ഈ പേരിലൊരു സിനിമയുണ്ടല്ലോ,പക്ഷെ ഞാന്‍ പറയാന്‍ പോകുന്നത് പണത്തിന്റെ കാര്യമാണ്. ഇന്നത്തെ രൂപയുടെ വിലയിടിവ് ചില പഴയ കാര്യങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. അതു പുതിയ തലമുറയിലെ ആളുകള്‍ക്ക് ഒരു പക്ഷെ തമാശയായി തോന്നിയേക്കാം.
ഞാന്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പോസ്റ്റാഫീസില്‍ ചെന്നപ്പോള്‍
പോസ്റ്റ് മാസ്റ്റര്‍ ഒരു സമ്പാദ്യ പദ്ധതിയെപ്പറ്റി എനിക്കു പറഞ്ഞു തന്നു. അദ്ദേഹം എന്റെ പ്രൈമറി സ്ക്കൂളിലെ അദ്ധ്യാപകന് കൂടിയായിരുന്നു. 25 പൈസയുടെ സേവിങ്ങസ് സ്റ്റാമ്പുകള്‍ വാങ്ങി ഒരു കാര്‍ഡില്‍ ഒട്ടിക്കുക. എന്നിട്ട് അത് 5 രൂപയാവുമ്പോള്‍ ഒരു നാഷണല്‍ സേവിങ്ങ് സര്‍ട്ടിഫിക്കേറ്റ് ആയി മാറ്റുക. അങ്ങിനെ നിക്ഷേപം തുടങ്ങാം . പക്ഷെ ഞാനെത്ര ശ്രമിച്ചിട്ടും എനിക്ക് ഒന്നേ മുക്കാല്‍ രൂപയുടെ സ്റ്റാമ്പേ ഒട്ടിക്കാന്‍ കഴിഞ്ഞുള്ളൂ. അവസാനം ഞാന്‍ അദ്ദേഹത്തില്‍ നിന്ന് 3 രൂപ 25 പൈസ കടം വാങ്ങി സ്റ്റാമ്പൊട്ടിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇത് ബ്രാഞ്ച് പോസ്റ്റാഫീസാണ് സര്‍ട്ടിഫിക്കറ്റ് കോട്ടയ്ക്കല്‍ സബ് പോസ്റ്റാഫീസില്‍ പോയി വാങ്ങണമെന്ന്. അവിടെ ചെന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു, ഇനി 5 വര്‍ഷം കഴിഞ്ഞേ പണം തിരികെ കിട്ടൂ എന്ന്. ഞാനുടനെ കരയാന്‍ തുടങ്ങി. എന്റെ വിചാരം പണം ഉടനെ കിട്ടുമെന്നും മാഷില്‍ നിന്നു കടം വാങ്ങിയ പണം ഉടനെ തിരിച്ചു കൊടുക്കാന്‍ പറ്റുമെന്നുമായിരുന്നു. അവസാനം ഞാന്‍ മാഷിനെ തന്നെ സമീപിച്ച് എന്റെ നിസ്സഹായത പറയുകയും അദ്ദേഹമെന്റെ 1രൂപ 75 പൈസ തിരിച്ചു തന്നു സര്‍ട്ടിഫിക്കേറ്റ് അദ്ദേഹം തന്നെ എടുക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ കൂട്ടുകാരുമൊത്ത് കോഴിക്കോട് കോറണേഷന്‍ തിയേറ്ററില്‍ ചെമ്മീന്‍ സിനിമ കാണാന്‍ പോയി. സിനിമാ ടിക്കറ്റിനു 3 രൂപ 50 പൈസയയിരുന്നു. ഞാന്‍ 5 രൂപയുടെ നോട്ട് കൊടുത്തു ധൃതിയില്‍ ബാക്കി വാങ്ങാതെ സിനിമാക്ക് കയറി. പിന്നീടാണ് ബാക്കിയുടെ കാര്യം ഓര്‍മ്മ വന്നത്. ആകെ വിഷമമായി. സിനിമ ആസ്വദിക്കാനും കഴിയുന്നില്ല. ഒരു വിധം ഇട വേളയായപ്പോള്‍ ഞാന്‍ തിയേറ്ററിന്റെ ഓഫീസില്‍ പോയി കാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ കണക്കൊക്കെ നോക്കിയ ശേഷം അധികം കാണുകയാണെങ്കില്‍ തരാമെന്നും പറഞ്ഞു. സിനിമ കഴിഞ്ഞു വീണ്ടും ഞാനവരെ സമീപിച്ചപ്പോള്‍ കണക്കിനിയും നോക്കിയിട്ടില്ല എന്നും എങ്ങിനെയായാലും എന്റെ പൈസ തിരിച്ചു കിട്ടുമെന്നും പറഞ്ഞു എന്നെ യാത്രയാക്കി. അങ്ങിനെ ഞാന്‍ തിരിച്ചു പോന്നു. പിന്നീട് മറ്റൊരു ദിവസം വേറൊരു കുട്ടി സിനിമക്ക് പോയപ്പോള്‍ ഞാന്‍ കോളേജിലെ ഫോണില്‍ കൂടി തിയേറ്ററില്‍ വിളിച്ച് എന്റെ ബാക്കി പണത്തിന്റെ കാര്യം പറയുകയും അങ്ങിനെ ആ കുട്ടി സിനിമ കഴിഞ്ഞു വന്നപ്പോള്‍ എന്റെ 1 രൂപ 50 പൈസ തിരിച്ചു കിട്ടുകയും ചെയ്തു.
പ്രീ ഡിഗ്രി കഴിഞ്ഞു വെക്കേഷനില്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍ ഞാനെന്റെ പെട്ടിയും ബെഡുമെല്ലാം എന്റെ ഒരു നാട്ടുകാരന്റെ വീട്ടില്‍ വെച്ചിട്ടാണ് പോന്നത്. അദ്ദേഹം കുടുംബ സമേതം കോളേജിന്നടുത്ത് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു.( അദ്ദേഹം പിന്നീടവിടെ സ്വന്തം വീട് വെക്കുകയും അവിടുത്തു കാരനായി ജീവിച്ചു മരിക്കുകയും ചെയ്തു. അദ്ദേഹത്തെ പറ്റി എന്റ് ഒരു പോസ്റ്റ് ഉണ്ട്.) എന്റേത് വലിയൊരു ഇരുമ്പ് പെട്ടിയായിരുന്നു. കോളേജില്‍ നിന്ന് റീഫണ്ട് കിട്ടിയ ഡെപ്പോസിറ്റായ 30 രൂപ എന്റെ സമ്പാദ്യമായി ഞാനാ പെട്ടിയില്‍ തന്നെ വെച്ചിട്ടാണ് പോന്നത്. ഇനി ഡിഗ്രിക്കു ചേരുമ്പോള്‍ അതെനിക്ക് ഒരു സമ്പാദ്യമായി ഞാന്‍ കരുതി. കയ്യിലിരുന്നാല്‍ ചിലവായാലോ?. എന്റെ പിതാവ് ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ മരിച്ചതിനാല്‍ ഉമ്മാന്റെ ഒരു പറമ്പ് 1500 രൂപക്ക് പണയപ്പെടുത്തിയാണ് ഞാന്‍ പ്രീ ഡിഗ്രിക്കു പഠിച്ചത്.
പിന്നീട് ഡിഗ്രിക്കു ചേരാന്‍ പണമില്ലാതെ വേറെയൊരു വസ്തു (13 സെന്റ് തെങ്ങിന് പറമ്പ് ) നാലായിരം രൂപക്കു വിറ്റ് ആ പണം പോസ്റ്റാഫീസിലെ സേവിങ്ങ് സ് അക്കൌണ്ടില്‍ നിക്ഷേപിച്ചാണ് ഡിഗ്രിക്ക് ചേര്‍ന്നത്. ആദ്യ വര്‍ഷം ലോഡ്ജിലൊക്കെ താമസിച്ച് അടുത്ത വര്‍ഷം ഒരു ക്വാര്‍ട്ടേഴ്സ് 30 രൂപ മാസ വാടകക്കെടുത്ത് ഉമ്മാനേയും കൊണ്ടു പോയി കൂടെ താമസിപ്പിച്ച് 1970- ല്‍ ഡിഗ്രിക്കാരനായി.
പിന്നീട് 1973-ല്‍ ഫുഡ് കോര്പ്പറേഷന് ഓര് ഇന്ത്യയില്‍ ഒലവക്കോട് ജോലി കിട്ടി. ആദ്യ ശമ്പളം 287 രൂപ 50 പൈസയായിരുന്നു. ഒരു ദിവസത്തെ ഭക്ഷണ ചിലവ് 2 രൂപയോളമേ വന്നിരുന്നുള്ളൂ. അന്ന് കോഴിക്കോട്ടുകാരന് സലാമുമൊത്ത് ലോഡ്ജില്‍ റൂംഷെയര് ചെയ്തു താമസിച്ചു. ഭക്ഷണമെല്ലാം ഒന്നിച്ച് ഹോട്ടലില്‍ ബില്‍ കൊടുത്തു പിന്നീട് വീതിക്കുകയായിരുന്നു പതിവ്. അന്നത്തെ ഡയറിയുടെ ഒരു പേജ് സാമ്പിളിനു ഇവിടെ കൊടുക്കുന്നു.
ഇതൊക്കെ ഇപ്പോള്‍ ഇവിടെ പറയാന്‍ കാരണമെന്തെന്നു വെച്ചാല്‍ ഇന്ന് കോടി രൂപ എന്ന് കേട്ടാല്‍ പോലും ആര്‍ക്കും ഒരു വിലയുമില്ല. പണത്തിനു യാതൊരു വിലയുമില്ലാത്ത പോലെയാണ് ഇന്ന്
എല്ലാവരും അതു കൈകാര്യം ചെയ്യുന്നത്. പഴയ കാര്യങ്ങള്‍ ഓരോന്നു ഓര്‍ത്തപ്പോള്‍ അതിവിടെ ഷെയര്‍ ചെയ്യാമെന്നു തോന്നി. ബോറടിച്ചെങ്കില്‍ ക്ഷമിക്കുക.
33 comments:
അന്നത്തെ ആയിരവും ഇന്നത്തെ ഒരു ലക്ഷവും കണക്കില്‍ തുല്യമാണ് മോമുട്ടിക്കാ -എന്തായാലും കുറെ കാലത്തിനു ശേഷം നിങ്ങളുടെ ഒരു പോസ്റ്റ് കാണാന്‍ കഴിഞ്ഞതിലും അതില്‍ ആദ്യത്തെ അഭിപ്രായം കുറിക്കാന്‍ കഴിഞ്ഞതിലും സന്തോഷം.
ചുമ്മാ ഒരോ കള്ളക്കഥകൾ.., ഞാൻ വിശ്വസിക്കൂല്ലാ.., (കുട്ടിക്കാ ജോലിക്കു കയറുന്ന വർഷം ഞാൻ ജനിച്ചിട്ടേയുള്ളൂ) പണത്തിനും മൂല്യമില്ലാതെയായി., മനുഷ്യനും മൂല്യമില്ലാതെയായി..
Itz not story right!!! Old is gold!!
പുതിയ തലമുറയ്ക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും...
ആദ്യമായിട്ടാണ് ഇവിടെ.
മൂല്യത്തിനു ഇപ്പോള്‍ ഒരു വിലയുമില്ല, എന്നതാണ് പരമാര്‍ത്ഥം.
ബ്ലോഗ്ഗിലേക്ക് തിരിച്ചു വന്നതില്‍ സന്തോഷം.
ഞാന്‍ എണ്‍പത്തി അഞ്ചില്‍ വാങ്ങിച്ച ആദ്യ ശമ്പളം മുന്നൂറ്റി അമ്പതു രൂപയാ... ഇന്ന് തുടക്കകാര്‍ക്ക് അതിന്റെ എത്രയോ മടങ്ങ് കൂടുതലാണ് തുടക്ക ശമ്പളം. ഒന്നര രൂപയ്ക്കു കൊള്ളാവുന്ന നല്ല അരി കിട്ടിയിരുന്ന കാലം ഓര്‍ക്കുന്നു.
മുബി പറഞ്ഞ പോലെ പുതിയ തലമുറയ്ക്ക് അത്ഭുതം നല്കുന്ന ഈ പോസ്റ്റ് വെച്ചതിനു ആശംസകള്‍
പണത്തിന്റെ മൂല്യം കുറഞ്ഞു. ( എല്ലാ അര്‍ത്ഥത്തിലും ) . പഴയ ആ കഥകള്‍ കേള്‍ക്കുമ്പോള്‍ ഒരു കുളിര്‍മ്മ
പണ്ടെല്ലാം വെല്ലിമ്മ പറയും അവരുടെ കാലത്ത് ഒരു ഓട്ട മുക്കാലുണ്ടെകില്, എന്തെല്ലാം കാര്യങ്ങള്‍ നടക്കുമായിരുന്നെന്നു.
പിന്നീട് ഉപ്പ പറയുന്നത് കേള്‍ക്കാം അവരുടെ ചെറുപ്പത്തില്‍ 100 രൂപ കൊടുത്താല്‍ ഒരു സെന്റ് സ്ഥലം കിട്ടുമായിരുന്നെന്നു.
ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ 250 രൂപയായിരുന്നു എന്റെ മാസ ഫീസ്.
ഇപ്പോള്‍ LKG യില്‍ പഠിക്കുന്ന മക്കള്‍ക്ക് മാത്രം വേണം ഒരു മാസം 1500 രൂപ.
ഇതിനായിരിക്കുമല്ലേ ഈ ജെനറേഷന് ഗാപ് എന്നെല്ലാം പറയുന്നത്.
എന്തായാലും നന്നായി പഴയ കാല ഓര്‍മ്മകള്‍ ഇവിടെ സ്മരിച്ചത്. ആശംസകള്‍.
Moollyangal ...!
Manoharam, Ashamsakal...!!!
അന്ന് പോക്കറ്റില്‍ കാശ് ഉള്ളത് കൊണ്ട് ചാക്ക് നിറയെ സാധനങ്ങള്‍ വാങ്ങാമായിരുന്നു
ഇന്ന് ചാക്ക് നിറയെ കാശുണ്ടെങ്കില്‍ കീശ നിറച്ചു സാധനങ്ങള്‍ കിട്ടും ...
എല്ലാത്തിനും 'മൂല്യശോഷണം'ഭവിക്കുന്ന ഈ കലികാലത്ത് റുപ്പിക്കു മാത്രം വിലയിടിയാതിരിക്കുന്നത് മോശമല്ലേ
എല്ലാറ്റിന്റെയും മൂല്യങ്ങള്‍ ഇടിഞ്ഞു കൊണ്ടിരിക്കുന്നു ഇക്കാ....
എല്ലാവരുടെ കയ്യിലും ഇഷ്ടപോലെ പണം. അതുകൊണ്ട് തന്നെ ഇന്നത്തെ പണത്തിനു വിലയും ഇല്ല
പഴയ് എഴുത്തുകൾ വായിക്കാൻ തന്നെ സുഖമാണ്
അഞ്ചു രൂപയോ പത്ത് രൂപയോ ബാക്കിയുണ്ടെങ്കില്‍ പോലും അത് ചോദിച്ച് തിരികെ വാങ്ങാന്‍ പോലും നാണക്കേടാണ് ഇപ്പോള്‍.
പഴയ കാലത്തെ ഓർമ്മക്കുറിപ്പുകൾ എഴുതുന്നത് നല്ലതാണ്.വില വ്യത്യാസം വ്യകതമായി മനസ്സിലാക്കാമല്ലോ.
ഇക്കാ, ഇതൊരു പോസ്റ്റല്ല.. ഒരു വഴികാട്ടിയാണ്..
പണത്തിന്റെ മൂല്യം മാത്രമല്ല കുറഞ്ഞത്.. നന്മയുള്ള എല്ലാത്തിന്റെയും വില കുറഞ്ഞിരിക്കുന്നു..
എന്തായാലും ജീവിതത്തോടു പട പൊരുതി നടന്നു വന്ന ഒരാളുടെ ചങ്ങാതിയാണ് എന്ന് പറയാന്‍ ഒത്തിരി സന്തോഷം.. നാട്ടില്‍ കോട്ടക്കലില്‍ ആണ് താമസമെങ്കില്‍ അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ഇക്കയെ കാണാന്‍ വരും.. ഇന്ഷാ അല്ലാഹു
മനുഷ്യന്റെ മൂല്യം ഇടിയാതെ കാക്കുക. അത്ര തന്നെ..!
(മുകളിൽ ഞാനിട്ട കമെന്റിൽ വന്ന പാകപ്പിഴ കാരണം അത് ഡിലീറ്റുന്നു... മൂല്യ ശോഷണം എന്നത് മൂല ശോഷണം എന്നായി :))))
ഇന്ത്യൻ രൂപയുടെ മൂല്യ ശോഷണത്തെ കുറിച്ച് മനസ്സിലാക്കാനായി.
മൂല്യ തുലനം നടത്തിയാൽ അന്നത്തെ 3.50 രൂപയുടെ ടിക്കറ്റിന് ഇന്ന് 35ഉം 50ഉം 100ഉം രൂപയാണ് വില.
അന്ന് കുട്ടികയുടെ ശമ്പളം 240 രൂപയായിരുന്നേൽ ഇന്നത് 24500 ആയി...
എന്താണ് മൂല്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു കറൻസി കൊണ്ട് വാങ്ങാൻ കഴിയുന്ന സാധനങ്ങളുടെ അളവിനെയാണ് മൂല്യം എന്ന് വിളിക്കുന്നത്.,
എന്തായാലും കുട്ടിക്കയുടെ പഴയ കാല വിശേഷങ്ങൾ അറിയാൻ കഴിഞ്ഞു.
ഇടക്കിടെ ഇജ്ജാതി പോസ്റ്റുമായി വരൂ, ക്രിഷിയിറക്കിയാലേ കമെന്റ് വിളവ് ലഭിക്കൂ...
ഇവിടെ വന്നു അഭിപ്രായം രേഖപെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ഒരു കാര്യം കൂടി പറഞ്ഞോട്ടെ. അന്നു സ്വര്‍ണ്ണത്തിനു 250 രൂപയായിരുന്നു പവന്റെ വില.അപ്പോ എന്റെ ഒരു മാസത്തെ ശമ്പളത്തിനു എങ്ങനെയായാലും ഒരു പവന് വാങ്ങി വെക്കാമായിരുന്നു.ആ ബുദ്ധി അന്നു തോന്നിയില്ല.
അദ്ദാണ്..കാലം മാറുമ്പോ എല്ലാം മാറുന്നു കുട്ടിക്കാ-പിടിച്ചു നിറുത്താന്‍ ആവില്ലല്ലോ.
നര്‍മ്മത്തില്‍ ചാലിച്ച ഗതകാലാനുഭവങ്ങള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാം മാറി മറിഞ്ഞു കുട്ടി സാഹിബ് .
പിന്നെ, കോട്ടക്കലും ചേറൂരും അയല്‍ പ്രദേശങ്ങള്‍.നമുക്കൊന്ന് നേരില്‍ കാണാന്‍ താല്പര്യം.
5 പൈസയും, 10 പൈസയുമൊന്നും കാണാന്‍ പോലുമില്ല. ഇങ്ങനെയും പൈസയുണ്ടായിരുന്നെന്ന് മക്കള്‍ക്ക് കാണിച്ചു കൊടുക്കാന്‍ പോലും ഇപ്പോള്‍ പറ്റില്ലല്ലോ..
ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ആണ് അരിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ പീടികയില്‍ പോകാന്‍ തുടങ്ങിയത്. (1982). അന്ന് 3 രൂപ ആയിരുന്നു അരിയുടെ വില. ഒരു തേങ്ങയ്ക്ക് മൂന്നര രൂപ വില കിട്ടിയിരുന്നു. ഒരു തേങ്ങ കൊടുത്താല്‍ ഒരു കിലോ അരിയും 10 പൈസയുടെ കപ്പലണ്ടി മിട്ടായിയും കഴിച്ചു ബാക്കി പൈസ കൈയ്യില്‍ കിട്ടുമായിരുന്നു. ഇന്ന് അരിക്ക് മുപ്പതു രൂപയായപ്പോള്‍ തേങ്ങയ്ക്ക് 5 രൂപയേ കിട്ടുന്നുള്ളൂ!
ഇന്ന് പണത്തിനു ഒരു വിലയും ഇല്ലാതായി കുട്ടിക്കാ... എന്റെ അപ്പ പറയുന്നത് കേള്‍ക്കാം പണ്ട് സെന്റിന് അഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ സ്ഥലത്തിനു ഇന്ന് കോടിയാണ് വില എങ്കിലും വാങ്ങാന്‍ ഇഷ്ടം പോലെ ആളാണ് ...പണ്ടത്തെ പോലല്ലാ ഇപ്പൊ പൈസക്ക് ഒരു വിലയും ഇല്ലാ എന്ന് ...!!
15 പൈസക്ക് ബസില്‍ പോയതും, 30 പൈസക്ക് ചായ കുടിച്ചതും , ഒരു രൂപയ്ക്കു സിനിമ കണ്ടതും, ഒന്നര രൂപയ്ക്ക് മുടി വെട്ടിച്ചതും,
14 രൂപയ്ക്ക് പെട്രോള്‍ അടിച്ചതും എനിക്കും ഓര്‍മയുണ്ട് .... എനിക്ക് 39 വയസേ ആയുള്ളൂ എന്ന് കൂടി അറിയിക്കുന്നു.
നമ്മുടെ കുട്ടിക്കാലവും ഇപ്പോള്‍ നമ്മളുടെ മക്കളുടെ കുട്ടിക്കാലവും അജഗജാന്തരം.ഒരോ മാറ്റവും, ധാര്‍മ്മിക മൂല്യശോഷണം വരുത്തുന്നേടത്താണ് ദൌര്‍ഭാഗ്യങ്ങള്‍ ഉടലെടുക്കുന്നത്.നല്ല പോസ്റ്റ് ...ആശംസകള്‍ !
72 ല്‍ കോട്ടക്കൽ ജീവിക്കാൻ ഒരു ദിവസം
കാലത്ത് 3 ദോശ ചായ 40 പൈസ
ഉച്ചയ്ക്ക് ഊണ് 60 പൈസ
വൈകുന്നേരം ചായ 10 പൈസ
രാത്രി ഊണ് 60 പൈസ
ഇത്രയും മതിയായിരുന്നു
ഇന്നൊ !!!!
ഒരു കഷണം പൂട്ടും കറിയും ചായയും പത്തു പൈസക്ക്. ബസ്സിൽ സ്കൂൾ കുട്ടികൾക്ക് 10 പൈസ. ഞങ്ങളുടെ സ്കൂൾ വിടുന്നതു വരെ കാത്ത് കിടന്ന് ഞങ്ങളേയു കൊണ്ടേ ബസ്സുകാരു പോകൂ.. 25 പൈസ കൊടുത്താൽ ബഞ്ചിലിരുന്ന് സിനിമ കാണാം. 5പൈസക്ക് ഒരു ആന ഉണ്ടൻപൊരി കിട്ടും. അന്നു പക്ഷേ, ഒരു രൂപക്ക് 100 പൈസ ആയിരുന്നു വില...! അന്നും ഞങ്ങൾ നാലഞ്ചു കിലോമീറ്റർ നടന്നേ പോകൂ സ്കൂളിലേക്ക്. കാരണം അന്ന് 10 പൈസ കിട്ടാൻ ഒരു വഴിയുമില്ലായിരുന്നു...!!
ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമായിരിക്കുന്നു. പുതിയ തലമുറ ഇതൊക്കെ അറിഞ്ഞിരിക്കണം. ആ പോയ നല്ലകാലത്തെ ഓര്‍ക്കാതിരിക്കാന്‍ വയ്യ.
Super.................
super
Post a Comment