Tuesday, October 26, 2010

ഗുരു ശിഷ്യനെ തേടി!

തദ്ദേശ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ വന്നിരുന്ന ഇളയ മരുമകളെ വീട്ടില്‍ കൊണ്ടു വിട്ടു തിരിച്ചെത്തിയതേയുള്ളൂ. രാത്രി അല്പം കഴിഞ്ഞപ്പോഴേക്കും ലാന്റ് ഫോണ്‍ നിര്‍ത്താതെ അടിക്കുന്നത് കേട്ട് ഓടി വന്നെടുത്തു.                                                                
അപ്പുറത്തു നിന്നു “മുഹമ്മദു കുട്ടിയല്ലെ?”
“അതെ” 
“ഇതു ഫാറൂഖ് കോളേജിലുണ്ടായിരുന്ന മുഹമ്മദാണ്..., നിങ്ങള്‍ക്ക് ഫിസിക്സ് എടുത്തിരുന്ന...”


ഞാനാകെ അമ്പരന്നു പോയി! .കാരണം 42 വര്‍ഷം മുമ്പു എനിക്ക് ബി.എസ്സ്.സിക്ക് ഫിസിക്സ് എടുത്തിരുന്ന ആളാണദ്ദേഹം. അദ്ദേഹം തുടര്‍ന്നു ഒത്തിരി നേരം സംസാരിച്ചു. അദ്ദേഹത്തിന്റെ ഒരു മകള്‍ സമീപത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റാണത്രെ. അവര്‍ ഡോകടറായ ഭര്‍ത്താവിനൊപ്പം ഹോസ്പിറ്റലിനടുത്തു തന്നെ താമസിക്കുന്നു. രണ്ടു വര്‍ഷത്തോളമായത്രെ ഇവിടെ വന്നിട്ട്. ഇടക്കിടെ അദ്ദേഹം മകളുടെയടുത്ത് വരാറുണ്ടത്രെ. കുറെ നാളായി എന്നെപ്പറ്റി അന്വേഷിക്കുന്നു. അങ്ങിനെയാണ് എന്റെ നാട്ടുകാരനും ബന്ധുവും എന്റെ പേരുകാരനുമായ ഒരാളില്‍ നിന്ന് എന്റെ നമ്പര്‍ കിട്ടിയതും വിളിച്ചതും.


ജീവിതത്തില്‍ ഇതേ വരെ അനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതി തന്നെയായിരുന്നു!. എന്റെ പല സഹപാഠികളെപ്പറ്റിയും എന്നെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തിനറിയാം. പലരെയും കാണാനും പറ്റിയിട്ടുണ്ടത്രെ. ആകെ ഞങ്ങളുടെ ക്ലാസ്സിലുണ്ടായിരുന്ന 5 പെണ്‍ കുട്ടികളില്‍ ഒരാളുടെ മരണ വിവരവും അദ്ദേഹത്തില്‍ നിന്നറിഞ്ഞു.


ജോലിയില്‍ നിന്നു വിരമിച്ച് വിശ്രമ ജീവിതവുമായി നടക്കുന്ന എന്നെ എറ്റവും അല്‍ഭുതപ്പെടുത്തിയത് അദ്ദേഹം ഇപ്പോഴും ക്ലാസ്സെടുക്കുന്നുണ്ടെന്നു പറഞ്ഞപ്പോഴാണ്. പല സ്ഥലങ്ങളിലായി യാത്ര ചെയ്തു അദ്ദേഹം എന്ട്രന്‍സുകാര്‍ക്ക് ഫിസിക്സ് ക്ലാസ്സെടുക്കുന്നു പോലും!.


കുറെ നേരം പഴയ കാല സംഭവങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു മതി വരാതെ നാളെ തന്നെ വീട്ടില്‍ എന്നെക്കാണാന്‍ വരുന്നുവെന്ന് പറഞ്ഞാണദ്ദേഹം ഫോണ്‍ വെച്ചത്. 


എനിക്ക് രാത്രി ഉറക്കം വന്നില്ല. സാധാരണ ഗുരുക്കന്മാരെ തേടി നമ്മള്‍ അങ്ങോട്ടു പോകാറാണല്ലൊ പതിവ്. ഇവിടെയിപ്പോള്‍ എന്നെ പഠിപ്പിച്ച ഒരു ഗുരുനാഥന്‍ എന്നെക്കാണാന്‍ എന്റെ വീട്ടിലേക്ക് വരുന്നു. അതും ഒരു സാധാരണ, ബിലോ ആവറേജ് ആയ എന്റെയടുത്തേക്ക്!


*   *   *   *   *  *  *   *   *   *   *  *  *   *   *   *   *  *   *   *   *   *   *  *    *   *   *   *   *  * 
രാവിലെ പത്രമൊക്കെ ഓടിച്ചു നോക്കിയ ശേഷം പഴയൊരു സഹപാഠിയായ മമ്മുട്ടി മാഷെ വിളിച്ചു തലേന്നത്തെ സംഭവം പറഞ്ഞു. അദ്ദേഹം പക്ഷെ എന്റെയത്ര അല്‍ഭുതപ്പെട്ടില്ല. കാരണം അദ്ദേഹത്തിനു മേപ്പടി അദ്ധ്യാപകനെ കാണാനവസരം കിട്ടിയിരുന്നത്രെ. മാത്രമല്ല അദ്ദേഹവും അദ്ധ്യാപകനായി റിട്ടയര്‍ ചെയ്ത ശേഷം മറ്റൊരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി നോക്കുന്നുണ്ട്. രാവിലെ അങ്ങോട്ടു പോകാനുള്ള തിരക്കിലാണ്.                                             അദ്ദേഹത്തില്‍ നിന്നു വേറൊരു സഹപാഠി  അഹമ്മദു കുട്ടിയുടെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു നോക്കി.പക്ഷെ മറുതലക്കല്‍ ഫോണെടുത്തില്ല. ഒന്നു രണ്ടു പ്രാവശ്യം ശ്രമിച്ച ശേഷം പരിപാടി ഉപേക്ഷിച്ചു.  നമ്പര്‍ സേവ് ചെയ്തു വെച്ചു. 


അധികം കഴിഞ്ഞില്ല , മുറ്റത്ത് കാല്‍ പെരുമാറ്റം കേട്ട് നോക്കിയപ്പോല്‍ അതാ നില്‍ക്കുന്നു നമ്മുടെ ഉസ്താദ് ! 
“മുഹമ്മദു കുട്ടി....” 
അദ്ദേഹം പറഞ്ഞ് നിര്‍ത്തി . വേഗം ഓടിച്ചെന്നു കൈ പിടിച്ച് അകത്തേക്ക് കയറ്റി.


വലിയ പ്രായ വിത്യാസമൊന്നും അദ്ദേഹത്തില്‍ കണ്ടില്ല. അല്പം നര കയറിയതൊഴിച്ചാല്‍ ആ പഴയ മുഹമ്മദ് മാഷ് തന്നെ.  അന്നത്തെ ആ ചിരിയും എല്ലാം അതേ പടി. ഞാന്‍ കൂടുതല്‍ വയസ്സനായ പോലെ എനിക്ക് തോന്നി.  അന്നു ക്ലാസ്സിലുണ്ടായിരുന്ന പലരെ പറ്റിയും വാ തോരാതെ അദ്ദേഹം സംസാരിച്ചു. കുടിക്കാന്‍ എന്തെങ്കിലു മെടുക്കാനായി ശ്രീമതി വന്നപ്പോള്‍ മധുരം വേണ്ട , പ്രമേഹം വല്ലാതെയുണ്ടെന്നു പറഞ്ഞു. എന്നാലും എന്നെക്കാള്‍ ഓര്‍മ്മ ശക്തിയും തന്റെ ഓരോ വിദ്യാര്‍ത്ഥിയെപ്പറ്റിയുമുള്ള അദ്ദേഹത്തിന്റെ അറിവും കണ്ട് ഞാന്‍ അസൂയപ്പെട്ടു!.


കുറച്ചു മാസങ്ങള്‍ക്കു മുമ്പു അന്തരിച്ച എനിക്കു വളരെ വേണ്ടപ്പെട്ട, കോളേജിനടുത്തു താമസിച്ചിരുന്ന, കുഞ്ഞഹമ്മദ് സാഹിബിനെപ്പറ്റി ചോദിച്ചപ്പോള്‍ മരിച്ച ദിവസം പള്ളിയില്‍ ഇദ്ദേഹവുമുണ്ടായിരുന്നു പോലും ! തമ്മില്‍ കണ്ടിരുന്നില്ല. മാത്രമല്ല പഴയ കാലത്തെ ഒട്ടനവധി ആളുകളെപ്പറ്റിയും ഇദ്ദേഹത്തിനു നല്ല അറിവുണ്ട്.


അദ്ദേഹത്തിനു മുമ്പില്‍ വാ പിളര്‍ന്നു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. പഴയ കാലത്തെ ഓരോ ഓര്‍മ്മകള്‍ ഒരു സുഹൃത്തിനോടെന്ന പോലെ അദ്ദേഹവുമായി പങ്കിട്ടു. അതിന്നിടയില്‍ നേരത്തെ വിളിച്ച് കിട്ടാതിരുന്ന പഴയ സുഹൃത്തും സഹപാഠിയുമായ അഹമ്മദു കുട്ടിയെ വിളിച്ചു കുശലം ചോദിച്ച് നേരെ ഫോണ്‍ മാഷിനു കൈമാറി. ആദ്യമൊന്നും അവനും ആളെ പിടി കിട്ടിയില്ല. കൂടുതല്‍ പരിചയപ്പെടുത്തല്‍ തന്നെ വേണ്ടി വന്നു അവനു ആളെ പിടികിട്ടാന്‍. 


ഗള്‍ഫിലായിരുന്ന അവന്‍ ഈയിടെ മതിയാക്കി നാട്ടില്‍ വന്നതാണ്. അവനും മാഷിന്റെ നമ്പര്‍ വാങ്ങിയിട്ടാണ് ഫോണ്‍ വെച്ചത്.


അല്പ  സമയം കൂടി എന്നോടൊപ്പം ചിലവഴിച്ച് അത്യാവശ്യം വേറെയും ചില സ്ഥലങ്ങളില്‍ പോവാനുണ്ടെന്നും എന്നെയും ഭാര്യയെയും മകളുടെ താമസ സ്ഥലത്തേക്ക് ക്ഷണിച്ചു കൊണ്ടും വീണ്ടും കാണാമെന്നും പറഞ്ഞു മാഷ് യാത്രയായി. വളരെ ധൃതിയില്‍ നടത്തം തുടങ്ങി. കുറച്ചു ദൂരം പോലും പോകാന്‍ വണ്ടിയെ ആശ്രയിക്കുന്ന എന്നെ ഞെട്ടിപ്പിച്ചു കൊണ്ട് അദ്ദേഹം നിഷ്പ്രയാസം കയറ്റം കയറി പോയി. നടക്കാന്‍ കൂടുതല്‍ ഇഷ്ടമാണെന്നും പറഞ്ഞു. 


അപ്പോഴാണ് അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം ഞാന്‍ മനസ്സിലാക്കിയത്.

46 comments:

പട്ടേപ്പാടം റാംജി said...

തിരക്കും മടിയും പിടിച്ച ഇന്നത്തെ മനുഷ്യര്‍ക്ക്‌ ഒരു ഒരു ഗുണപാഠമാണ് മാഷ്‌.

ഒരുമയുടെ തെളിനീര്‍ said...

നടപ്പു മാത്രമല്ല അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം.
ഇത്ര പ്രായം പിന്നിട്ടിട്ടും സ്‌നേഹബന്ധങ്ങളെ പരിപാവനമായി സൂക്ഷിക്കുന്നു മുഹമ്മദ് മാഷ്
ശിഷ്യനെ തേടി പോകുന്നതു മൂലം തന്റെ വലിമക്ക് യാതൊരു കുറവും വരുമെന്ന ശങ്ക അദ്ദേഹത്തിനില്ല
അത്തരം മനോഭാവം ശരീരത്തില്‍ ഉണ്ടാക്കുന്ന പോസിറ്റീവ് എനര്‍ജി എത്രമായിരിക്കും എന്നാലോചിച്ച് നോക്കൂ

ഗുരുവിനും ശിഷ്യനും നന്‍മകളും ദീര്‍ഘായുസുമുണ്ടാവട്ടെ എന്നാശംസിക്കുന്നു

കുഞ്ഞൂസ് (Kunjuss) said...

അഹന്തയും ഗര്‍വും കാണിക്കുന്ന, ഗുരു-ശിഷ്യ ബന്ധത്തിന്റെ അര്‍ഥം അറിയാത്ത ഇന്നത്തെ അധ്യാപകര്‍ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ!

കുസുമം ആര്‍ പുന്നപ്ര said...

ഇത്രയും നല്ല ഒരു മാഷെ കിട്ടിയ ഈ കുട്ടി ഒരു ഭാഗ്യവാനാണ്.

mini//മിനി said...

ഒരു നിമിഷം ഞാൻ ആശ്ചര്യപ്പെട്ടുപോയി. പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ പേരുകൾ‌പോലും ഓർത്തെടുക്കാൻ എനിക്ക് പ്രയാസമാണ്. ഇപ്പോൾ പുറത്തെങ്ങോട്ട് പോയാലും ‘ടീച്ചറെ’ എന്ന് വിളിച്ച് പൂർവ്വ വിദ്യാർത്ഥികൾ വരും. അവരെ നന്നായി പരിചയം ഉണ്ടെങ്കിലും പേര് മാത്രം ഓത്തെടുക്കാൻ എനിക്കാവില്ല. നല്ല അദ്ധ്യാപകന്റെ അറിഞ്ഞത് നന്നായി.

ഹംസ said...

മുഹമ്മദ്കുട്ടിക്ക നിങ്ങള്‍ സ്വയം വയസ്സനായി എന്നങ്ങ് തീരുമാനിച്ചതുകൊണ്ട് തോന്നുന്നാതാ ഇത്..
ഗള്‍ഫ്ഗേറ്റില്‍ പോയി മുടിയൊക്കെ ഫിറ്റ് ചെയ്ത് ഒന്ന് ചൂള്ളനായി നോക്ക് അപ്പോള്‍ ഇതില്‍ ഒന്നും അത്ഭുതം തോന്നില്ല

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നാല് പതിറ്റാണ്ടിന് ശേഷം...
ഇപ്പോഴും ചുള്ളനായ ഗുരു വന്ന് , പൊള്ളയായ ശിഷ്യന് നടത്തത്തിന്റെ മഹിമയെ കുറിച്ചൊരു ക്ലാസ്സെടുത്ത് പോയി ...!

ആ ശിഷ്യനൊപ്പം ഞാനും ആ ഗുരുവേ നമിക്കുന്നൂ...

രമേശ്‌അരൂര്‍ said...

ഗുരു ശിഷ്യ ബന്ധത്തിന്റെ ഊടും പാവും ഇഴയടുപ്പവും ഇവിടെ കണ്ടു ..ഇന്നത്തെ അധ്യാപകരും വിദ്യാര്തികളും ഒരു പാട് മാറിപ്പോയി ..സാറിനെ കാണുമ്പോള്‍ മുണ്ടിന്റെ മടക്കികുത്തു അഴിച്ചിടുകയും പോകുമ്പോള്‍ മനസ്സില്‍ പ്രാകുകയും ചെയ്യുന്ന ഒരു പാട് ശിഷ്യന്മാര്‍ ഉണ്ട് ..സാറും ശിഷ്യനും കൂടി പരസ്പരം അറിയാതെ എ സര്ടിഫിക്കട്റ്റ് ഉള്ള നൂണ്‍ ഷോ സിനിമ കാണാന്‍ വന്നു പരസ്പരം കണ്ടു മുട്ടി ചമ്മുന്നതും ..ബാറിലോ കള്ള് ഷാപ്പിലോ വച്ച് കൂട്ടി മുട്ടുന്നതും ഒന്നും ഇന്ന് ഒരു വിഷയമേ അല്ല ..
രാജ്യം മാതൃകാ അധ്യാപകരെ തിരഞ്ഞെടുക്കുന്നതു പോലും ചരട് വലികള്‍ ക്കനുസൃതമാണെന്നതു കേവല സത്യം ..പഴയകാലത്തിന്റെ നന്മകളില്‍ ചിലത് ഉറവ വറ്റാതെ ഇന്നും അവശേഷിക്കുന്നു എന്നത് മഹാഭാഗ്യം ..ഇക്കയുടെ മാഷ അത്തരം ഒരു നന്മയുടെ ഉറവ യാണ് ..അദ്ദേഹത്തെ പോലുള്ളവര്‍ക്ക് ദീര്‍ഘായുസ്സ് ആശംസിക്കാം നമുക്ക് ..

mkuttypattambi said...

vaayichu , aadhyam albhuthamm thonni pinne santhosham avasaanam sankadamaannu thonniyath anghanathe oru maashinte sishyanaakaan kazhinhillallo ennorth.ezhuthiyath nannaayi karannam ith vaayichappol oru paad pinnokkam sancharichu,ellaavarkkum nallath varatte ennaasamsikkunnu.

മാണിക്യം said...

നല്ല പോസ്റ്റ്.
മഹാനായ ഗുരുനാഥനെ പരിചയപ്പെടുത്തിയതിനു നന്ദി.

പള്ളിക്കരയില്‍ said...

അനുകരണീയനായ അദ്ധ്യാപകൻ. ഹ്ര്‌ദ്യമായ വായന. ഉന്മേഷദായകം. നന്ദി.

mayflowers said...
This comment has been removed by the author.
mayflowers said...

തീര്‍ച്ചയായും ആ അനുഭൂതി മനസ്സിലാക്കാന്‍ പറ്റും.
സ്നേഹനിധികളായിരുന്ന ടീച്ചര്‍മാരെ എപ്പോഴെങ്കിലും കാണാന്‍ അവസരം കിട്ടണേ എന്ന് ആശിച്ചിരിപ്പാണ്.
എന്റെ "ഒരുവട്ടം കൂടിയാ.." എന്ന പോസ്റ്റ്‌ ഇത് സംബന്ധിയാണ്.

Echmukutty said...

ഭാഗ്യവാനായ ശിഷ്യൻ!

ഇത്ര പോസിറ്റീവായ ഒരാളെ കാണാൻ കഴിയുന്നത് തന്നെ വലിയ അനുഗ്രഹമാണ്.

അദ്ദേഹത്തോട് എന്റെ നമസ്ക്കാരവും കൂടി പറയുമല്ലോ.

Jishad Cronic said...

ഹംസക്ക പറഞ്ഞതുപോലെ , ഇക്ക ചുമ്മാ ഇരിക്കാതെ ഒരു മുടിയൊക്കെ ഫിറ്റ്‌ ചെയ്തു ഒന്നു ചുള്ളനായി വായോ !

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പണ്ടത്തെ ഗുരുശിഷ്യ ബന്ധം ഉദാത്തമായിരുന്നു.ഇന്ന് അതൊരു എടാ പോടാ വിളിയായി,ഒന്നിച്ചു പുകവലിക്കുന്ന, സിനിമക്ക് പോകുന്ന 'സുഹൃബന്ധ'മായി പരിണമിച്ചു.
ഭക്ത്യാദരപൂര്‍വ്വം ഗുരുക്കന്മാരെ കണ്ടിരുന്ന ആ നല്ല ഇന്നലെയെ ഓര്‍മിപ്പിച്ച പോസ്റ്റ്‌.
ഓടോ: ഗുര്നാഥന്‍മാര്‍ മിടുക്കന്മാരെ മാത്രമല്ല;ക്ലാസിലെ മഹാവികൃതികളെയും മറന്നു പോകാറില്ല.ഒരു പക്ഷെ അതായിരിക്കാം കുട്ടിക്കാനെ ഓര്‍ക്കാന്‍ കാരണം

ആളവന്‍താന്‍ said...

ഇതുപോലെ ഒരു ഗുരുവിനെ കിട്ടിയെങ്കില്‍.....

Akbar said...

ഗുരു ഈ ശിഷ്യനെ തേടി വന്നതില്‍ ഞാന്‍ അത്ഭുധപ്പെടുന്നില്ല. കാരണം നല്ല ഗുരു ശിഷ്യ ബന്ധം അതാണ്‌. ആ ഗുരുത്വം മുഹമ്മദ്‌ കുട്ടിക്കയുടെ എഴുത്തിലൂടെ മനസ്സിലാകും. ഈ എഴുത്ത് ഗുരു ശിഷ്യ ബന്ധം എത്ര ഉദാത്തമാണ് എന്ന നല്ല സന്ദേശം സല്കുന്നുണ്ട്.

Akbar said...

ഒരു കാര്യം പറയാന്‍ മറന്നു. താങ്കള്‍ വയസനായി എന്നൊരു സ്വയം കണ്ടെത്തല്‍ നടത്തിയിരിക്കുന്നു. ഞാന്‍ പറയട്ടെ. ശരീരത്തിന്റെ പ്രായത്തെ നമുക്ക് പിടിച്ചു നിര്‍ത്താനാവില്ല. അത് പ്രകൃതിപരം ആണല്ലോ. എന്നാല്‍ മനസ്സിന്റെ ചെറുപ്പം പിടിച്ചു നിര്‍ത്താനാവും. ആ കാര്യത്തില്‍ താങ്കള്‍ ചെറുപ്പക്കാരനാണ് കേട്ടോ

ഹനീഫ വരിക്കോടൻ. said...

അപൂർവ്വമെങ്കിലും ഇങ്ങിനെയുള്ള ഗുരുക്കന്മാർ ഇനിയും ബാക്കിയുണ്ടെന്ന് ആശ്വസിക്കാം

Anonymous said...

നല്ലൊരു പോസ്റ്റ് നല്ലൊരു സാറും എല്ലാ സാറുമാർക്കും മാതൃകയാക്കാൻ പറ്റിയ സാറു തന്നെ... ഈ സാറിനെ പോലെയാ ഞാനും ഒരുമിച്ച് പഠിച്ചവരെ പഠിപ്പിച്ചവരെ ഒരിക്കും മറക്കില്ല ... ഇപ്പോൾ നാട്ടിൽ പോയപ്പോ ഞാനും രണ്ടു മൂന്നു ഗുരുക്കന്മാരെ പോയി കണ്ടിരുന്നു... ആശംസകൾ...

തെച്ചിക്കോടന്‍ said...

ശിഷ്യര്‍ ഗുരുക്കന്മാരെ ഓര്‍ക്കാം പക്ഷെ ഗുരു പരശതം ശിഷ്യരില്‍ നിന്ന് നമ്മെ ഓര്‍മ്മിക്കുന്നത് ഒരു വലിയ കാര്യം തന്നെ, ഭാഗ്യവും.
ഊര്‍ജ്വസ്വലനായ ആ ഗുരുവിനും ശിഷ്യനും ആയുരാരോഗ്യസൗഖ്യം നേരുന്നു.
അദ്ദേഹത്തിന്റെ ജീവിതക്രമം ഒരു ഗുണപാഠം തന്നെയാണ് എല്ലാവര്ക്കും.

Anees Hassan said...

ചിലര്‍ പതുക്കെ നടന്നു ജീവിതത്തെ ആവോളം രുചിക്കുന്നു

നീര്‍വിളാകന്‍ said...

ഇന്നു നമ്മള്‍ വെറും വൃദ്ധരെന്നു പറഞ്ഞ് പുശ്ചിക്കുന്നവരുടെ ആരോഗ്യത്തിന്റെ പകുതി ആരോഗ്യം പുതിയ തലമുറയില്‍ ചെറുപ്പക്കാര്‍ക്ക് ഇല്ലെന്ന് നിസംശയം പറയാം... എന്റെ അച്ഛന്‍ 80 വയസ്സാകുന്നു..... ഇന്നും ആരോഗ്യപരമായ ഒരു കുഴപ്പങ്ങളും ഇല്ല... പറമ്പില്‍ ദിവസവും പണി ചെയ്യും.... സംസ്കൃതത്തില്‍ പരിഞ്ജാനമുള്ളതിനാല്‍ കുട്ടികള്‍ക്ക് ഗീഥാ ക്ലാസ് എടുക്കാറുണ്ട്.... അതും ഒഎഉ വരി പോലും അതില്‍ നോക്കാതെ!!! അക്ഷര ശ്ലോക വേദികളില്‍ വളരെ വാശിയോടെ പങ്കെടുക്കും.... രാമായാണവും, ഭാഗവതവും ഒക്കെ കാണാതെ ഇരുന്നിരുപ്പില്‍ ചൊല്ലി കേള്‍പ്പിക്കും.... അതിലെല്ലാം ഉപരി വളരെ ചെറുപ്പത്തില്‍ നടന്ന വീരഗാഥകള്‍ വള്ളി പുള്ളീ വിടാതെ ഞങളെ പറഞ്ഞു കേള്‍പ്പിക്കും.... ആരോഗ്യപരമായി ഒരു പ്രശ്നവും ഇല്ല എന്നു മാത്രമല്ല എപ്പോഴും ആക്ടീവാണ്.... എന്റെ അച്ഛന്റെ മാത്രം കാര്യമല്ല... കഴിഞ്ഞ തലമുറയില്‍ ഞാന്‍ കണ്ടിട്ടുള്ള മിക്കവരും അങ്ങനെ തന്നെ...

ഇനി എന്റെ കാര്യം എടുക്കാം... 38 വയസ്സിനിടയില്‍ എന്നെ ആക്രമിക്കാത്ത രോഗങ്ങള്‍ ഇല്ല.... ജീവിത ചര്യ രോഗങ്ങളായ ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, യൂറിക്കാസിഡ്, സ്പോണ്ടിലോസിസ് എന്നു വേണ്ട ഇല്ലാത്തത് എന്തെന്നു എഴുതുകയാവും ഒന്നു കൂടി നല്ലത്.... ഇതിനെല്ലാം പുറമെയാണ് മറവി.... പത്ത് മിനിറ്റ് മുന്‍പ് എന്നോട് ഒരാള്‍ പരയുന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല... ഈയിടെ എന്റെ ഒരു സുഹൃത്തിന്റെ മുഖം ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ട് അമ്പേ പരാജയപ്പെടുകയും ചെയ്തു...

ഞാനൊന്നും ഈ ഭൂമിയില്‍ അധികകാലം ഇരിക്കുമെന്നതിന് ഒരുറപ്പുമില്ല... ഹ..ഹ

നീര്‍വിളാകന്‍ said...

ഗുരുവിനും ശിഷ്യനും അഭിവാദനങ്ങള്‍....

Abdulkader kodungallur said...

മുഹമ്മദു കുട്ടിയില്‍ ഒരു കുട്ടിയുള്ള കാര്യം ആ ഗുരു മറന്നില്ല . അതുകൊണ്ടാണ് കാലങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം ആ കുട്ടിയെ തേടി വന്നത് . കുട്ടികളുടെ കൂട്ടത്തില്‍ നല്ല കുട്ടിയായിരുന്നു മുഹമ്മദു കുട്ടിയെന്ന് അദ്ദേഹത്തിന്റെ സന്ദര്‍ശനം തെളിയിച്ചു . ഗുരുവിന്റെ നടത്തത്തിലുള്ള ഉത്സാഹം രേഖപ്പെടുത്തിയതും , ഗുരു ശിഷ്യ ബന്ധത്തെ അവതരിപ്പിച്ചതും വലിയ സന്ദേശമാണ് . അഭിനന്ദനങ്ങള്‍

Manoraj said...

ഒരിക്കലെങ്കിലും ശിഷ്യന്‍ ഗുരുവിനെ തേടി ചെന്നില്ലല്ലോ. അതാണ്..അതാണ്..

Mohamedkutty മുഹമ്മദുകുട്ടി said...

പോസ്റ്റില്‍ ഞാന്‍ മനപൂര്‍വ്വം വിട്ടു കളഞ്ഞ ഒരു ഭാഗം ഇനിയും പറയാതിരിക്കുന്നതു ശരിയല്ലെന്നു തോന്നുന്നു. മാഷിന്റെ ഭാര്യ എന്റെ സീനിയറും മാഷിന്റെ സ്റ്റുഡന്റുമാണ്. അവര്‍ ഹൈസ്കൂള്‍ അദ്ധ്യാപികയായി ജോലി നോക്കി വിരമിച്ചു.ഇപ്പോള്‍ രണ്ടാള്‍ക്കും ജീവിക്കാന്‍ പെഷന്‍ തന്നെ ധാരാളം.അതു കൊണ്ട് അവര്‍ മക്കളില്‍ നിന്നു സാമ്പത്തികമായി ഒന്നും കൈ പറ്റുന്നില്ല. എന്‍ട്രന്‍സ് കോച്ചിങ്ങില്‍ നിന്നു മാഷിനു കിട്ടുന്ന വേതനം അദ്ദേഹം പാവപ്പെട്ട ഏതാനും കുട്ടികളുടെ പഠനത്തിനായി സ്പോണ്‍സര്‍ ചെയ്യുന്നു! കുറെ പേരെ നല്ല നിലയിലെത്തിച്ചു. ഇപ്പോഴും അതു തുടരുന്നു.ഇതില്‍ പരം നല്ല കാര്യം എന്തുണ്ട്?.നമ്മളൊക്കെ[എന്നു പറയാന്‍ പറ്റില്ല,ഞാന്‍! ] വളരെ ചെറുതാവുന്ന പോലെ തോന്നിപ്പോയി.

ഒരു നുറുങ്ങ് said...

കുഞ്ഞുണ്ണിമാഷും“കുട്ടി”യും നല്‍കുന്ന
സന്ദേശം വളരേ മഹത്തരമാണ്‍!!
ഒറ്റപ്പെടലിന്‍റെ ടെന്‍ഷനടിച്ച്
വിഷാദപ്പെട്ട്കഴിയാതെ,ഊര്‍ജ്ജസ്വലതയോടെ
ശിഷ്ടജീവിതം മനോഹരമാക്കുന്ന ഗുരുശിഷ്യന്മാര്‍
സമൂഹത്തിന്‍റെ കെടാവിളക്കുകളായിത്തീരുന്നത്
ഏറെ സന്തോഷവും സംതൃപ്തിയും നല്‍കുന്നുണ്ട്.

ജീവിതം ധന്യമാക്കി ഇനിയുമൊരുപാട് നാളുകള്‍
ആയുരാരോഗ്യത്തോടെ നിലകൊള്ളാന്‍ ദൈവം
തമ്പുരാന്‍ തുണയേകട്ടെ..

““ എന്‍ട്രന്‍സ് കോച്ചിങ്ങില്‍ നിന്നു മാഷിനു കിട്ടുന്ന വേതനം അദ്ദേഹം പാവപ്പെട്ട ഏതാനും കുട്ടികളുടെ പഠനത്തിനായി സ്പോണ്‍സര്‍ ചെയ്യുന്നു!””

ഇങ്ങിനേയും ചില മനുഷ്യരുണ്ട്,ഇരുട്ട് മൂടിയ
ഈ ലോകത്തേക്ക് വിജ്ഞാനത്തിന്‍റെ പ്രഭ
പരത്തി വെളിച്ചപ്പെടുത്താന്‍ പാട്പെടുന്ന
മഹാഗുരുക്കന്മാരാണവര്‍..അവര്‍ തന്നെയാണ്‍
യഥാര്‍ത്ഥ ഗുരുക്കന്മാര്‍ !!

പ്രാര്‍ഥനകള്‍ മാത്രം.

Dr.Kanam Sankara Pillai said...

എത്ര കൂടുതൽ നടക്കുന്നോ അത്രയും കൂടുതൽ കാലം ജീവിച്ചിരിക്കാം.അടുത്തമാസം 101 തികയുന്ന എന്റെ പിതാവു ഇപ്പോഴും 3-4 കിലോമീറ്റർ ദിവസവും നടക്കും

Aisibi said...

:)

Sureshkumar Punjhayil said...

Churulaziyan iniyumethra rahasyangal...!

Manohaaram, Ashamsakal...!!!

sm sadique said...
This comment has been removed by the author.
sm sadique said...

അനുഗ്രഹീതനായ ഗുരു.
നല്ലവനായ ശിഷ്യൻ
ഇതാണ് ജീവിത സംഗീതം
അനുഗ്രഹിക്കപെട്ടവരുടെ താളം

Anonymous said...

ഇങ്ങിനെ ഒക്കെ ഒരു ഗുരു ശിഷ്യ ബന്ധം ഒരു പക്ഷെ മഷി ഇട്ടു നോക്കിയാല്‍ കാണാന്‍ കഴിയില്ല ഇക്ക ...ഇഗോകള്‍ ഇല്ലാത്ത ആത്മാവില്‍ വെരോടുന്ന ബന്ധങ്ങള്‍ ...ഒത്തിരി നന്ദി ഈ പോസ്റ്റ്‌ ഇന് ...ഇവിടെ ഗുരുവിനും ശിഷ്യനും ഉണ്ട് ഒരു ആത്മാര്‍ത്ഥത ..മറ്റൊരു ശിഷ്യന്റെ പെട്ടന്നുള്ള പ്രതികരണവും താങ്കള്‍ രേഖപെടുതിയല്ലോ ...ഇപ്പോഴും നാട്ടില്‍ പോയാല്‍ ഞാന്‍ എന്റെ പഴയ കോളേജില്‍ പോകും ..അവിടുള്ള ടീചെര്സ്‌ നെ കാണും ...ഞാന്‍ എത്തുന്നു എന്ന് പറഞ്ഞാല്‍ എന്നെ ഇങ്ങോട്ട് തന്നെ വിളിക്കുന്ന ടീചെര്സ്‌ ഉണ്ട് എനിക്ക് ...അത് പോലെ കുറച്ചു നാള്‍ മെയില്‍ ലോ ഫോണ്‍ കോളോ ഇല്ലെങ്കില്‍ എന്ത് പറ്റി നിനക്ക് എന്ന് അന്വേഷിക്കുന്ന ഒത്തിരി ടീചെര്സ്‌ ...അവരിലുടെയാണ് ഞാന്‍ ഒരു ടീച്ചര്‍ എങ്ങിനെയായിരിക്കണം എന്ന് ഞാന്‍ പഠിച്ചത് ...ഇക്കാന്റെ കമന്റിലെ ഭാഗവും വായിച്ചു ..എല്ലാര്‍ക്കും ഒരു പാഠം തന്നെ ഈ മുഹമ്മദ്‌ സര്‍ ...നമ്മുടെ നാടിന്റെ ഒരു ശാപം ഒരു പക്ഷെ ഈ അകാല വാര്‍ധക്യം തോന്നല്‍ തന്നെയാണ് ...അത് മറികടന്നു കാണിച്ചു തന്നു മൊഹമ്മദ്‌ സര്‍ ...ആയുരാരോഗ്യത്തോടെ ഇനിയും ഒത്തിരിനാള്‍ അദ്ദേഹം ഒരു മാതൃകയായി നമ്മുക്കിടയില്‍ ജീവികട്ടെ ..സാധാരണ പടം പിടിക്കുന്ന ഇക്ക ...അദ്ദേഹവും ആയി ഇരിക്കുന്ന പടം ഒന്നും എടുത്തിലെ ?ഉണ്ടെങ്കില്‍ അതും കുടി വെക്കു ഈ പോസ്റ്റില്‍ ....

ഒഴാക്കന്‍. said...

മാഷെന്നും മാഷാണ്

Pranavam Ravikumar a.k.a. Kochuravi said...

Very good post. Good to see that he is active at this age. This confirms, "Old is Gold"

Thanks for sharing..

Regards

Kochuravi :=)

സിദ്ധീക്ക് തൊഴിയൂര്‍ said...

മാഷെക്കുറിച്ച് പോസ്റ്റില്‍ കുറിക്കാത്തത് കമന്റില്‍ കണ്ടു , അത് പോസ്റ്റില്‍ വിട്ടുകളഞ്ഞതെന്തേ?
മാഷ്‌ എന്ന പദത്തിന്റെ യഥാര്‍ത്ഥ മുഖം.
പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു മോമുട്ടിക്കാ..

ഹാപ്പി ബാച്ചിലേഴ്സ് said...

കുട്ടിയ്ക്കാ, എന്താ പറയാ‍?? പലപ്പോഴായി പറഞ്ഞതു തന്നെ പറയട്ടെ, താങ്കളോടുള്ള ബഹുമാനം കൂടി കൂടി വരുന്നു. ഈ കുറിപ്പ് ഹൃദ്യമായി, ഹംസാക്കയുടെ സുഖമുള്ള നോവ് എന്ന പോസ്റ്റ് ഓർമ്മിച്ചു. സത്യസന്ധമായ സ്നേഹം കൊടുക്കുന്നവർക്ക് അത് അതിൽ കവിഞ്ഞും കിട്ടുമെന്നുള്ളതിനു ഉദാഹരണമാണ് താങ്കൾ. ഭാഗ്യവാൻ കൂടിയാണ് കുട്ടിയ്ക്കാ നിങ്ങൾ, പഠിപ്പിച്ച ഗുരുവിനെ അങ്ങോട്ട് കാണാൻ തയ്യാറായപ്പോ, അദ്ദേഹം ഇങ്ങോട്ട് വന്നല്ലൊ, അത് ഒരു സ്പെഷ്യൽ അനുഭൂതി ഉണ്ടാക്കിയിട്ടുണ്ടാവും തീർച്ച. എന്താ ശരിയല്ലേ?

Thanal said...

പരസ്പരം തല്ലു പിടിക്കുന്ന. പരിഹസിക്കുന്ന ഒരു പാട് മെയിലുകള്‍ക്കിടയില്‍ ഇതൊക്കെ ഒരു നനുത്ത ഇളംകാറ്റു പോലെ.......................

Mohamedkutty മുഹമ്മദുകുട്ടി said...

ആദില> അപ്പോഴത്തെ വെപ്രാളത്തില്‍ ഫോട്ടോയുടെ കാര്യമെല്ലാം മറന്നു. ഇല്ലെങ്കില്‍ മൊബൈലിലെങ്കിലും ഫോട്ടോ എടുക്കാമായിരുന്നു. എന്റെ 2 ക്യാമറകള്‍ കേടായതില്‍ പിന്നെ ക്യാമറ വാങ്ങിയിട്ടില്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വായിക്കാന്‍ താമസിച്ചു മാഷെ.. നമ്മളൊക്കെ ഇങ്ങനെ മടിയന്മാരായി കമ്പ്യൂട്ടറിന്റെ മുന്നില്‍ ചടഞ്ഞിരിക്കുന്നു. മുഹമ്മദ് മാഷ് ഇപ്പോഴും ശിഷ്യന്മാരെയും പഴയ സുഹൃത്തുക്കളെയും തേടിച്ചെന്ന് സ്നേഹവും സൌഹൃദവും പുതുക്കുന്നു. നമ്മെപ്പോലെയുള്ളവര്‍ക്ക് മുഹമ്മദ് മാഷ് പ്രചോദനമാകുന്നു. നല്ല വായന നല്‍കിയതിന് നന്ദി ..

മിന്നാരം said...

ഗുരു ശിഷ്യ ബന്ധത്തിന്‍റെ പവിത്രത. ഇന്നത്തെ ജനറേഷനു നഷ്ടമാവുന്നതും ഈ സ്നേഹം ബന്ധം തന്നെ...

വിജയലക്ഷ്മി said...

ആ ഗുരുവിനെ എത്ര നമിച്ചാലും മതിയാവില്ല ..സാധാരണ നിലയില്‍ ശിഷ്യനാണ് ഗുരുവിനെ തേടിപോവുക...നല്ലപോസ്റ്റ്‌

Samad Karadan said...

താങ്കളും മാസ്റ്ററും ഒന്നിച്ചുള്ള ഒരു ഫോട്ടോ കൂടി വെച്ചിരുന്നു എങ്കില്‍ നന്നായിരുന്നു. വായിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ഫുള്‍ സ്റ്റോപ്പ്‌ ഇട്ട പോലെ തോന്നി. എങ്കിലും ഉഷാറായി. താങ്ക്സ്.

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

ഞാന്‍ കണ്ടുപിടിക്കാം ...ഞാന്‍ വായിക്കാം ,,,പുലിയാവാം....ഒരു മാഷിനെ പോലെ എന്റെ തെറ്റുകള്‍ പറഞ്ഞു തന്നതിനും ഈ പ്രോത്സാഹനത്തിനും ഒരായിരം നന്ദി ,,,
നിങ്ങളുടെ സ്വന്തം ടുട്ടുസ്