Thursday, February 3, 2011

ടൈം പീസ്.

പഴയ സാധനങ്ങള്‍ തിരയുന്നതിന്നിടയിലാണത് ശ്രീമതിയുടെ കയ്യില്‍ പെട്ടത്. ഉടനെ തന്നെ എന്നെ ഏല്പിക്കുകയും ചെയ്തു. വളരെ പഴകിയ ഒരു ജര്‍മ്മന്‍ നിമ്മിത ടൈ പീസാണത്. ഇന്നത്തെ തലമുറ അതൊന്നും കണ്ടിട്ടുണ്ടാവില്ല.




ഞാന്‍  ചെറിയ കുഞ്ഞായ കാലം മുതല്‍ കാണുന്നതായിരുന്നു. വീട്ടില്‍ ക്ലോക്കൊന്നും ഇല്ലാതിരുന്ന അക്കാലത്ത് അതിനെ ഒരു പ്രത്യേക പെട്ടിക്കുള്ളില്‍ പുറത്തേക്ക് കാണാവുന്ന തരത്തിലാണ് ഉപ്പ വെച്ചിരുന്നത്. ചുവരില്‍ ഒരാണിയില്‍ ആ പെട്ടി കൊളുത്തി വെച്ചിരുന്നു. രാവിലെ എണീക്കാനും നോമ്പു കാലത്ത്  അത്തായത്തി( പുലര്‍ച്ചെ കഴിക്കുന്ന ഭക്ഷണം) നു എണിക്കാനുമെല്ലാം അതില്‍ അലാറം സെറ്റ് ചെയ്തു വെച്ചിരുന്നു.


ഞാനേറ്റവും ഓര്‍ക്കുന്ന ഒരു സംഭവം: - പിതാവ് മരിക്കുന്ന ദിവസം ( അന്നെനിക്കു 15 വയസ്സാണ്) അദ്ദേഹം സുഖമില്ലാതെ കിടക്കുന്നതിനിടയില്‍ ,എന്റെ ഒരു വലിയ അമ്മായി(ഉപ്പാന്റെ മൂത്ത സഹോദരി) സഹായത്തിനു വീട്ടിലുണ്ടായിരുന്നു, അവരോട് ഈ ടൈം പീസ് എടുത്തു കൊടുക്കാന്‍ പറഞ്ഞു. എന്നിട്ടദ്ദേഹം അതില്‍ അലാറം സെറ്റ് ചെയ്തു. മരണ സമയത്ത്  (പുലര്‍ച്ചെ ഏകദേശം 5 മണിയ്ക്കും 6 നുമിടയില്‍ ) അലാറം അടിച്ചു കൊണ്ടേയിരുന്നു!


പിതാവിന്റെ മരണ ശേഷം അതെന്റെ സ്വത്തായി മാറി. കോളേജിലെല്ലാം പഠിക്കുന്ന കാലത്ത് അതും കൂടെ കൊണ്ടു പോയിരുന്നു. ഇടക്കൊക്കെ കേടാവുമ്പോള്‍ ചില്ലറ റിപ്പയറുകള്‍ വേണ്ടി വന്നാലും അവനൊരു നല്ലൊരു ഉരുപ്പടിയായിരുന്നു.


പിന്നെ കാലം മാറി. ക്ലോക്കുകള്‍ ,പ്രത്യേകിച്ച് ഇലക്ട്രോണിക് ഇനങ്ങള്‍ വന്നപ്പോള്‍ ഇവന്‍ വിസ്മൃതിയിലായി. പിന്നെ അതിനു ചാവി കൊടുക്കാനോ ശ്രദ്ധിക്കാനോ സമയം കിട്ടിയില്ല. ഒരു കൌതുക വസ്തുവായി അലമാറയില്‍ കിടന്നിരുന്നു.


പിന്നീട് ജോലി കിട്ടി ഒരിക്കല്‍ കുറ്റിപ്പുറത്ത് ഓഫീസിലിരിക്കുമ്പോള്‍ വെറുതെ ചര്‍ച്ചയില്‍ പഴയ ടൈം പീസിന്റെ കാര്യം എങ്ങനെയോ വന്നപ്പോള്‍ അവിടെയുള്ള ഒരു വാച്ച് മെക്കാനിക്കിനെപ്പറ്റി സെക്യൂരിറ്റി സ്റ്റാഫിലെ ബാലന്‍ നായര്‍ പറഞ്ഞു. വളരെ വിദഗ്ദനായ ഒരു മെക്കാനിക്കാണ്. ഏത് പഴയ വാച്ചും ക്ലോക്കും അയാള്‍ ശരിയാക്കുമെന്ന്.


വെറുതെ ഒരു രസത്തിനും അയാളുടെ വൈദഗ്ദ്യം ഒന്നളക്കാനും വേണ്ടി ഒരു ദിവസം ഞാന്‍ നമ്മുടെ ടൈ പീസുമെടുത്തു ബാലന്‍ നായരെയും കൂട്ടി മേപ്പടി മെക്കാനിക്കിനെ കാണാന്‍ പോയി. ആളൊരു വയസ്സായ നമ്പൂതിരിയാണ്. ടൈം പീസ് തിരിച്ചും മറിച്ചും നോക്കിയ ശേഷം “ ഇത് നിന്നിട്ട് 15 ദിവസത്തില്‍ കൂടുതലായൊ ?” എന്നൊരു ചോദ്യം എന്നോട്.
ഞാന്‍ ഒട്ടും ഗൌരവം വിടാതെ “ ആ, ഒരു മാസത്തോളം..” എന്നു മറുപടിയും കൊടുത്തു. രണ്ടു മൂന്നു ദിവസം കഴിഞ്ഞു ചെല്ലാന്‍ പറഞ്ഞു.


പിന്നിട് ഞാന്‍ ചെന്നപ്പോള്‍ നമ്മുടെ വയസ്സന്‍ ടൈം പീസ് വീണ്ടും പിച്ച വെക്കാന്‍ തുടങ്ങിയിരിക്കുന്നു!. അയാള്‍ പറഞ്ഞ 30 രൂപ ചാര്‍ജ്ജും കൊടുത്തു സാധനം വാങ്ങി അല്‍ഭുതത്തോടെ മടങ്ങി.


പിന്നീടു കുറെ കാലം യാതൊരു കേടുമില്ലാതെ അത് പ്രവര്‍ത്തിച്ചിരുന്നു. ഒരു കൌതുകത്തിനു വേണ്ടി ദിവസവും ചാവി കൊടുത്തു അതിനെ പരിപാലിച്ചു പോന്നു. പിന്നെ എന്നാണ് അതു മുടങ്ങിയതെന്നോര്‍മ്മയില്ല.


ഇപ്പോഴും ഒന്നിളകിയാല്‍ മൂപ്പര്‍ സാവധാനം നടക്കാന്‍ തുടങ്ങും!

17 comments:

Sidheek Thozhiyoor said...

ആദ്യം ഞാനാണോ ? മോമുട്ടിക്കാ നിങ്ങളുടെ കഴിഞ്ഞ പോസ്റ്റിലൂടെ പഴയ ഒരു കുളിസീന്‍ ഓര്‍ക്കാനായി ഇപ്പോഴിതാ ഓര്‍മ്മയില്‍ നിന്നെന്നോ മാഞ്ഞുപോയ ആ ടൈം പീസ്‌ ...എന്തായാലും ഇടയ്ക്കിടെ അതിനിട്ടു ഒന്ന് കൊട്ടാന്‍ മറക്കണ്ട , നടക്കുന്നിടത്തോളം നടക്കട്ടെ ..ഇനിയും ഇങ്ങിനെ യുള്ള ഓര്‍മ്മക്കുരറിപ്പുകള്‍ ഇടയ്ക്കിടെ കാത്തു കൊണ്ട് , സ്നേഹാദരങ്ങളോടെ ...

Kadalass said...

എന്റെ വല്ല്യുപ്പാന്റെ മേശപ്പുറത്ത് ഇതുപോലെ ഒരെണ്ണം ഞാൻ മുമ്പ് കണ്ടിട്ടുണ്ടു.... ഇപ്പോൾ വല്ല്യുപ്പ്പയുമില്ല വല്ല്യുപ്പാന്റെ ക്ളോക്കുമില്ല..... എല്ലാം ഓർമ്മകളായി....ഓർമ്മകൾ മാത്രം....

ആശംസകൾ!

സാബിബാവ said...

എന്‍റെ വീട്ടിലും ഉണ്ട്‌ ഇതേ പോലെ ഒന്ന് വളരെ പഴക്കം ചെന്നത് ചാവി കൊടുത്താല്‍ ആളു റെഡി
കുട്ടിക്കാ സംഭവം കലക്കി

mini//മിനി said...

ഇതുപോലുള്ള ഓർമ്മകൾ വളരെ നന്നായിരിക്കുന്നു.

Ismail Chemmad said...

ഓര്‍മകളില്‍ നിന്നുള്ള ഈ വരികള്‍ എന്നെയും ഒരു പഴയ
ടൈം പീസിനെ ഓര്‍മിക്കാന്‍ സഹായിച്ചു .
ഇനിയ്യും വരട്ടെ ഓര്‍മ്മകള്‍ ...
എല്ലാ ആശംസകള്‍

HAINA said...

ടൈം പീസും കുറച്ചു ഓർമ്മകളൂം.ഹാറൂൻ ക്കാക്ക് സുഖമില്ലാന്നറിഞ്ഞു..ഇക്ക അറിഞ്ഞിരുന്നേ?.

എന്‍.പി മുനീര്‍ said...

"ടൈം പീസ്" പുരാണം കൊള്ളാമല്ലോ.പലപ്പോഴും
ജീവനില്ലാത്ത ഇത്തരം സാധനങ്ങള്‍ പഴയ ഓര്‍മ്മകളുമായി എന്നും നിലനില്‍ക്കും..

വര്‍ഷിണി* വിനോദിനി said...

എന്‍റെ ഓര്‍മ്മയിലും ഇത്തരം ഒരു ടൈംപീസ് ഉണ്ട്,നന്ദി ഇക്കാ ബാല്യത്തിലേയ്ക്ക് കൂട്ടി കൊണ്ടു പോയതിന്‍...പണ്ടത്തെ ദിനചര്യയ്ക്ക് ഇനി മുടക്കം തട്ടില്ലാന്ന് പ്രതീക്ഷിയ്ക്കുന്നൂ.

പട്ടേപ്പാടം റാംജി said...

ഓര്‍മ്മയിലായ പഴയ പലതും ഓര്‍ത്തെടുക്കാന്‍ ഈ പോസ്റ്റ്‌ നിമിത്തമായി.
നന്നായി കുട്ടിക്കാ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

:)

Unknown said...

ഈ ടൈംപീസ്‌ എല്ലാവരെയും ഓരോന്നോര്‍മ്മിപ്പിച്ചു.
എനിക്കോര്‍മ വന്നത് കുട്ടിക്കാലത്ത്‌ വീട്ടിലുണ്ടായിരുന്ന റേഡിയോ ആണ്.
ഒരു തവിട്ട് റബ്ബര്‍ കുപ്പായം ധരിപ്പിച്ച ഫിലിപ്സ് റേഡിയോ.പാടുമ്പോള്‍ ഇടയ്ക്കു നില്‍ക്കും,എവിടെയെങ്കിലും ഒരു തട്ട് കൊടുത്താല്‍ വീണ്ടും പാടും.
പോസ്റ്റ് നന്നായി കുട്ടിക്കാ..
ഇനിയിപ്പോ ഞാനാ റേഡിയോയെ പിടിച്ചു പോസ്റ്റണോ..

ആളവന്‍താന്‍ said...

ഇക്കയുടെ ഏറ്റവും വലിയ പ്രത്യേകത എനിക്ക് തോന്നിയത്, എഴുതാന്‍ ഒരിക്കലും വിഷയ ദാരിദ്ര്യം ഉണ്ടാവാറില്ല എന്നതാണ്. ദേ കണ്ടില്ലേ... ഒരു ടൈം പീസ്‌ വച്ചും ഒരു ഓര്‍മ്മ കുറിപ്പ്.

Unknown said...

ചിത്രം കണ്ടാല്‍ത്തന്നെ ഒരു എടുപ്പുണ്ടിവന്... അയ്യോ സോറി, എന്നേക്കാളും എത്ര മൂത്തതാ, ഈ ടൈംപീസ്...!

അലി said...

ഓർമ്മകളുടെ സൂചികൾ ഇനിയും ചലിക്കട്ടെ.

Unknown said...

ചാവികൊടുത്ത് കൊണ്ടെയിരിക്കുക, ടൈം പീസിനോടൊപ്പം ഓര്‍മ്മകളും

അന്ന്യൻ said...

chithram kaanupoll thanne ariyaam aa pazhamayude gaambheeryam...

Sulfikar Manalvayal said...

അങ്ങിനെ കുട്ടിക്കായുടെ ടൈം പീസും താരമായി.
നേരത്തെ, വീട്, പിന്നെ കോഴികള്‍. ഇനി എന്തൊക്കെയാനാവോ.
നല്ല ഓര്‍മക്കുറിപ്പ്, ഒന്നോര്‍ത്തു നോക്കുമ്പോള്‍ എല്ലാവര്‍ക്കും കാണും ഈ ടൈം പ്പീസ് ഓര്‍മകള്‍ അല്ലേ. ഞാനാദ്യം സമയം നോക്കാന്‍ പഠിച്ചതു ഇതേ പോലെയുള്ള ഒരു ടൈംപീസ് വെച്ചാണ്.