Friday, August 27, 2010

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.

മാധ്യമം പത്രത്തില്‍ കണ്ടതാണ്. എന്തോ ,എല്ലാവരെയും കാണിക്കാമെന്നു തോന്നി. വായിച്ചവര്‍ ക്ഷമിക്കുക.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം
ലേഖകന്‍: ഖലീല്‍
Friday, August 27, 2010


വലിയ വലിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നല്ല ചെറിയ ചെറിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നാണ് പലപ്പോഴും പല വാര്‍ത്തകളും നമ്മളറിയുന്നത്. ചെറുതായിരിക്കുന്നതിന്റെ പ്രസക്തി ഓര്‍മിപ്പിക്കുന്ന അത്തരം ഒരു പ്രസിദ്ധീകരണത്തില്‍ നിന്ന്- മലപ്പുറം ചുങ്കത്തറയില്‍ നിന്നിറങ്ങുന്ന ലിറ്റില്‍ മാസികയില്‍ നിന്ന്- ഒരുവാര്‍ത്ത.


ബ്രിട്ടനിലെ ഗ്രാമീണ പ്രദേശമായ ഡ്രോട്ടണില്‍ ടെലിഫോണ്‍ ബൂത്തുകള്‍ പലചരക്കു സാധനങ്ങള്‍ വില്‍ക്കുന്ന ഇടങ്ങളായി മാറ്റപ്പെട്ടു. സാന്‍വിച്ച്, പത്രങ്ങള്‍, ടിന്‍ഫുഡുകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ ആളുകള്‍ക്ക് യഥേഷ്ടം തിരഞ്ഞെടുക്കാന്‍ ഇവിടെ സൗകര്യമുണ്ട്. സെയില്‍സ്മാനോ കാവല്‍ക്കാരനോ ഇല്ലാത്ത ഈ ബൂത്തുകളില്‍ ഹോണസ്റ്റി പ്രിന്‍സിപ്പ്ള്‍ പ്രകാരം ഓരോരുത്തരും അവരവര്‍ക്ക് വേണ്ട സാധനമെടുത്ത് അതിന്റെ വില ബൂത്തില്‍ നിക്ഷേപിക്കുന്നു. രാത്രികാലങ്ങളിലും തുറന്നുപ്രവര്‍ത്തിക്കുന്ന ഈ ഹോണസ്റ്റി ഷോപ്പുകള്‍ ഇവിടത്തെ ഗ്രാമീണരുടെ പ്രധാന ആശ്രയമാണ്.

സര്‍ക്കാറുകളുടെ ഗ്രാമീണ സേവനനയങ്ങളില്‍ അതൃപ്തരായ ജനം ഒഴിഞ്ഞുകിടക്കുന്ന ടെലിഫോണ്‍ ബൂത്തുകള്‍ ജനങ്ങളുടെ തന്നെ മുന്‍കൈയില്‍ പലചരക്ക് ബൂത്തുകളായി മാറ്റപ്പെടുമ്പോള്‍ സത്യസന്ധതയും വിശ്വസ്തതയും ഈ പുതിയകാലത്തും ഗ്രാമീണ ജനതക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ അടയാളങ്ങളാകുന്നു.

'സത്യസന്ധതയുടെ ടെലിഫോണ്‍ ബൂത്തുകള്‍' വായിച്ചപ്പോള്‍ ഞാന്‍ എന്റെ നാടിനെയോര്‍ത്തു. 'നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം' എന്നുപാടിയ കവിയെയോര്‍ത്തു. ഇന്ന് നാട്ടിന്‍പുറവും നഗരവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. കേരളത്തില്‍ നാട്ടിന്‍പുറങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നന്മയും സത്യസന്ധതയും വെറും വാക്കുകള്‍ മാത്രമാണിന്ന്. എഴുതാനും പ്രസംഗിക്കാനും പറ്റുന്ന വാക്കുകള്‍.

കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമയെ ഏല്‍പിച്ചാല്‍, വീണുകിട്ടിയ ചെറിയ സ്വര്‍ണാഭരണം ഉടമയെ കണ്ടെത്തി കൊടുക്കാന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചാല്‍ ഇന്നത് പത്രങ്ങളിലെ പെട്ടിക്കോളം വാര്‍ത്തയാണ്. യാത്രക്കാരന്റെ മറന്നുപോയ പഴ്‌സ് തിരിച്ചേല്‍പിക്കുന്ന ഓട്ടോക്കാരനെ ഇന്ന് യോഗം ചേര്‍ന്ന് അഭിനന്ദിക്കുന്നു. ഇതൊക്കെ അപൂര്‍വമായി മാത്രം ഉണ്ടാകുന്നതുകൊണ്ടാണ് ഈ

അഭിനന്ദനങ്ങളും പാരിതോഷികങ്ങള്‍ കൊടുക്കലുമൊക്കെ.നമ്മുടെ നാട്ടില്‍ ഹോണസ്റ്റി ഷോപ്പുകള്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി?നമ്മുടെ നാടിന്റെ പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇതുകൂടി ചിന്തിക്കുക.

16 comments:

Mohamedkutty മുഹമ്മദുകുട്ടി said...

ചില ചെറിയ കാര്യങ്ങള്‍ പത്രത്തില്‍ വായിക്കുമ്പോഴും നമ്മെ വല്ലാതെ ഇരുത്തി ചിന്തിപ്പിക്കുന്നു.

mini//മിനി said...

ബ്രിട്ടനിൽ ആളില്ലാക്കടകൾ പ്രവർത്തിക്കുന്നത് വളരെ മുൻപ് വായിച്ചറിഞ്ഞതാണ്. ഇപ്പോഴും അതേ സത്യസന്ധത ആ ജനങ്ങൾക്ക് ഉണ്ടെന്നത് ആശ്ചര്യം തന്നെ, ഒപ്പം അഭിനന്ദനവും.
വളരെ മുൻപ് ഈ കാര്യം പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത് പഠിപ്പിച്ചപ്പോൾ ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞത്, “ടീച്ചറെ നമ്മുടെ നാട്ടിൽ ഇത്തരം കടകൾ ഉണ്ടെങ്കിൽ പണവും സാധനങ്ങളും ഏതാനും മണിക്കൂർകൊണ്ട് അപ്രത്യക്ഷമാവും”

കുഞ്ഞൂസ് (Kunjuss) said...

പടിഞ്ഞാറിനെ അനുകരിക്കാന്‍ എന്തു ത്രില്‍ ആണ് നമുക്ക്!എന്നാലോ അവരുടെ നല്ല ശീലങ്ങള്‍ ഒക്കെ കാണുകയുമില്ല,അറിയുകയുമില്ല....

മനോഹര്‍ കെവി said...

i remember my SSLC classes, when our teacher told us there are particular corners in streets of London, where people can purchase their newspapers and put the money in a bin. there is no newspaper vendor. all do their duty without any evil thoughts...
now I remember the story was not a lie, it happens in London !!!!

Sidheek Thozhiyoor said...

നാട്ടില്‍ ഇങ്ങിനെ ഒന്നിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ല .
ATM കൌണ്ടറുകളില്‍ വരെ സെക്യൂരിറ്റിയെ വെക്കേണ്ട അവസ്ഥയല്ലേ ഇവിടെ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ ബിലാത്തിയിൽ ഇതുപോലെ അനേകം നന്മയുടെ കണങ്ങൾ ഉണ്ട് ഭായ്...
അതുപോലെ തന്നെ എതോരു പെണ്ണിന് പോലും ധൈര്യമായി ആരേയും പേടിക്കാതെ സഞ്ചരിക്കാവുന്നയിടം കൂടിയാണ് വരത്തന്മാർ തീരെയില്ലാത്ത ഇംഗ്ലണ്ടിലെ നാട്ടിൻപുറങ്ങൾ...


പരസ്പര ബഹുമാനം/ജാതി-മത ചേരിതിരിവില്ലായമകൾ,സത്യസന്ധത,വിനയം,ആത്മാർത്ഥത,..,... ഇങ്ങിനെ എന്തെല്ലാം കാര്യങ്ങൾ നമ്മളൊക്കെ ഇനിയും ഇവരിൽ നിന്നും അഭ്യസിക്കേണ്ടിയിരിക്കുന്നൂ...!

ഒരു നുറുങ്ങ് said...

കുഞ്ഞൂസിനൊരടിവര നല്‍കട്ടെ !
നന്മ എവിടുണ്ടെങ്കിലും മമ്മുട്ടിക്കാക്ക്
അത് വിളിച്ച് പറഞ്ഞില്ലേല്‍
ഉറക്ക് വരില്ല...!താങ്ക്സ് ട്ടോ !

Raees hidaya said...

എന്റെ മാഷേ....ഇതൊന്നും എഴുതി കളയല്ലേ....നമ്മുടെ നാട്ടിൽ ആളില്ലാതാവും.......അടുത്ത ദിവസം ആ കട കാണാനില്ലെന്ന് പറഞ്ഞ്‌ പത്രവാർത്ത വരും

mayflowers said...

ഈ വാര്‍ത്ത ഞാനും വായിച്ചിരുന്നു.അതിലെഴുതിയ പോലെ നമ്മുടെ നാട്ടില്‍ ഇങ്ങിനെ വല്ല സംഭവവും വന്നാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന് ആലോചിച്ചു പോയി.
കുഞ്ഞൂസ് പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഓരോരുത്തരേയും സ്വന്തം മനസ്സാക്ഷിയിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കി ആത്മപരിശോധന നടത്താൻ പ്രേരിപ്പിക്കുന്നു ഈ പോസ്റ്റ്. നന്നായി.

Akbar said...

നന്‍മ നശിക്കാത്ത നാട്ടിന്‍പുറങ്ങള്‍ ഇപ്പോഴും ഉണ്ടെന്നോ. ഇത് വായിച്ചപ്പോ ഞാനോര്‍ത്തു പോയി നമ്മുടെ സ്വന്തം നാടിനെപ്പറ്റി.

ബഷീർ said...

രഹസ്യ ജീവിതം പരസ്യ ജീവിതത്തേക്കാൾ ശ്രേഷ്ടമായിരിക്കലാണിതിന്റെ അടിസ്ഥാനം

എന്റെ രഹസ്യജീവിതം പരസ്യജീവിതതെക്കാള്‍ നന്നാക്കണേ....എന്റെ പരസ്യ ജീവിതവും നീ നന്നാക്കണേ....എന്ന പ്രാർത്ഥനാ വചനങ്ങൾ ഓർത്തു.


പങ്ക് വെച്ചതിനു നന്ദി

Jose Arukatty said...

നമ്മുടെ ഗ്രാമമനസ്സുകളെല്ലാം നഗര വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു കുട്ടിക്കാ, ഗ്രാമീണതയ്ക്കൊപ്പം മനസ്സിലെ നന്മയും നമുക്ക് കൈമോശം വന്ന് കഴിഞ്ഞിരിക്കുന്നു.ഇംഗ്ളണ്ടിൽ
ഇങ്ങനെയൊക്കെ നടന്നേക്കും. പക്ഷേ ഞാനും കുട്ടിക്കയും ഇനിയും നന്നാവില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് നമ്മുടെ നാട്ടിൽ ഇക്കളി നടക്കില്ല. കാരണം നമ്മുടെ നാട്ടുകാരിൽ 99% ഉം ഒരേ പോലെയാ.

അല്ലെങ്കിൽ കുട്ടിക്ക പറയ് റോഡരികിൽ ഒരു പെട്രോൾ ടങ്കർ ലോറി മറിഞ്ഞാൽ ഡ്രൈവറെയും കിളിയേയും രക്ഷിക്കാൻ നോക്കുമോ അതോ എത്രയും പെട്ടന്നു പരമാവധി പെട്രോൾ ഊറ്റി വീട്ടിൽ കൊണ്ടു പോകാൻ നോക്കുമോ? പിന്നെയാ ആളില്ലാതെ കട തുറന്നു വച്ച് സാധനം വില്ക്കാൻ നോക്കിയാലത്തെ കഥ....

Unknown said...

നമ്മുടെ നാടിനെ എഴുതിത്തല്ലാനായിട്ടില്ല എല്ലാവരും ഒന്ന് മനസ്സുവച്ചാല്‍ നാട്ടിലും നടക്കും!
എല്ലാവരും വിചാരിക്കണം എന്ന് മാത്രം.
പത്രത്തില്‍ വായിച്ചിരുന്നു ചിന്തനീയമായ ഈ വിവരം.

ഹാപ്പി ബാച്ചിലേഴ്സ് said...

കുട്ടിക്കാ,
അഭിനന്ദനങ്ങള്‍... പോസ്റ്റ്‌ വളരെ വളരെ ഇഷ്ടപ്പെട്ടു.
പടിഞ്ഞാറന്‍ സംസ്കാരങ്ങലെയൊക്കെ ഫോളോ ചെയ്യുമ്പോ അതിലെ നന്മകള്‍ ഒന്നും കാണാതെ ചീത്ത വശങ്ങള്‍ മാത്രം നമ്മള്‍ കാണുന്നു.
പിന്നെ അത് human nature ആണ് അല്ലേ.. കുട്ടികള്‍ പോലും നല്ല വാക്കുകളേക്കാള്‍ പെട്ടന്ന് ചീത്ത വാക്കുകളാണ് ആദ്യം പഠിക്കുക.ശരിയല്ലേ?
ഒരു ചെറിയ വാര്‍ത്തയില്‍ നിന്നും ഒരു ചെറിയ, മനോഹരമായ പോസ്ടുണ്ടാക്കിയ കുട്ടിയ്ക്കക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

Anonymous said...

"നന്മയും സത്യസന്ധതയും വെറും വാക്കുകള്‍ മാത്രമാണിന്ന്. എഴുതാനും പ്രസംഗിക്കാനും പറ്റുന്ന വാക്കുകള്‍."-ഇതാണ് ഇന്നത്തെ കാലത്തിന്റെ സത്യം.ബിലാത്തി പട്ടണത്തിന്റെ ലാത്തിക്കടിയില്‍ ഒരു കൈയോപ്പു ...അദേഹത്തിന്റെ ഈ വാക്യം ശ്രദ്ധേയം തന്നെ " പരസ്പര ബഹുമാനം/ജാതി-മത ചേരിതിരിവില്ലായമകൾ,സത്യസന്ധത,വിനയം,ആത്മാർത്ഥത,..,... ഇങ്ങിനെ എന്തെല്ലാം കാര്യങ്ങൾ നമ്മളൊക്കെ ഇനിയും ഇവരിൽ നിന്നും അഭ്യസിക്കേണ്ടിയിരിക്കുന്നൂ...!"അത് പോലെ തന്നെ കുഞ്ഞുസ് പറഞ്ഞതിനോടും മുഴുവനായി യോജിക്കുന്നു "എന്നാലോ അവരുടെ നല്ല ശീലങ്ങള്‍ ഒക്കെ കാണുകയുമില്ല,അറിയുകയുമില്ല.."
Points to be noted !!!