Thursday, March 3, 2011

നിങ്ങള്‍ക്കും ഭരിച്ചു കൂടെ?- യുവാക്കളേ മാറി ചിന്തിക്കൂ.

ഇന്നത്തെ രാഷ്ടീയക്കാരുടെ കളി കണ്ടു മടുത്തിട്ടാണിങ്ങനെ ചിന്തിക്കാന്‍ എന്ന പ്രേരിപ്പിക്കുന്നത്. സ്വതന്ത്രനു നാടു ഭരിച്ചു കൂടെ?.എത്ര കാലമായി നമ്മള്‍ ഈ ഒരേ നാടകം വീണ്ടും വീണ്ടും കാണുന്നു. അഞ്ചു വര്‍ഷം ഒരു കക്ഷി ഭരിക്കുന്നു ( നമ്മള്‍ സഹിക്കുന്നു!)  അടുത്ത അഞ്ചു വര്‍ഷം മറ്റേ കക്ഷി
ഭരിക്കുന്നു.  ഭരണ പക്ഷവും പ്രതി പക്ഷവും മാറി മാറി കേരളം ഭരിക്കുന്നു.
പലരും അഴിമതികള്‍ നടത്തുന്നു ,പല കേസുകളില്‍ കുടുങ്ങുന്നു.നമ്മള്‍ മാധ്യമങ്ങളിലൂടെ എല്ലാം അറിയുന്നു. എന്നാലും ആര്‍ക്കും യാ‍തൊരു പരാതിയുമില്ല. അടുത്ത അഞ്ചു വര്‍ഷം ഭരിക്കാന്‍ പറ്റുമെന്ന സമാധാനത്തില്‍  ഓരോ കക്ഷിയും ആശ്വസിക്കുന്നു. നമ്മുടെ നികുതിപ്പണം പല വിധത്തില്‍ ചോര്‍ന്നു പോകുന്നു. പല വികസനങ്ങളും വഴി മുട്ടി നില്‍ക്കുന്നു. ഇവിടെ യുവാക്കള്‍ തൊഴില്‍ രഹിതരായി തുടരുന്നു. അതേ സമയം നേതാക്കള്‍ നമ്മുടെ നികുതിപ്പണം ദുര്‍വ്വ്യയം ചെയ്യുന്നു.

ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. സംസ്ഥാനത്തിന്റെ മാത്രം കാര്യമല്ല. കേന്ദ്രത്തിലും  സംഭവിക്കുന്നത് ഇതു തന്നെയാണ്. നമുക്കിതൊന്നു മാറ്റിയെടുത്തു കൂടെ? .ഇവിടെ ധാരാളം വിദ്യാഭ്യാസവും കഴിവുമുള്ള ചെറുപ്പക്കാരില്ലെ?. അവര്‍ക്കെന്താ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു
കൂടെ?.കക്ഷിയില്ലാതെ സ്വതന്ത്രനായി മത്സരിക്കാന്‍ പൌരനവകാശമില്ലെ?. അങ്ങിനെ കുറെ സ്വതന്ത്രന്മാര്‍ ജയിച്ചു വന്നാല്‍ ഭരിക്കാന്‍ പറ്റില്ലെ?. ഇപ്പോഴുള്ള ഇടതു പക്ഷവും വലതു പക്ഷവും പ്രതി പക്ഷത്തിരിക്കുന്നത് നമുക്ക് കാണാന്‍ പറ്റുമോ?. കുറെ നാളായി അലട്ടുന്ന ഒരു ചോദ്യമാണിത്.


നമ്മുടെ വിവര സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടും നമ്മുടെ ഭരണം മാത്രമെന്തേ ഇപ്പോഴും പഴഞ്ചന്‍ രീതിയില്‍?.ഈജിപ്തിലെയും മറ്റും കാര്യങ്ങള്‍ ടീവിയില്‍ കണ്ടപ്പോള്‍ ഉയര്‍ന്നു വന്ന ഒരു ചോദ്യമാണിത്. ഇനിയും വൈകിയിട്ടില്ലെന്നാണെന്റെ അഭിപ്രായം. ഇപ്രാവശ്യം നാമ നിര്‍ദ്ദേശ
പത്രിക കൊടുക്കുമ്പോള്‍ യുവാക്കള്‍ മുന്നോട്ടു വരട്ടെ. അങ്ങിനെ കഴിവുള്ള കുറെ ചെറുപ്പക്കാര്‍ എല്ലാ നിയോജക മണ്ഠലങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെ. അപ്പോള്‍ തീര്‍ച്ചയായും കഴിവും പ്രാപ്തിയും ഉള്ളവരെ ആ പ്രദേശത്തുകാര്‍ ജയിപ്പിക്കുമെന്നുറപ്പാണ്. എന്നിട്ടെന്തു സംഭവിക്കുമെന്നു നമുക്കു കാണാമല്ലോ?.സ്ത്രീകള്‍ക്കും അവരുടേതായ പങ്കു ഇവിടെ നിര്‍വ്വഹിക്കാവുന്നതാണ്. വിഡ്ഡിത്തം പ്രസംഗിക്കുന്ന വനിതാ /പുരുഷ മന്ത്രിമാരുള്ള നാടാണ് നമ്മുടേത് !.


എല്ലാവരും ഒത്തു ശ്രമിച്ചാല്‍ നമുക്കീ പഴഞ്ചന്‍ ചിന്താഗതി മാറ്റിയെടുക്കാന്‍ കഴിയും . അങ്ങിനെ ദൈവത്തിന്റെ നാട് എന്ന ആ പഴയ പേര് തിരിച്ചു കൊണ്ടു വരാന്‍ കഴിയും . കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കു കഴിയില്ല. എന്നാലും ഒരു സൂചന എന്ന നിലയില്‍ ഈ അഭിപ്രായം മുഖ വിലക്കെടുത്തു ഇക്കാര്യം എത്രയും പെട്ടെന്നു ചര്‍ച്ച ചെയ്തു നമ്മുടെ യുവാക്കള്‍ മുന്നോട്ടു വന്നാല്‍ ഇന്നു നാം അഭിമുഖീകരിക്കുന്ന ഒട്ടെറെ പ്രശ്നങ്ങള്‍ക്കു പരിഹാ‍രം കണ്ടെത്താന്‍ കഴിയുമെന്നാണെനിക്കു തോന്നുന്നത്.

ഉണരൂ യുവാക്കളേ!. ഇനിയുള്ള കാലം നിങ്ങളുടേതാണ്. ഒട്ടും സമയം പാഴാക്കാതെ പ്രവര്‍ത്തിക്കൂ. വിജയം സുനിശ്ചിതം!

വാല്‍ക്കഷ്ണം: കൂടുതല്‍ വിശദമായി പറയേണ്ട കാര്യങ്ങളുണ്ട്. അതെല്ലാം ആ മേഖലയില്‍ കൂടുതല്‍ അറിവുള്ളവര്‍ക്ക് ചര്‍ച്ച ചെയ്യാമല്ലോ?.എല്ലാവരും പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ.

36 comments:

Akbar said...

യുവാക്കള്‍ മുന്‍ നിര രാഷ്ട്രീയത്തിലേക്ക് വരേണ്ടിയിരിക്കുന്നു. കാല ഹരണപ്പെട്ട പരംബരാകത രാഷ്ട്രീയ സമസ്യകള്‍ പൂരിപ്പിക്കാനല്ല. തൊഴില്‍ വിദ്യാഭ്യാസം ദാരിദ്ര്യ നിര്‍മ്മാര്‍ജനം മുതലായവയിലൂടെ രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയകളില്‍ വിപ്ലവകരമായ വേഗത കൈ വരിക്കാന്‍ യുവ ശക്തി ഉന്നതങ്ങളില്‍ എത്തിപ്പെടെണ്ടതുണ്ട്. എന്നാല്‍ സ്വതന്ത്രരായി മത്സരിക്കുക എന്നത് പ്രായോഗികമല്ല. ഒരു സംഘടിത ശക്തിയില്‍ ഒറ്റപ്പെട്ട ശബ്ധങ്ങള്‍ക്ക് ഒന്നും നേടാനാവില്ല. പകരം നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്‍ നിരയിലേക്ക് യുവാക്കള്‍ കയറി വരിക എന്നതാണ് അഭികാമ്യം. ആ വിപ്ലവം ആദ്യം നടക്കേണ്ടത്‌ നിലവിലുള്ള ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അകത്താണ്.

ഷബീര്‍ (തിരിച്ചിലാന്‍) said...

അതെ... ഇപ്പഴേ അതിനുള്ള പ്രയത്നം തുടങ്ങേണ്ടിയിരിയ്ക്കുന്നു, ഒരു റിട്ടയര്‍മെന്റ് കാലാവധി രാഷ്ട്രീയത്തിലും ബാധകമാക്കേണ്ടിയിരിക്കുന്നു.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

പുതു തലമുറ രാഷ്ട്രീയത്തോട് വിമൂഖത കാണിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്‌. അതുകൊണ്ടാണല്ലൊ നമ്മൾ പറയുന്ന, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊക്കെ യുവാക്കൾക്കുള്ള പാകേജുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. (പക്ഷെ ‘സീനിയർ’ നേതാക്കൾ ഒഴിഞ്ഞുകൊടുത്തുകൊണ്ടുള്ള കളിയൊന്നും നടത്താൻ ആരും ഉദ്ദേശിക്കുന്നില്ല)
ഇവിടെ രാഷ്ട്രീയമെന്നാൽ നാം കണ്ട് മടുത്ത വിലകുറഞ്ഞ കക്ഷിരാഷ്ട്രീയമാണെന്നാണ്‌ ധാരണ. ഈ ധാരണ മാറേണ്ടതുണ്ട്. രാജ്യത്തിന്റേയും ജനങ്ങളുടേയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുക എന്ന ഉദാത്തമായ പ്രവർത്തനമാണ്‌ രാഷ്ട്രീയമെന്ന് തിരിച്ചറിഞ്ഞ് യുവ തലമുറ ഈരംഗത്തേക്ക് കടന്നുവരേണ്ടതുണ്ട്. നാടിന്റെ വികസനവും ഭരണത്തിന്റെ നടത്തിപ്പും ഭരണ പക്ഷ പ്രതിപക്ഷ വിവാദങ്ങൾക്കിടയിൽ വെളിച്ചം കാണാതെ പോകുന്നത് നമ്മുടെ നാട്ടിൽ ഒരു തുടർച്ചയാണ്‌. നിർണായക ഘട്ടങ്ങളിലും വൻ ദുരന്തങ്ങളുണ്ടാകുമ്പോൾ പോലും പരസ്പ്പരമുള്ള വാദാപ്രതിവാദങ്ങൾക്കിടയിൽ രക്ഷാ പ്രവർത്തനങ്ങൾ കൂടി സുഖമമായി നടത്താൻ കഴിയാതെ വരുന്നു.നമ്മുടെ നാട്ടിൽ (കേന്ദ്രമായാലും സംസ്ഥാനമായാലും) എത്ര മന്ത്രിമാരും രാഷ്ട്രീയ പഭുക്കന്മാരുമുണ്ട് ആരോപണ വിധേയരല്ലാത്തവർ? എത്രപേരുണ്ട് കളങ്കരല്ലാത്തവർ. സാമൂഹ്യ പ്രതിബദ്ധതയും സത്യസന്ധരും ഇല്ലെന്നല്ല. വളരെ കുറയും. അന്ധമായ രാഷ്ട്രീയ അടിമത്വം നമ്മെ മയക്കിക്കിടത്താനെ ഉപകരിക്കൂ. നമ്മെ നിശബ്ദരാക്കാനേ ഉപകരിക്കൂ. നേതാക്കൾ തെറ്റു ചൈതാൽ മൗനം പാലിക്കാനെ നമുക്ക് കഴിയൂ.
യുവ തലമുറ ഉണർന്ന് ചിന്തിക്കേണ്ട സമയമായി.... നമ്മുടെ നാടിനെ രക്ഷിക്കാൻ... ജനങ്ങളെ രക്ഷിക്കാൻ...

ﺎലക്~ said...

രെജിസ്ട്രേര്‍ഡ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലേബലില്‍ മത്സരിക്കുന്ന രീതി എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്ന ഒന്നല്ല.. എന്നാല്‍ ഇന്നത്തെ ഇന്‍റെര്‍ നെറ്റ് സം‌വിധാനങ്ങള്‍ ആശയ വിനിമയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നു.

ഒരു പക്ഷേ ഇത് വളരെമുന്‍പേ ചിന്തിക്കാമായിരുന്നു..പലരും ചിന്തിച്ചിരുന്നു..
അങ്ങനെ തുടങ്ങിയവരെല്ലാം രാഷ്ട്രീയപ്പാര്‍ട്ടികളായി അധഃപതിക്കുകയാണ് ചെയ്തിട്ടുള്ളതും..

അധികാരം വല്ലാണ്ട് ഭ്രമിപ്പിക്കുന്ന ഒന്നാണേ..അവിടെ ആദര്‍ശങ്ങള്‍ക്ക് എന്തു വില..!!

നല്ല പോസ്റ്റ്..ഇക്കാ..അഭിനന്ദനങ്ങള്‍..!!

റഈസ്‌ said...

കുട്ടിക്കാ.....
വായിച്ചു.പ്രസക്തമായ പോസ്റ്റ്‌.മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ജരാനര ബാധിച്ച രാഷ്ട്രീയക്കാരേയും പാർട്ടികളെയും തിരുത്തുക സാധ്യമായ കാര്യമല്ല.നാടിന്റെ വികസനമല്ല പോകറ്റിന്റെ വികസനമാണ് അവരുടെ ലക്ഷ്യം.ശക്തരായ സ്വതന്ത്രരെ അവതരിപ്പിക്കാൻ നമ്മുടെ യുവസമൂഹത്തിന് കഴിയേണ്ടതുണ്ട്‌.അസാധ്യമായത്‌ ഒന്നുമില്ലെന്നാണ് ഈജിപ്തും തുനീഷ്യയും നമുക്ക്‌ മുന്നിൽ കാണിച്ചു തന്നത്‌.

ismail chemmad said...

പ്രസക്തമായ പോസ്റ്റ്‌ , ആശംസകള്‍

യൂസുഫ്പ said...

ആ ഇപ്പ മിണ്‌ങ്ങാ....

Shukoor said...

സംഗതിയൊക്കെ കൊള്ളാം.
ഞാനും ചിന്തിച്ചതാ... ഇപ്പോള്‍ തന്നെ നാട്ടില്‍ വന്നാലോ എന്ന്.

എനിക്കെന്താ മന്ത്രിസ്ഥാനം പുളിക്കുമോ?

പാര്‍ട്ടികള്‍ ഇല്ലാതെ ഭരിക്കാന്‍ കഴിയുമെങ്കില്‍ ഗംഭീരമാവും. കുതി കാല്‍ വെട്ടും കാലു വാരലിനും എളുപ്പമുണ്ടാകും.
ഉട്ടോപ്യ ആകാതിരുന്നാല്‍ മതി.

വര്‍ഷിണി said...

ഉണരൂ യുവാക്കളേ!.
ഇനിയുള്ള കാലം നിങ്ങളുടേതാണ്.
ഒട്ടും സമയം പാഴാക്കാതെ പ്രവര്‍ത്തിക്കൂ. വിജയം സുനിശ്ചിതം!

എന്തേലും നടക്കോ ഇക്കാ...?
...ആശംസകള്‍...

~ex-pravasini* said...

യുവബ്ലോഗര്‍മാര്‍ സ്വയമിറങ്ങട്ടെ..!
അല്ലാത്തവര്‍ മക്കളെ ഇറക്കട്ടെ..
യുവാക്കളേ മുന്നോട്ട്..
നല്ല പോസ്റ്റ്.

moideen angadimugar said...

സ്വതന്ത്രന്മാർ ഭരിക്കുക എന്നത് നമ്മുടെ നാടിനെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രമാണു.കള്ളന്മാരെയും,പെണ്ണ്പുടിയന്മാരെയും ചുമടുതാങ്ങി ശീലിച്ച നമുക്ക് സ്വതന്ത്രന്മാർ എന്നും അലർജിയാണല്ലോ.കെട്ടിവെച്ച കാശ്പോലും തിരിച്ചുകിട്ടാൻ നാം അവരെ ഒരിക്കലും സഹായിച്ചിട്ടില്ല.
പൊതുജനം എന്നും കഴുത തന്നെ.

കൂതറHashimܓ said...

യുവാക്കളിലെത്താന്‍ ഇത്തിരി കാലം എടുത്തെക്കും എന്നത് ശരിതന്നെ.

ഇന്നു തന്നെ മാനസികമായെങ്കിലും നമുക്കിതിനോട് തല്പര്യം തോന്നിയാല്‍ പയ്യെ മാറ്റപ്പെടും എല്ലാം.
മാറ്റങ്ങള്‍ക്കെല്ലാം ഒരു ദിശയും ചലന വേഗവും ഉണ്ടാക്കി നല്‍കേണ്ടതും നാം തന്നെ

രമേശ്‌ അരൂര്‍ said...
This comment has been removed by the author.
രമേശ്‌അരൂര്‍ said...

യുവാക്കളില്‍ യുവാവായ കുട്ടിക്കാ തന്നെ ഈ വിപ്ലവം നയിക്കട്ടെ ..കുട്ടിക്കാ കീ ജയ് ..:)
(സത്യമായിട്ടും ചൊറിയല്‍ അല്ല കേട്ടോ :)

Muneer N.P said...

മാറ്റം അഗ്രഹിക്കേണ്ടത് വോട്ടര്‍മാരാണ്.. യുവാക്കള്‍ക്കു അവസരം
കൊടുക്കണം .സ്വതന്ത്രരായി മത്സരിക്കുന്നവര്‍ ജയിക്കണമെങ്കില്‍ വോട്ടു ‘ചിഹ്നങ്ങള്‍ ‘ കൂടി ഏടുത്തു മാറ്റേണ്ടതുണ്ട്..അതു പോലെത്തന്നെ
യുവാക്കള്‍ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചു കാണിക്കുകയും വേണം.പുതിയൊരു യുവ വിപ്ലവം സൃഷ്ടിക്കപ്പെടട്ടെ.കുട്ടിക്കായുടെ ഈ പ്രചോദനം
എല്ലാ യുവാക്കളും ഉള്‍ക്കൊള്ളട്ടെ എന്നും ആശംസിക്കുന്നു.

ishaqh ഇസ് ഹാക് said...

കുട്ടിക്കാ..,
നല്ലചിന്തയ്ക്കും പോസ്റ്റിനും അഭിനന്ദനങ്ങള്‍.

ഷമീര്‍ തളിക്കുളം said...

ആശയം കൊള്ളാം...!
നമ്മുടെ രാഷ്ട്ട്രീയത്തിലെ മുതുമുത്തച്ചന്മാര്‍ ഒന്ന് ഇറങ്ങിതന്നാലല്ലേ നമ്മുക്കൊന്ന് കേറാന്‍ പറ്റൂ...! യുവാക്കള്‍ക്ക് പ്രാധിനിത്യമുള്ള സ്ഥാനാര്‍ഥി പട്ടികപോലും നമ്മുക്ക് കണികാണാന്‍ കിട്ടില്ല, തീര്‍ച്ച. പിന്നെയല്ലേ ഭരണം.

സിദ്ധീക്ക.. said...

വളരെ നല്ല; വലിയ ഒരു ചിന്ത..നന്നായി മോമുട്ടിക്ക.യുവാക്കള്‍ രംഗത്ത് വരട്ടെ..

usman said...

:))

MT Manaf said...

പല വികസിത രാജ്യങ്ങളിലും നല്ല വിദ്യാസമ്പന്നരുടെയും സജീവ ചിന്തകരുടെയും തട്ടകമാണ് പൊളിറ്റിക്സ്.
ഇവിടെ പലപ്പോഴും തിരിച്ചാ!

HussainNellikkal said...

പോസ്റ്റ്‌ ഉഗ്രന്‍ ആയിട്ടുണ്ട് .അഭിനന്ദനങ്ങള്‍ . സത്യത്തില്‍ നമ്മള്‍ എന്തൊക്കെ പോസ്റ്റിയാലും ശരി , നമ്മള്‍ മലയാളീസ് മാറാനേ പോകുന്നില്ല... പണ്ട് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ മാറ്റം ഉള്ളത് ഒന്നിന് മാത്രമേയുള്ളൂ ..അത് മാറ്റം എന്നാ വാക്ക് മാത്രം..
പിന്നെ എന്നും എല്ലാകാലവും കേരള ജനത ഫുട്ബോള്‍ തന്നെയാകും. അഞ്ചു വര്ഷം ഇടതു കാല് കൊണ്ടുല്ല്ല അടി കൊണ്ട് കഴിയുമ്പോള്‍ വീന്ദും വലതുകാല് കൊണ്ടുള്ള അടി വാങ്ങാന്‍ വിടിക്ക പെട്ടവരാകുന്നു നമ്മള്‍ മണ്ടന്മാരായ ,അല്ല, മനപൂര്‍വം മണ്ടന്മാരകുന്ന മലയാളീസ് ..!!!

നരിക്കുന്നൻ said...

അപ്പോൾ സ്വതന്ത്രർക്കും ഒരു പാർട്ടി എന്നാണോ കുട്ടിക്കാ ഉദ്ധ്യേശിച്ചത്‌? നമ്മൂടെ നാട്ടിൽ ഇത്‌ നടക്കുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നില്ല. നടക്കാത്തതൊന്നുമില്ല.. പക്ഷേ, നമ്മുടെ നാട്ടിൽ ഇത്‌ എങ്ങനെ പ്രായോഗികമാകും?

ഓഫ്‌: അല്ല നിങ്ങളെങ്ങാൻ മത്സരിക്കാനുള്ള പരിപാടിയുണ്ടോ?

ബെഞ്ചാലി said...

കൂടെ ഇതും ചേർത്ത് വായിക്കുക.

അഭിനന്ദനങ്ങള്‍.

വീ കെ said...

ഈ ഇലക്ഷനിൽ സ്വതന്ത്രനായി നിൽക്കാൻ വല്ല പരിപാടിയുമുണ്ടൊ ഇക്കാ... അല്ല ഇനിയുള്ള കാലം നാട് നന്നാക്കിക്കളയാമെന്ന വല്ല വ്യാമോഹമോ മറ്റോ...?!!
അതു വേണ്ടാട്ടൊ... ഉള്ള സമാധാനം കളയണ്ടാ...

കമ്പർ said...

നല്ല ചിന്തകൾ.

Mohamedkutty മുഹമ്മദുകുട്ടി said...

നല്ലൊരു മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നതു കാണാനൊരു വ്യാമോഹം!.അങ്ങിനെ എഴുതിപ്പോയതാ. ഇവര്‍ കാണിച്ചു കൂട്ടുന്ന വങ്കത്തരങ്ങള്‍ പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കണ്ടു മടുത്തിരിക്കുന്നു.യുവാക്കള്‍ വിചാരിച്ചാല്‍ കുറെയൊക്കെ നടക്കും.

ശാന്ത കാവുമ്പായി said...

'ഇപ്പോഴുള്ള ഇടതു പക്ഷവും വലതു പക്ഷവും പ്രതി പക്ഷത്തിരിക്കുന്നത് നമുക്ക് കാണാന്‍ പറ്റുമോ?'സാധ്യത കുറവാണ്.
ചെറുപ്പക്കാർ വന്നിട്ടെന്ത് കാര്യം.അധികാരത്തിന്റെ അപ്പക്കഷണം കിട്ടുമ്പോൾ അവരും മാറും.തല്ലുകൊള്ളികളായി നടന്നവരല്ലേ രാഷ്ട്രീയക്കാരാവുന്നത്.പ്രതിഭകളെല്ലാം പ്രൊഫഷനൽ കോഴ്സും കഴിഞ്ഞ് ഈ തല്ലുകൊള്ളികൾക്ക് ഭരിക്കാൻ നിന്നു കൊടുക്കും.ഏറ്റവും പ്രതിഭയുള്ള കുട്ടികൾ രാഷ്
ട്രീയത്തിലിറങ്ങണം.നടക്കുമോ?ഉത്തരവും ഞാൻ തന്നെ പറഞ്ഞേക്കാം.ഇല്ല.

comiccola / കോമിക്കോള said...

നല്ല പോസ്റ്റ്‌, അഭിനന്ദനങ്ങള്‍....

Sapna Anu B.George said...

രാഷ്ട്രീയക്കാരെ ഒക്കെ വിട്..................മാഷ് എവിടെയാ??? ഒരു കമ്ന്റില്ല, മെയിൽ ഇല്ല........എന്റെ ബ്ലോഗീൽ ഞാൻ ഇത്ര സങ്കടം ഒക്കെ എഴുതിയിട്ടു മാഷ് എന്നെ, സമാധാനിപ്പിക്കാൻ പോയിട്ട് വായിക്കാൻ പോലും വന്നില്ലല്ല്ലോ???

ചന്തു നായര്‍ said...

ലക് എഴുതിയ കമന്റിനോട് ഞാൻ പൂർണമായും റ്റോജിക്കുന്നൂ.... പിന്നെ രാഷ്ട്രീയമില്ലാത്ത് ഒരു തിരഞ്ഞ്ടുപ്പ് എന്നുണ്ടാകുമോ...അന്നേ.. മാഷ് വിഭാവനം ചെയ്യുന്ന ഒന്ന് ഇവിടെ ഉണ്ടാകൂ......

ശ്രീ said...

പറഞ്ഞിട്ടെന്ത് കാര്യം മാഷേ

മുല്ല said...

നല്ല ചിന്തകള്‍. അതിനു ആദ്യം രാഷ്ട്രീയക്കാരെ മുഴുവന്‍ നാടുകടത്തണം. എന്നാലെ ഇതൊക്കെ നടക്കുള്ളു.
നന്ദി കേട്ടൊ പോസ്റ്റ് പരിചയപ്പെടുത്തിയതിനു.

Echmukutty said...

സ്വതന്ത്രരായി മത്സരിച്ചിട്ട് പ്രയോജനമുണ്ടാവുമോ?

ഇ.എ.സജിം തട്ടത്തുമല said...

യുവത്വം മനസിലുണ്ടായാലും പോരേ? അല്ല, നമ്മളും ഒക്കെ വയസായി വരികയല്ലേ! അതുകൊണ്ട്.....സത്യത്തിൽ യുവാക്കളാ ഇപ്പോ കുഴപ്പം!

koyippally's said...

അടുത്ത കാലത്തും ഒരു ഉപതിരഞ്ഞെടുപ്പ് നടന്നല്ലോ ? ഒരാള്‍ ഒരു പാര്‍ടിയില്‍ നിന്ന് മാറി മറ്റൊരു പാര്‍ടിയില്‍ ചേര്‍ന്ന ശേഷം വീണ്ടും അസംബ്ലിയിലേക്ക് മത്സരിച്ച തിരഞ്ഞെടുപ്പ് ....
ഈ തിരഞ്ഞെടുപ്പില്‍ ആരാണ് ജയിച്ചത്‌ ? ആരാണ് തോറ്റത് ? ഇത് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ആര്‍ക്കും എതിരായി ഉള്ളതല്ല .പക്ഷെ ഒന്ന് ചിന്തിക്കാന്‍ അവസരം മാത്രം ! അവസരവാദപരമായി പാര്‍ടികള്‍ മാറി മാറി മത്സരിക്കുന്നത് ജനാധിപത്യ മര്യാദ ആണോ ? ഇടതു പക്ഷത്തില്‍ നിന്ന് മാറിയാല്‍ വലതു പക്ഷത്ത്‌... വലതു പക്ഷത്തില്‍ നിന്ന് മാറിയാല്‍ ഇടതു പക്ഷത്ത്‌... അധികാരം മനുഷ്യനെ മത്തു പിടിപ്പിക്കും... പക്ഷെ ജനാധിപത്യം ...?ഈ തിരഞ്ഞെടുപ്പിന്റെ പേരില്‍ ഖജനാവില്‍നിന്നും ജനങള്‍ക്ക് ചിലവായ പണത്തിനു ആരാണ് ഉത്തരവാദി ? അത് ചിലവാക്കേണ്ടി വന്നത് എന്തിനു വേണ്ടി ?

koyippally's said...

അടുത്ത കാലത്തും ഒരു ഉപതിരഞ്ഞെടുപ്പ് നടന്നല്ലോ ? ഒരാള്‍ ഒരു പാര്‍ടിയില്‍ നിന്ന് മാറി മറ്റൊരു പാര്‍ടിയില്‍ ചേര്‍ന്ന ശേഷം വീണ്ടും അസംബ്ലിയിലേക്ക് മത്സരിച്ച തിരഞ്ഞെടുപ്പ് ....
ഈ തിരഞ്ഞെടുപ്പില്‍ ആരാണ് ജയിച്ചത്‌ ? ആരാണ് തോറ്റത് ? ഇത് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ആര്‍ക്കും എതിരായി ഉള്ളതല്ല .പക്ഷെ ഒന്ന് ചിന്തിക്കാന്‍ അവസരം മാത്രം ! അവസരവാദപരമായി പാര്‍ടികള്‍ മാറി മാറി മത്സരിക്കുന്നത് ജനാധിപത്യ മര്യാദ ആണോ ? ഇടതു പക്ഷത്തില്‍ നിന്ന് മാറിയാല്‍ വലതു പക്ഷത്ത്‌... വലതു പക്ഷത്തില്‍ നിന്ന് മാറിയാല്‍ ഇടതു പക്ഷത്ത്‌... അധികാരം മനുഷ്യനെ മത്തു പിടിപ്പിക്കും... പക്ഷെ ജനാധിപത്യം ...?ഈ തിരഞ്ഞെടുപ്പിന്റെ പേരില്‍ ഖജനാവില്‍നിന്നും ജനങള്‍ക്ക് ചിലവായ പണത്തിനു ആരാണ് ഉത്തരവാദി ? അത് ചിലവാക്കേണ്ടി വന്നത് എന്തിനു വേണ്ടി ?