Thursday, July 9, 2009

ആട്ടു മാംസം.


പിതാവിന്റെ ശിക്കാറിലുള്ള താല്പര്യം കൊണ്ട് ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പല വിധ വെടി ഇറച്ചികളും വീട്ടില്‍ പാകം ചെയ്യാറുണ്ടായിരുന്നതിനാല്‍ ചിലതൊക്കെ അതിന്റെ രുചിയനുസരിച്ച് താല്പര്യത്തോടെ കഴിച്ചിരുന്നു. പിന്നെ കോഴിയും ആടും കഴിച്ചിരുന്നു.പോത്തും മൂരിയുമൊന്നും ഇഷ്ടമായിരുന്നില്ല.ആട്ടിറച്ചിക്ക് നല്ല ശുദ്ധ മലയാളത്തില്‍ “ആട്ടു മാംസം”എന്നു തന്നെ പറയാനും ശീലിച്ചിരിന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം ഉമ്മാമ്മ[പിതാവിന്റെ ചിറ്റമ്മ] തറവാട്ടില്‍ നിന്ന് വീട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ എന്നെയും ക്ഷണിച്ചു.വളരെ അടുത്തു തന്നെയാണ് വീട്.വിരുന്നു പോകുന്നതിഷ്ടമാണ് പക്ഷെ രാത്രി ഉറങ്ങുന്നത് ഉപ്പാന്റെ കൂടെ തന്നെ വേണം.അത് നിര്‍ബന്ധമാണ്.ഒറ്റ മകനായതു കൊണ്ടുള്ള ഒരു അവകാശം കൂടിയാണത്.ഉപ്പാന്റെയും ഉമ്മാന്റെയും നടുക്കു വേണം എനിക്കുറങ്ങാന്‍. പക്ഷെ എപ്പോഴും രാവിലെ എണീക്കുമ്പോള്‍ ഞാന്‍ ഒരു സൈഡിലായിരിക്കും! ഇതെന്തു മറിമായം? [അന്നൊക്കെ അങ്ങിനെ ആശ്ചര്യപ്പെട്ടിരുന്നു].
തറവാട്ടില്‍ ചെന്ന് കുറച്ചു നേരം എളാപ്പ [എന്നേക്കാള്‍ ഒരു വയസ്സിനു മൂത്തതാണ്] യുടെ കൂടെ കളിച്ചു രാത്രിയായി. ഊണിന്നു അത്രയധികം വിഭവങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരു കറിയും പിന്നെ എന്തെങ്കിലും ഒരു കൂട്ടാനും. അത് മീനോ ഇറച്ചിയോ ആയിരിക്കും. അന്ന് ഒരു വലിയ പാത്രത്തില്‍ ഇറച്ചി കൊണ്ട് വന്നു വെച്ചിരുന്നു. അതെന്ത് ഇറച്ചിയാണെന്ന് എളാപ്പക്കുട്ടിയോട് ചോദിച്ചു. ആടാണെന്നു ഉത്തരം കിട്ടി.
നല്ലവണ്ണം വാരി വലിച്ച് ശാപ്പിടാന്‍ തുടങ്ങി. അധികം കഴിക്കാന്‍ പറ്റിയില്ല,അതിന്നു മുമ്പ് ഉപ്പ എന്നെ തിരക്കി വന്നു.മൂപ്പര്‍ കണ്ട കാഴ്ച ഞാന്‍ ഇറച്ചി നന്നായി തട്ടുന്നതാണ്.
”ഇതെന്താടാ നീ തിന്നുന്നത്?” ഉപ്പാന്റെ ചോദ്യം.
“ആട്ടു മാംസം” എന്റെ മറുപടി. മൂപ്പര്‍ക്കു കാര്യം മനസ്സിലായി.അന്നൊന്നും അത്ര വലിയ പാത്രത്തില്‍ ആട്ടിറച്ചി കൊണ്ട് വെക്കില്ല.ഇത് അസ്സല്‍ മൂരിക്കുട്ടനാണ്.
“മതി കഴിച്ചത്,നമുക്കു പോകാം” എന്നും പറഞ്ഞു ഉപ്പ എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു.
ഊണ് കഴിഞ്ഞതിനാല്‍ ചെന്നപാടെ ഉറങ്ങാനും കിടന്നു.
അന്ന് രാത്രി മുഴുവന്‍ ചര്‍ദ്ദിയോട് ചര്‍ദ്ദി.ബെഡ്ഡിലും ഉപ്പാന്റെ ശരീരത്തിലുമെല്ലാം ചര്‍ദ്ദില്‍.എങ്ങിനെയോ നേരം വെളുപ്പിച്ചു.
.................................
അതില്‍ പിന്നെ ആട് പോയിട്ട് കോഴി പോലും കഴിക്കാതായി.എന്നാലും മത്സ്യം കഴിക്കും.
ഏതെങ്കിലും കല്യാണത്തിനു പോയാല്‍ വെറും ചോറും കുമ്പളങ്ങാക്കറിയും കഴിക്കും. എത്ര വലിയ കല്യാണത്തിനും നമ്മുടെ മെനു അതായിരിക്കും.ഇന്നത്തെ പോലെ പല വിധ വിഭവങ്ങളൊന്നും അന്ന് ആരും ഒരുക്കാറുണ്ടായിരുന്നില്ല. മത്സ്യമൊന്നും ഇന്നത്തെപ്പോലെ ആരും തരില്ല. ഇറച്ചി കഴിക്കുന്നവര്‍ക്ക് ബിരിയാണിയോ നെയ്ച്ചോറോ കഴിക്കാം . പിന്നെ കോഴിയോ ആടോ പൊരിച്ചതും. വെറും ചോറു തന്നെ ബന്ധു വീട്ടിലാണെങ്കില്‍ ഉമ്മ ആദ്യം ഏര്‍പ്പാടാക്കും. അധികവും പന്തലില്‍ പോകാതെ അകത്തെവിടെയെങ്കിലും ഒരുക്കിത്തരും. അതായിരുന്നു പതിവ്. പലരും അന്നൊക്കെ എന്നെ ”കുമ്പളങ്ങ”എന്നും പറഞ്ഞ് കളിയാക്കും.
പിന്നെ കോളേജില്‍ ചേര്‍ന്നപ്പോള്‍ ഒരു പ്രശ്നം. ഹോസ്റ്റലില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മട്ടനാണ്,ചപ്പാത്തിയും. അല്ലാത്തപ്പോള്‍ ഉരുളക്കിഴങ്ങ് കറിയും. ഒടുവില്‍ ഞാന്‍ കഷ്ണം ആര്‍ക്കെങ്കിലും കൊടുത്തു കറി മനമില്ലാ മനസ്സോടെ കഴിക്കാന്‍ തുടങ്ങി. ഇക്കാരണത്താല്‍ ധാരാളം കൂട്ടുകാരെ കിട്ടിയിരുന്നു. കഷ്ണത്തിനു നല്ല ഡിമന്റായിരുന്നു.
അടുത്ത വര്‍ഷം മുതല്‍ ഹോസ്റ്റലില്‍ താമസം നിര്‍ത്തി, ലോഡ്ജില്‍ സെല്‍ഫു കുക്കിങ്ങാക്കി.
അങ്ങിനെ ഇറച്ചിയൊന്നും കഴിക്കാതെ മീനും ചോറും പച്ചകറിയും കഴിച്ച് ഞാന്‍ വളര്‍ന്നു വലുതായി. മക്കളും പേരക്കുട്ടികളുമായി.
ഇന്നു പിന്നെ കല്യാണത്തിനു പോയാല്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു കഴിക്കാം. രോഗികള്‍ കൂടിയത് കൊണ്ട് വെജിറ്റേറിയന്‍ എല്ലായിടത്തും ലഭ്യം!. ചിലര്‍ അതൊരു ഫാഷനാക്കിയിരിക്കുന്നു. എന്നിട്ടൊരു കമന്റ്റും”ഒരു ചെയിന്‍ജ്ജിനു വെറും ചോറാ നല്ലത്” എന്ന്.
പക്ഷെ എനിക്കു എളാപ്പാനെക്കൊണ്ട് ഒരു ഗുണം കിട്ടി, ഇപ്പോള്‍ അസുഖങ്ങള്‍ കുറവാണ്. കൊളസ്ട്രോളും!

9 comments:

സുല്‍ |Sul said...

ഇങ്ങളെന്തൂട്ട് ബര്‍ത്താനൊണ് പറയണതിക്കാ. കോയീനേം ആടിനെം കയിക്കാണ്ട് കൊളസ്റ്റ്രോളില്ലാന്നും പറഞ്ഞ് നടന്നിട്ടെന്താ കാര്യം. ഇപ്പോള്‍ ചിലര്‍ പച്ചക്കറി മാത്രം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നു ഇങ്ങള് പച്ചക്കറി മാത്രം കയ്ക്കുന്നു. ദില്‍പ്പൊ എന്താ ത്ര ബെത്യാശം?

നന്നായിട്ടുണ്ടിക്കാ ഓര്‍മ്മകള്‍!!!

മുരളി മേനോന്‍ (Murali K Menon) said...

അപ്പോ മമ്മുട്ടിക്കാ കുട്ടിക്കാലത്തു തന്നെ ഉപ്പയേം, ഉമ്മയേം കഷ്ടപ്പെടുത്താന്‍ തൊടങ്ങി അല്ലേ...
എന്തായാലും വെജിറ്റേറിയന്‍ ആയി മാറിയതില്‍ സന്തോഷം...(ഓ മീന്‍ വിട്ടീട്ടില്ല അല്ലേ.. അതും കൂടി ഉപേക്ഷിക്കണം എന്നൊരഭ്യര്‍ത്ഥനയുണ്ട്) അങ്ങനെ ഭൂരിപക്ഷം പേരും വെജിറ്റേറിയനായാല്‍ ബാക്കിയുള്ളോര്‍ക്ക് വില കുറവില്‍ ഈ സാധനം കിട്ടും, ഇഷ്ടം‌പോലെ കഴിക്കേം ചെയ്യാം. പിന്നെ കൊളസ്ട്രോള്‍ അതൊക്കെ വരും പൂവ്വും, പകക്കരുത്.. (പൂവ്വും എന്ന് ഞാന്‍ പറഞ്ഞത് ആളു പൂവ്വും എന്ന് തന്നെയാണ് ഹ ഹ ഹ)

നന്നായിട്ടുണ്ട്.

ദീപക് രാജ്|Deepak Raj said...

പേടിക്കാതെ അങ്ങ് കഴിക്കണം. അല്ലാതെ പിന്നെ.

ശ്രീ said...

അങ്ങനെ ഒരു ഗുണമെങ്കിലുമുണ്ടായല്ലോ :)

വേദ വ്യാസന്‍ said...

:)

ഭായി said...

###ഒടുവില്‍ ഞാന്‍ കഷ്ണം ആര്‍ക്കെങ്കിലും കൊടുത്തു കറി മനമില്ലാ മനസ്സോടെ കഴിക്കാന്‍ തുടങ്ങി. ഇക്കാരണത്താല്‍ ധാരാളം കൂട്ടുകാരെ കിട്ടിയിരുന്നു. കഷ്ണത്തിനു നല്ല ഡിമന്റായിരുന്നു.###

ഹ ഹ ഹാ...

നല്ല അസ്സല് കൂട്ടുകാര്‍ :-)

നല്ല അനുഭവങള്‍!

സലീം ഇ.പി. said...

മുഹമെദ്‌ കുട്ടിക്കാ, ഞമ്മളെ ബിര്യാണി സല്‍ക്കാരം ഇങ്ങക്ക് വേണ്ടാന്നു പറഞ്ഞപ്പം തന്നെ ഇതിലെന്തോ പന്തികേട്‌ തോന്നിയിരുന്നു. ഒരായുസ്സിന് കൊള്ളാവുന്നതിലധികം‍ ചെറുപ്പത്തില്‍ തന്നെ അടിച്ചു കേറ്റീക്കണല്ലോ ...പടച്ചോന്‍ നീതിമാനാ...ഇനി ഈ പാവങ്ങളൊക്കെ ഒന്ന് കഴിച്ചോട്ടെ...
മ്യാവൂ : കഴിഞ്ഞ ദിവസം കൊളസ്ട്രോള്‍ ചെക്ക് ചെയ്തു. മൂന്നു മാസം മരുന്നടിച്ചിട്ടും കുറഞ്ഞിട്ടില്ല...പാകിസ്ഥാനി ഡോക്ടര്‍ ചോദിക്ക "ഘോഷ് ഫ്രീ മിലതാ ഹേ ക്യാ" എന്ന്. ഞാന്‍ പറഞ്ഞു, "ഡോക്ടര്‍ സാബ്‌, തീസ് റിയാല്‍ മേം മിലതീ ഹേ..ഇസലിയേ കം ഖാതാഹേ.."

ഷബീര്‍ (തിരിച്ചിലാന്‍) said...

കുറേ ആടുകളും, കോഴികളും, പോത്തുകളും ഇക്കായുടെ പല്ലിന്റെ മൂര്‍ച്ചയറിയാതെ രക്ഷപ്പെട്ടുകളഞ്ഞു.

Mohamedkutty മുഹമ്മദുകുട്ടി said...

ഇതൊക്കെയാണെങ്കിലും പറയാതെ വയ്യ. ഇപ്പോള്‍ കൊളസ്ട്രോളും ബ്ലോക്കും ഒക്കെയായി ബൈ പാസ് സര്‍ജറി കഴിഞ്ഞു വിശ്രമത്തിലാ....!