Thursday, January 7, 2010

ചുഴലിക്കാറ്റില്‍ വന്ന ഭാഗ്യങ്ങള്‍!

സാധാരണ കാറ്റില്‍ നിന്നു വൈദ്യുതി നിര്‍മ്മിക്കാമെന്നു കേട്ടിട്ടുണ്ട്. ഇവിടെ ചുഴലിക്കാറ്റു മുഖേന ഇന്‍ ക്രിമെന്റും മറ്റും കിട്ടുന്ന കാര്യമാ പറയാന്‍ പോകുന്നത് !.

ജോലിയില്‍ കയറി മൂന്നു വര്‍ഷം തികയുന്നു. അപ്പോഴേക്കും അതാ പ്രമോഷന്‍!. പക്ഷെ മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ!. പ്രമോഷന്‍ കിട്ടേണ്ട മിനിമം സര്‍വ്വീസ് പീരിയഡ് മൂന്നു വര്‍ഷമാണ്. അതു തികഞ്ഞ ഉടനെ ഓര്‍ഡറും വന്നു. പക്ഷെ അതിന്റെ കൂടെ ഒരു ട്രാന്‍സ്ഫര്‍ കൂടിയുണ്ട്. തമിഴ് നാട്ടിലെ തഞ്ചാവൂരിലേക്കാണ്. പോവാതെ നിവര്‍ത്തിയില്ല.


വീട്ടില്‍ നിന്നും ബസ്സില്‍ പോയി വരാവുന്ന ദൂരത്തില്‍ ചോറ്റു പാത്രവും നിറച്ച് രാവിലെ വിട്ടാല്‍ ഇരുട്ടുന്നതിന്നു മുമ്പെ വീട്ടിലെത്തി ഭാര്യയുടെയും മൂന്നു വയസ്സായ മോന്റെയും ഉമ്മയുടെയും കൂടെ സുഖമായി കഴിയുമ്പോഴാണ് ഈ പ്രമോഷന്റെ വരവ്. ഏതായാലും പോയി. വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥലത്ത് പോസ്റ്റിങ്ങും കിട്ടി. ഇടക്കൊക്കെ നാട്ടില്‍ വന്നും തരം കിട്ടുമ്പോള്‍ മെഡിക്കല്‍ ലീവെടുത്തും അങ്ങിനെ കാലം തള്ളി നീക്കി. ചുരുങ്ങിയത് രണ്ട് വര്‍ഷം കഴിയാതെ തിരിച്ചു പോരാനും പറ്റില്ല. ഹോട്ടല്‍ ഭക്ഷണവും ,അതു തന്നെ പച്ചരി ചോറും , എല്ലാം കൂടെ വിരസമായ ജീവിതമായിരുന്നു.

അങ്ങിനെയിരിക്കെ ഒരു കുഗ്രാമത്തില്‍ ഒരു സെന്‍റ്റര്‍ തുറക്കാനുള്ള പരിപാടി വന്നു. അവിടെ ഇന്‍ ചാര്‍ജ്ജായി പോവാന്‍ ഒരാള്‍ വേണം. ഓഫീസിലെ അണ്ണന്മാരെല്ലാം ഞാന്‍ പണ്ടു സുഖിച്ച പോലെ ദിവസവും വീട്ടില്‍ നിന്നു വരുന്നവരാണ്. അങ്ങിനെ മലയാളത്താനായ എനിക്കാണ് നറുക്ക് വീണത്. കാരണം : “അന്ത കുട്ടി സാര്‍ എങ്കെ ഇരുന്താലും ഒരേ മാതിരി താന്‍, ലോഡ്ജില്‍ തങ്കി താന്‍ ആവണം”, ഇതായിരുന്നു അവരുടെ കാഴ്ചപ്പാട്. അന്നത്തെ എന്റെ മേലധികാരിക്കെന്നോട് അല്പം ദയ തോന്നി. അങ്ങോര്‍ “കേരളാ”വില്‍ മുന്നാടി വേല പണ്ണിയിട്ടുണ്ട്. അയാള്‍ പറഞ്ഞു  “നീങ്ക എപ്പടിയാവത് പോയി പാര് , ഒരു വേള നല്ല ഇടമായിരുന്താല് പരവാ ഇല്ലിയേ. ഇല്ലാട്ടി മെഡിക്കല്‍ ലീവു പോട്ടിടുങ്കോ!”

അങ്ങിനെ പുതിയ സ്ഥലത്തേക്ക് മാറി. തുറക്കാനിരിക്കുന്ന സെന്റര്‍ ഒരു ചെട്ടിയാരുടെ ഗോഡൌണ്‍ വാടകക്കെടുത്തതാണ്. അത് ഒരു പക്കാ ഗ്രാമത്തിലാണ്. ടൌണില്‍ ഒരാഫീസും അവിടെ ഒരു മാനേജറും രണ്ടു മൂന്നു സ്റ്റാഫുമുണ്ട്. എല്ലാവരും രാവിലെ വന്നു ഒപ്പിട്ട് മുങ്ങുന്നവരാ!. പിന്നെ ആഫീസിലെ പണി നോക്കാന്‍ ഒരു സുകുമാരനെ വെച്ചിട്ടുണ്ട്. അയാല്‍ സ്റ്റാഫൊന്നുമല്ല!. അവന്‍ എല്ലാ പണിയും ചെയ്തു കൊള്ളും .അതിനു പ്രതിഫലമായി  മറ്റുള്ളവര്‍ക്കു ശമ്പളം കിട്ടുമ്പോള്‍ 10 രൂപ വീതം കൊടുക്കും!. സംഗതി കുശാല്‍ !‍.

തുടങ്ങേണ്ട സ്ഥലത്തേക്ക് സ്റ്റാഫൊക്കെ ആകുന്നതു വരെ 2 ആഴ്ച അവിടെ ചുറ്റിപ്പറ്റി കഴിഞ്ഞു. പിന്നെ അവിടേക്കു പോസ്റ്റ് ചെയ്ത ഒരു വാച്ച് മാന്റെ കൂടെ പുതിയ സ്ഥലം കാണാന്‍ പോയി. ലോക്കല്‍ ട്രെയിനിലാണ് പോയത്. ചെറിയൊരു സ്റ്റേഷന്‍.ട്രെയിനിറങ്ങി 15 മിനിറ്റ് നടക്കാനുണ്ട്. എന്റെ പക്കല്‍ ആകെ ഒരു ഡയറിയേ ഉള്ളൂ. വേറെ ബാഗോ പെട്ടിയോ ഒന്നുമില്ല. എല്ലാം ലോഡ്ജിലാണ്. ട്രെയിന്‍ ഇറങ്ങിയ ഉടനെ വാച്ച് മേന്‍ “കൊടുങ്ക സാര്‍” എന്നു പറഞ്ഞു ഡയറി വാങ്ങി. ഒരു കൌതുകത്തിനു കാണാന്‍ വാങ്ങിയതാണെന്നാ ഞാന്‍ കരുതിയത്. എന്നാല്‍ ഞങ്ങളുടെ സ്ഥലത്ത് നടന്നെത്തുന്നത് വരെ അയാള്‍ അത് കൈയില്‍ തന്നെ പിടിച്ചു. എന്റെ പെട്ടി പിടിക്കുന്നതിന്നു പകരമായിരുന്നെന്നു പിന്നീടാണ് മനസ്സിലായത്!.

ഗ്രാമത്തിലൂടെ നടന്നു പോകുമ്പോള്‍ സമീപത്തെ ചായക്കടകളില്‍ നിന്നു ആളുകള്‍ എണീറ്റ് നില്‍ക്കുന്നു.ബഹുമാനിച്ചതാണത്രെ!. കൊള്ളാം നല്ല സ്ഥലം. നല്ല ആള്‍ക്കാര്‍. ഇവിടെയങ്ങു കൂടിയാലും കുഴപ്പമില്ല. ചെട്ടിയാര്‍ മാര്‍ രണ്ടു പേരുണ്ട്. ചിന്നവരും പെരിയവരും. ചിന്നവര്‍ വെറും കാര്യസ്ഥന്‍. പെരിയവര്‍ വല്ലപ്പോഴും ഊരില്‍ നിന്നു കാറില്‍ വരും . കാര്യങ്ങളും കണക്കുകളും നോക്കാന്‍. അവരുടെ ഗോഡൌണാണ് ഞങ്ങള്‍ വാടകക്കെടുത്തിരിക്കുന്നത്. അതില്‍ ഒരു മില്ലുണ്ട്. നെല്ലു കുത്താനും പൊടിക്കാനുമൊക്കെ . അതവര്‍ നടത്തുന്നുണ്ട്. പഴയൊരു ടെലിഫോണ്‍ എക്സ്ചേഞ്ചിനു വേണ്ടി ഉണ്ടാക്കിയിരുന്ന ഒരു മാഡി കെട്ടിടം (കോണ്‍ ക്രീറ്റ്) വെറുതെ കിടന്നിരുന്നു. അതു ചെട്ടിയാര്‍ എനിക്കു താമസിക്കാന്‍ തരാമെന്നേറ്റു. വാടക 50രൂപ. കറന്റ് തണ്ണി എല്ലാ വസതിയുമുണ്ട്. ഒരു ഹാന്റ് പമ്പുണ്ട് .അതിലാണ് വെള്ളം. നല്ല സെപ്റ്റിക്ക് ടാങ്കുള്ള കക്കൂസുമുണ്ട്. “ഇന്ത ഊരിലെ കിടക്കാത്തതാക്കും ഇവ്വളവു വസതി.”

വേഗം നാട്ടില്‍ പോയി പൊണ്ടാട്ടിയെയും പയ്യനെയും കൊണ്ടു വന്നു. ഉമ്മ വന്നില്ല. ഇത്ര ദൂരം യാത്ര ചെയ്യാന്‍ വയ്യ .നല്ല സുഖമായ ജീവിതം . ഭാര്യയെ കാണുമ്പോള്‍ ആള്‍ക്കാര്‍ പറയാറുണ്ട്, പുള്ള ഇരിക്ക്..ആനാല്‍ താലി കാണാ..? ( കുട്ടിയുണ്ട്, കല്യാണം കഴിഞ്ഞതാണെങ്കില്‍ താലിയെവിടെ? മലപ്പുറം കാക്കക്കെന്തു താലി! ) പച്ചക്കറിയെല്ലാം അണ്ണന്മാര്‍ കൊണ്ടു വന്നു തരും . വൈകുന്നേരം മീന്‍ വാങ്ങാന്‍ നമ്മള്‍ പറയാതെ തന്നെ വാച്ച്മാന്‍ വരും. വീട്ടില്‍ നിന്നു 5 മിനിറ്റു നടന്നാല്‍ ഓഫീസ്. ഫോണൊക്കെ ചെട്ടിയാരുടെ വീട്ടിലേത്  ഉപയോഗിക്കാം. നാട്ടില്‍ പോയി വരുമ്പോള്‍ റെയിവേ സ്റ്റേഷനില്‍ ചെട്ടിയാരുടെ ഒറ്റക്കാള വലിക്കുന്ന വണ്ടിയുമായി “റാ‍സു” കാത്തു നില്പുണ്ടാവും. നല്ല കൈക്കുത്തരി യഥേഷ്ടം കുറഞ്ഞ വിലയില്‍ കിട്ടും. സൊസൈറ്റിയിലെ സെക്രട്ടരിയോട് പറഞ്ഞാല്‍ പഞ്ചസാര ഇഷ്ടം പോലെ!.

ഇക്കഥയറിഞ്ഞപ്പോള്‍ ഉമ്മയും പോരാമെന്നേറ്റു. അങ്ങിനെ അവരെയും കൊണ്ടു പോയി. പയ്യനെ സ്റ്റാഫെല്ലാം കൊഞ്ചിക്കാനും മിഠായി വാങ്ങിക്കൊടുക്കാനും മത്സരം!. അവനെ  “പാത്താല്‍ എം.ജി.ആര്‍ മാതിരി സിവപ്പാ ഇരുക്ക് ”എന്നവര്‍ പറയും. പതുക്കെ തമിഴൊക്കെ നുള്ളിപ്പെറുക്കി വായിക്കാനും പഠിച്ചു.

ഇനി കുറെക്കാലം ഇവിടെയങ്ങു കൂടാമെന്ന് കരുതിയിരിക്കുമ്പോഴാണ് പെട്ടെന്നൊരു നാള്‍ ആന്ധ്രയില്‍ ചുഴലിക്കാറ്റടിച്ചത്. അതിന്റെ തുടര്‍ച്ചയായി ഞാന്‍ നിന്ന സ്ഥലത്തും ചുഴലിക്കാറ്റടിച്ചു. വളരെയധികം നാശനഷ്ടങ്ങളുണ്ടായി. ഒരു മാസത്തേക്ക് വൈദ്യുതി ബന്ധം തകരാറായി. ഗ്രാമത്തില്‍ വീടുകളെല്ലാം നിലം പൊത്തി. ഞങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടത്തിലായതിനാല്‍ കുഴപ്പമുണ്ടായില്ല. ഓടിട്ട ഗോഡൊണ്‍ കാറ്റില്‍ തകര്‍ന്നു വീണു. ഉമ്മയും ഭാര്യയും കുഞ്ഞുമുണ്ടായിരുന്നതിനാല്‍ ഞാന്‍ അവിടെ തന്നെ കൂടി. അതിനാല്‍ ഗോഡൌണില്‍ വെച്ചിരുന്ന ഗോതമ്പ് കേടു വരാതെയും നഷ്ടപ്പെടാതെയും നോക്കാന്‍ കഴിഞ്ഞു. എന്റെ അന്നത്തെ മാനേജര്‍ നല്ലൊരു റിപ്പോര്‍ട്ട് തയ്യാറാക്കി, അതില്‍ എന്റെയും അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച് മേന്റെയും പേര്‍ പ്രത്യേകം ശുപാര്‍ശ ചെയ്തു. (അദ്ദേഹം മരിച്ചു പോയി എന്നു പിന്നീടറിഞ്ഞു).

അക്കാരണത്താല്‍ എനിക്കു സര്‍വ്വീസു കാലം മുഴുവന്‍ ഒരു ഇന്‍ ക്രിമെന്റ് കൂടുതല്‍ കിട്ടി. പോരാത്തതിനു സോണല്‍ മനേജര്‍ വിസിറ്റിനു വന്നപ്പോള്‍ എന്നെ നന്നായി അഭിനന്ദിച്ചു. ഈ അവസരം മുതലാക്കി ഞാന്‍ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു. അദ്ദേഹം ചെയ്യാമെന്നു പറയുകയും .ചെന്നയുടനെ ഓര്‍ഡറിടുകയും ചെയ്തു. അതിനാല്‍ എന്നൊടൊപ്പം ട്രാന്‍സ്ഫര്‍ ആയി പോയവര്‍ക്കു കിട്ടുന്നതിന്നു മുമ്പു തന്നെ എനിക്കു നാട്ടിലേക്കു മാറ്റവും കിട്ടി. അങ്ങിനെ ചുളുവിന്‍ നാട്ടിലേക്കൊരു ട്രാന്‍സ്ഫറും cumulative effect ല്‍ ഒരു ഇന്‍ ക്രിമെന്റും!

കേരളത്തില്‍ വന്നിട്ടു ശരിയായി ഒരു പോസ്റ്റിങ്ങു സ്ഥലം തരാതെ നമ്മുടെ മലയാളി സുഹൃത്തുക്കള്‍ തനി സ്വഭാവം കാണിച്ചുവെന്നത് വേറെ കാര്യം, അതിനു പിന്നെ അമ്മായിയപ്പന്‍ തിരുവനതപുരത്ത് കാക്കപിടുത്തം നടത്തേണ്ടിവന്നു!

9 comments:

Sabu Kottotty said...

തമിഴ്‌നാട്ടിലെ ഏതു സര്‍ക്കാരുദ്യോഗസ്ഥരെ പരിശോധിച്ചാലും അവര്‍ കൃത്യമാര്‍ന്ന രേഖകളുമായി സഞ്ചരിയ്ക്കുന്നവരും കൃത്യമായി നികുതിയടയ്ക്കുന്നവരുമാനെന്നു കാണാം. എല്ലാവരുടെ പോക്കറ്റിലും അവരുടെ ഐഡന്റിറ്റി കാര്‍ഡുണ്ടായിരിയ്ക്കും. ഇവിടെ...?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാ ഇടത്തിലും 'പോസ്റ്റ്‌' തന്നെ പ്രശ്നം. റിട്ടയര്‍ ആയാലും പോസ്റ്റ്‌ തന്നെ.അതുകൊണ്ടല്ലേ ഇത്തരം ബ്ലോഗ്‌ പോസ്റ്റുകള്‍!! ഒപ്പം കമ്മന്റുകള്‍ ഞങ്ങളും പോസ്റ്റുന്നു.

ഇപ്പോഴും 'വസതി' യില്‍ തന്നെ എന്ന് കരുതുന്നു.

Unknown said...

തമിഴ്‌ ഗ്രാമീണരുടെ ആ നിഷ്കളങ്ക സ്നേഹം ഓര്‍ക്കുമ്പോള്‍ അവിടെത്തന്നെ നില്കാമായിരുന്നു എന്ന് തോന്നുന്നുണ്ടോ.

കൊടുങ്കോ കൈ.

ജിത്തു said...

അമ്മായിയപ്പന്‍ തിരുവനതപുരത്ത് കാക്കപിടുത്തം നടത്തേണ്ടിവന്നു!
ഇക്കാ പിടിപാടിലാ മൊത്തം പരിപാടികള്‍ അല്ലെ..
ഹഹ
ഇസ്മയില്‍ക്കാ നമ്മുടെ മുഹമ്മദ് കുട്ടിക്കാക്ക് പോസ്റ്റ് ഒരു വീക്ക്നസ് ആയിപോയി എന്നു തോനുന്നു.. ഹിഹിഹി..

ഇക്കാ തമാശിച്ചതാട്ടൊ......

കുഞ്ഞൂസ് (Kunjuss) said...

ഇക്കായുടെ നല്ല സമയം... പിടിപാടും പോസ്റ്റിങ്ങും ഒക്കെയായി.
നന്നാവുന്നുണ്ട് ഓര്‍മ്മക്കുറിപ്പുകള്‍‍...!!

Mohamedkutty മുഹമ്മദുകുട്ടി said...

അനുഭവങ്ങള്‍ പങ്കു വെക്കുമ്പോള്‍ അതില്‍ ഒരു പ്രത്യേക സുഖം കാണുന്നു,പ്രത്യേകിച്ച് നമ്മെ സ്നേഹിക്കുന്നവരോടൊത്ത്. ഇന്നിപ്പോ അത് ബ്ലോഗില്‍ കൂടിയായെന്നു മാത്രം!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഒതുക്കത്തോടെ പറഞ്ഞ സർവ്വീസനുഭവങ്ങൾ ഹ്ര്‌ദ്യം.

Unknown said...

ഇക്കാ, സമയക്കുറവു മൂലം ബ്ലോഗില്‍ കണ്ണോടിക്കാന്‍ പററാറില്ലാ....... വീണ്ടും രസകരമായ സര്‍വീസ് വിശേഷങ്ങള്‍ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്... ബ്ലോഗിലെ മറ്റു വിഭവങ്ങളും ആസ്വാദ്യകരമാണ്.... അഭിനന്ദനങ്ങള്‍..

കുഞ്ഞുട്ടിതെന്നല said...

സര്‍വ്വീസ് സ്റ്റോറി നന്നാവുന്നുണ്ട്, തുടരട്ടെ.