Monday, March 21, 2022

അണ്ണാൻ കുഞ്ഞു വീണ്ടും

 അണ്ണാൻ കുഞ്ഞു വീണ്ടും.

ഏകദേശം 12 വർഷങ്ങൾ ക്ക്‌ മുമ്പ് ഞാൻ ഒരു പോസ്റ് ഇട്ടിരുന്നു അണ്ണാൻ കുഞ്ഞിനെ പറ്റി. അതിലേക്ക് ഉള്ള ലിങ്ക് ഇതാ.
http://mohamedkutty.blogspot.com/2009/09/blog-post.html?m=1
====================================
മൊബൈലിൽ തോണ്ടി ഇരിക്കുന്നതിനിടയിൽ മിന്നൂസ് മുറ്റത്തേക്ക് ഓടുന്നത് കണ്ടു. ഷെഡിലെ കാറിന്നടിയിൽ കിങ്ങിണി പൂച്ച എന്തോ കടിച്ചു കൊണ്ടുവന്നു. കൂടെ നമ്മുടെ കുട്ടാപ്പി യും ഉണ്ട്. വളരെ പ്രയാസപ്പെട്ട് നോക്കിയപ്പോൾ അതൊരു അണ്ണാൻ കുഞ്ഞായിരുന്നു. അവൾ ഒരു വിധം കഷ്ടപ്പെട്ട് അതിനെ പൂച്ചയിൽ നിന്നും കയ്യിലെടുത്തു. കാണാൻ കൗതുകമുള്ള നല്ലൊരു അണ്ണാൻകുഞ്ഞ്!.  അത് അവളുടെ ശരീരത്തിൽ കയറി തുടങ്ങി.

.

             
           
 അണ്ണാൻ കുഞ്ഞു                                                                          ഇവൾ കിങ്ങിണി.                                                                             ഇവൻ കുട്ടാപ്പി.


അവൾ പിന്നീട് അതിനെ അകത്തേക്ക് കൊണ്ടുവന്നു. ഡൈനിങ് ടേബിളിൽ വെച്ചു. ഒരു പാത്രത്തിൽ കുറച്ച് പാൽപ്പൊടി എടുത്തു കലക്കി അതിൽ ഒരു തുണി മുക്കി കൊടുത്തു നോക്കി. കുടിക്കുന്നുണ്ട്!.  ക്രമേണ അത് അവളുമായി നന്നായി ഇണങ്ങി.പൂച്ച കുഞ്ഞിനെ കൊണ്ടു പോകാൻ ഉപയോഗിച്ചിരുന്ന ഒരു പെട്ടിയിൽ അതിനെ കിടത്തി.
പ്ലസ്‌ ടു മോഡൽ എക്‌സാമിന് ഇടയിലും അവൾ  അതിനെ ശുശ്രുഷിക്കാൻ സമയം കണ്ടെത്തി.വൈകുന്നേരം ആ പെട്ടിയും കൊണ്ട് അവൾ ടെറസ്സിൽ പോയി നോക്കി. തള്ള  അണ്ണാൻ ഒരു തെങ്ങിൽ വന്ന് കരയുന്നത് കണ്ടു. പിന്നെ അതിനെ കണ്ടില്ല. അങ്ങിനെ സന്ധ്യയായി. പെട്ടി വീട്ടിൽ കൊണ്ടുപോയി വെച്ചു. രാത്രി നോക്കിയപ്പോൾ കുഞ്ഞു ഉറങ്ങുകയാണ്.
പിറ്റേന്ന് വീണ്ടും പാൽ ഒക്കെ കൊടുത്തു. വൈകുന്നേരം മിന്നു മോൾ പുറത്തുപോയ സമയത്ത്  ഞാൻ പെട്ടിയെടുത്ത് ഒരു തെങ്ങിന്റെ ചുവട്ടിൽ കൊണ്ടുപോയി വെച്ചു. കുറേ കാത്തിരുന്നപ്പോൾ തള്ള അണ്ണാൻ   ചിലച്ചു കൊണ്ട് തെങ്ങിലൂടെ ഇറങ്ങിവന്നു.
പെട്ടിയുടെ പുറത്ത് ഒക്കെ വന്ന് നോക്കി.
അപ്പോൾ ഞാൻ പെട്ടി തുറന്നു വെച്ചു. എന്നിട്ട് അല്പം മാറിനിന്നു. അപ്പോൾ തള്ള വന്നു. കുഞ്ഞിനെ ആകമാനം ഒന്ന് തലോടി  പതുക്കെ കടിച്ചു കൊണ്ടുപോയി. മിന്നൂസ് വന്നപ്പോഴേക്കും അണ്ണാനും കുഞ്ഞും തെങ്ങിന്റെ മുകളിൽ എത്തിയിരുന്നു. അവൾ ദൂരെ നിന്ന് നോക്കി സന്തോഷത്താൽ തുള്ളിച്ചാടി.

Saturday, November 10, 2018

മേശ


                കൂട്ടുകാരിയുടെ ആങ്ങളയുടെ കല്യാണത്തിനു പോകാന്‍  വന്നതായിരുന്നു മൂത്ത മകള്‍ ഷാഹിന . പെട്രോളിനു വില കൂടിയ ശേഷം ടൌണില്‍ പോകാന്‍ വണ്ടിയെടുക്കാന്‍ അല്‍പം മടിയാ. അതിനാല്‍ കല്യാണത്തിനു പോകുന്ന മകളുടെ കൂടെ ടൌണിലേക്ക് ഓസിയടിച്ചു. സ്വയം നിര്‍മ്മിത ഇങ്കുബേറ്ററില്‍ പുതിയതായി വിരിഞ്ഞ  കോഴിക്കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ വിറ്റാമിന്‍ മരുന്നും അല്‍പം കോഴിത്തീറ്റയും വാങ്ങലായിരുന്നു ലക്ഷ്യം.
                 സാധനങ്ങല്‍ വാങ്ങി ബസ് സ്റ്റാന്‍റില്‍ വന്നു നാട്ടിലേക്കുള്ള മിനി ബസ്സില്‍ കയറാന്‍ നോക്കുമ്പൊ സീറ്റെല്ലാം ഫുള്‍. കയ്യില്‍ ഘനമുള്ള കവറുമുണ്ട്.  അപ്പോഴാണു " വൃദ്ധര്‍" എന്നെഴുതിയ സീറ്റിലേക്ക് നോക്കിയത്. രണ്ടു പയ്യന്മാര്‍ സുഖമായി അവിടെ  ഇരിക്കുന്നു. ബസ്സിലെ എഴുത്തിലേക്ക് ചൂണ്ടി കാണിച്ചപ്പോള്‍  അവര്‍ എണീറ്റ് തന്നു. സ്വസ്ഥമായി സീറ്റിലിരുന്നപ്പോള്‍ തെല്ലൊരാശ്വാസം.  ബസ്സിലിരുന്നു പുറത്തേക്ക് നോക്കിയപ്പോള്‍ ചിന്തകള്‍ പുറകിലോട്ട് പോയി. എത്ര പെട്ടെന്നാ താനൊക്കെ വൃദ്ധരുടെ ലിസ്റ്റില്‍ കയറി കൂടിയത്? .
               രാവിലെ മകള്‍ വന്നപ്പോള്‍ തോന്നിയ ആശയമാ പൂട്ടിയിട്ട ആ  റൂമൊന്നു തുറന്ന്  അതിലെ സാധനങ്ങളൊക്കെ ഒന്നു തിരയാന്‍. അത്തരം പണികള്‍ അവള്‍ക്കും  കൌതുകമാ. പത്തിലും ഒമ്പതിലും പഠിക്കുന്ന രണ്ടാണ്‍ മക്കളുടെ ഉമ്മയായ അവള്‍ക്ക് തിരച്ചിലില്‍ അവളുടെ കല്യാണ ആല്‍ബവും  കിട്ടി. എന്‍റെ കണ്ണുടക്കിയത് കാലൊടിഞ്ഞ ആ പഴയ മേശയിലാ. ഒത്തിരി പഴക്കമുണ്ടാ മേശക്ക് . ഞാന്‍ ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ എന്‍റെ പിതാവിന്‍റെ വില പിടിച്ച രേഖകളും മറ്റും വെച്ചിരുന്നത് അതിലായിരുന്നു. അന്നതിനു നല്ലൊരു നാടന്‍ പൂട്ടുമുണ്ടായിരുന്നു. സ്റ്റെയിന്‍ ലെസ്സ് സ്റ്റീലില്‍ എന്‍റെ പിതാവ് തന്നെ രൂപ കല്‍പന  ചെയത അതിന്‍റെ താക്കോല്‍ ഇന്നും ഓര്‍മ്മയിലുണ്ട്. പിതാവിന്‍റെ മരണ ശേഷം  ആ മേശ എന്‍റേതായി. താക്കോള്‍ എവിടെയോ കളഞ്ഞു പോയി . എന്‍റെ പുസ്തകങ്ങളും മറ്റും അതില്‍ വെച്ചിരുന്നു. എന്‍റെ പഠനവും   മറ്റുമൊക്കെ അതിന്മേലായിരുന്നു. അന്ന് പേനയില്‍ മഷി നിറക്കുമ്പോള്‍ ചിന്തിപ്പോയ മഷിക്കറ ഇപ്പോഴും അതിന്മേലുണ്ട്. അതു പോലെ കല്ലു വെച്ചു കളിക്കാന്‍ കോമ്പസ് കൊണ്ട്  കോറിയുണ്ടാക്കിയ ചതുരക്കള്ളികളും!.   


    
                                                .
                  പിന്നീട് മൂത്ത മകനിലേക്കും അവനില്‍ നിന്ന്  മകളിലേക്കും കൈമാറ്റം നടന്നു. അവള്‍ പിന്നെ അനിയന്മാര്‍ക്കാര്‍ക്കും കൊടുത്തില്ല എന്ന് അതിന്മേല്‍ ഒട്ടിച്ചിരുന്ന അക്ഷരങ്ങള്‍ കൊണ്ടുള്ള സ്റ്റിക്കറില്‍ നിന്ന് മനസ്സിലായി . S-H-A-H-I-N-A-Z-I-R  എന്ന് അക്ഷരങ്ങളില്‍ അവള്‍ തീര്‍ത്തിരുന്നു. ഭര്‍ത്താവ്  നാസറിന്‍റെ പേരും ചേര്‍ത്ത് അങ്ങിനെയാ അവള്‍ എഴുതിയിരുന്നത്.
                 മകളുടെ സഹായത്തോടെ ഒരു വിധം  ആ നിധി താഴിയിറക്കി. മുറ്റത്ത് വെച്ച് പൊടിയൊക്കെ തട്ടി. ഒടിഞ്ഞ കാലും തപ്പിയെടുത്തു. ചെറിയ മുള്ളാണികളുടെ സഹായത്താല്‍ വേര്‍പ്പെട്ട ഭാഗങ്ങള്‍ നേരെയാക്കി . മേശയുടെ ആട്ടമൊക്കെ  തീര്‍ത്തു.    പിതാവിന്‍റെ ഒട്ടേറെ കരവിരുതുകള്‍ അതിന്മേല്‍ കാണാമായിരുന്നു. മരപ്പലകയില്‍ ചെറിയ പൊട്ടുകളോ തുളകളോ ഉള്ള ഭാഗത്ത് പിത്തളയുടെ  തകിടുപയോഗിച്ചാ മറച്ചിരുന്നത്. അന്നൊക്കെ അതായിരിക്കും കൂടുതല്‍ എളുപ്പവും ലാഭകരവും!. ( ഇന്നാണെങ്കില്‍ അല്‍പം എം സീലിന്‍റെ കാര്യമെ ഉള്ളൂ)   . .......
- - - - - - - - - - -
                  ചിന്തയില്‍ നിന്നുണര്‍ന്നപ്പോള്‍ ബസ് ഇറങ്ങേണ്ട സ്റ്റോപ്പിലെത്തിയിരുന്നു. ഘനമുള്ള പൊതി അടുത്തൊരു കടയില്‍ വെച്ചു. പിന്നീട് എടുത്തോളാമെന്നും പറഞ്ഞു  പതുക്കെ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തി മേശ പതുക്കെ തുറന്ന് നോക്കി. ഇനി ഇതിനെയൊന്നു കുളിപ്പിച്ചെടുത്ത് കുട്ടപ്പനാക്കണം. പണ്ടൊക്കെ പറമ്പിലുള്ള പാറോത്ത് എന്നൊരു മരത്തിന്‍റെ  ഇല കൊണ്ടായിരുന്നു മരത്തിന്‍റെ ഉരുപ്പടികളെല്ലാം തേച്ചു കഴുകിയിരുന്നത് .അതുമൊന്ന് പരീക്ഷിക്കണം . മേശ അടുത്ത തലമുറയിലെ  ആര്‍ക്കും വേണ്ടെങ്കിലും എനിക്കു വീണ്ടുമുപയോഗിക്കാമല്ലോ.?              


Saturday, October 20, 2018

അക്വാപോണിക്സ് പമ്പിനൊരു ടൈമര്‍ സ്വിച്ച്

Timer working video  You Tube ല്‍ കാണുക. https://youtu.be/WEn7J3BDaSk
സാധാരണ അക്വാ പോണിക്സ് കൃഷി രീതിയില്‍ പമ്പ് സെറ്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കാറാണു പതിവ്. ഇതിനു പകരമായി ഒരു ടൈമര്‍ ഉപയോഗിച്ച് പമ്പ് സെറ്റ് നിയന്ത്രിച്ചാല്‍ വൈദ്യുതി വളരെയധികം ലാഭിക്കാന്‍ കഴിയും.  അത്തരത്തില്‍ ഘടിപ്പിക്കാവുന്ന ഒരു ടൈമറാണു ഇവിടെ പരിചയപ്പെടുത്തുന്നത്. പമ്പ് സെറ്റ് പ്രവര്‍ത്തിക്കേണ്ട സമയവും പ്രവര്‍ത്തിക്കാതിരിക്കേണ്ട സമയവും നമ്മുടെ ഇഷ്ടാനുസരണം  ക്രമീകരിക്കാവുന്നതാണ്. 
താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ടിലെ പോലെ ടൈമര്‍ ബ്ലിങ്കിങ്ങ് [blinking] സെറ്റ് ചെയ്താല്‍  സമയം നമുക്ക് ക്രമീകരിക്കാം. K = 1,K= 2,K= 3,K= 4 ഇവ സെറ്റ് ചെയ്യുന്നതനുസരിച്ച് ഡിലേ വര്‍ദ്ധിപ്പിക്കാവുന്നതാണ്. Plus കൂട്ടാനും Minus കുറക്കാനും ഉപയോഗിക്കുക.
ഇതിനായി ടൈമറിലെ [ + ] ബട്ടണ്‍ അമര്‍ത്തിപ്പിടിച്ച് പവര്‍ സ്വിച്ച് ഓണാക്കുക. അപ്പോള്‍ പച്ചയും ചുകപ്പും LED ബള്‍ബുകള്‍ ഒന്നിച്ച് ബ്ലിങ്ക് ചെയ്യും. അങ്ങിനെ ഒരു പ്രാവശ്യം ബ്ലിങ്ക് ചെയ്താല്‍  K=1 രണ്ട് പ്രാവശ്യം ബ്ലിങ്ക് ചെയ്താല്‍ K=2............
അങ്ങിനെ K=? തീരുമാനിച്ച ശേഷം  ടൈമര്‍ സെറ്റ് ചെയ്യാവുന്നതാണ്.   ഇതിനായി [-] ബട്ടണ്‍ അമര്‍ത്തി പിടിച്ച് പവര്‍ സ്വിച്ച് ഓണാക്കുക. എന്നിട്ട് LED ബ്ലിങ്ക് ചെയ്യുന്നത് എണ്ണൂക. തന്നിട്ടുള്ള ചാര്‍ട്ടില്‍ നോക്കി ഓണാകാനും ഓഫാവാനുമുള്ള സമയംസെറ്റ് ചെയ്യാവുന്നതാണ്. Plus കൂട്ടാനും Minus കുറക്കാനും ഉപയോഗിക്കുക. എക്സലില്‍ ഉള്ള ചാര്‍ട്ട് സൌകര്യത്തിനായി  പിക്ചര്‍ ആയി കൊടുത്തിട്ടുണ്ട്.
ഞാന്‍ സാധാരണ 10  മിനിറ്റ് പമ്പ് ഓണും 20 മിനിറ്റ് ഓഫുമായി ക്രമീകരിക്കാറാണു പതിവ്. ഇത് നമ്മുടെ ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ പറ്റും. ഈ 10 മിനിറ്റ് ഓണ്‍ ആയി സെറ്റ് ചെയ്യാന്‍ ആദ്യം [-] ബട്ടണ്‍ അമര്‍ത്തിപ്പിടിച്ച് പവര്‍ സ്വിച്ച് ഓണാക്കുക. അപ്പോള്‍ പച്ച എത്ര പ്രാവശ്യം മിന്നുന്നു എന്ന് എണ്ണൂക.അത് 10 പ്രാവശ്യം ആയിരിക്കണം . എണ്ണം കൂട്ടുവാന്‍ [+] ഉം കുറക്കാന്‍ [-] ഉം അമര്‍ത്തി പിടിച്ച് വിത്യാസം ചേര്‍ക്കുക. ഉദാഹരണത്തിനു ആദ്യം പച്ച 12 പ്രാവശ്യം മിന്നുന്നുവെങ്കില്‍ 12 ആമത്തെ മിന്നിയതിനു ശേഷം [-] അമര്‍ത്തി 2 പ്രാവശ്യം മിന്നാന്‍ അനുവദിക്കുക. അപ്പോള്‍ 10 സെറ്റ് ആയിട്ടുണ്ടാവും. ഇനി അഥവാ ആദ്യം 8 ആനെങ്കില്‍ [+] അമര്‍ത്തി 2 പ്രാവശ്യം കൂടി മിന്നാന്‍ അനുവദിക്കുക.  അടുത്തത് ഓഫ് ടൈം സെറ്റ് ചെയ്യാന്‍ അല്‍പം വിത്യാസമുണ്ട്. ഇതില്‍ ചാര്‍ട്ട് പ്രകാരം 20 മിനിറ്റ് ഓഫാകാന്‍ 4 പ്രാവശ്യം ചുകപ്പ് മിന്നിയാല്‍ മതി.  അതിനായി ചുകപ്പു ലൈറ്റ് മിന്നുമ്പോള്‍ എണ്ണൂക. അതിനെ 4 വരത്തക്കവണ്ണം ക്രമീകരിക്കുക. [+] ഉപയോഗിച്ച് കൂട്ടുകയും [-] ഉപയോഗിച്ച് കുറക്കുകയും ചെയ്യുക. ഇങ്ങിനെ ചാര്‍ട്ട്  നോക്കി നമുക്ക് ആവശ്യാനുസരണം സെറ്റ് ചെയ്യാവുന്നതാണ്.ഓണ്‍ചെയ്ത ഉടനെചുവന്ന LED  60 പ്രാവശ്യം [ഒരു മിനിറ്റ് ] മിന്നിയതിനു ശേഷമായിരിക്കും പമ്പ് പ്രവര്‍ത്തിക്കുക. അപ്പോള്‍ പച്ച LED മിന്നിക്കൊണ്ടിരിക്കും.

Monday, September 4, 2017

ടെറസ്സിലെ ചാനല്‍ കൃഷി.

ഇന്ന് അല്‍പം ടെക്നിക്കല്‍ ആയ ഒരു വിഷയമാണു അവതരിപ്പിക്കുന്നത്. നമ്മളെല്ലാം ടെലിവിഷന്‍ പരിപാടികള്‍ കാണുന്നു. മിക്കവരും ഒന്നുകില്‍ കേബിള്‍ അല്ലെങ്കില്‍ കണക്ഷന്‍ പാക്കേജുകള്‍ ആണുപയോഗിക്കുന്നത്.  എന്നാല്‍ പണ്ടു  മുതലെ ഞാന്‍ സ്വന്തമായി ഡിഷ് ആന്‍റിന വെച്ചു പരിപാടികല്‍ കാണുന്നു. എന്നെ പോലെ മറ്റു ചുരുക്കം ചിലരെയും ഇതു പോലെ കണ്ടേക്കാം.  അത്തരം കിറുക്കന്മാര്‍ക്ക് താല്‍പര്യമുള്ള ഒരു കാര്യമാണു പറയാന്‍ പോകുന്നത്.
നമ്മള്‍ സീ ബാന്‍റിലും കെ.യു ബാന്‍റിലുമുള്ള സാറ്റലൈറ്റ് ചാനലുകളാണല്ലോ റിസീവറിലൂടെ കാണുന്നത്.  അങ്ങിനെ വെക്കുമ്പോള്‍ ഒരേ സമയം പരമാവധി 4 എല്‍.എന്‍.ബി വരെ മാത്രമേ ഒരു റിസീവറിലേക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ. അതില്‍ നിന്നൊരു മോചനം കിട്ടാന്‍ പുതിയൊരു ചെപ്പടി വിദ്യ കണ്ടു പിടിച്ചു. ഇപ്പൊ ഒരേ സമയം 8 എല്‍.എന്‍.ബി വരെ  ഒരു റിസീവറില്‍  ബന്ധിപ്പിക്കാന്‍ കഴിയുന്നു.
12 വോള്‍ട്ടിന്‍റെ   ഒരു  റിലേ ഉപയോഗിച്ചാണീ പരിപാടി ഒപ്പിക്കുന്നത്.
താഴെ നമ്മുടെ റൂമില്‍ നിന്ന് ഈ റിലേ നിയന്ത്രിക്കാന്‍ ഒരു വയറിലൂടെ വൈദ്യുതി അയക്കേണ്ടതുണ്ട്.  അതിനായി പണ്ടു നമ്മള്‍ ടീ വി ആന്‍റിന  ബൂസ്റ്ററില്‍ ഉപയോഗിച്ചിരുന്ന പവര്‍ സപ്ലെ ആണുപയോഗിക്കുന്നത്. ഇതിനകത്തെ  ട്രാന്സ്ഫോര്‍മര്‍ മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ . പുറത്തേക്കു വരുന്ന 18 വോള്‍ട്ട് [ഏകദേശം] ഏ.സി വൈദ്യുതി ഒരു വയറിലൂടെ ഡിഷിന്‍റെ അടുത്തേക്കയക്കുന്നു. അവിടെ വെച്ചു ഈ വൈദ്യുതി ഡി.സി ആക്കി ഒരു റെഗുലേറ്റര്‍ ഐ.സി മുഖേന 12 വോള്‍ട്ടാക്കി ക്രമീകരിക്കുന്നു. ഇനി ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സര്‍ക്യൂട്ടിലെ റിലേ പ്രവര്‍ത്തിപ്പിച്ചു Diseque switch പ്രവര്‍ത്തിപ്പിക്കുന്നു. ഡയഗ്രം നോക്കുക.


ആദ്യം പവര്‍ സപ്ലെ ഓഫ് പൊസിഷനില്‍  Diseque switch-1 ല്‍ ഘടിപ്പിച്ച 4 LNB കള്‍ പ്രവര്‍ത്തിപ്പിക്കുന്നു. പിന്നീട് പവര്‍ സപ്ലെ ഓണാക്കുമ്പോള്‍   Diseque switch-2 പ്രവര്‍ത്തിക്കുന്നു.  അപ്പോള്‍ അതില്‍ ഘടിപ്പിച്ച 4 LNB കള്‍  പ്രവര്‍ത്തിക്കുന്നു. അങ്ങിനെ മൊത്തം 8 LNB കളുടെ പ്രവര്‍ത്തനം നമുക്ക് താഴെ നിന്ന്  നിയന്ത്രിക്കാന്‍ കഴിയുന്നു.
3ഡിഷുകളില്‍ 5 LNBഇതിനകത്താണ് റിലേ സര്‍ക്യൂട്ട്

2 Diseque  switches
 ഇപ്പോള്‍ ഞാന്‍ തല്‍ക്കാലം 5 സാറ്റലൈറ്റുകളിലെ പരിപാടികളാണ് കാണുന്നത്. ഇനി 3 എണ്ണം കൂടി ഇതില്‍ ഘടിപ്പിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഫ്രീ ആയി ലഭിക്കുന്ന ചാനലുകള്‍ ആയതിനാല്‍ മാസ വരി സംഖ്യയുടെ ആവശ്യവുമില്ല.
അടുക്കളത്തോട്ടം.

ഓണവും പെരുന്നാളും വന്നപ്പൊ ഭക്ഷണത്തെ പറ്റിയും അതിലെ വിഷത്തെയും ഓര്‍ത്തപ്പോള്‍ ഒരു പോസ്റ്റിടാമെന്നു വിചാരിച്ചു.
നമ്മുടെ നിത്യ ജീവിതത്തില്‍ ആരോഗ്യപരമായ ഒരു ഭക്ഷണ ക്രമമാണു വേണ്ടത്. അതിനു വിഷമയമല്ലാത്ത പച്ചക്കറിയും മീനും മാംസവും നമ്മള്‍ തന്നെ ഉൽപാദിപ്പിച്ചു നല്ല നിലയില്‍ നാടന്‍ രീതിയില്‍ പാകം ചെയ്തു ഭക്ഷിക്കണം. അതിന്നായി എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം വേണം . മലയാളിയും മണ്ണുമായുള്ള ബന്ധം തീര്‍ത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോഴുള്ളത്. ഒരു കുടുംബത്തിലേക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വ പ്രയത്നം കൊണ്ടു നേടിയെടുക്കാന്‍  കഴിയുമെന്നത്  അവഗണിക്കാവുന്ന ഒരു കാര്യമല്ല. പണവും സമയവും നഷ്ടപ്പെടുത്താതെ തന്നെ , ശാരീരികാരോഗ്യം  നില നിര്‍ത്താനും,ആഹ്ലാദപൂര്‍ണ്ണമായ കുടുംബ ജീവിതം നയിക്കാനും ,രുചികരമായ ഭക്ഷണം തൃപ്തിയോടെ കഴിക്കാനും നമുക്ക് അവസരം ലഭിക്കുമെങ്കില്‍   അതു വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ നാം മടിച്ചു നില്‍ക്കുന്നത് ശരിയല്ല. വീട്ടിലെ കുടുംബാംഗങ്ങള്‍ മൊത്തം സഹകരി ച്ചാല്‍ നമുക്കാവശ്യമായ പച്ചക്കറികള്‍  വളരെ എളുപ്പത്തിലും രസകരമായും കൃഷി ചെയ്യാന്‍ സാധിക്കും.                  
 പച്ചക്കറി കൃഷി ചെയ്യാന്‍ വിശാലമായ വയലും പുരയിടവും ആവശ്യമാണെന്ന ധാരണ തെറ്റാണ്. മണ്ണും വെള്ളവും അതോടൊപ്പം നല്ല സൂര്യ പ്രകാശവും ലഭിക്കുന്ന എവിടെയും നമുക്ക് കൃഷി ചെയ്യാം. ടെറസ്സിലോ മുറ്റത്തെ മതിലിന്മേലോ ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ എളുപ്പമാണ്. കറിവെക്കാൻ പച്ചക്കറി ആവശ്യമുള്ളപ്പോൾ, സ്വന്തം മട്ടുപ്പാവിൽ സ്വയം നട്ടുവളർത്തിയ ചെടികളിൽനിന്ന് പച്ചപ്പു മാറാതെ ഇറുത്തെടുത്ത വിളവുകൾ തന്നെ ഉപയോഗിക്കുക എന്ന ആശയത്തിൽ നിന്നാണു് ടെറസ് കൃഷി പ്രചോദനം ഉൾക്കൊള്ളുന്നതു്.
                   ഓരോരുത്തർക്കും ആവശ്യമുള്ള ഭക്ഷണം സ്വയം അദ്ധ്വാനിച്ച് ഉത്പാദിപ്പിക്കുക, അതോടൊപ്പം പ്രകൃതിയെ കൂടുതൽ അടുത്തുകണ്ട് പഠിക്കുക എന്നീ സാമൂഹ്യലക്ഷ്യങ്ങൾ കൂടി ടെറസ്സ് കൃഷിയെ പ്രചോദിപ്പിക്കുന്നു. വിപണിയുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി, അമിതമായ കീടനാശിനി പ്രയോഗത്തിനും അനാരോഗ്യകരമായ ഉൽപാദനരീതികൾക്കും വിധേയമായ, പുതുമ നഷ്ടപ്പെട്ട ഭക്ഷ്യവിളകൾ വാങ്ങാൻ നിർബന്ധിക്കപ്പെടാത്ത സാമ്പത്തികസ്വാതന്ത്ര്യം കൂടിയാണു് ഈ നൂതനകൃഷിരീതി വഴി ലഭ്യമാകുന്നതു്.വളരെ കുറഞ്ഞ അളവു് മണ്ണ്, ആവശ്യത്തിനു മാത്രം വെള്ളം, അന്യഥാ വെറുതെ നഷ്ടപ്പെട്ടുപോകുന്ന സൗരോർജ്ജം, നീക്കം ചെയ്യുക എന്നതു് ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ജൈവാവശിഷ്ടങ്ങൾ എന്നിവ ഏറ്റവും യുക്തിസഹമായി പ്രയോജനപ്പെടുത്തിയാണു് ടെറസ് കൃഷി വിജയകരമായി നടത്തുന്നതു്.
                    ഊർജ്ജം, ജലം, കൃഷിഭൂമി മുതലായി അനുദിനം ചുരുങ്ങിവരുന്ന പ്രകൃതിവിഭവങ്ങൾ കൂടുതൽ സമർത്ഥമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുത്തൻപ്രവണത കൂടിയാണു് ടെറസ്സ് കൃഷി. വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി,മുളക് മുതലായവ എളുപ്പത്തിൽ കൃഷി ചെയ്യാം. ഇവകൂടാതെ പരീക്ഷണ അടിസ്ഥാനത്തിൽ എല്ലായിനം ഹ്രസ്വകാല വിളകളും കിഴങ്ങുകളും ടെറസ്സിൽ കൃഷി ചെയ്യാം .
                    ശക്തമായ മഴക്കാലം  അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാൻ  ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബർ  മദ്ധ്യത്തിൽ) കൃഷി തുടങ്ങിയാൽ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടർന്നു  വരുന്ന തുലാവർഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവർഷം  ആരംഭിക്കുന്നതിന് അല്പദിവസം മുൻപ് കൃഷി അവസാനിപ്പിച്ച് ടെറസ്സ്  വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീൻ ഷീറ്റ്  കൊണ്ട് മഴനനയാതെ മൂടിയാൽ അടുത്ത കൃഷിക്ക് അതേ മണ്ണ് ഇളക്കിയെടുത്ത്  ഉപയോഗിക്കാം.
                    പോളിത്തീൻ കവറിലും ചാക്കിലും മണ്ണ്  നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തിൽ  മണ്ണ് നിറച്ചാൽ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങൾ  ആവശ്യമാണ്. സുതാര്യമായ പോളിത്തീൻ കവറിൽ കൃഷി ചെയ്യരുത്. വേരുകൾക്ക്  സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളർച്ചയെ തകരാറിലാക്കും. പ്രത്യേക തരം ഗ്രോ ബാഗുകള്‍ ഇപ്പോള്‍ കടകളില്‍ ലഭ്യമാന്.  ചെടിനട്ടതിനു  ശേഷം വളർച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേർക്കേണ്ടി വരുന്നതിനാൽ  ആദ്യമേ കൂടുതൽ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സിൽ ഇഷ്ടം‌പോലെ സൂര്യപ്രകാശം  ലഭിക്കുന്നതിനാൽ വളർച്ചക്കനുസരിച്ച്  ചെടികൾ തമ്മിലുള്ള അകലം ക്രമീകരിക്കാം. മൂന്ന് വർഷം വരെ ഉപയോഗിക്കാൻ സാധിക്കുന്ന ഉൾഭാഗം കറുപ്പുള്ള  ഗ്രോബാഗുകൾ  ഇപ്പോൾ നമ്മുടെ നാട്ടിൽ എല്ലായിടത്തും ലഭ്യമാണ് . അതിൽ തന്നെ വലുതും ചെറുതും  ലഭ്യമാണ് , വലിയ തരം  വാങ്ങുന്നതാണ് നല്ലത് . ഇത് ഉപയോഗിക്കാനും എളുപ്പം .   
                    പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോൾ അടിയിൽ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണൽ(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങൾ ആദിയായവ ലഭ്യതയനുസരിച്ച് മിക്സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതിൽ ഉണങ്ങിയ ചാണകം കൂടുതൽ ചേർക്കുന്നത് പച്ചക്കറിയുടെ വളർച്ചക്ക് നല്ലതാണ്. ടെറസ്സിൽ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകൾ നടേണ്ടത്.
                     ടെറസ്സ്കൃഷിയിൽ  രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത്  നിർത്തിയാൽ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാൻ  കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി  ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവർ വീട് അടച്ചുപൂട്ടി  രണ്ട് ദിവസം ടൂർ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത്  ടെറസ്സിലാവുമ്പോൾ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത്  രണ്ട്‌ നേരമെങ്കിലും കർഷകൻ ടെറസ്സിൽ കയറണം. വളർച്ചയുടെ ഓരോ ഘട്ടത്തിലും  അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളം‌ചേർത്ത്, കീടങ്ങളെ നശിപ്പിച്ച്,  പാകമായ പച്ചക്കറികൾ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം  ചെലവഴിക്കണം.
                      ചെടികൾ നടാനായി മണ്ണ് തയ്യാറാക്കുമ്പോൾ‌തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിൻ‌പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ ഇടയ്ക്കിടെ ചേർത്താൽ സസ്യങ്ങൾ നന്നായി വളരും. ഒടുവിൽ പറഞ്ഞവ ചെടിയുടെ ചുവട്ടിൽനിന്നും അഞ്ച് സെന്റീമീറ്റർ അകലെയായി മാത്രം ചേർക്കുകയും പൂർണ്ണമായി മണ്ണിനടിയിൽ ആയിരിക്കുകയും വേണം. വേപ്പിൻപിണ്ണാക്ക് ചെടി നടുമ്പോൾ മണ്ണിനടിയിൽ വളരെകുറച്ച് മാത്രം ചേർത്താൽ മതി. രണ്ട് ആഴ്ചയിൽ ഒരു തവണയെങ്കിലും വളം ചേർക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോൾ പുതിയമണ്ണ് ചെടിയുടെ ചുവട്ടിൽ ഇടുന്നതാണ് നല്ലത്.                      അതു പോലെ അക്വാ പോണിക്സ് എന്നൊരു പുതിയ കൃഷി രീതി ഇപ്പോള്‍ സര്‍വ്വത്ര പ്രചാരമായിക്കൊണ്ടിരിക്കുന്നു. മല്‍സ്യം വളര്‍ത്തലും പച്ചക്കറി കൃഷിയും ഒന്നിച്ചു നടത്താമെന്നതാണു ഇതിന്‍റെ പ്രത്യേകത. മല്‍സ്യം വളര്‍ത്താന്‍ ഒരു ചെറിയ  ടാങ്കാണു ആദ്യമായി വേണ്ടത്. ടാങ്കിനു പകരം ഒരു കുഴിയുണ്ടാക്കി അതില്‍ ടാര്‍പോളിന്‍ വിരിച്ചും വെള്ളം  നിറക്കാവുന്നതാണ്.  ടാങ്കില്‍ മല്‍സ്യത്തെ വളര്‍ത്തി ആ മല്‍സ്യത്തിന്‍റെവിസര്‍ജ്ജ്യം കലര്‍ന്ന വെള്ളം ഒരു ചെറിയ പമ്പുപയോഗിച്ചു ചെടികള്‍ വളര്‍ത്തുന്ന ബക്കറ്റ് / പ്ലാസ്റ്റിക്ക് പാത്രങ്ങള്‍  എന്നിവയിലൂടെ പ്രവഹിപ്പിച്ച്   വീണ്ടും ശുദ്ധീകരിക്കപ്പെട്ട് മല്‍സ്യ ടാങ്കിലേക്ക് തന്നെ ഒഴുകിയെത്തുന്നു.  മല്‍സ്യ ടാങ്കിലെ അമോണിയ കലര്‍ന്ന വെള്ളത്തില്‍ നിന്ന് പോഷക മൂല്യങ്ങള്‍ ചെടി വലിച്ചെടുക്കുന്നു. ഇപ്രകാരം ചെയ്യുമ്പോള്‍ പ്രത്യേകിച്ചു നനയുടെയും വളപ്രയോഗത്തിന്‍റെയും ആവശ്യമില്ല. ടാങ്കിലെ വെള്ളം എപ്പോഴും പമ്പു ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ മല്‍സ്യങ്ങള്‍ക്ക് ധാരാളം ഓക്സിജന്‍ ലഭികുകയും ചെയ്യുന്നു. ആയതിനാല്‍ ടാങ്കിലെ വെള്ളം എപ്പോഴും മാറ്റേണ്ട ആവശ്യമില്ല. കുറവു വരുന്ന ജലം ഇടയ്ക്കിടെനികത്തിയാല്‍ മതി.                       അക്വാപോണിക്സ് കൃഷിക്ക് മണ്ണ് തീരെ ആവശ്യമില്ല. പകരം കരിങ്കള്‍ ചീളുകള്‍ നിറച്ച ബക്കറ്റുകളാണുപയോഗിക്കുന്നത് . അര ഇഞ്ചു മെറ്റലോ ബേബി മെറ്റലോ ഉപയോഗിക്കാം. നല്ലവണ്ണം കഴുകിയ മെറ്റലാണുപയോഗിക്കുന്നത്. വളരെ കുറച്ചു മാത്രം വൈദ്യുതി  ഉപയോഗിക്കുന്ന വെള്ളത്തില്‍ ഇറക്കി വെക്കാവുന്ന പമ്പാണുപയോഗിക്കുന്നത്.  ഒരു ടൈമര്‍ കൂടി ഘടിപ്പിച്ചാല്‍ പമ്പു തുടര്‍ച്ചയായി ഉപയോഗിക്കാതെ ആവശ്യാനുസരണം ഇടവേളകള്‍ നല്‍കി ഉപയോഗിക്കാവുന്നതാണ്. അപ്പോള്‍ വൈദ്യുതി ചിലവ് ലാഭിക്കുകയും ചെയ്യാം. ഒരേ സമയം മല്‍സ്യവും പച്ചക്കറികളും വളര്‍ത്തി നമുക്കാവശ്യമായ പച്ചക്കറിയും മല്‍സ്യവും വീട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാവുന്നതാണ്. മല്‍സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി.  തിലോപ്പി, നട്ടര്‍ , കട്ട് ല  മുതലായ പല തരം മല്‍സ്യങ്ങളും ഒന്നിച്ചു വളര്‍ത്താവുന്നതാണ്. 
                      കൃഷിയോടൊപ്പം നല്ലൊരു ഹോബി കൂടിയാണ് അക്വാപോണിക്സ് കൃഷി. വീട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതു പ്രത്യേക ആനന്ദം തരുന്നു. അതു വഴി ജീവിതത്തിലെ പിരി മുറുക്കങ്ങള്‍ക്ക് ആശ്വാസവും ലഭിക്കും.  കമ്പ്യൂട്ടറും ഇന്‍റെര്‍നെറ്റും സര്‍വ്വ ത്ര വ്യാപകമായ ഇക്കാലത്ത് കൂടുതല്‍ കൃഷി അറിവുകള്‍ ലഭിക്കുവാന്‍ വളരെ എളുപ്പമാണ്.  ഫേസ് ബുക്കില്‍ ഏതാനും സുഹൃത്തുക്കളുടെ സഹകരണത്തോടെ അടുക്കളത്തോട്ടം എന്നൊരു ഗ്രൂപ്പ് നടത്തുന്നുണ്ട് . താല്‍പര്യമുള്ളവര്‍ക്ക് അതില്‍ അംഗമായാല്‍ ദിവസവും പുതിയ കൃഷി അറിവുകള്‍ ലഭിക്കുകയും ചര്‍ച്ചകള്‍ വഴി സംശയ നിവാരണം  നടത്തുകയും ചെയ്യാം. കൂടാതെ അംഗങ്ങള്‍ തമ്മില്‍ വിത്തുകള്‍ കൈമാറ്റം ചെയ്യുന്ന ഒരേര്‍പ്പാടുമുണ്ട്. അങ്ങിനെ സൌജന്യമായി നമുക്കാവശ്യമായ നല്ലയിനം വിത്തുകള്‍ ലഭിക്കും.
                     ഫേസ് ബുക്കിലെ  അടുക്കളത്തോട്ടം എന്ന ഗ്രൂപ്പിന്‍റെ വിലാസം  https://www.facebook.com/groups/adukalathottam/ എന്നാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കാം 9400542294.