Saturday, September 12, 2009

അണ്ണാന്‍ കുഞ്ഞും മിന്നു മോളും.


രാവിലെ പത്രത്തിന്റെ തലക്കെട്ടുകള്‍ ഓടിച്ചു നോക്കുകയായിരുന്നു. കാര്യമായി ഒന്നുമില്ല. ക്രിക്കറ്റില്‍ ഇന്ത്യക്കു ജയം. പൊതുവെ താല്പര്യമില്ലാത്ത വിഷയം.പിന്നെകത്തി വിവാദം“. അതും അങ്ങിനെ തന്നെ. പിന്നെ ആലിലക്കണ്ണന്റെ ടാ‍ബ്ലോയുടെ ഫോട്ടൊ. കുറച്ചു നേരം അതിലെ കുട്ടിയെ നോക്കിയിരുന്നു. പിന്നെ വെള്ളത്തില്‍ പോയ കുഞ്ഞുങ്ങളുടെ വാര്‍ത്തയും. നോമ്പായതു കൊണ്ട് അധികമൊന്നും വായിക്കാന്‍ നിന്നില്ല. വെറുതെ ടെറസ്സിലുള്ള കോവല്‍ വള്ളിയില്‍ കായ് പിടിച്ചോ എന്നു നോക്കാന്‍ പുറപ്പെടുമ്പോഴാണ് കറന്റിന്റെ സര്‍വ്വീസ് വയറില്‍ കൂടി ഒരണ്ണാന്റെ യാത്ര ശ്രദ്ധിച്ചത്. അത് നേരെ മാവിലേക്കു കയറുന്നത് കണ്ടു, വളരെ പെട്ടെന്നു തിരിച്ച് വരുന്നതും. ഇപ്പോള്‍ വായില്‍ എന്തോ ഉണ്ട്. വയറില്‍ നിന്നു നേരെ തെങ്ങിലേക്കു ചാടി. നേരെ മുകളിലേക്ക്. അവിടെ അതിന്റെ കൂടാവും. വീണ്ടും താഴേക്കു പഴയ വഴിയിലൂടെ വന്ന് വയറിലൂടെ ചാടി വീണ്ടും മാവിലേക്കു.

രണ്ട് മൂന്നു പ്രാവശ്യം പ്രക്രിയ കണ്ടപ്പോള്‍ അതിനെ അതിന്റെ പാട്ടിനു വിട്ട് ഞാന്‍ കോവലിന്റെ വള്ളി നോക്കാന്‍ പോയി. ഒരഞ്ചെട്ട് കായയും കിട്ടി. വീണ്ടും മുറ്റത്തെത്തിയപ്പോഴും അണ്ണാന്‍ പരിപാടി തുടരുകയാണ്. ഒരു കൌതുകത്തിനു വീണ്ടും നോക്കി നിന്നപ്പോള്‍ മിന്നു മോള്‍ വന്നു കാര്യം തിരക്കി. അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെങ്കില്‍ ആദ്യം സംഗതി അറിയണമല്ലോ? ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അണ്ണാന്റെ വായില്‍ നൂലിഴ പോലുള്ള ചപ്പു ചവറാണ്. അതു ഒരു പന്തു പോലെ ചുരുട്ടി വായില്‍ കടിച്ചു പിടിച്ചാണ് യാത്ര. “അതിന്റെ കൂട്ടിനുള്ളില്‍ കിടക്കുയുണ്ടാക്കാനാണ് ", മോള്‍ക്കു വിശദീകരണം കൊടുത്തു.

അതിന്നിടയില്‍ രണ്ട് കാക്കകള്‍ വട്ടമിട്ടു പറന്നു അണ്ണാന്റെ ചുറ്റും കൂടാന്‍ തുടങ്ങി. അവ അതിനെ പിന്തുടര്‍ന്നു തെങ്ങിന്റെ മണ്ടയിലുള്ള കൂട്ടിലെത്തി. പിന്നെ പരസ്പരം പോരാട്ടമാണ്. ചെറുത്തു നില്‍ക്കാന്‍ ആവുന്നതും നോക്കുന്നുണ്ട് പാവം അണ്ണാന്‍. അതിന്നിടയില്‍ എവിടെയോ പിഴച്ചു അണ്ണാന്‍ നേരെ നിലത്തു വീണു. വളരെ ഉയരമുള്ള തെങ്ങില്‍ നിന്നു നേരെ താഴേക്ക്!.കുറച്ച് സമയത്തേക്കു അനക്കം കണ്ടില്ല. അടുത്തു ചെല്ലാന്‍ തുടങ്ങിയപ്പോഴേക്കും അത് വീണ്ടും മുകളിലേക്കു തന്നെ കയറിപ്പോയി, ഭാഗ്യം കുഴപ്പമില്ല. കാക്കകള്‍ അവിടെ തന്നെയുണ്ട്, വിടുന്ന മട്ടില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അതാ വേറെ എന്തോ താഴെ വീഴുന്നു. ചെറിയ അണ്ണാന്‍ കുഞ്ഞ്!. അതിനെ കയ്യിലെടുത്തു മോള്‍ക്ക് കാണിച്ചു കൊടുത്തു. “പാവം,അതിന്റെ ഉമ്മ എവിടെപ്പോയി?” അവള്‍ക്കു ജിജ്ഞാസയായി. എത്ര നോക്കിയിട്ടും തള്ളയെ കാണുന്നുമില്ല. തെങ്ങിന്റെ മണ്ടയിലല്ലെ?. എന്തു ചെയ്യും. കുറച്ചു നേരം കുഞ്ഞിനെ തെങ്ങിന്റെ ചുവട്ടില്‍ ഒരിലയില്‍ വെച്ച് അല്പം അകലെ കാത്തിരുന്നു നോക്കി. ആരെയും കാണുന്നില്ല. കാക്കകള്‍ അതിന്നിടയില്‍ അടുത്ത ഇരയെ തേടി പറന്നു പോയി.

കുറെ കാത്തിരുന്നിട്ടും കാണാതായപ്പോള്‍ അണ്ണാന്‍കുഞ്ഞിനേയും കൊണ്ട് വീട്ടിന്റെ അകത്തേക്കു പോയി. പുറത്തു അധികം വെച്ചാല്‍ അത്ര സുരക്ഷിതമല്ല. പൂച്ചയും പൂവന്‍ കോഴിയും ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നത് മിന്നു മോള്‍ കണ്ടിരുന്നു. അതവള്‍ പറയുകയും ചെയ്തു. ഇനിയെന്തു ചെയ്യും?ഏതായാലും ഒരു ചെറിയ പാത്രത്തില്‍ അല്പം “നിടോ" പാല്‍ പൊടിയെടുത്തു അല്പം വെള്ളത്തില്‍ കലക്കി. ഒരു ഇയര്‍ ബഡെടുത്തു അതില്‍ മുക്കി അണ്ണാന്‍ കുഞ്ഞിന്റെ വായില്‍ വെച്ചു കൊടുത്തു. അത് നുണഞ്ഞിറക്കാന്‍ തുടങ്ങി. കണ്ണു മിഴിച്ചു നോക്കുന്നുമുണ്ട്. പാല്‍ കൊടുക്കാമോയെന്നും അതിന്റെ അളവെത്രയെന്നും ആരോട് ചോദിക്കും?. ”ഇനിയും കൊടുക്കണം”. മോള്‍പറയുകയാണ്. ഏതായാലും വീണ്ടും പുറത്തേക്കു തന്നെ പോയി നോക്കി. തള്ളയണ്ണാന്റെ പൊടിപോലും കാണാനില്ല!.മാത്രമല്ല, അണ്ണാനെഎങ്ങിനെതിരിച്ചറിയും? തെങ്ങിലോ, സര്‍വ്വീസ് വയറിലോ മാവിലോ കാണുന്നുമില്ല. ഏതായാലും കുടുങ്ങിയത് തന്നെ. ഇനി പാപവും സഹിക്കേണ്ടി വരുമല്ലോ!. വെറുതെ പോയി ഇടപെട്ടതാണ്. ദിവസവും ഇങ്ങനെ എന്തെല്ലാം സംഭവിക്കുന്നുണ്ടാവും. മനുഷ്യര്‍ തന്നെ ധാരാളം അപകടങ്ങളില്‍ പെടുന്നു. അങ്ങിനെ ചിന്തകള്‍ കാടു കയറാന്‍ തുടങ്ങി.

ഒടുവില്‍ അണ്ണാന്‍ കാണാന്‍ സാദ്ധ്യതയുള്ള ടെറസ്സിലെ ഒരു മൂലയില്‍ കുഞ്ഞിനെ കൊണ്ട് പോയി വെച്ചു. താഴെയിറങ്ങി നിരീക്ഷണം തുടങ്ങി. മേല്പോട്ട് നോക്കി നിന്നു കഴുത്തു വേദനിക്കാന്‍ തുടങ്ങി. ഒരു വിമാനം പോയതല്ലാതെ ഒന്നും കണ്ടില്ല. അതിന്നിടയില്‍ മോളും ഉമ്മയും അടുത്തൊരു ഖുറാന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ പോയി. അത് വനിതകള്‍ക്കുള്ളതാണ്. ഇനി അവര്‍ വരുന്ന വരെ വീടു കാവലും നോക്കണം. കുറെ സമയത്തെ കാത്തിരിപ്പിനു ശേഷം മാവിന്‍ കൊമ്പത്തൊരണ്ണാന്‍ പ്രത്യക്ഷപ്പെട്ടു. അതെ ,അതു തന്നെയാണ് കക്ഷി. അതു പതുക്കെ ടെറസ്സിലേക്കു പോവുന്നത് കണ്ടു. കുറെ സമയത്തേക്ക് പിന്നെ കണ്ടില്ല.


പിന്നെ കാണുന്നത് തെങ്ങില്‍ കൂടെ താഴോട്ട് ഇറങ്ങി വരുന്നതാണ്, കുഞ്ഞിനെ കടിച്ചു പിടിച്ചിട്ടുമുണ്ട്. നേരെ താഴെ ഇറങ്ങി ചാമ്പക്ക മരത്തിലേക്കു ചാടി വേറെ വഴിക്കു പോവുന്നത് കണ്ടു. ഒരു വേള ഇത് വേറെ കുഞ്ഞാവുമോ?. സാധാരണ എത്ര കുഞ്ഞുങ്ങളുണ്ടാവും ? ആര്‍ക്കറിയാം?. ഏതായാലും ടെറസ്സില്‍ പോയി നോക്കി. ഇല്ല ,ഞാന്‍ വെച്ച കുഞ്ഞിനെ അവിടെ കാണുന്നില്ല. അതു തന്നെയാവും. ഞാന്‍ കാണാതെ എങ്ങനെയാ വീണ്ടും തെങ്ങിലെത്തിയത്? ആവോ?. ഏതായാലും അമ്മയ്ക്കു കുഞ്ഞിനേയും കുഞ്ഞിനു അമ്മയേയും തിരികെ കിട്ടിയല്ലോ. മിന്നു മോള്‍ വരുമ്പോള്‍ പറയാന്‍ നല്ലൊരു സംഭവമായി.


വീണ്ടും വരാന്തയില്‍ കസേരയിലിരിക്കുമ്പോള്‍ അതാ കുറുഞ്ഞിപ്പൂച്ച പതുക്കെ നടന്നു വരുന്നു.[അതൊരു കറുത്ത പൂച്ചയാ, ആകെ മെലിഞ്ഞൊട്ടി. വളര്‍ത്തുന്നതൊന്നുമല്ല, ഇതു വഴിയൊക്കെ വരും . കുറച്ചു കാലമായി ഒരു കണ്ണും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ ആട്ടിയോടിക്കാറില്ലെന്നു മാത്രം. മാത്രമല്ല ഇപ്പോള്‍ അതിന്നൊരു കുഞ്ഞുമുണ്ട്!. ഒരു കണ്ണില്ലെങ്കിലും! . മുമ്പൊക്കെ പൂച്ചകളെ വളര്‍ത്താറുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ഒരു കണ്ടന്‍ പൂച്ച തൊണ്ടയില്‍ എന്തോ എല്ലിന്‍ കഷ്ണം കുടുങ്ങി ചത്തു പോയി. അതില്‍ പിന്നെ വളര്‍ത്താറില്ല. എന്തിനു ഓരോ സങ്കടം കാണണം.] മുറ്റത്തെത്തിയപ്പോള്‍ അതെന്തോ മണം പിടിക്കാന്‍ തുടങ്ങുന്നു. അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. നേരെ കാര്‍ഷെഡ്ഡിന്റെ മുകളിലേക്ക്. കുറച്ച് ദൂരെ മാറി നിന്നു കരയുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്തോ ചത്തു കിടക്കുന്നുണ്ട് അവിടെ. ഒരു വടിയെടുത്തു തോണ്ടി നോക്കിയപ്പോള്‍ അതൊരണ്ണാന്‍ കുഞ്ഞാണ്, പക്ഷെ ഇത് വളരെ നേരത്തെ ചത്തതും ഉറുമ്പരിക്കാന്‍ തുടങ്ങിയതുമാണ്. മറ്റേ കുഞ്ഞല്ല, തീര്‍ച്ച. അപ്പോള്‍ ആ അമ്മയ്ക്കു ഒരു കുഞ്ഞ് ആദ്യം നഷ്ടപ്പെട്ടിരുന്നോ?. മറ്റേതിനെ സുരക്ഷിതമായി എവിടെയെങ്കിലും കൊണ്ടു വെച്ചോ?. എന്തോ ഒരു പിടിയും കിട്ടുന്നില്ല. മിന്നു മോളോടു ഇനി എങ്ങനെ പറഞ്ഞു കൊടുക്കും, അണ്ണാരക്കണ്ണന്റെ കഥ?.

19 comments:

നരിക്കുന്നൻ said...

ഒരു അണ്ണാൻ കുഞ്ഞ് മാ‍ഷിന്റെ മനസ്സിലേക്ക് തൊടുത്ത് വിട്ട വികാരങ്ങളത്രയും എന്നിലേക്കും പകർത്താൻ ഈ എഴുത്തിന് കഴിഞ്ഞിരിക്കുന്നു. മനസ്സിൽ നന്മ ഉള്ളവർക്കേ ഇങ്ങനെ മറ്റു ജീവികളെ സ്നേഹിക്കാൻ കഴിയൂ.. ആ ഹൃദയ വിശാലത ഓരോ വരികളിലും വ്യക്തം. മാഷിനെ പരിചയപ്പെട്ടതിൽ സന്തോഷം. ഞാനും ഒരു മലപ്പുറംകാരൻ ആണ്. ഇനിയും എല്ലാ പോസ്റ്റുകളും ഒന്ന് വായിക്കട്ടേ.

സസ്നേഹം
നരി

കൊട്ടോട്ടിക്കാരന്‍... said...

അണ്ണാറക്കണ്ണന്റെ കഥ ഇഷ്ടപ്പെട്ടു... താങ്കളുടെ മനസ്സ് ഇതില്‍ വായിയ്ക്കാന്‍ കഴിയുന്നുണ്ട്...

വശംവദൻ said...

നല്ല എഴുത്ത്.

ഈദ് ആശംസകൾ!

ശ്രീ said...

നമ്മുടെ ചുറ്റുപാടും വെറുതേ ഒന്നു നിരീക്ഷിച്ചാല്‍ ഇങ്ങനെ കൌതുകകരമായ എന്തെല്ലാം കണ്ടെത്താനാകും ?

എന്തായാലും നമ്മെക്കൊണ്ട് കഴിയുന്ന രീതിയില്‍ ഒരു അണ്ണാന്‍ കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞല്ലോ. നന്നായി മാഷേ. മാത്രമല്ല, മിന്നുമോള്‍ക്ക് ഇതെല്ലാം ഒരു പാഠവുമാകും

basheerpmeeran said...

ithozhike mattullavayellaam nerathe vaayichirunnu.nanaayirikkunnu..EID MUBARAK.

bilatthipattanam said...

ഈ നിരീക്ഷണവും,അവതരണവും നന്നായിട്ടുണ്ട് കേട്ടൊ...
പാരഗ്രാഫ് ഇടയ്ക്ക് തിരിക്കുന്നത് നന്നായിരിക്കും..

poor-me/പാവം-ഞാന്‍ said...

Muhammed kutty connecting annan kutty ...
touching lines

ശാന്തകാവുമ്പായി said...

പ്രകൃതിയുടെ വിളി ചിലപ്പോഴെങ്കിലും നമ്മൾ കേൾക്കുന്നതുകൊണ്ടല്ലേ അങ്ങനെ പെരുമാറാൻ നമുക്കു കഴിയുന്നത്‌.

ഒരു നുറുങ്ങ് said...

ഇവിടെ കയറി വരാന്‍ വൈകി,മുഹമ്മദ്കുട്ടീ..ഈ ജീവിതത്തില്‍
ഒരണ്ണാന്‍ കുഞ്ഞിനെങ്കിലും ഒരിറ്റ് സാന്ത്വനം പകര്‍ന്നു നല്‍കാന്‍
കഴിഞ്ഞാല്‍-ധന്യമായി നമ്മുടെ മനസ്സ്! തീവ്രാനുഭവത്തിന്‍റെ ഒരു’അടര്’തന്നെ
ഈ അണ്ണാന്‍ കുഞ്ഞിന്‍റെ ആഖ്യാനം!
ഇനിയും കാണും അനുഭവങ്ങള്‍ ഏറെ,അതൊക്കെ കുറിച്ചിടൂ മാഷെ!
ആശംസകള്‍..

കാട്ടിപ്പരുത്തി said...

നല്ല നിരീക്ഷണം- 60 വര്‍ഷത്തെ അനുഭവക്കുറിപ്പുകള്‍ക്കായി കാത്തു നില്‍ക്കുന്നു

ഭായി said...

മാഷിന്റെ മനസ്സിലെ ഉറവ വറ്റാത്ത നന്മകള്‍ ആ വരികളിലൂടെ വായിച്ഛെടുക്ക്കാന്‍ സാധിക്കുന്നുണ്ട്..

നന്മകള്‍ നേര്‍ന്നുകൊണ്ട്...!!!

ഭായി

പൂതന/pooothana said...

അണ്ണാന്‍ കുട്ടിയും മുഹമ്മെദ് കുട്ടിയും...

തെച്ചിക്കോടന്‍ said...

ഈ നിരീക്ഷണവും,അവതരണവും നന്നായിട്ടുണ്ട്
ആശംസകള്‍..

ബഷീര്‍ Vallikkunnu said...

മാഷെ, സൂപ്പറായിട്ടുണ്ട്.

Akbar said...

ഇത് ഇന്നാണ് കണ്ടത്. മനസ്സിലുടക്കിയ കാഴ്ചകളുടെ സത്യസന്തമായ വര്‍ണന മനോഹരമായിരിക്കുന്നു. എല്ലാ ദ്രിശ്യങ്ങളും മനസ്സില്‍ പതിയുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരെ പിടിച്ചിരുത്തുന്ന ആഖ്യാന ശൈലി. ആശംസകളോടെ

പള്ളിക്കരയില്‍ said...

അതീവ ഹ്ര്‌ദ്യം ഈ ആഖ്യാനം...

നന്ദി

Sabu M H said...

ആദ്യമായാണിവിടെ. നന്നായിരിക്കുന്നു മാഷെ.

കുട്ടിക്കാലത്ത്‌ ഇതു പോലെ ഒരു അണ്ണാൻ കുഞ്ഞിനെ കിട്ടിയതാണ്‌. അതിനെ കുരച്ചു ദിവസം വീട്ടിൽ വളർത്തുകയും ചെയ്തു. ഒരു തടി പെട്ടിയിൽ, ചാക്ക്‌ വിരിച്ച്‌ കൊടുക്കുകയും ചെയ്തു. കുറച്ച്‌ ദിവസം കഴിഞ്ഞു അതു മരത്തിൽ കയറി പോയി. കുറച്ചു ദിവസം വീട്ടിൽ വീണ്ടും വരുമായിരുന്നു. പിന്നെ കണ്ടില്ല. തിരക്കല്ലേ അണ്ണാങ്കുഞ്ഞിനും :)

മെഹദ്‌ മഖ്‌ബൂല്‍ said...

ഇവിടെ ആദ്യമായിട്ടാണ്..
സുന്ദരമായി തന്നെ അവതരിപ്പിച്ചു ഇക്കാ...

അണ്ണാന്‍ കുഞ്ഞിനൊയൊന്നും ഞാന്‍ വളര്‍ത്തിയില്ല..
കിളികളെ വളര്‍ത്തിയിരുന്നു,.. അതിനെ പൂച്ച പിടിച്ച ദിനം ......................
ഹോ ഓര്‍ക്കാന്‍ പോലും വയ്യ...

Rashid said...

ഞാന്‍ ജോലി ചെയ്യുന്ന ഓഫീസിന്‍റെ വെന്‍റിലേറ്ററില്‍ രു അണ്ണാന്‍ സകുടുംബം താമസിക്കുന്നുണ്ട്. അവകളെ കുറിച്ചു ഓര്‍ത്തു പോയി..