Thursday, March 4, 2010

എന്റെ കണ്ണട.

സന്ധ്യ കഴിഞ്ഞ്  വെറുതെ ആലസ്യത്തിലൊന്നു കിടന്നപ്പോഴാണ് മിന്നു മോള്‍ ഹോം വര്‍ക്കും കൊണ്ട് വന്നത്. അല്ലെങ്കിലും ഈ യു.കെ.ജിക്കാര്‍ക്കൊക്കെ എന്തു ഹോം വര്‍ക്കാ?. അവള്‍ പുസ്തകം കൊണ്ടു വന്നപ്പോള്‍ കൂടെ മേശപ്പുറത്ത് വെച്ചിരുന്ന എന്റെ കണ്ണടയുമുണ്ട്. അവള്‍ക്കറിയാം കണ്ണടയില്ലാതെ എനിക്കൊന്നും പറ്റില്ലെന്ന്.

നാലു വരി കോപി പുസ്തകത്തിലെ moon light-ഉം ,sun light-um രണ്ടു വരി കോപിയിലെ ഘടികാരവും ,ചവണയും എഴുതല്‍ കഴിഞ്ഞു വീണ്ടും ഒന്നു ചെരിഞ്ഞു കിടന്നു. പിന്നെ എപ്പോഴാണൊന്നു മയങ്ങിയതെന്നോ കണ്ണട എവിടെയാണ് വെച്ചതെന്നോ ഓര്‍മ്മയുണ്ടായില്ല. പിന്നീടെപ്പോഴോ  മൊബൈലടിച്ചപ്പോല്‍ ധൃതിയില്‍ എണീറ്റത് കണ്ണടമേല്‍ കൂടെയായിപ്പോയി! “ക്ടും” എന്നൊരു ശബ്ദം. നോക്കിയപ്പോല്‍ അതിന്റെ രണ്ട് കാലും വേറിട്ടിരിക്കുന്നു. ഇനിയിപ്പൊ എന്തു ചെയ്യും. വ്യക്തമായി എന്തെങ്കിലും കാണണമെങ്കില്‍ ഇവന്‍ വേണമല്ലോ?. വെള്ളെഴുത്തു തുടങ്ങിയ കാലം മുതല്‍ വെക്കാന്‍ തുടങ്ങിയതാ. ഇടക്കൊക്കെ പവര്‍ വിത്യാസപ്പെടുമ്പോള്‍ മാറ്റുമെന്നല്ലാതെ ഇവനില്ലാതെ പറ്റില്ല. ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും മാത്രമെ അഴിച്ചു വെക്കാറുള്ളു !.


ഇനി ടീവിയില്‍ വല്ലതും കാണണമെങ്കിലും ഭക്ഷണം കഴിക്കാനുമൊക്കെ കണ്ണടയില്ലാതെ പറ്റില്ലല്ലോ?. മേശപ്പുറത്ത് ഒരു റീഡിങ്ങ് ഗ്ലാസ്സുണ്ട്. പക്ഷെ അതിന്റെ പവര്‍ ശരിയാവില്ല. അത് കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നോക്കാന്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. കണ്ണടയുടെ രണ്ടു കാലും കുറ്റിയില്‍ തന്നെ മുറിഞ്ഞതാ. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ഒരു എലാസ്റ്റിക്കിന്റെ കഷ്ണം വെച്ചു കെട്ടി നോക്കി. എന്നിട്ടത് തലയില്‍ കൂടിയിട്ടു. ഇപ്പോള്‍ ഒരു വിധം കാണാന്‍ പറ്റും, എന്നാല്‍ ഗ്ലാസ്സ് കണ്‍ പീലികളില്‍ തട്ടുന്നു. ഒരു പെന്‍സിലെടുത്ത് കണ്ണുകള്‍ക്ക് സമാന്തരമായി മുകളില്‍ വെച്ചു . ഇപ്പോള്‍ ഒരു വിധം തരക്കേടില്ല!. പക്ഷെ ശ്രീമതി നിന്നു ചിരിക്കാന്‍ തുടങ്ങി. അവളങ്ങിനെയാ. തള്ളക്കും മോള്‍ക്കും എന്നെ കളിയാക്കാനേ നേരമുള്ളു. ടീവി പരിപാടി തല്‍ക്കാലം വേണ്ടെന്നു വെച്ചു, അല്ലാതെ നിവൃത്തിയില്ല. ഭക്ഷണം പിന്നെ വായിലേക്ക് വഴിയറിയുന്നത് കൊണ്ട് വിഷമമില്ല !. രാത്രി കഞ്ഞിയേ കഴിക്കാറുള്ളൂ. അതു കൊണ്ടെളുപ്പമായി. ഇനി രാത്രി കുറച്ചു നേരം കമ്പ്യുട്ടറില്‍ ചിലവഴിക്കണം. അതിനു പക്ഷെ ആ റീഡിങ്ങ് ഗ്ലാസ്സ് ധാരാളം മതി. ഇനി ബാക്കി കാര്യങ്ങള്‍ രാവിലെ മതി.


പക്ഷെ രാവിലെ പുറത്തിറങ്ങി നടക്കാന്‍ അല്പം പ്രയാസം. ഈ റീഡിങ്ങ് ഗ്ലാസ്സും വെച്ചെന്തു ചെയ്യും. എല്ലാം കൂടി ഒരു പുക മൂടിയ പോലെ. ഇനി ടൌണില്‍ പോയി കണ്ണട ശരിയാക്കാതെ രക്ഷയില്ല. ലെന്‍സിന്നു കുഴപ്പമില്ലല്ലോ ,ആ കാശ് ലാഭിക്കാം. പൊതുവെ പിശുക്കനായ തനിക്ക് അതൊന്നും ആരും പറഞ്ഞു തരേണ്ട!. ടൌണിലേക്ക് മൂന്നു കിലോ മീറ്ററുണ്ട്. ഈയിടെയായി എല്ലാ യാത്രകളും വണ്ടിയിലാ. പക്ഷെ ഈ കണ്ണട പ്രശ്നം കൊണ്ടു വണ്ടിയോടിക്കാനും പറ്റില്ല. ബസ്സിലോ ഓട്ടോയിലോ പോവണമെങ്കിലും കവല വരെ നടക്കണം. കയറ്റവുമാണ്. ഒരു കാര്യം ചെയ്യാം കവല വരെ വണ്ടി കൊണ്ടു പോകാം. അതവിടെയിട്ട് ബസ്സിലോ ഓട്ടോയിലോ പോകാം . പ്രശ്നമില്ല. അപ്പോഴേക്കും മറ്റൊരു പ്രശ്നം . മിന്നു മോള്‍ക്കിന്നു സ്കൂള്‍ വണ്ടിയില്‍ പോവണ്ട.  ഉപ്പാന്റെ വണ്ടിയില്‍ പോയാല്‍ മതിയെന്നായി. അവള്‍ കരയാന്‍ തുടങ്ങി. സാധാരണ അവള്‍ സ്കൂളില്‍ പോയിട്ടെ എവിടെയെങ്കിലും പോവാറുള്ളു. ഇനിയിപ്പൊ എന്തു ചെയ്യും . പോവുക തന്നെ. വണ്ടി കവലയിലിട്ടു റോഡ് ക്രോസ്സു ചെയ്തു വേണം സ്കൂളിലെത്താന്‍. ഒരു കണ്ണട വരുത്തി വെച്ച വിന.
വണ്ടിയവിടെയിട്ടു മോളെയും കൊണ്ടു സ്കൂളിലേക്കു നടക്കുമ്പോഴതാ കസിന്‍ ബഷീര്‍ മൊബൈലില്‍ കുത്തി മേലോട്ടും താഴോട്ടും നോക്കി നില്‍ക്കുന്നു.


അവനും ടൌണിലേക്കാ. അപ്പോ ഇനി വണ്ടി അവനോടിച്ചോളും . കണ്ണട നന്നാക്കി തിരിച്ച്  പോരികയും ചെയ്യാം. മോളെ സ്കൂളിലാക്കി അവനെയും കൊണ്ടു ടൌണിലേക്കു പോയി. ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്കു ചെയ്യിച്ച് ചാവിയും വാങ്ങി കണ്ണട ഷോപ്പും നോക്കി നടന്നു. അപ്പോഴും ഒരലങ്കാരത്തിനു മുഖത്ത് ആ റീഡിങ്ങ് ഗ്ലാസുണ്ടായിരുന്നു. ടൌണില്‍ ഓരം പറ്റി നടക്കാന്‍ നന്നേ കഷ്ടപ്പെട്ടു, കണ്ണട ഷോപ്പു കണ്ടെത്താനും!.


ഭാ‍ഗ്യത്തിനു എന്റെ പക്കലുള്ള ലെന്‍സിന്നു പറ്റിയ ഫ്രെയിം കിട്ടി. ഇല്ലെങ്കില്‍ ധന നഷ്ടവും സമയ നഷ്ടവും വേറെ അനുഭവിക്കേണ്ടി വന്നേനെ. പുതിയ ഫ്രെയിമില്‍ പഴയ ഗ്ലാസ്സ് ഫിറ്റ് ചെയ്തു കിട്ടിയപ്പോള്‍ സമധാനമായി. ഇപ്പോള്‍ മാലോകരെ നന്നായി കാണാം. കുറച്ചു സമയം അനുഭവിച്ച പ്രയാസമോര്‍ക്കുമ്പോള്‍!........അപ്പോള്‍ ജന്മനാ അന്ധരായവരുടെ ഗതിയെന്തായിരിക്കും?.

38 comments:

ഒരു നുറുങ്ങ് said...

മമ്മൂട്ടിക്കാ,നിങ്ങള്‍ ഏറ്റവും ഗൌഈവമുള്ള
വിഷയമാ പോസ്റ്റിയിരിക്കുന്നത്‌! ദൈവം നമുക്ക്
കനിഞ്ഞേകിയിരിക്കുന്ന പലതരം ഔദാര്യങ്ങളും
അനുഗ്രഹങ്ങളും ഒരു നിമിഷത്തേക്ക്
എടുത്ത് മാറ്റിയാലത്തെ അവസ്ഥ ! ഒരു
കണ്ണടയുടെ കാര്യമിങ്ങിനെ ! ലോകത്താകമാനം
മാറാ രോഗങ്ങള്‍ക്ക് വിധേയപ്പെട്ട് ,ജീവിതം
ഇരുട്ടറകളിലും അകത്തളങ്ങളിലും ഒക്കെയായി
കഴിയേണ്ടി വരുന്നവരെക്കുറിച്ച് ഒരു നിമിഷം
ചിന്തിക്കാനുള്ള പ്രചോദനമായി ഈ പോസ്റ്റ് !

Rejeesh Sanathanan said...

ശരിക്ക് ബുദ്ധിമുട്ടി അല്ലേ........?

ഇ.എ.സജിം തട്ടത്തുമല said...

കാഴ്ചയുടേ പ്രാധാന്യം വിളിച്ചു പറയാനും, കാഴ്ചയില്ലാത്തവരെക്കുറിച്ച് ദു:ഖത്തോടെ ഓർക്കാനും ഈ ചെറിയ അനുഭവം സഹായിച്ചു.

ജിജ സുബ്രഹ്മണ്യൻ said...

ഒരു എലാസ്റ്റിക്കിന്റെ കഷ്ണം വെച്ചു കെട്ടി നോക്കി. എന്നിട്ടത് തലയില്‍ കൂടിയിട്ടു. ഇപ്പോള്‍ ഒരു വിധം കാണാന്‍ പറ്റും, എന്നാല്‍ ഗ്ലാസ്സ് കണ്‍ പീലികളില്‍ തട്ടുന്നു. ഒരു പെന്‍സിലെടുത്ത് കണ്ണുകള്‍ക്ക് സമാന്തരമായി മുകളില്‍ വെച്ചു . ഇപ്പോള്‍ ഒരു വിധം തരക്കേടില്ല!.



ഹ ഹ ഹ വായിച്ചിട്ട് ചിരിച്ചു പോയല്ലോ ഇക്ക.ഒരു പടം എടുത്തിരുന്നെങ്കിൽ ഞങ്ങക്കൂടെ കാണാമായിരുന്നു !!!!

ഗീത said...

ഉണ്ടായിരുന്നതൊന്ന് നഷ്ടപ്പെടുമ്പോഴല്ലേ അതിന്റെ വിലയറിയുക. അക്കാരണം കൊണ്ടു തന്നെ ജന്മനാല്‍ അന്ധതയുള്ളവര്‍ക്ക് ആ നഷ്ടം ഫീല്‍ ചെയ്യില്ലായിരിക്കും.

മിടുക്കി മിന്നുമോള്‍ക്ക് ഒരു ചക്കരയുമ്മ.

കുഞ്ഞൂസ് (Kunjuss) said...

ചിരിപ്പിക്കാനും ഒപ്പം ചിന്തിപ്പിക്കാനും ഉതകി ഇക്കായുടെ ഈ പോസ്റ്റ്‌.
കണ്ണുള്ളപ്പോള്‍ കാഴ്ചയുടെ വില അറിയുന്നില്ല എന്ന സത്യം ഇവിടെ ഓര്‍ത്തു പോകുന്നു.

sm sadique said...

ഒരു കണ്ണട പോയപ്പോള്‍ ഈ അവസ്ഥ ; കണ്ണില്ലാത്തവന്റെ അവസ്ത്തയോ ? ചിന്തനീയം ഈ കുറിപ്പ്

വഴിപോക്കന്‍ | YK said...

കണ്ണ് ഇല്ലാതാവുംപോഴേ കണ്ണിന്റെ വിലയറിയൂ..

നല്ല രണ്ടു കണ്ണുകളും അതിലൂടെ നോക്കിക്കാണാന്‍ ഇത്രയും ഭംഗിയുള്ള പ്രകൃതിയും നല്‍കിയ ദൈവം എത്ര പരിശുദ്ധന്‍

Sabu Kottotty said...

യീഹാ...
എനിയ്ക്കു സന്തോഷം സഹിയ്ക്കാന്‍ വയ്യേ....
അടുത്തുകാണാന്‍ ഒരുകണ്ണട, അകലെക്കാണാന്‍ ഒരുകണ്ണട... ഹൊ, എന്തൊക്കെ പുകിലായിരുന്നു...


എന്നൊന്നും പറയുന്നില്ല, സമാധാനം ഒരെണ്ണമെങ്കിലും ബാക്കിയുണ്ടല്ലോ...

സാബിബാവ said...

ഇത്രയ്ക്കു പ്രശ്നമുള്ളത് അവിടെ വന്നപ്പോള്‍ അറിഞ്ഞില്ല
ഇനി ഞാന്‍ പണിയോപ്പിക്കും കണ്ണട മാറ്റിയാല്‍ ok

ജിത്തു said...

ഇക്കാ എനിക്ക് ചിരിച്ചിട്ടു വയ്യാ ഇക്കാ കണ്ണട ഇലാസ്റ്റിക്കില്‍ കെട്ടി അതിനു മുകളില്‍ പെന്‍സിലും വെച്ചിരുന്ന് ടി വി കാണുന്ന ഇക്കായെ ആ മനസില്‍ കാണുന്നത്....

ബാവ താനൂര്‍ said...

ഈ വിഷയത്തിന്റെ ഗൌരവം
അറിയണമെങ്കില്‍ ഈ പാട്ടൊന്നു കേള്ക്കണം ...
http://tv.muxlim.com/video/htPX6H3hV4A/Ahmed-Bukhatir-Forgive-me-nasheed/
ഈ വിഷയം അവതരിപ്പിച്ച മുഹമ്മദുട്ടിക്കാക്കാക്കു നന്ദി...

ramanika said...

manoharam!

ഒഴാക്കന്‍. said...

kannada kadha kalikki kannada ikkakka.... :)

Areekkodan | അരീക്കോടന്‍ said...

മങ്ങിയ കാഴ്ചകള്‍ കണ്ടു മടങ്ങാന്‍ കണ്ണടകള്‍ വേണം....കണ്ണടകള്‍ വേണം....

പൊടിപ്പും തൊങ്ങലുമില്ലാത്ത ഈ കണ്ണട കഥ ഇഷ്ടമായി.

Typist | എഴുത്തുകാരി said...

കുറച്ചു നേരത്തേക്കൊരു കണ്ണട ഇല്ലാതായപ്പോള്‍ ഇത്ര വിഷമം. അപ്പോള്‍ കണ്ണൂ കാണാത്തവരുടെ കാര്യമോ. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍ അല്ലേ?

വെഞ്ഞാറന്‍ said...

അല്ല മാഷേ, മോളൂട്ടി സ്കൂള്‍ ബസിലേ പോകൂ. പക്ഷേ നമ്മള്‍ സ്കൂളില്‍ മറന്നോ? അന്നു ബസില്ലാഞ്ഞിട്ട് നാം കരഞ്ഞില്ലല്ലോ! നമ്മുടെ ഉപ്പാപ്പമാര്‍ക്ക് പൊട്ടാന്‍ കണ്ണടയില്ലാരുന്നല്ലോ!

ഭായി said...

ഇപ്പോള്‍ മനസ്സിലായല്ലോ ഉറങുംബോഴും കണ്ണാടി വെയ്ക്കണമെന്ന്!
അല്ലയിക്കാ ഈ കസിനെന്തിനാ മൊബൈലില്‍ കുത്തിയിട്ട്
മുകളിലും താഴോട്ടും നോക്കി നിന്നത്?

Unknown said...

ചിന്തിപ്പിക്ക്കയും രസിപ്പിക്കുകയും ചെയ്തു ഈ പോസ്റ്റ്‌.
ഇപ്പോള്‍ ഒരേ കണ്ണടയില്‍ തന്നെ അടുത്തും അകലെയും കാണാനുള്ള വിദ്യയുണ്ട്, കണ്ടാല്‍ ഒറ്റ ഗ്ലാസ്‌!.

വീകെ said...

'ജീ‍വിതത്തിൽ എല്ലാമുള്ള നാം എത്ര ഭാഗ്യവാന്മാരാണെന്ന് ആരും ഓർക്കാറില്ല...?
എന്നിട്ടും നമ്മൾ വൈകല്യമുള്ളവരെപ്പോലെ പെരുമാറുന്നു...!!

Mohamedkutty മുഹമ്മദുകുട്ടി said...

കമന്റിയ എല്ലാവര്‍ക്കും നന്ദി!.പിന്നെ തെച്ചിക്കോടന്‍ പറഞ്ഞ കണ്ണടയൊന്നും എന്നെപ്പോലെയുള്ള പിശുക്കന്മാര്‍ക്ക് പറഞ്ഞതല്ല.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കണ്ണടക്കുള്ളിലൂടെ മാത്രം ലോകത്തെ കാണാൻ കഴിയുന്ന എനിക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ കുറിപ്പിന്റെ മുഖപ്രസാദമായ നർമ്മത്തിനപ്പുറം കാര്യം ഉൾക്കൊള്ളാൻ കഴിയുന്നു.

കണ്ണില്ലാത്ത ഹതഭാഗ്യരെ ഓർമ്മിപ്പിച്ച് കുറിപ്പവസാനിപ്പിച്ചപ്പോൾ വെറുമൊരു സാധാരണസംഭവവിവരണത്തിനപ്പുറം നന്മയുടെ ഒരു ചെറു സ്ഫുലിംഗം പ്രസരിപ്പിക്കയും ചെയ്തുവല്ലോ. നന്ദി.

Sabu Kottotty said...

അല്ലാ മൊത്തം എത്ര കണ്ണടയുണ്ട് കയ്യില്‍...?

വാഴക്കോടന്‍ ‍// vazhakodan said...

കണ്ണടയുടെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത് എന്റെ കണ്ണട ഈയിടെ പൊട്ടി! വേറെ വാങ്ങിയിട്ടുമില്ല...ഒരു സ്പെയര്‍ ഉണ്ടായിരുന്നെങ്കില്‍.....;)

ചെലക്കാണ്ട് പോടാ said...

ഓര്‍മ്മകളുടെ ചെപ്പല്ലേ, രസിക്കാത്തവരായി ആരേലും കാണുമോ?

വായിച്ച ശേഷം ബാക്കി പറയാം.

Sapna Anu B.George said...

കൊള്ളാം കുട്ടി, ഞാന്‍ വീ‍ണ്ടും ഇവിടെ എത്തി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതുവരെ എനിക്ക് മാത്രമേ ഇക്കാര്യം അറിയാമായിരുന്നുള്ളൂ. ഈ ഒറ്റ പോസ്റോടെ മാലോകരെല്ലാം ഇക്കാന്റെ പിശുക്കിനെക്കുറിച്ച് അറിഞ്ഞില്ലേ. മോശം.
(നിസ്സാരനായ കണ്ണട വിചാരിച്ചാലും വല്ലതും നടക്കും എന്ന് മനസ്സിലായില്ലേ)

ഹംസ said...

രസകരമായി എഴുതിയ ഒരു പോസ്റ്റ് പക്ഷെ രസത്തേക്കാള്‍ ഏറെ ചിന്തിപ്പിച്ചു. ഒരു കണ്ണട കുറച്ച് നേരത്തേക്ക് ഇല്ലാതായപ്പോള്‍ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിച്ചു. !!. ഒരിക്കല്‍ പോലും ലോകം കാണാത്ത എത്ര പേര്‍ നമുക്കിടയില്‍ ജീവിക്കുന്നു. “ കണ്ണ് പോയാലെ കണ്ണിന്‍റെ കാഴ്ച അറിയൂ.” കാരണവന്മാര്‍ വെറുതയല്ല പഴഞ്ചൊല്ലുകള്‍ നമുക്ക് സമ്മാനിച്ചത്.

lekshmi. lachu said...

കണ്ണ് ഇല്ലാതാവുംപോഴേ കണ്ണിന്റെ വിലയറിയൂ..

Jishad Cronic said...

ശരിക്ക് ബുദ്ധിമുട്ടി അല്ലേ........?

Akbar said...

കണ്ണട പോസ്റ്റ് നന്നായി. ചിരിയെക്കലേറെ ചിന്തിപ്പിക്കുന്ന ഒരു കുറിപ്പ്. ഒരു ദിവസം മാത്രം കണ്ണടയില്ലാതെ ബുദ്ധി മുട്ടിയ താങ്കളെപ്പറ്റിയല്ല, ജന്മനാ അന്ധരായവരെപ്പറ്റിയാണ് ഞാന്‍ ചിന്തിച്ചത്. താങ്കള്‍ ഉദ്ദേശിച്ചതും അത് തന്നെയല്ലേ.

Anil cheleri kumaran said...

പോസ്റ്റ് ഇഷ്ടപ്പെട്ടു.

Ashly said...

പോസ്റ്റ്‌ നന്നായിടുണ്ട്.
അല്ല, ഇതിനു Operation/Laser ഒന്നും ഇല്ലേ ?

emadhyamam.com said...

കണ്ണടച്ചേ നാം ലോകത്തെ കാണുന്നുള്ളൂ.കണ്ണുതുറപ്പിക്കാനാ പാട്. കണ്ണുതുറപ്പിക്കുന്ന ലേഖനം

Sidheek Thozhiyoor said...

ഈ മലപ്പുറം കാക്കാനെ കാണാന്‍ കുറെ വൈകിപ്പോയോന്നൊരു സംശ്യം...സംഗതികള്‍ ജോറുതന്നെ..ഇനിയും കാണാം..

മാണിക്യം said...

കാലോടിഞ്ഞിട്ടും കണ്ണാടിയുടഞ്ഞില്ലല്ലോ
അല്ലങ്കിലും പടച്ചോന്‍ പിശുക്കന്മാരുടെ കൂടെ ആണല്ലൊ.
വെറുതെ ഫ്രെയിം മാറ്റണ്ടായിരുന്നു
ആ ഇലാസ്റ്റിക്ക് പെന്‍‍സില്‍ കണ്ണാടി ഹിറ്റായേനെ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായി എഴുതി..

Unknown said...

എന്റേതല്ലാത്ത ഒരു കണ്ണടക്കവിതയുണ്ട്...മനസ്സിലിട്ട് താലോലിച്ച് ഞാനെഴുതിയതുപോലോരിഷ്ടം ഉണ്ടായിത്തീർന്ന ആ കവിത അഭിനന്ദനാർത്ഥം പകർത്താം..
'മോളി' എഴുതിയ
"എന്റെ കണ്ണട "
----------------------
ഇടയ്ക്കെൻ കണ്ണട
പണിത്തിരക്കിൽഞാൻ
എവിടെയൊക്കെയോ
മറന്നുവയ്ക്കുന്നു.

അടുക്കളപ്പുറത്തരപ്പുയന്ത്രത്തിൻ
മറവിൽ ,സ്ടൗവ്വിന്റെ അടിയിൽ ,പാത്രത്തി-
ന്നിടയിൽ ,മേശതൻ വലിപ്പിൽ, സഞ്ചിയിൽ,
കിടക്കയിൽ ,ജനൽപ്പടിയിൽ ,
മുറ്റത്തെ ചെടിച്ചുവട്ടിൽ ,ഞാ -
നിരുന്നു സായാഹ്നം
രുചിക്കും പാറതന്നരികിൽ,
കണ്ണട മറന്നുവയ്ക്കുന്നു...
(പൂർണ്ണരൂപം എൻ്റെ മുഖപുസ്തക ചുവരിൽ വായിക്കാം...! )