Tuesday, January 5, 2010

തലവരയില്‍ തരപ്പെട്ട ജോലി!

 ഡിഗ്രിയൊക്കെ കഴിഞ്ഞ് 2 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പല പോസ്റ്റിനും അപേക്ഷിച്ചു നിരാശനായി നടക്കുന്ന കാലം. ജോലി ലഭിക്കാത്തതില്‍ നാട്ടുകാരുടെ സഹതാപ അന്വേഷണങ്ങള്‍ കൊണ്ടു പൊറുതി മുട്ടി നടക്കുകയായിരുന്നു. ഉമ്മയുടെ ആഗ്രഹത്തിനു  നിക്കാഹും കഴിഞ്ഞിരിക്കുന്നു , പെണ്ണു ഞാന്‍ തന്നെ ബ്രോക്കര്‍ മുഖേന കണ്ടെത്തിയതാണെങ്കിലും!. (ഉപ്പ ചെറുപ്പത്തില്‍ മരിച്ചു പോയതിനാലും ഒറ്റമകനായതിനാലും ആ ഉത്തരവാദിത്തവും എനിക്കു തന്നെ.)

                
നിക്കാഹ് കഴിഞ്ഞെന്നു വെച്ച് പെണ്ണിന്റെ കൂടെ താമസമൊന്നും തുടങ്ങിയിട്ടില്ല. അതെല്ലാം ജോലി കിട്ടിയ ശേഷം മതി, അമ്മായിയപ്പന്റെ  ഓര്‍ഡറാണ്.  ഒറ്റ മകനായതിനാല്‍  വലിയ പ്രശ്നങ്ങളൊന്നുമുണ്ടാവില്ല  എന്നതാണ് മൂപ്പിലാന്റെ കണ്ടെത്തല്‍ !. അതാണ് ജോലി കിട്ടാതെ തന്നെ നിക്കാഹിന്നു സമ്മതിച്ചത്. പണ്ടൊക്കെ അതൊരു പതിവായിരുന്നു.  നിക്കാഹ് കഴിഞ്ഞാലും പെണ്ണ് അവരുടെ വീട്ടില്‍ തന്നെ നില്‍ക്കും. പിന്നീട് കുറെ നാള്‍ കഴിഞ്ഞു ഒരു പുതിയാപ്ല പോക്കൊക്കെ കഴിഞ്ഞു പെണ്ണിനെ കൂട്ടി കൊണ്ടു വരിക ,എന്നതൊക്കെ.

ഒരു വെള്ളിയാഴ്ച  പള്ളിയില്‍ പോയതായിരുന്നു. ബന്ധത്തില്‍ പെട്ട ഒരു ഡോക്ടറുണ്ട്. സാധാരണ ജുമുഅ തുടങ്ങാന്‍ നേരത്തെ എത്താറുള്ളൂ‍. അന്നും പതിവു പോലെ മൂപ്പര്‍ കാറിറങ്ങി വുളു എടുത്തു (അംഗ ശുദ്ധി വരുത്തി) നേരെ അകത്തു വന്നു. തന്നെ കണ്ടപ്പോള്‍ പതിവില്ലാതെ, പോകുന്നതിന്നു മുമ്പു ഒന്നു കാണണം എന്നു പറഞ്ഞു. ആകെ വേവലാതിയാ‍യി. എന്തിനാവും കാണണമെന്നു പറഞ്ഞത്. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ടനാണ്. കുടുംബത്തില്‍ വല്ല വിശേഷവും?....
                
ഏതായാലും ഒരു വിധം സമയം തള്ളി നീക്കി. ജുമുഅ കഴിഞ്ഞു ആളുകള്‍ പോവാന്‍ തുടങ്ങി. നേരെ അദ്ദേഹത്തെ കാണാന്‍ പോയി. ഒരു ജോലി സാദ്ധ്യത ഉണ്ട്. എങ്ങനെയെങ്കിലും എമ്പ്ലോയിമെന്റ് എക്സേഞ്ചില്‍ നിന്നു കാര്‍ഡ് തരപ്പെടുത്തണം. അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനോട് അയാളുടെ ഓഫീസര്‍ പറഞ്ഞ കാര്യമാണ്. ഓഫീസറുടെ ബന്ധു ജോലി സാദ്ധ്യതയുള്ള സ്ഥാപത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. അവരുടെയൊന്നും അറിവില്‍ തല്‍ക്കാലം ആരെയും ഓര്‍മ്മയില്‍ വരാത്തതിനാല്‍ സുഹൃത്തില്‍ നിന്നും വിവരമറിഞ്ഞ ഡോക്ടര്‍ എന്നെ ഓര്‍ത്തതാണ്.

കുറെയൊക്കെ ഓടി നടന്നു. ആരെയും പിടിക്കാന്‍ കിട്ടിയില്ല, കാര്‍ഡ് തരപ്പെടുത്താന്‍. അവസാനം നിരാശനായി ഡോക്ടറെ തന്നെ സമീപിച്ചു.  അപ്പൊഴാണ് മനസ്സിലായത് ഡോക്ടര്‍ ജോലി ചെയ്യുന്ന മിലിറ്ററി ക്യാമ്പിലെ കമാന്റന്റും എമ്പ്ലോയ് മെന്റ് ഓഫീസറും പരിചയക്കാരാണ്.  അങ്ങിനെ മിലിറ്ററി വാഹനത്തിന്റെ അകമ്പടിയോടെ ഡോക്ടറുടെ കാറില്‍ ഓഫീസറെ കാണാന്‍ പോയി. ഞാന്‍ കാറില്‍ തന്നെയിരുന്നു. അവര്‍ അകത്തു പോയി സംസാരിച്ചുറപ്പിച്ചു തിരിച്ചു വന്നു.

ഒരാഴ്ചക്കുള്ളില്‍ തന്നെ ഇന്റര്‍വ്യൂവിന്ന് കാള്‍ ലെറ്റര്‍ വന്നു. അതിന്നിടയില്‍ ഒരു ബലത്തിനു വേണ്ടി മേല്‍ പറഞ്ഞ ഡോക്ടര്‍ മുഖേന ഒരു ശുപാര്‍ശക്കത്തും സംഘടിപ്പിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ആ പ്രത്യേക കക്ഷിയുണ്ടാവുമെന്ന ധാരണയില്‍ അദ്ദേഹത്തിനാണ് ശുപാര്‍ശക്കത്ത്. പാലക്കാട്ടാണ് ഇന്റര്‍വ്യൂ. ഇതു വരെ ദുരെ എവിടെയും പോയി എനിക്കു വലിയ പരിചയമില്ല. ആയതിനാല്‍ നമ്മുടെ ഡോക്ടറുടെ ഒരു അളിയനുണ്ട്. അദ്ധ്യാപകനാണ്. അദ്ദേഹത്തെയും കൂടെ കൂട്ടി.

നമ്മുടെ മാഷ് ചില്ലറക്കാരനൊന്നുമല്ല.  അല്പം വക്ര ബുദ്ധിയൊക്കെയുള്ള കൂട്ടത്തിലാണ്. ടീബിയില്‍ തന്നെ താമസിച്ചാല്‍ മതി , അദ്ദേഹം പറഞ്ഞു. ഇന്റര്‍വ്യൂ നടത്താന്‍ വരുന്ന ആളെ മനസ്സിലാക്കാന്‍ എളുപ്പമാവും. ആള്‍ വന്നിട്ടുണ്ടോ എന്നൊക്കെ അറിയാമല്ലോ. സാധാരണ ഇത്തരം പരിപാടിക്കു വരുന്നവരൊക്കെ ടീബിയിലാണ് താമസിക്കാറ് , മാഷ് പറഞ്ഞു. അങ്ങിനെ അവിടെ റൂമെടുത്തു.

 പക്ഷെ എന്തൊ ,ടീബിയില്‍ അങ്ങിനെയാരും വന്നിട്ടില്ല. സമയം രാത്രിയായി. പിറ്റേന്ന് രാവിലെയാണ് ഇന്റര്‍വ്യൂ. വീണ്ടും നമ്മുടെ മാഷിനു ബുദ്ധിയുദിച്ചു. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍  ജോലി കിട്ടേണ്ട സ്ഥാപനത്തിന്റെ പാലക്കാട് ഓഫീസില്‍ ഉള്ള ഒരു എഞ്ചിനീയര്‍ താമസിക്കുന്ന വീട് കണ്ടെത്തി. പിറ്റേന്ന് നമ്മുടെ കത്ത് കൊടുക്കേണ്ട ആള്‍ വരുന്നുണ്ടോ എന്നറിയണമല്ലോ?. മാഷ് എന്നെ വഴിയില്‍ നിര്‍ത്തി പതുക്കെ ആ വീട്ടിന്റെ കാളിങ്ങ് ബെല്‍ അടിച്ചു. പുറത്തു വന്ന ഗൃഹനാഥനോട് താന്‍ ഒരു കച്ചവടക്കാരനാണെന്നും ഇവിടെ നാളെ ഇന്റര്‍വ്യൂ നടത്താന്‍ വരുന്ന ‘---’ സാറിനു കൊടുക്കാന്‍ മലപ്പുറത്ത് നിന്നു ഒരാള്‍ ഒരു കത്ത് തന്നെ ഏല്പിച്ചിട്ടുണ്ടെന്നും അറിയിച്ചു.

അപ്പോഴാണറിയുന്നത് ഇന്റര്‍വ്യൂവിന്ന് ആ പറഞ്ഞ കക്ഷി (അദ്ദേഹം ഒരു ഡപ്യൂട്ടി മാനേജറാണ് ) വരില്ലയെന്നു. നിരാശരായി രണ്ടു പേരും ടീബിയിലേക്കു തന്നെ മടങ്ങി. എങ്ങിനെയെങ്കിലും ഡോക്ടറെ വിളിച്ചു വിവരം പറഞ്ഞു അടുത്ത വഴിയെന്താണെന്നു ആരായണം. പക്ഷെ ഇന്നത്തെ പോലെ മൊബൈലും എസ്.ടി.ഡി യുമൊന്നുമില്ലല്ലോ. ഡോക്ടറുടെ വീട്ടിലേക്ക് ഒരു ട്രങ്കു കാള്‍ ബുക്കു ചെയ്തു കാത്തിരുന്നു. ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കു ശേഷം മറുപടി കിട്ടി.  അവിടെ  ഫോണ്‍ എടുക്കുന്നില്ലായെന്നു!. ( വീട്ടിന്റെ താഴെ മുറിയില്‍ വെച്ച ഫോണെടുക്കാന്‍ ഡോക്ടര്‍ മുകളിലത്തെ മുറിയില്‍ നിന്നു എണീറ്റു വരുമ്പോഴേക്കും കാള്‍ കട്ടാവും!. വീണ്ടും ബെല്ലടിക്കുമ്പോള്‍ അദ്ദേഹം ഇറങ്ങി വരുമ്പോഴേക്കും അതും കട്ടാവും! ഇക്കാര്യം പിന്നീടറിഞ്ഞതാണ് )

  ചുരുക്കി പറഞ്ഞാല്‍ പിറ്റേന്ന് ശുപാര്‍ശക്കത്തില്ലാതെ തന്നെ ഇന്റര്‍വ്യൂവിനെ നേരിടാന്‍ തീരുമാനിച്ചു. എന്നെ സ്ഥലത്തെത്തിച്ചു മാഷും പോയി. കാരണം ഈ ഇന്റര്‍വ്യൂ കഴിഞ്ഞിട്ടു എനിക്ക് വേറെ ഒരു എഴുത്തു പരീക്ഷക്കു കൂടി പോവാനുണ്ട്.  അത് മറ്റൊരു ഡിപ്പാര്‍ട്ട് മെന്റിലേക്കാണെങ്കിലും ആ സമീപ പ്രദേശത്തു തന്നെയാണ് സെന്റര്‍.

 രാവിലെ 9 മണിക്കാണ് ഇന്റര്‍വ്യൂ സമയം.  നേരത്തെ തന്നെ സ്ഥലത്തെത്തി. വളരെ കുറച്ച് പേര്‍ മാത്രമേ എത്തിയിട്ടുള്ളൂ. ഒരു 30-35 ഓളം പേര്‍ കാണും‍. കാരണം ഇതു എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനമായതിനാല്‍ താല്‍ക്കാലികമായിരിക്കും എന്നായിരുന്നു പലരുടെയും ധാരണ!. കേന്ദ്ര ഗവര്‍മ്മേന്റിന്റെ പൊതു മേഖലാ സ്ഥാപനമായതിനാല്‍ അതിലേക്ക് അങ്ങിനെ തന്നെയാണ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നത്. ഇക്കാര്യം എന്നെപ്പോലെആരുംഅത്രമനസ്സിലാക്കിയിരുന്നില്ല.
(ഞാന്‍ കാര്‍ഡ് വരുത്തി വന്നയാളല്ലെ?)

 എന്നാല്‍ വൈകുന്നേരം 5 മണി വരെ ഒരാഫീസറും ആ വഴി വന്നില്ല. എല്ലാവരും കാത്തിരുന്നു മടുത്തു. അവസാനം വളരെ തിടുക്കത്തില്‍ ഒരു കറുത്ത അമ്പാസിഡര്‍ കാറെത്തി. അതില്‍ റീജ്യണല്‍ മാനേജര്‍ തന്നെയായിരുന്നു. ഒരു ക്ഷമാപണത്തോടെ അദ്ദേഹം ഞങ്ങളെ അഭിമുഖീകരിച്ചു. അദ്ദേഹത്തിന്റെ കാര്‍ വഴിയില്‍ ബ്രേക്ക് ഡൌണ്‍ ആവുകയും എല്ലാം ശരിയായി വന്നപ്പോഴേക്കും വൈകിയതുമാണത്രെ!.

 ഒരു കണക്കിനു അതു നന്നായി. ആരോടും പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല. പേര്, പഠിച്ച കോളേജ് ഇത്യാതി കാര്യങ്ങള്‍ മാത്രം ചോദിച്ച് ഇന്റര്‍വ്യൂ എന്ന ചടങ്ങ് കഴിച്ചു.

 പിന്നീടുണ്ടായ സംഭവമാണ് അതിശയകരം!. ഡിസമ്പറിലാണ് ഇന്റര്‍വ്യൂ കഴിഞ്ഞത്. അന്നവിടെ ഇന്റര്‍വ്യൂവിനു ഹാജറായ എല്ലാവര്‍ക്കും അടുത്ത ജനുവരിയില്‍ തന്നെ ജോലി കിട്ടി. അങ്ങിനെ ആ ജോലിയില്‍ 32 വര്‍ഷം തുടരാനും കഴിഞ്ഞു. അതിന്നിടയിലും പല വിധത്തിലും ഭാഗ്യം തുണച്ചിട്ടുണ്ട്. അക്കഥകള്‍ പിന്നീട്....


8 comments:

കുഞ്ഞൂസ് (Kunjuss) said...

പഴയ കാലത്ത് ജോലി കിട്ടാന്‍ കുറച്ചു എളുപ്പമായിരുന്നു ല്ലേ?എന്തായാലും,ജോലി കിട്ടിയതോടെ നിക്കാഹും എല്ലാം മംഗളമായി...

കഥകള്‍ ഓരോന്നായി പോരട്ടെ...

ജിത്തു said...

ആ കത്ത് കൊടുക്കാന്‍ പറ്റിയില്ലെങ്കിലും..ജോലി കിട്ടിയല്ലൊ... കാറു ബ്രേക്ക് ഡൌണ്‍ ആയതു നന്നായി.. അങ്ങനെ മൊത്തം ഒരു ലക്ക് ഉണ്ടായിരുന്നു അല്ലെ....
ഇതുപോലുള്ള ജീവിതാനുഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു

Unknown said...

കാറ് ബ്രേക്ക് ഡൌണ്‍ ആയത് എന്തായാലും ഭാഗ്യമായി അല്ലെ.

സര്‍വീസ്‌ കഥകള്‍ ഇനിയുമുണ്ടാകുമല്ലോ, ഇങ്ങോട്ട് പോന്നോട്ടെ ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈ "ശുപാര്‍ശ" പരിപാടി പണ്ട് കാലം മുതലേ ഉണ്ട്. ല്ലേ???

ഏതായാലും നാട്ടില്‍ തന്നെ കൂടിയത് നന്നായി ട്ട. ഞങ്ങളെ ഗള്‍ഫില്‍ വന്നേനെങ്കില്‍ കുറച്ചു കൂടി കഷണ്ടിയും കുറച്ചു പഞ്ചസാരയും പ്രഷറും കൂടി സമ്പാദ്യം ഉണ്ടാക്കാമായിരുന്നു . അവസാനം ഒന്നിനും കൊള്ളാതെ നാട്ടില്‍ സ്ഥിരമാക്കി നാട്ടുകാരറിയാത്ത നാട്ടുകാരനായി ആട് ചന്തക്കു പോയ പോലെ ബാക്കി കാലം കഴികാമായിരുന്നു

കുഞ്ഞുട്ടിതെന്നല said...

രസകരമായിട്ടുണ്ട്,ഇനിയും അറിയാന്‍ താല്പര്യത്തോടെ കാത്തിരിക്കുന്നു, ഏതായിരുന്നു ആ പോസ്റ്റ്? ഏതായിരുന്നു ഡിപ്പാര്‍ട്മെന്റ്?.

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പോഴുള്ള കഷണ്ടി തന്നെ ജോലി ആവശ്യാര്‍ത്ഥം തമിഴ് നാട്ടില്‍ പോയ ശേഷം കിട്ടിയതാ ഇസ്മയില്‍ !.ബാക്കി കഥകള്‍ അടുത്ത പോസ്റ്റിലുണ്ട്.ആ ഡിപാര്‍ട്ട് മെന്റ് പാവങ്ങല്‍ക്കു കൊടുക്കാനുള്ള ഭക്ഷണ ധാന്യങ്ങള്‍ സംഭരിച്ചു വെക്കുന്ന കേന്ദ്ര പൊതു മേഖലാ സ്ഥാപനമാണ് കുഞ്ഞുട്ടി.

വേണുഗോപാല്‍ said...

അങ്ങിനെ ചുളുവില്‍ ഒരു ജോലി ... ഇന്ന് ആണെങ്കിലോ ?
നന്നായി ഈ അനുഭവ വിവരണം ...
ആശംസകള്‍ സര്‍ ....
ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് ...
എങ്കിലും പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ എനിക്ക് ഒരു
മെയില്‍ ഇടാന്‍ മറക്കരുത്

Mohamedkutty മുഹമ്മദുകുട്ടി said...

സന്ദര്‍ശനത്തിനു നന്ദി!,വേണു ഗോപാല്‍.