.ശരീരത്തിന്റെ ഒരു വശം അപ്പാടെ തളര്‍ന്നിരിക്കുന്നു. പെട്ടെന്ന് എല്ലാവരെയും വിളിച്ചുണര്‍ത്തി അയല്‍ക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ആസ്പത്രിയിലെത്തിച്ചു. ഓപറേഷന്‍ കഴിഞ്ഞ് വൈകി വീട്ടില്‍ പോയ ബന്ധുവായ ഡോക്ടര്‍ ഉടനെ വന്നു പരിശോധിച്ചു വേണ്ടതൊക്കെ ചെയ്തു. പിറ്റേന്ന് രാവിലെ ഒരു ഗ്ലാസ്സ് കാപി കുടിച്ചു. ആശ്വാസം തോന്നി. പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ എല്ലാവരുടെയും അഭിപ്രായമനുസരിച്ച് അകലെയുള്ള വലിയ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഭാഗ്യത്തിനു പണ്ടു ചികിത്സിച്ച അതേ ഡോക്ടര്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം വേഗം തിരിച്ചറിഞ്ഞു. പേടിക്കാനൊന്നുമില്ല. എല്ലാം ശരിയാവും.അദ്ദേഹം ആശ്വസിപ്പിച്ചു. അവിടത്തെ പരിശോധനകളും ടെസ്റ്റുകളും കഴിഞ്ഞ് ഐ.സി,യു വില്‍ കയറ്റിയപ്പോഴേക്കും വൈകുന്നേരമായി. രോഗിയുടെ പേരെയുതിയ പാത്രത്തില്‍ കുടിക്കാന്‍ വേണ്ടതൊക്കെ അറ്റന്ററുടെയടുത്ത് കൊടുക്കുമ്പോഴും അരുതാത്തതൊന്നും സംഭവിക്കില്ലെന്നുറപ്പായിരുന്നു. മൂത്ത മകനെ അവിടെ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ മരുമകന്റെ കൂടെ വെളിയില്‍ പോയതായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈലടിച്ചു .ഒരു ബന്ധുവിന്റെയാണ്. ഉടനെ ഐ.സി.യുവിന്റെ മുന്നിലെത്തണമെന്ന്. ഭക്ഷണം മതിയാക്കി ഓടി. ഉടനെ തന്നെ മറ്റൊരു ഫോണ്‍ സഹപ്രവര്‍ത്തകന്റെയാണ്. ചികില്‍സക്കുള്ള അഡ്വാന്‍സ് ശരിയായിട്ടുണ്ട്, നാളെത്തന്നെ District office ല്‍ പോയി വാങ്ങണമെന്ന്.. എങ്ങിനെയോ ഒരു വിധത്തില്‍ പാഞ്ഞെത്തി. അപ്പോള്‍ വെന്റിലേറ്ററില്‍ ....
ആ മുഖത്തേക്കു ഒന്നു നോക്കാനേ കഴിഞ്ഞുള്ളു. മരുമകന്‍ തന്നെ ചേര്‍ത്ത് പിടിച്ച് അരികില്‍ തന്നെയുണ്ട്. പിന്നെ ഏതാനും നിമിഷങ്ങള്‍.....ഡ്യൂട്ടി ഡോക്ടര്‍ പുറത്ത് വന്നു.
"കഴിഞ്ഞു.." ഭൂമി മൊത്തം മുമ്പിലൂടെ കറങ്ങുന്ന പോലെ തോന്നി.
പിന്നെ പലരും പല നമ്പറുകളും ചോദിക്കുന്നു,എവിടെയൊക്കെയോ വിളിക്കുന്നു...
അല്പ സമയം കൊണ്ട് കുറെ ബന്ധുക്കള്‍ പാഞ്ഞെത്തി. പിന്നെ ആമ്പുലന്‍സില്‍ ചലനമറ്റ ശരീരവുമായി വീട്ടിലേക്കു....തലേന്നു ആസ്പത്രിയിലേക്ക് പോയ അതെ സമയത്ത്. വീട്ടിലെത്തുമ്പോള്‍ വലിയ ജനക്കൂട്ടം. ബന്ധുക്കളും അയല്‍ക്കാരും. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടി ഓരോ കാര്യങ്ങള്‍ ഏര്‍പ്പാടു ചെയ്യുന്നു. കുട്ടികള്‍ [മുതിര്‍ന്നവരാണ്] അവിടവിടെയായി കരഞ്ഞു
കിടക്കുന്നു. പ്രായമായ തന്റെ മാതാവ് രോഗശയ്യയില്‍ നിന്നെണീറ്റ് തരിച്ചിരിക്കുന്നു....
ഒരു വര്‍ഷം കഴിഞ്ഞു അവരും പോയി. അതു എല്ലാവരും പ്രതീക്ഷിച്ചതാണ്, പക്ഷെ അതും ആസ്പത്രിയില്‍ വെച്ച് ഡോക്ടര്‍ പോലും നിനക്കാത്ത നേരത്ത്..............
.....................................
ഇപ്പോള്‍ ആറു വര്‍ഷം പിന്നിട്ടിരിക്കുന്നു....മേശപ്പുറത്തുള്ള ഫ്രെയിം ചെയ്ത ഫോട്ടോയില്‍ നിന്നു തന്നെ
നോക്കി അവള്‍ ചിരിക്കുന്നു. ഒരു പക്ഷെ അങ്ങോട്ട് വിളിക്കുകയാവാം......