പിതാവിന്റെ ദീര്‍ഘായുസ്സിനായി കരള്‍ ദാനം ചെയ്ത മകന്റെ കഥ!
വായിക്കാത്തവര്‍ക്കായി സമര്‍പ്പിക്കുന്നു.
കരള്‍ പറിച്ചു തന്നു ,ജീവിതവും.(കടപ്പാട് : കുടുംബ മാധ്യമം)
അഡ്വ: മുഹമ്മദലി, നിലമ്പൂര്‍.
അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന എന്റെ കരള്‍ പൂര്‍ണ്ണമായി നീക്കം ചെയ്തില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്നു ഡോക്ടര്‍ സുധീന്ദ്രന്‍ എന്റെ മുഖത്തു നോക്കി പറഞ്ഞു.പകരമൊരു കരള്‍ വേണം.ഡോക്ടറുടെ സംസാരം തീരും മുമ്പെ എന്റെ മകന്‍ അന്‍വര്‍ പറഞ്ഞു “മറ്റാരെയും തിരയേണ്ട,എന്റെ കരള്‍ എടുത്തോളൂ”. അവന്റെ കരള്‍ പറിച്ചു എനിക്കു തന്നു. വാപ്പയുടെ ആയുസ്സു
നീട്ടിക്കിട്ടാന്‍!. 27 വയസ്സു മാത്രമുള്ള എന്റെ ചോരയുടെ കരളെനിക്കു ജീവിതം തിരിച്ചു തന്നു. ഈ ത്യാഗത്തിനു മുമ്പില്‍ ഞാന്‍ സ്തബ്ദനായി നിന്നു പോയി. രണ്ടിറ്റ് കണ്ണീര്‍ മാത്രമാണ് പകരമായി നല്‍കാന്‍ എനിക്കു കഴിഞ്ഞത്.
ജീവിച്ച് കൊതി തീര്‍ന്നില്ല. ജീവിതം അമൂല്യമായ നിധിയാണ്. വയലാര്‍ എഴുതിയ വരികള്‍ “ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം, ഇന്ദ്ര ധനുസ്സില്‍തൂവല്‍ കൊഴിയുംതീരം, ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിയൊരു ജന്മം കൂടി ”എന്നു ഞാനും പ്രാര്‍ത്ഥിച്ചു തുടങ്ങി. മാര്‍ച്ച് മാസം 18 -ആം തീയതി, ‘അമൃതാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ’ ഓപറേഷന്‍
തിയേറ്ററിലേക്ക് നീങ്ങുമ്പോള്‍ എന്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു. അവന്റെ മുഖത്ത്
അസാമാന്യമായ ശാന്തത! പതിനാലു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്ര ക്രിയയില്‍,എന്റെ കരള്‍ ഡോക്ടര്‍മാര്‍ എടുത്തു മാറ്റുകയും അവന്റെ കരള്‍ പകുതിയിലേറെ വെട്ടിയെടുത്ത് എന്റെ ശരീരത്തില്‍ തുന്നി ചേര്‍ക്കുകയും ചെയ്തു. ബോധം തിരിച്ചു കിട്ടിയത് ദിവസങ്ങള്‍ക്കു ശേഷം. എനിക്കു അജ്ഞാതരായ 25 പേര്‍ രക്തം തന്നു. ഇന്റന്‍സീവ് കെയര്‍ യൂനിറ്റില്‍ ബോധം തെളിഞ്ഞപ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങി. വേദനയകറ്റാന്‍ ഡ്യൂട്ടി നേഴ്സ് ഇഞ്ചക് ഷന്‍ തന്നു. വീണ്ടും ബോധം
മറഞ്ഞു.രാത്രി 2 മണിക്കു മുറിയില്‍ എന്തോ ബഹളം നടക്കുന്നതായി തോന്നി. ഒന്നും
വ്യക്തമാവുന്നില്ല. മുറി നിറയെ ഡോക്ടര്‍മാര്‍. അവരുടെ സംസാരം അവ്യക്തമായി
കേള്‍ക്കാം.ഒരു വാക്കു ഉരിയാടാനോ കണ്ണിമ ചലിപ്പിക്കാനോ കഴിയുന്നില്ല. കൈവിരല്‍
ചലിപ്പിക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി. സാധിച്ചില്ല.‘എല്ലാ റിസ്കും അര്‍ദ്ധരാത്രിയിലാണു വരുന്നത് ’ ഡോക്ടര്‍ പറയുന്നതു കേട്ടു. ഞാന്‍ വല്ലാതെ ഭയന്നു. ‘എല്ലാം തീര്‍ന്നു’ എന്ന് ഇവര്‍ വിധിയെഴുതാന്‍ പോവുകയാണോ?
മുഹമ്മദലിയും മകനും |
എനിക്കു ഉള്ളില്‍ ബോധം തിരിച്ചെത്തുന്നുവെന്നും ഞാന്‍ എല്ലാം കേള്‍ക്കുന്നുവെന്നും വിളിച്ചു പറയാന്‍ ശ്രമിച്ചു. ശബ്ദം പുറത്തു വരുന്നില്ല. ദൈവത്തോട് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.‘ഞാന്‍ ആരെയും ദ്രോഹിച്ചിട്ടില്ല, ആരുടെ മുതലും കവര്‍ന്നെടുത്തിട്ടില്ല. ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നിട്ടും ഇത്ര മാരകമായ രോഗം എനിക്കു എന്തിനു തന്നു? അല്പം ആയുസ്സു കൂടി എനിക്കു തരണമേ നാഥാ.....’
ഒരു ഡോക്ടര്‍ എന്റെ കണ്‍ പോളകള്‍ ബലമായി തുറന്നു ടോര്‍ച്ചു തെളിച്ചു.ശക്തമായ
ഒരുള്‍പ്രേരണയാല്‍,ഞാനെന്റെ കൃഷ്ണമണികള്‍, ടോര്‍ച്ചു വെളിച്ചത്തിനനുസരിച്ച്
ചലിപ്പിച്ചു കൊടുത്തു. 'PUPIL REACTING'എന്നദ്ദേഹം ഉറക്കെ വിളിച്ചു
പറയുന്നതു കേട്ടു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഞാന്‍ കണ്ണു തുറന്നു. തൊട്ടടുത്ത
ഐ.സി.യുവില്‍ ഇതൊന്നുമറിയാതെ അവന്‍ കിടന്നിരുന്നു. പലതരം മരുന്നുകള്‍
നല്‍കി അവരെന്നെ, മരണത്തില്‍ നിന്നു വീണ്ടെടുക്കുകയായിരുന്നു.
ഒരു ‘ഫോറിന്‍ ബോഡിയെ’ സ്വീകരിക്കാന്‍ മനുഷ്യ ശരീരത്തിനു മടിയാണെന്നും
തിരസ്ക്കരിക്കാന്‍ ശ്രമിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്നു അവര്‍ നല്‍കിയ
മരുന്നുകളും ഇന്‍ ജക് ഷനുകളും മകന്റെ കരള്‍,എന്റെ ശരീരത്തില്‍ പിടിച്ചു
നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്.
നഴ്സ് തന്ന ഗുളികകള്‍ ഓരോന്നായി ചര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്നു ചര്‍ദ്ദിക്കാതിരിക്കാന്‍ ഡോക്ടര്‍ ‘സ്പെഷ്യല്‍’ ഗുളിക തന്നു. പിന്നീട് ആദ്യമായി ചര്‍ദ്ദിച്ചത് ആ ഗുളിക തന്നെ!
കരള്‍ മാറ്റി വെച്ച രോഗിക്കു ചര്‍ദ്ദി അപകടമാണെന്ന് നഴ്സുമാര്‍.വീണ്ടും വേദന
നിറഞ്ഞ രാവുകളില്‍ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍. സര്‍വ്വ ശക്തനായ
പ്രപഞ്ചകര്‍ത്തവായ ദൈവമേ, ഞാനെത്ര നിസ്സഹായനാണ്. എന്നെ രക്ഷിക്കണേ......
കുഞ്ഞുന്നാളില്‍ ഗുളിക കഴിച്ചാല്‍ മനം പുരട്ടും. തുടര്‍ന്നു തേങ്ങാ ചമ്മന്തിയോ,പഞ്ചസാരയോ വായിലിടും. പെട്ടെന്ന് ഈ രംഗം ഓര്‍മ്മയില്‍ ഓടിയെത്തി. നഴ്സിനോട് ഇവ കൊണ്ടു വരാന്‍ പറഞ്ഞു.
ഗുളിക കഴിച്ചയുടന്‍ ഒരു നുള്ള് ചമ്മന്തി വായിലിട്ടു. ‘സഡന്‍ ബ്രേക്ക്’ ഇട്ട പോലെ
ചര്‍ദ്ദി നിന്നു.ദൈവ ഭയം,പ്രാര്‍ത്ഥന എന്നിവ ഏത് നിസ്സഹായാവസ്ഥയിലും ഏത്
മാരക രോഗത്തിനിടയിലും സാന്ത്വനമരുളുന്നുവെന്ന് തിരിച്ചറിവ് വന്നു.
നിങ്ങളെ കാണാന്‍ ഒരതിഥി വന്നിരിക്കുന്നു. കണ്ണു തുറക്കൂ,അങ്കിള്‍,നഴ്സ് പ്രീത എന്നെ
തട്ടിയുണര്‍ത്തി. കണ്ണു തുറന്നപ്പോള്‍ കണ്ട കാഴ്ച വേദനാജനകമായിരുന്നു. രണ്ടു
നഴ്സുമാര്‍ മകനെ താങ്ങിപ്പിടിച്ച് നടത്തിക്കൊണ്ടു വരുന്നു. ഷര്‍ട്ടിനു മുകളില്‍
നെഞ്ചു വരെ, ഒരു വെള്ളത്തുണി പുതപ്പിച്ചിരിക്കുന്നു. നഴ്സുമാര്‍ കൈ വിട്ടാല്‍,
അവന്‍ വീഴും. ഈ രംഗം കണ്ടപ്പോള്‍ എന്റെ നെഞ്ചു പിളരും പോലെ. കരയാന്‍
കണ്ണീര്‍ ബാക്കിയില്ലായിരുന്നു.. ഞാന്‍ കാരണമല്ലെ അവനു ഈ ദുരവസ്ഥ വന്നത്?
അല്പ കാലം കൂടി ജീവിക്കണമെന്ന എന്റെ സ്വാര്‍ത്ഥതക്ക് അവനെ
ബലിയാടാക്കുകയായിരുന്നില്ലെ?. ഒരസുഖവുമില്ലാത്ത അവന്റെ ശരീരത്തില്‍ മേജര്‍
സര്‍ജറി നടത്തിയിരിക്കുന്നു. എന്റെ മന:സ്സാക്ഷി എന്നെ ചോദ്യം ചെയ്തു
കൊണ്ടിരുന്നു. ‘നമ്മളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അദൃശ്യ കരം ഇപോഴുണ്ട്, അല്ലെ
ഉപ്പാ’. അവന്റെ നിഷ്കളങ്കമായ ചോദ്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഞാന്‍
പാടു പെടുകയായിരുന്നു.
പിന്നിടങ്ങോട്ട്, ബ്ലീഡിങ്ങും പ്രമേഹവും ശല്യപ്പെടുത്താന്‍ തുടങ്ങി. ഇരു കാലുകളിലും
നീര്‍ കെട്ട്. പാദങ്ങള്‍ തറയില്‍ വെക്കുമ്പോഴേക്കും അസഹ്യമായ വേദന.
ഹോസ്പിറ്റല്‍ ബെഡ്ഡിലെ തലയണകള്‍ തറയില്‍ വെച്ചു അതില്‍ കാലൂന്നി നടക്കാന്‍
ശ്രമിച്ചു. ഒരടി പോലും മുന്നോട്ടു നീങ്ങാനായില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍
പോലും പറ്റാത്ത അവസ്ഥ. ടോയ് ലറ്റില്‍ എത്താന്‍ ഭാര്യ താങ്ങിയെടുക്കണം.
ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്ന എന്നെ, വീണ്ടും
ഐ.സി.യുവിലേക്ക് തന്നെ മാറ്റി. പാല്‍,കോഴിമുട്ടയുടെ വെള്ള,പഴവര്‍ഗ്ഗങ്ങള്‍,കശുവണ്ടി,മുളപ്പിച്ച പയര്‍,അരിയും ഗോതമ്പും മുതലായ പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം ധാരാളം കഴിക്കണമെന്നും കരളിന്റെ വളര്‍ച്ചക്ക് ഇതു അനിവാര്യമാണന്നും ദിനം പ്രതി 3400 കലോറി ഭക്ഷണം
വേണമെന്നും 'Transplantation'ലെ ഡോക്ടര്‍മാര്‍. വെറും 1800 കലോറി ഭക്ഷണമേ കഴിക്കാവൂ, രക്തത്തിലെ ഷുഗര്‍,കൂട്ടുന്ന പാല്‍,മുട്ട, പഴ വര്‍ഗ്ഗങ്ങള്‍ , അരി ഭക്ഷണം എന്നിവ കഴിക്കരുതെന്നും എന്‍ഡോക്രൈനോളജി ഡോക്ടര്‍മാര്‍!. ഇതിനിടയില്‍ പെട്ട് ഞാന്‍ തളര്‍ന്നു. ഭക്ഷണത്തിന്റെ അളവു കൂടുമ്പോഴേക്കും ‘ബ്ലഡ് ഷുഗര്‍’ കുതിച്ചുയരുന്നു. അതിനെ പിടിച്ചു നിര്‍ത്താന്‍ ഇന്‍സുലിന്റെ അളവു കൂട്ടുന്നു. അപ്പോഴേക്കും ഷുഗര്‍ പെട്ടെന്നു താഴുന്നതു മൂലം ശരീരം വിറക്കാന്‍ തുടങ്ങി.
ദേഹമാകെ അസ്വസ്ഥത പടര്‍ന്നു. ശരീരത്തിന്റെ തൂക്കം 60 കിലോ ഗ്രാമില്‍ നിന്നു
49 കിലോഗ്രാമായി ചുരുങ്ങിയപ്പോള്‍ ഞെട്ടിപ്പോയി.ആശുപത്രി കിടക്കയില്‍
ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും ശരീരം എല്ലും തൊലിയുമായി. കണ്ണാടിയില്‍ കാണുന്ന
രൂപം എന്റേതല്ലെ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരളാണത്രെ! ഡോക്ടര്‍ തുടര്‍ന്നു...‘ഒന്നര
കിലോഗ്രാം തൂക്കം വരുന്ന കരള്‍, ആരോഗ്യത്തോടെ നിന്നില്ലെങ്കില്‍ മനുഷ്യ ജീവിതം
തന്നെ അസാധ്യമാകും. സ്വയം വളരുന്ന ഏക അവയവം നാം കഴിക്കുന്ന ഭക്ഷണം
ഊര്‍ജ്ജമാക്കിമാറ്റുന്നതും ശരീരത്തിലെ കൊഴുപ്പിനെ കര്‍ശനമായി നിയന്ത്രിക്കുന്നതും
കരളാണ്. ഒരു chemical power plant എന്ന് കരളിനെ വിശേഷിപ്പിക്കാം’ വേദനക്കിടയിലും ഡോക്ടറുടെ വാക്കുകള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ജീവിതത്തില്‍ ഇന്നേ വരെ മദ്യപിച്ചിട്ടില്ല,പുക വലിച്ചിട്ടില്ല. കാമ്പസുകളില്‍ നിറഞ്ഞു നിന്ന ‘അടി പൊളി’ ജീവിതം എനിക്കു അന്യമായിരുന്നു. സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ സ്വിറ്റ്സര്‍ലാന്റിലും ലോക സിനിമയുടെ രോമാഞ്ചമായ ഹോളിവുഡിലും
ഐശ്വര്യത്തിന്റെ മണിമേടയായ അമേരിക്കയിലും താമസിച്ചിരുന്ന കാലഘട്ടത്തില്‍
പോലും യൌവനത്തിന്റെ സീമകള്‍ ലംഘിച്ചിട്ടില്ല. എന്നിട്ടും ഇത്ര മാരകമായ രോഗം
എന്നെ തേടിയെത്തി.
ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലെ ഇടവേളകളില്‍ വിദഗ്ധരായ ഡോക്ടര്‍മാരും സുന്ദരികളായ നഴ്സുമാരുമുന്നയിച്ച ചോദ്യം എന്നെ വേദനിപ്പിച്ചു. ‘ചെറുപ്പ കാലത്തു നന്നായി മദ്യപിച്ചിരുന്നു, അല്ലേ? ജീവിതം നന്നായി ആസ്വദിച്ചില്ലേ?’ ഞാന്‍ അന്തം വിട്ടു നിന്നു.
ഇതെഴുതുമ്പോള്‍ സര്‍ജറി കഴിഞ്ഞു രണ്ടു മാസം പിന്നിടുന്നു. ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ. സന്ദര്‍ശകരെ പറ്റെ ഒഴിവാക്കിയിരിക്കുന്നു. സ്വന്തം കുടുംബാംഗങ്ങളെ കാണാന്‍ പോലും ഡോക്ടര്‍മാര്‍ സമ്മതിക്കുന്നില്ല. ഇന്‍ഫക് ഷന്‍ ഭയന്നാണത്രെ. നിലമ്പൂരിലെ വീട് പൂട്ടിയിട്ടു, എറണാകുളത്ത്, ഡോക്ടര്‍മാരുടെ കണ്‍ മുന്നില്‍ കൊച്ചു വീട്
വാടകക്കെടുത്ത്, പൊറുതി തുടങ്ങി. ഇടക്കിടക്ക് ചെക്കപ്പ് നടത്തണം. വളരെ അപൂര്‍വ്വമായി നടക്കുന്ന, വളരെ ചിലവേറിയ, ഈ ശസ്ത്ര ക്രിയ, സംസ്ഥാനത്ത്, ഇവിടെ മാത്രമേയുള്ളൂ. പ്രതിമാസം 15,000 രൂപയുടെ ഗുളികകള്‍ കഴിക്കണം. പ്രതിമാസം രക്തമെടുത്ത് 'TRACO ടെസ്റ്റ് ’ നടത്തണം. മരണം വരെ മരുന്നുകള്‍ കഴിക്കണം. ദൈവത്തിന്റെ അനുഗ്രഹവും കാവലുമുണ്ടെങ്കില്‍ ഏത് പരീക്ഷണങ്ങളെയും അതിജീവിക്കാം എന്ന വിശ്വാസം എന്റെ ജീവന്‍ നിലനിര്‍ത്തുകയാണ്. എന്റെ മകന്‍ അന്‍വര്‍ പൂര്‍ണ്ണ ആരോഗ്യവാനായി മാറി. അവന്‍ തന്ന കരളില്‍ ഡോക്ടര്‍മാരുടെ കരവിരുതില്‍ ഞാന്‍ ഇന്നും ജീവിക്കുന്നു, ആയിരം കരള്‍ രോഗികള്‍ക്കു പ്രതീക്ഷയായി.
26 comments:
ഇത് നേരത്തെ മാധ്യമം ചെപ്പില്‍ വായിച്ചിരുന്നു..ഇവിടെ പരിചയ പ്പെടുത്തിയതില്‍ സന്തോഷം ..നന്ദി ഇക്കാ
ഈ വാപ്പയേയും മകനേയും പറ്റി ആദ്യമായി അറിയുകയാണ് കേട്ടൊ
ഇവിടെയൊക്കെ സഡൻ ഡെത്ത് സംഭവിക്കുന്നവരുടെ എല്ലാ അവയവങ്ങളൂം ഡോനർ ഫോറം ഒപ്പിട്ടിട്ടുള്ളവനാണെങ്കിൽ എടൂത്ത് ആവശ്യ്യക്കാർക്ക് കൊടൂക്കുന്ന ഒരു പരിപാടിയുമുണ്ട് കേട്ടൊ ഭായ്
വായിച്ചു,,,!
മാധ്യമത്തില്‍ വായിച്ചിരുന്നു.ഹൃദയസ്പൃക്കായ അനുഭവം.
Ella achanmaarkkum...!
Prarthanakal...!!!
വായിച്ചിരുന്നു.
വളരെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്.
മനസ്സിനെ വേദനിപ്പിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയുന്ന ലേഖനം.
ബന്ധങ്ങളുടെ വിലയറിഞ്ഞ മകന്‍!
കടപ്പാടുകള്‍ പറഞ്ഞറിയിക്കാന്‍ അശക്തനായ പിതാവ്!
അവരെ പരിചയപ്പെടുത്തിയതിനു നന്ദി ഇക്കാ.
വായിച്ചിരിന്നു. ഇങ്ങനെയും ബന്ധങ്ങൾ ഉണ്ട് എന്ന് ബോധ്യപെടുത്തുന്നു.
ദൈവം (പടച്ചവൻ) പ്രതീക്ഷയാണെന്ന് ഞാൻ തിരിച്ചറിയുന്നു.
ഞാന്‍ വായിച്ചിരുന്നില്ല ,അവസരം തന്നതിന് നന്ദി, ശരിക്കും കണ്ണ് നനഞ്ഞു..ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടിയ നല്ലൊരു ആര്‍ട്ടിക്കിള്‍...
മാധ്യമത്തിൽ വായിച്ചിരുന്നു.എന്നാലും ഒന്നു കൂടിവായിച്ചു..
ഗുരുവായൂര്‍ സ്വദേശി ആയ യുവതി തന്റെ ഏഴു വയസുള്ള മകന്‍ ശ്രീജിത്തിനു കരള്‍ പകുത്തു നല്‍കിയ സംഭവം ഞാന്‍ 2009 ല്‍ മനോരമക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ ആയിരുന്നു ഓപറേഷന്‍ ..പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞു ആ കുട്ടി മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു ..
ഈശ്വരാ...!
ഉപ്പയും മകനും തമ്മിലെ ബന്ധം എത്രമാത്രമെന്ന് ചിന്തിപ്പിച്ച ഈ ലേഖനം മാധ്യം ചെപ്പില്‍ വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.. വായിക്കാത്തവര്‍ക്കായി സമര്‍പ്പിച്ച ഈ പോസ്റ്റ് നന്നായി ഇക്കാ..
ഞാന്‍ വായിച്ചിരുന്നില്ല. ഇപ്പോള്‍ അവസരം കിട്ടിയതിന് നന്ദി. ബന്ധത്തിന്റെ തീവ്രത... ഉപ്പയും മകനെയും കുറിച്ച് ആദ്യമായാണ് വായിക്കുന്നത്.
ഭാവുകങ്ങള്‍.
ഇത് വായിച്ചിരുന്നില്ല. ബന്ധങ്ങളുടെ തീവ്രത അറിഞ്ഞവരെ പരിച്ചയപെടുതിയത്തിനു ആശംസകള്‍.
പുരാണത്തില്‍ യയാതിയുടെ ജരാനരകള്‍ ഏറ്റുവാങ്ങുന്ന മകനെ ഓര്‍ത്തു പോയി.
ഞാനും ഇപ്പോഴാണു വായിച്ചതു.
ഇവിടെ പരിചയ പ്പെടുത്തിയതില്‍ നന്ദി
വായിച്ചിരുന്നു.
ഇക്ക വായിച്ചു... "ബന്ധങ്ങളുടെ മഴവില്‍ ഭംഗി ആസ്വദിച്ചു... നന്ദി
ഇതു മുമ്പ് വായിച്ചിരുന്നില്ല. വായിക്കാൻ അവസരം ഒരുക്കിത്തന്നതിനു നന്ദി. കടമ നിറവേറ്റി ക്ര്‌തഹസ്തനായിത്തീർന്ന മകൻ...., അത്തരം ഒരു മകനു ജന്മം നൽകാൻ സൌഭാഗ്യം സിദ്ധിച്ച പിതാവ്.... ജന്മപുണ്യം.
മഹത്തായ ത്യാഗം എന്ന് പറയുന്നത് ഇത് തന്നെയല്ലേ?
ഇവിടെ പോസ്റ്റ് ചെയ്തതിനു വളരെ നന്ദി ഇക്കാ
നിറഞ്ഞ കണ്ണുകളുമായണ് ഞാന്‍ ഈ പോസ്റ്റ് വായിച്ചത്..........
സ്വത്തിനും പണത്തിനും വേണ്ടി സ്വന്തം മാതാപിതാകളെപോലും തെരുവില്‍ ഇറക്കി വിടുകയും കൊല്ലുകയും ച്ചെയ്യുന്ന ഇക്കാലത്ത് സ്നേഹവും കരുണയുമുള്ള ഒരു മകനെ കിട്ടിയ ആ സുഹൃത്തിന്റെ ജീവിതം ധന്യമാണ്.
a amezing life story sili
a amezing life story
പിതാവും പുത്രനും പരസ്പരം കരളിന്റെ കഷ്ണങ്ങളാണെന്ന് ത്ളിയിച്ച സ്നേഹ നിധിയായ മകനും,ഭാഗ്യവാനായ ബാപ്പയും .............ധീര്‍ഘായുസ്സിനായി പ്രാര്‍ത്തിക്കുന്നു.
ഞാന്‍ ഇതിവിടെ നേരത്തേ വായിച്ചിട്ടുണ്ടല്ലോ... ഇക്കായുടെ പോസ്റ്റില്‍ കമന്റ് ഇടാതെ പോകുന്ന പതിവില്ലല്ലോ , ഇതെങ്ങിനെ സംഭവിച്ചു എന്നറിയില്ല.
ഈ ഉപ്പയേയും മോനെയും കുറിച്ച് ഇപ്പോഴത്തെ വിവരങ്ങള്‍ എന്തെങ്കിലും കിട്ടാന്‍ വഴിയുണ്ടോ...?
Post a Comment