Friday, December 2, 2011

കൂടോത്രം!.

നാടന്‍ കോഴികളെ വളര്‍ത്തല്‍ ഒരു ശീലമാക്കിയ ശേഷം ഒരു ദിവസം ആരംഭിക്കുന്നതു തന്നെ കോഴിക്കൂടു തുറന്നു കൊണ്ടാണ്. ഒരു പാത്രത്തില്‍ കുറച്ചരിയുമായി ചെന്ന് സാവധാനം കൂടു (3 മുറികളായി) തുറന്നു എല്ലാവരെയും നിരീക്ഷിക്കും ചിലപ്പോള്‍ മുട്ടകള്‍ ഉണ്ടാവും അതും എടുക്കും. പിന്നെ അവര്‍ക്ക് തീറ്റ കൊടുത്ത ശേഷമേ ബാക്കി കാര്യങ്ങളുള്ളൂ.


ചുരുക്കി പറഞ്ഞാല്‍ കോഴികളുടെ മൊത്തം ചാര്‍ജ്ജ് ശ്രീമതിയേക്കാള്‍ എനിക്കാണ്. ചില കോഴികള്‍ മുട്ടയിടാന്‍ എത്ര പ്രാവശ്യം കൂടു കാണിച്ചു കൊടുത്താലും ഇലക്ക്ട്രിക് മീറ്റര്‍ ബോഡിന്റെ മുകളിലും ഷണ്‍ ഷെയിഡിലും കയറിയിറങ്ങും. പിന്നെ അവയെ ഓടിചു കൂട്ടില്‍ കയറ്റുന്ന ജോലിയും മുട്ടയിട്ട “അനൌണ്‍സുമെന്റ് ” കേട്ടാല്‍ കൂട്ടില്‍  ചെന്ന് മുട്ട കൊണ്ടു വരലും എന്റെ ഡ്യൂട്ടിയില്‍ പെടും!.

പിന്നെ ശ്രീമതി ചില പൊടികൈകളൊക്കെ പറഞ്ഞു തരാറുണ്ട്. അതായത് കൂട്ടില്‍ നിന്നു മുട്ടയെടുത്താല്‍ ഒരു കരിക്കട്ട കൊണ്ട് അന്നത്തെ തീയതി അതില്‍ മാര്‍ക്ക് ചെയ്യാന്‍ പറയും. പ്രയോറിറ്റി അനുസരിച്ച് മുട്ട ഉപയോഗിക്കാന്‍ അതുപകാരപ്പെടുന്നു.

അങ്ങിനെ കോഴികള്‍ മുട്ടയിട്ടും ഞാനവ ശേഖരിച്ചും കഴിയുന്നതിന്നിടയില്‍ അടുത്തൊരു വീട്ടുകാര്‍ കുറച്ചു മുട്ട ചോദിച്ചു, വിലക്കു തന്നെ. ശ്രീമതി അതും കൊണ്ടവിടെ ചെന്നപ്പോള്‍  ആ വീട്ടില്‍ ആളില്ല, അവര്‍ അടുത്തെവിടെയോ പോയതാണ്. ശ്രീമതിയപ്പോള്‍ മുട്ടകള്‍ മറ്റൊരു വീട്ടില്‍ കൊടുത്തേല്പിച്ചു.

സന്ധ്യയായപ്പോള്‍ മുട്ടയുടെ അവകാശിയുടെ വക ഒരു ടെലഫോണ്‍ കാള്‍. ശ്രീമതിയാണ് ഫോണെടുത്തത്. കുറെ സംസാരിച്ച ശേഷം ചിരിച്ചു കൊണ്ടാവളുടെ വരവ്. കാര്യമെന്തെന്നോ വീട്ടുകാര്‍ വന്നപ്പോള്‍ തന്നെ അയല്‍ക്കാര്‍ മുട്ട കൊടുത്തിരുന്നു. എന്നാല്‍ അവിടെ അപ്പോള്‍ വിരുന്ന വന്ന ചിലര്‍ക്ക് ഈ മുട്ടകള്‍  കണ്ടപ്പോള്‍ എന്തോ പന്തി കേട് തോന്നിയത്രെ!.. “ ഇതെന്തോ കൂടോത്രം ചെയ്യാന്‍ ഉപയോഗിച്ച മുട്ടകളാ....തിന്നാന്‍ കൊള്ളില്ല!, അതില്‍ കരിയില്‍ ചില അക്കങ്ങളൊക്കെ കണ്ടില്ലെ? ”

അപ്പോ അതാണ് അവളുടെ ചിരിക്കു കാരണം. ഒരു വിധം കാര്യങ്ങല്‍ അവരെ പറഞ്ഞു മനസ്സിലാക്കിയത്രെ!.

25 comments:

കുന്നെക്കാടന്‍ said...

രസകരമായി അവതരിപ്പിച്ചു

Vp Ahmed said...

അപ്പോള്‍ കൂടോത്രവും വശമാണ് അല്ലെ. തിയ്യതി അടയാളപ്പെടുത്തലാണ് പോലും...................

mini//മിനി said...

ഇക്കാലത്ത് കൂടോത്രം പഠിക്കാതെ ജീവിക്കാൻ പറ്റില്ല, എന്ന് പറഞ്ഞേക്ക്,,
കൂടോത്രത്തിനും അയൽക്കാരിക്കും നന്ദി. അങ്ങനെയെങ്കിലും ഒരു പോസ്റ്റ് വായിക്കാൻ കഴിഞ്ഞല്ലൊ,,,

SHANAVAS said...

വളരെ രസകരം ആയി അവതരണം..ശെരിക്കും ഡേറ്റ് തന്നെ ഇട്ടതാണോ???അതോ...കൂടോത്രവും ഒക്കെ ഉണ്ടോ...എനിക്ക് സംശയം ഉണ്ട്...ആശംസകളോടെ..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കൂടോത്രം ഒക്കെ ഇപ്പോഴും ചെയ്യുന്നവരുണ്ടോ ?മനുഷ്യര്‍ എത്ര പുരോഗമിച്ചാലും മാറില്ല അല്ലെ ?

പട്ടേപ്പാടം റാംജി said...

കൂടോത്രം ചെയ്തിട്ട് തിയതി ഇട്ടതാണെന്ന് ആണെന്ന് അല്ലെ? ഹ ഹ ഹ
ഇപ്പോള്‍ എല്ലാവര്ക്കും എല്ലാവരെയും എന്തിനെയും സംശയമാണ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈ കൂടോത്രം, അറബി അക്കങ്ങള്‍ കൊണ്ടായിരുന്നു കൂടുതല്‍ നല്ലത്
ഏതായാലും കൂടോത്രം ചെയ്ത കുറച്ചു നാടന്‍ മുട്ടകള്‍ വേണമായിരുന്നു.അടുത്ത ലീവിന് അവിടെ വന്നാല്‍ കിട്ടുമോ?

സാബിബാവ said...

വിശ്വാസം നഷ്ട്ടമായ മനസ്സും കണ്ണുകളും. മുട്ടയെ പോലും വെറുതെ വിടില്ല .
പോസ്റ്റ്‌ അല്പം രസിപ്പിച്ചു.

വര്‍ഷിണി* വിനോദിനി said...

ബ്ലോഗിലും എന്തൊക്കെയോ കൂടോത്രങ്ങള്‍ ചെയ്തു വെച്ചിട്ടുണ്ട് ഈ ഇക്ക...
ഇവിടെ വന്നപ്പോള്‍ ഒരു തല ചുറ്റല്‍....കണ്ണുതുറന്നപ്പോഴുണ്ട് ബ്ലോഗ് വന്ന് മുന്നില്‍ വീഴുന്നു...
ഇത് എനിയ്ക്കു മാത്രം അനുഭവപ്പെട്ടതാണോ എന്തോ..!

ഇങ്ങനെ ഓരോ നുറുങ്ങുകള്‍ ആസ്വാദിയ്ക്കാന്‍ നല്ല രസമാണല്ലേ ഇക്കാ..
പങ്കു വെച്ചതില്‍ നന്ദി ട്ടൊ..!

mayflowers said...

ഇത് ശരിക്കും ചിരിക്കാനുണ്ട്...!

sherriff kottarakara said...

ശരീരം ആസകലം ചൊറിച്ചില്‍ ഉള്ള ഒരു രോഗിക്ക് ഹോമിയോ ഡോക്റ്റര്‍ ശരിക്കുമുള്ള മരുന്നു കൊടുത്തു.രോഗം മാറുമെന്ന് ഡോക്റ്റര്‍ക്ക് ഉറപ്പ് ഉണ്ട്. പക്ഷേ അല്‍പ്പം ദൂരെ അല്‍പ്പമൊക്കെ വേലത്തരം കൊണ്ട് ജീവിക്കുന്ന ഒരു തങ്ങളുടെ വീട് രോഗി ഡോക്റ്ററോട് തിരക്കിയപ്പോള്‍ അദ്ദേഹത്തിനു ഒരു കാര്യം മനസിലായി,തന്റെ മരുന്ന് കൊണ്ട് രോഗം മാറുമെങ്കിലും തങ്ങള്‍ ഉപ്പാപ്പായുടെ വീട്ടില്‍ പോയി അവിടെന്ന് മന്ത്രിച്ചൂതിയത് കഴിക്കുന്ന രോഗി ഉപ്പാപ്പായുടെ മന്ത്രം കൊണ്ടും കൂടിയാണ് തന്റെ രോഗം മാറിയതെന്ന് വിശ്വസിക്കുമെന്ന്. ഡോക്റ്റര്‍ക്ക് അത് ഇഷ്ടമായില്ല. രോഗിയോട് ഡോക്റ്റര്‍ പറഞ്ഞു, ഞാനും ഒരു തങ്ങള്‍ ആണ്, മന്ത്രം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ചെയ്ത് തരാമെന്ന്.അദ്ദേഹം ഒരു വെള്ള കടലാസ്സില്‍ പല കളങ്ങള്‍ വരച്ച് എന്തോ ഏതോ അറബി അക്ഷരങ്ങളും നടുക്ക് ഒരു -786-ം കാച്ചി കൊടുത്തു. ഈ കടലാസ്സ് ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ട് കുറേ കഴിയുമ്പോള്‍ ആ വെള്ളം കുടിക്കാനും പറഞ്ഞു. മന്ത്രത്തിനു പൈസാ വാങ്ങിയില്ല.ഇതിനു സാക്ഷിയായി അന്തം വിട്ടു നിന്ന എന്നെ നോക്കി അദ്ദേഹം കണ്ണിറുക്കി കാണിച്ചു. മൂന്നാം ദിവസം രോഗി സന്തോഷത്തോടെ വന്ന് പറഞ്ഞു രോഗത്തിനു വലിയ ആശ്വാസമുണ്ടെന്ന്. പിന്നീട് ഒരു മാസം ഡോക്റ്റര്‍ മരുന്ന് കൊടുത്ത് ആ രോഗം മാറ്റി. ഒരു കാര്യം പറയാന്‍ വിട്ടു പോയി; എന്താണ് ഡോക്റ്റര്‍ ആ കടലാസ്സില്‍ എഴുതി കൊടുത്തതെന്ന് ഞാന്‍ അദ്ദേഹത്തോട് തിരക്കി. അറബിയിലെ ആല്‍ഫബെറ്റ്, അതായത് നമ്മുടെ അലിഫ്, ബ, താ തുടങ്ങി അവസാനം വസ്സലാം എന്ന് അവസാനിപ്പിക്കുന്ന അക്ഷരങ്ങള്‍. കൂട്ടത്തില്‍ കുറച്ച് അക്കങ്ങളും ഒരു 786-ം.
ഈ സംഭവം നടന്നത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊന്നാനിക്ക് സമീപം മാറഞ്ചേരി എന്ന ഗ്രാമത്തില്‍.
താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു കാര്യം മനസിലായി, ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനുഷ്യന്‍ ചന്ദ്രനില്‍ ചെന്നിറങ്ങിയിട്ടും നമ്മുടെ പഴയ രോഗിയുടെ പിന്തുടര്‍ച്ചക്കാര്‍ ഇപ്പോഴുമുണ്ടെന്ന്.
എന്തായാലും ഈ പോസ്റ്റ് രസകരമായിരുന്നൂ ..ട്ടാ... അഭിനന്ദനങ്ങള്‍.

Mohamedkutty മുഹമ്മദുകുട്ടി said...

കുറച്ചു കാലം മാറിനിന്നു വീണ്ടും വന്നപ്പോഴും പഴയ പോലെ എന്റെ പോസ്റ്റ് ആസ്വദിച്ച എല്ലാവര്‍ക്കും നന്ദി!.

വിജയലക്ഷ്മി said...

ഹാവൂ ഞാന്‍ രക്ഷപ്പെട്ടു .ആകൂടോത്ര മുട്ട എന്റെ കയ്യിലെങ്ങാന്‍ പെട്ടുപോയാലുള്ള അവസ്ഥ ഓര്‍ത്തുപോയി .ഏതായാലും ഈ പോസ്റ്റ്‌ നന്നായി ഇഷ്ടപ്പെട്ടു .നല്ല ചിന്താഗതി തന്നെ അയാള്‍ ക്കാരിയുടെത് .എങ്കിലും അവരെയും കുറ്റം പറയാന്‍ ഒക്കില്ല .പണ്ടത്തെതിലും കൂടുതലാണ് ദുഷിച്ച പുരോഗമന ചിന്താഗതി :(

Echmukutty said...

മനുഷ്യർക്ക് കൂടോത്രം, ചരട് ജപിയ്ക്കലും കെട്ടലും അങ്ങനെയുള്ള കാക്കത്തൊള്ളായിരം കാര്യങ്ങളിൽ ബഹു വിശ്വാസമാണ്. അപ്പുറത്തിരിയ്ക്കുന്ന മറ്റൊരു മനുഷ്യനെ വിശ്വാസവുമില്ല കണ്ണെടുത്താൽ കണ്ടുംകൂടാ.

പോസ്റ്റ് ഇഷ്ടപ്പെട്ടു കേട്ടൊ. അഭിനന്ദനങ്ങൾ.

Akbar said...

ഹ ഹ കോഴിമുട്ട സാധാരണ കൂടോത്രത്തിന്റെ ഉപകരനമാണല്ലോ. അപ്പോള്‍ അതില്‍ താങ്കള്‍ ഓരോന്ന് എഴുതി വെച്ചാല്‍ പിന്നെ..!

എന്തായാലും വീണ്ടും ബ്ലോഗില്‍ പോസ്റ്റ് വന്നതില്‍ സന്തോഷം. അതിനു ആരോ കൂടോത്രം ചെയ്തോ ആവോ. :)

ജീ . ആര്‍ . കവിയൂര്‍ said...

കൂടോത്ര സാഹിത്യത്തിനു ഒരു അനുഭവ പരമ്പര ഒന്ന് കൂടി കൊള്ളാം

കാസിം തങ്ങള്‍ said...

നാടന്‍ കോഴിമുട്ടക്കിനി ആ വഴി വന്നാല്‍ മതിയല്ലോ.
വരയും കുറിയും ഒന്നുമില്ലാത്ത ഫ്രഷ് തന്നെ തരണേ....

നന്നായി ട്ടോ. ആശംസകള്‍.

Mohiyudheen MP said...

കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കിയത്‌ കൊണ്‌ട്‌ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഒരു യുദ്ദത്തിനുള്ള വക അത്‌ തന്നെയായി. പുറമെ ദുഷ്പേരും. മന്ത്രവാദി, സിഹ്‌റ്‌ മാട്ടുമാരണക്കാരന്‍ എന്ന പേരും പിറകെ വന്നോളും. ഏതായാലും രക്ഷപ്പെട്ടു. ഒഴിവ്‌ കിട്ടുമ്പോള്‍ നമ്മുടെ വീട്ടിലൊക്കെ ഒന്ന് കേറീട്ട്‌ പോവുമല്ലോ?

http://njanorupavampravasi.blogspot.com/2011/12/blog-post.html

അപരിചിതര്‍

moscokuzhippuram said...

kalakki mashey...........eni valla koodotharavum ayirunno.......??

അസിന്‍ said...

കൂടോത്രവും കൊണ്ട് വീണ്ടും ഇറങ്ങി അല്ലേ... :-) ഇതു വായിച്ചപ്പഴാ വേറൊരു കാര്യം ഓര്‍മ്മ വന്നേ... മലപ്പുറത്ത് കൊടിഞ്ഞി ഭാഗത്തുള്ള ഒരാള്‍ ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഉണ്ട് ട്ടോ.. ഞങ്ങളൊക്കെ കുഞ്ഞാക്കാ ന്നാ വിളിയ്ക്കാറ്... ആളിനെ പേടിപ്പിയ്ക്കാന്‍ ചില വിരുതന്മാര്‍ മുട്ടയില്‍ ചില അറബിക് ലെറ്റേര്‍സ് ഒകെക് എഴുതി വെച്ചിട്ട് കുഞ്ഞാക്കാന്‍റെ റൂമിന്‍റെ വാതിലിനരികിലും മറ്റും കൊണ്ട് വെയ്ക്കും, കൂടെ കുറച്ച് പൌഡറും കൊണ്ടിടും... കുഞ്ഞാക്ക രാവിലെ എഴുന്നേറ്റ് മുട്ടയെല്ലാം പെറുക്കി ബുള്‍സ് ഐ ആക്കി അടിയ്ക്കും...

Mohamedkutty മുഹമ്മദുകുട്ടി said...

കുഞ്ഞാക്കാ കീ ജൈ!. പെരുത്തിഷ്ടപ്പെട്ടു.

a.rahim said...

നന്മകൊണ്ട് പതിനാറായിരം സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞ മുഹമ്മദിക്കാന്റെ ഭാര്യയുടെ ഒരു വിശദീകരണം കൊണ്ടു തന്നെ അയല്‍വാസിക്ക് തെറ്റിദ്ധാരണ മാറിയിട്ടുണ്ടാവും. കാരണം മുല്ലപ്പൂമ്പൊടി (മുഹമ്മദ്ക്ക) ഏറ്റുകിടക്കും കല്ലിനുമുണ്ടാ സൗരഭ്യം.......

r.....

മിന്നുക്കുട്ടി said...
This comment has been removed by the author.
മിന്നുക്കുട്ടി said...

പ്രിയപ്പെട്ട കുട്ടിക്കാ പോസ്റ്റ്‌ ശരിക്കും
ഇഷ്ടായി .എന്റെ വീട്ടിലും ഉണ്ട് കോഴികള്‍,താറാവും ഉണ്ട് .പിന്നെ ഒരു പശുവും അവള്‍ടെ പേര് അമ്മു .ഇപ്പൊ അവള്‍ക്ക് ഗര്‍ഭാ , മൂന്നു മാസമായി . (രണ്ട് വര്‍ഷത്തെ നീണ്ട പ്രവാസ ജീവതം മടുത്തു ഇക്കയും അമ്മായീം നാട്ടില്‍ വന്നപ്പോള്‍ തനിനാടനാവാന് ഉള്ള എളിയ ശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെ )... അവയ്ക്ക് ഭക്ഷണം കൊടുക്കലും കോഴികളുടെ മുട്ടയിട്ടാല്‍ ഉള്ള അനൌണ്സ്മെന്റ് കേട്ടാല്‍ കൂട്ടില്‍ ചെന്ന് മുട്ട കൊണ്ടു വരലും ഒക്കെ എന്റെയും ഡ്യൂട്ടിയാണ് .എനിക്കതൊക്കെ വല്യ കുറച്ചിലായിരുന്നു .ഇപ്പൊ സന്തോഷായി .ഇത്രേം വല്യ മൊട്ടത്തലയുള്ള കുട്ടിക്കാ വരെ മുട്ടയെടുക്കുന്നു .പിന്നെ എനിക്കെന്താ എടുത്താല്‍ ?

Chundakkadan said...

ഈ കൂടോത്രം, അറബി അക്കങ്ങള്‍ കൊണ്ടായിരുന്നു കൂടുതല്‍ നല്ലത്.