Wednesday, February 10, 2010

ഹാന്‍ഡികാപ് ഡ് !

കുറെ നാളായി കോഴികളെ അടവെക്കാറുണ്ടായിരുന്നില്ല. കാരണം, അവ വലുതായി വരുന്ന കാര്യം വലിയ പ്രയാസമായിരുന്നു.
കൂടാതെ കീരി,കാക്ക മുതലായവയുടെ ശല്യം വേറെയും. ഈയിടെ വീണ്ടും ഒരു മോഹം, കോഴികളെ ഒന്നു അടവെച്ചു നോക്കിയാലോ?. അവയുടെ അംഗ സംഖ്യ ഈയിടെയായി കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. വലിയ കോഴികളെ പട്ടികളും കീരികളും വല്ലാതെ ഉപദ്രവിച്ചതിനാല്‍ ദിവസം ചെല്ലും തോറും അവയുടെ എണ്ണം കുറഞ്ഞു കൊണ്ടിരിന്നു. അങ്ങിനെയാണ് രണ്ട് കോഴികള്‍ക്ക് മുട്ടകള്‍ അട വെച്ചത്.


ഒന്നിനു 7ഉം മറ്റൊന്നിനു 5ഉം വീതം മുട്ടകള്‍ വെച്ചു കൊടുത്തു. ഒന്നു വെച്ച് ഒരാഴ്ച കഴിഞ്ഞിട്ടായിരുന്നു രണ്ടാമത്തേതിനു വെച്ചത്. കലണ്ടറില്‍ തിയതിയും കുറിച്ചു വെച്ചു. 22-ആം ദിവസം ഒന്നു ശ്രദ്ധിക്കണമല്ലോ?.


നാലു ദിവസം മുമ്പ് നമ്മുടെ സീനിയര്‍ കോഴിയുടെ കുഞ്ഞുങ്ങള്‍ വിരിഞ്ഞു. എണ്ണം നോക്കുമ്പോള്‍ ഒമ്പത് !, ഇതെങ്ങനെ?. ഒരു പക്ഷെ അടയിരുന്ന ശേഷം വീണ്ടും മുട്ടയിട്ടു കാണും !.പതിവു പോലെ രാവിലെ നെറ്റില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് മൂത്ത മകള്‍ വന്ന് വിളിക്കുന്നത്. അവളും കുട്ടികളും വന്നിട്ടു രണ്ടു ദിവസമായി. പേരക്കുട്ടികളില്‍ ചെറിയവനു കോഴിക്കുഞ്ഞുങ്ങളെ കാണണം. അവന്‍ ആളൊരു വാശിക്കാരനാ, ചെന്നില്ലെങ്കില്‍ പിന്നെ ബഹളം വെക്കും. മിന്നു മോളാണെങ്കില്‍ ഉമ്മാന്റെ കൂടെ വീട്ടില്‍ പോയതാ. ഇവര്‍ വന്നപ്പോള്‍ 2 ദിവസത്തെ ലീവെടുത്തതാ !. ആരെങ്കിലും വരുമ്പോഴല്ലെ അവര്‍ക്കു മുങ്ങാന്‍  പറ്റുകയുള്ളൂ!.

അങ്ങിനെ പയ്യന്റെ കൂടെ കോഴിക്കൂടിന്റെ അടുത്തു ചെന്നപ്പോള്‍ അവിടെ കോഴികള്‍ ബഹളം വെക്കുന്നു. വലിയവര്‍ക്കു പുറത്തു ചാടണം. ചെറിയ കുഞ്ഞുങ്ങള്‍ക്ക് തീറ്റയും വെള്ളവും കൊടുക്കണം. തള്ളക്കോഴി വലിയ ബഹളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു. നമ്മുടെ സുഖമില്ലാത്ത കുഞ്ഞിനെ എല്ലാവരും ചവിട്ടി മെതിക്കുന്നു. അതിനു മറ്റുള്ളവരുടെ കൂടെ നില്‍ക്കാന്‍ പറ്റില്ല.

പതുക്കെ അതിനെ കയ്യിലെടുത്തു. ആകെ ഒരു തണുപ്പ്. തള്ളക്കോഴി തീരെ ചൂടു കൊടുത്തു കാണില്ല.  അതിനെ കുറച്ചു നേരം വെയിലത്തു വെച്ചു , അപ്പോള്‍ കണ്ണു മിഴിക്കാനും ചെറിയ ശബ്ദമുണ്ടാക്കാനും തുടങ്ങി. കുറേശ്ശെ വെള്ളം കൊടുത്തപ്പോള്‍ കഴിച്ചു. പിന്നെയും കുറെ നേരം അതിനെ കയ്യില്‍ തന്നെ വെച്ചിരുന്നു. ശരീരത്തിന്റെ ചൂടില്‍ അത് തള്ളയുടെ അടുത്തെന്നപോലെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ കൂടിന്റെ അടുത്തുള്ള മറ്റൊരു അറയില്‍ അതിനെ വെച്ചു. തള്ളയുടെയും മറ്റു കുഞ്ഞുങ്ങളുടെയും ശബ്ദം കേള്‍ക്കാമല്ലോ.

ഇനി ചോറു വേവുമ്പോള്‍ കുറച്ചു കഞ്ഞി വെള്ളം ഒരു സ്പൂണിലെടുത്തു കൊടുത്തു നോക്കണം. അങ്ങിനെ കഞ്ഞിവെള്ളം കൊടുക്കാമെന്നു കരുതി ചെന്നു നോക്കുമ്പോള്‍ അനക്കമില്ല, അതു മരിച്ചു പോയിരിക്കുന്നു.


16 comments:

കുഞ്ഞൂസ് (Kunjuss) said...

ആവുന്നത് ചെയ്തിട്ടും ആ കുഞ്ഞു ചത്തുപോയല്ലോ എന്നു സങ്കടം തോന്നിപ്പോയി.

Sumam said...

enikkum

Akbar said...

ആയുസ്സെത്തി അല്ലെ.

പള്ളിക്കരയില്‍ said...

വീട്ടുവിശേഷങ്ങൾ‌ ഹ്ര്‌ദ്യം‌.
ആശം‌സകൾ

വഴിപോക്കന്‍ said...

ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ലേഖനം,
'കോഴികളെ അട'വെക്കാന്‍ ചെറുപ്പത്തില്‍ എനിക്കും ഭയങ്കര ഇഷ്ടമായിരുന്നു. നേരം കിട്ടാതായതോടെ ഞങ്ങളുടെ പ്രദേശത്ത് പ്രചാരത്തിലുള്ള "കോഴി അട" യോടായി പിന്നെ താല്പര്യം :)

ജിപ്പൂസ് said...

നാട്യങ്ങളില്ലാത്ത എഴുത്ത്.ആശംസകള്‍ മുഹമ്മദ്കുട്ടിക്കാ...

sm sadique said...

ജാടകളില്ലാത്ത കോഴികുഞ്ഞുങ്ങള്‍.നാട്ടിന്‍പുറം നന്മകളാല്‍ സമിര്‍ദ്ദം

ഒരു നുറുങ്ങ് said...

കുഞ്ഞ് തള്ളക്കോഴിയുടേതാണെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ സങ്കടം തോന്നും.വീഡിയോ ക്ലിപ്പിംഗ് സങ്കടത്തിന്‍റെ തോത് വര്‍ദ്ധിപ്പിച്ചു,മമ്മൂട്ടിക്കാ.... എന്നാല്‍ ബാക്കി കോഴിമക്കള്‍ടെ കലപില ശബ്ദം കേട്ടപ്പോള്‍ ആ സങ്കടമങ്ങട്ട് തീരേം ചെയ്തൂട്ടാ !

ഗീത said...

ഇതു മാത്രമല്ല മുന്‍ പോസ്റ്റുകളും വായിച്ചു. ആ മരം കൊത്തിയുടെ ധൈര്യം അപാരം തന്നെ.
പൂച്ചയെ ഇഷ്ടമാണെന്നറിഞ്ഞതില്‍ വളരെ ഇഷ്ടം. ഇനിയും വരാം.

വീ കെ said...

ഏഴു മുട്ട വച്ചിട്ട് ഒൻപതു കുഞ്ഞുങ്ങൾ...!!!
അതിലൊരെണ്ണം ആയുസ്സെത്താതെ പോയി..!
എന്നാലും ലാഭം തന്നെ...!!

പഴയ ഗ്രാമത്തിന്റെ ഓർമ്മയുണർത്തി..

ആശംസകൾ..

Mohamedkutty മുഹമ്മദുകുട്ടി said...

ഇടക്കു സ്കോറൊന്നു അപ് ഡേറ്റ് ചെയ്യുന്നത് നല്ലതാ.ആ 8-ല്‍ ഇനി 6 എണ്ണമുണ്ട്. രണ്ടാം ബാച്ച് 5-ല്‍ 5 എണ്ണമുണ്ടായിരുന്നു. ഇപ്പോള്‍ 4.

Sranj said...

അയ്യൊ അതെന്തേ തള്ളക്കോഴി അങ്ങനെ ചെയ്തത്...!!
പാവം കോഴിക്കുട്ടി..
ചെറുപ്പത്തില്‍ കാക്കേടടുത്തുന്നും പരുന്തിന്റടുത്തുന്നും കോഴിക്കുട്ട്യോളെ രക്ഷിക്കാന്‍ പെട്ട പാട് ഓര്‍മ്മ വരുന്നു ...

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പോള്‍ കോഴികളുടെ കാര്യം പറയുമ്പോള്‍ സങ്കടം തോന്നുന്നു.ഓരോ ദിവസവും എണ്ണം കുറഞ്ഞു വരികയാ.ചുറ്റുപാടും ശത്രുക്കള്‍.കോഴി കുഞ്ഞുങ്ങള്‍ വലുതായാല്‍ തള്ള അവരെ ഉപേക്ഷിക്കുന്നു.അങ്ങിനെ അവര്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ട ഗതികേടിലാ!.ആദ്യത്തെ ബാച്ചില്‍ മിനിഞ്ഞാന്നത്തെ സെന്‍സസ്സനുസിച്ച് 4 എണ്ണമുണ്ടായിരുന്നത് ഇന്നലെ കൂടടക്കുമ്പോള്‍ 2.രണ്ടാമത്തെ ബാച്ചില്‍ ഇനി അവശേഷിക്കുന്നത് 3.ദോഷം പറയരുതല്ലോ അവയുടെ തള്ള ഇപ്പോഴും കൂടെയുണ്ട്.(മദേഴ്സ് ഡേ കഴിയാന്‍ കാത്തതാവും!)

usman said...

കോഴികളുടെ പുതിയ സെൻസന് വിവരങ്ങൾ അറിഞ്ഞു. അനുദിനം ശോഷിച്ചുകൊണ്ടിരിക്കയാണെന്നതിൽ അനുശോചിക്കുന്നു. ഒരു സമാധാനമുള്ളത് തള്ളക്കോഴി അവിടെത്തന്നെ ഉണ്ട്‌ എന്നതാണ്. ഏതായാലും പൂവങ്കോഴിയോടെ അൽ‌പ്പംകൂടി ഉഷാറാവാൻ ഒരു ഉപദേശം കൊടുക്കുക.( പ്രതികൂല അവസ്ഥയിൽ പിടിച്ചു നിൽക്കാൻ അതേ വഴിയുള്ളു..!!) ഹ..ഹ...ഹ

Anonymous said...

ഗ്രാമത്തിന്‍ വിശുദ്ധി നിറഞ്ഞ എഴുത്ത് ശൈലി ...എല്ലാം കണ്ടറിയുന്ന്പോലെ ഉള്ള അനുഭവം തരാന്‍ കഴിയുന്നു ....

കുഞ്ഞൂസ് (Kunjuss) said...

കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നെന്നു കേട്ടിട്ട് വിഷമം തോന്നുന്നു, പണ്ട് കോഴിയമ്മയുടെയും കുഞ്ഞുങ്ങളുടെയും പുറകെ നടന്നു കാക്കയേയും മറ്റും ഓടിച്ചിരുന്നത് ഒക്കെ ഓര്‍ത്തുപോകുന്നു. എന്നാലും കണ്ണൊന്നു തെറ്റിയാല്‍ ചില വിരുതന്‍മാര്‍ കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടുപോകും.