നമ്മുടെ കൂട്ടുകാര്‍ക്കിടയില്‍ തളര്‍ന്നു കിടക്കുന്നവരും ശരീരത്തിനു സ്വധീനമില്ലാത്തവരുമായി ധാരാളം പേരുണ്ട്. ആരുടെയും പേരെടുത്തു പറയാന്‍ ഞാനുദ്ദേശിക്കുന്നില്ല. എന്നാല്‍ പൂര്ണ്ണാരോഗ്യത്തോടെയിരുന്നവര് ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്.
അക്കാര്യം പങ്കുവെക്കാനാണ് ഞാനുദ്ദേശിക്കുന്നത്. മാധ്യമം പത്രത്തിന്റെ “വെളിച്ചം” എന്ന സപ്ലിമെന്റില്‍ ഈ വരുന്ന അദ്ധ്യാപക ദിനം പ്രമാണിച്ച് സ്റ്റീഫന്‍ ഹോക്കിങ്ങ്സിനെപ്പറ്റിയുള്ള ഒരു ലേഖനം വായിക്കാനിടയായി. ആ ലേഖനം വായിക്കാത്തവര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യാമെന്നു കരുതിയപ്പോള്‍ എളുപ്പത്തിനായി ഓണ്‍ ലൈന്‍ എഡിഷന് ചെക്കു ചെയ്തു. അവിടെ പി.ഡി.എഫ് ഫോര്‍മാറ്റിലാണ്. എന്റെ പക്കലുള്ള സോഫ്റ്റ് വെയര്‍ വെച്ച് പിക്ചര്‍ ഫോര്‍മാറ്റിലേക്ക് മാറ്റാം. എന്നാലും വായിക്കാന്‍ പ്രയാസമാവും. അപ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത്.
ലേഖനത്തില്‍ പറയുന്ന കാര്യം തീരെ സ്വാധീനമില്ലാത്ത ഒരാള്‍ എങ്ങിനെ ആശയ വിനിമയം നടത്തുന്നു എന്നതാണ്. എത്രത്തോളമാവും അതിന്റെ പ്രയാസങ്ങള്‍?. പട്ടിണി കിടക്കുന്നവന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ നോമ്പു നോക്കുന്ന സമയത്തു തന്നെ ഇങ്ങനെ ഒരു പരീക്ഷണത്തിനു മുതിരുന്നത് നന്നായിരിക്കുമെന്നെനിക്കു തോന്നി. ഞാന്‍ പത്രത്തിന്റെ കോപിയെടുത്തു വെച്ച് അതില്‍ നോക്കി ടൈപു ചെയ്യാന്‍ തുടങ്ങി. ഹൌ....എന്തൊരു പ്രയാസം. പ്രത്യേകിച്ചു കീ ബോഡില്‍ വലിയ പരിചയമില്ലാത്ത എനിക്കു കീമാനുപയോഗിച്ചു ആ മാറ്റര്‍ റ്റൈപു ചെയ്യാന്‍ കുറെ സമയമെടുത്തു.
ഒരു നിമിത്തം പോലെ ഇതേ ദിവസം തന്നെ എന്റെ ഒരു സുഹൃത്ത് (ആള് മേല്‍ പറഞ്ഞ പത്രത്തില്‍ ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്ന കോളം കൈകാര്യം ചെയ്യുന്നയാളാണ്) എന്നെ മറ്റൊരു ബ്ലോഗ് സുഹൃത്തിനെ കാണാന്‍ പോവാന്‍ ക്ഷണിച്ചു. എനിക്കെന്തോ വല്ലാത്ത ഒരു ആവേശമായി !. കാരണം ഞാന്‍ വായിച്ച് കൊണ്ടിരുന്ന ലേഖനത്തില്‍ പറയുന്ന ആത്ര തന്നെ തീവ്രമല്ലെങ്കിലും തീരെ അനങ്ങാന്‍ കഴിയാതെ കിടന്നു കൊണ്ട്, തല മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന ആ കിടപ്പില്‍ കിടന്നു കൊണ്ട് തന്റെ മനസ്സിലുള്ളത് ബ്ലോഗ് രൂപത്തില്‍ വീട്ടിലെ മറ്റംഗങ്ങളുടെ സഹായത്തോടെ വായനക്കാരനിലേക്കെത്തിക്കുന്ന ഒരു സുഹൃത്തിനെ കാണാനാണ് ഞങ്ങള്‍ പോവുന്നത്!.
അങ്ങിനെ അദ്ദേഹം കാറുമായി പറഞ്ഞപോലെ എന്റെ വീട്ടില്‍ വരികയും അദ്ദേഹത്തോടൊപ്പം മേല്പറഞ്ഞ ബ്ലോഗ് സുഹൃത്തിനെ കാണാന്‍ പോവുകയും ചെയ്തു. കുറെ സമയം അവനോടൊപ്പം ചിലവഴിച്ചപ്പോള്‍ എന്തോ ..വല്ലാത്തൊരനുഭവമായിരുന്നു. അവനെ പരിചരിക്കുന്ന മാതാവും, അനിയത്തിയും അനിയന്മാരും .....
പുറത്തു പോയിരുന്ന പിതാവ് അല്പം കഴിഞ്ഞു വന്നു. അദ്ദേഹവുമായി സംസാരിച്ചിരുന്നു. അതിന്നിടയില്‍ ഒരു വീല്‍ ചെയര്‍ കമ്പനിക്കാരുടെ ഫോണ്‍ വന്നു. മോട്ടോറൈസ്ഡ് വീല്‍ ചെയറിനെപ്പറ്റി അവര്‍ അവനുമായി സംസാരിക്കുന്നു. ഫോണിന്റെ റിസീവര്‍ അവന്റെ ചെവിയില്‍ പിതാവ് വെച്ച് കൊടുക്കുകയായിരുന്നു. വളരെ സൌമ്യനായി പുഞ്ചിരിച്ച് കൊണ്ട് അവന് അവരുമായി വീല്‍ ചെയറിനെപ്പറ്റി സംസാരിക്കുന്നു. അവര്‍ കൊടുക്കുന്ന നമ്പര്‍ എഴുതിയെടുക്കാന്‍ പിതാവിനോട് പറയുന്നു. തനിക്ക് ഇരിക്കാന്‍ പറ്റിയാലല്ലെ വീല്‍ ചെയര്‍ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ എന്ന് പറയുമ്പോഴും പ്രത്യേകിച്ച് ഭാവ വിത്യാസം ആ മുഖത്ത് കാണുന്നില്ല. എല്ലാം ഒരു ശീലമായിരിക്കുന്നു!( വാട്ടര്‍ ബെഡില്‍ കിടന്നു കൊണ്ടാണവന് സംസാരിക്കുന്നത്. തലക്കു കീഴെ യാതൊരു സ്പര്‍ശനവും അവനറിയുന്നില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ പറ്റിയ ഒരപകടത്തിലാണവന് ഈ നിലയിലായത്). വീണ്ടും വരാമെന്നു പറഞ്ഞു
അവിടുന്നു തിരിക്കുമ്പോഴും എന്റെ മനസ്സില്‍ എവിടെയൊക്കെയോ ഒരു വല്ലായ്മ. മനസ്സിന്റെ ഒരു ധൈര്യം കൊണ്ടു മാത്രം ജീവിതം തള്ളി നീക്കുന്ന അങ്ങിനെ എത്രയോ പേര് നമുക്കിടയില്‍.................
ഇനി ലേഖനത്തിലേക്ക് :-
മരണത്തെ മടക്കിയയച്ച പാഠം.
ലണ്ടനിലെ സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് സ്റ്റീഫനു കണക്ക് ഹരമാവുന്നത്. കണക്കദ്ധ്യാപകന്‍ അത്രയ്ക്ക് പ്രതിഭാധനനായിരുന്നുവെന്നതാണ് കാരണം. കണക്കില്‍ വൈദഗ്ധ്യം നേടി മുന്നേറാമെന്ന് സ്റ്റീഫന്‍ തീരുമാനിക്കുകയും ചെയ്തു. അച്ഛന്റെ നിര്‍ബന്ധം കഥ മാറ്റി; കെമിസ്റ്റ്രി പഠിക്കേണ്ടി വന്നു. പിന്നീട് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ഫിസിക്സിലേക്ക് മാറി. പിന്നെ കേംബ്രിഡ്ജില്‍ കോസ്മോളജിയെന്ന പ്രധാന് ഭൌതിക ശാസ്ത്ര ശാഖയില്‍ പഠനം തുടര്‍ന്നു. സ്റ്റീഫന്‍ ഹോക്കിങ്ങ്സ് എന്ന പ്രതിഭാശാലി പുതിയ ഉയരങ്ങള്‍ തേടാന്‍ തുടങ്ങി. ഈ സമയത്താണ് താന്‍ വല്ലാതെ മെലിയുന്നുവെന്ന് സ്റ്റീഫന്‍ തിരിച്ചറിയുന്നത്. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഡോക്ടറെ കണ്ടു.മാരകമായ മോട്ടോര്‍ ന്യുറോണ്‍ രോഗമാണ് സ്റ്റീഫനെന്നു പരിശോധനയില്‍ വ്യക്തമായി. ഓക്സ്ഫഡിലെ ഡോക്റ്ററേറ്റ് പൂര്‍ത്തിയാക്കാന്‍ ആയുസ്സ് അനുവദിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
ഇക്കാലത്തെക്കുറിച്ച് സ്റ്റീഫന്‍: ‘എന്റെ ഭാവിക്കുമേല്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ സന്തോഷവാനായിരുന്നു. എന്റെ ഗവേഷണം കൂടുതല്‍ പുരോഗമിച്ചു.’തന്റെ ജീവിത സഖിയെ സ്വീകരിക്കാനും ജോലി സമ്പാദിക്കാനുമുള്ള ധൃതിയാണ് ഗവേഷണത്തിനു ആക്കം കൂട്ടിയത്.
പിന്നീട് സ്റ്റീഫന്‍, ജെയ്ന്‍ വില്‍ഡെയെ വിവാഹം കഴിച്ചു. മൂന്നു കുട്ടികള്‍ ജനിച്ചു. അതിനിടയില്‍ ശരീരം കൂടുതല്‍ തളര്‍ന്നു തുടങ്ങി. ഇലക്ട്രിക് വീല്‍ ചെയറില്‍ കഴിയേണ്ടതായി വന്നു. 1985-ല്‍ ശക്തമായ ന്യൂമോണിയ ബാധയെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായി 24 മണിക്കൂറും പരിചരണം വേണമെന്ന ഘട്ടത്തിലെത്തി. ശസ്ത്രക്രിയയ്ക്ക് മുമ്പു സ്റ്റീഫനു അവ്യക്തമെങ്കിലും സംസാരിക്കാന്‍ സാധിച്ചിരുന്നു. ഒരു സെക്രട്ടറിയെ നിയോഗിച്ചു വേണ്ട കാര്യങ്ങള്‍ പതുക്കെ പറഞ്ഞു കൊടുത്ത് എഴുതിപ്പിക്കുമായിരുന്നു.
സെമിനാറുകള്‍ക്കു തന്റെ ദുര്‍ബലമായ ശബ്ദം തിരിച്ചറിയാവുന്ന ഒരാളെ നിയോഗിച്ചു ഏറ്റു പറയിക്കുമായിരുന്നു. പക്ഷെ ശസ്ത്രക്രിയ കാര്യങ്ങള്‍ മാറ്റി മറിച്ചു. സംസാര ശേഷി പൂര്‍ണ്ണമായി ഇല്ലാതായി.
മനസ്സു തുറക്കാനുള്ള മറ്റു വഴികള്‍.
മനസ്സിലുള്ളത് പറയാന്‍ മറ്റൊരു രീതി സ്റ്റീഫന്‍ പരീക്ഷിച്ചു. പുരികക്കൊടികള്‍ ചലിപ്പിച്ച് തന്റെ മുന്നില്‍ കാണിക്കുന്ന കാര്‍ഡില്‍ സൂചിപ്പിച്ചായിരുന്നു ആശയ വിനിമയം. ഗവേഷണ പ്രബന്ധങ്ങള്‍ പറഞ്ഞു കൊടുക്കാനും കാര്യങ്ങള്‍ വ്യക്തമാക്കാനുമൊക്കെ ഈ രീതിയില്‍ ധാരാളം സമയം വേണ്ടി വന്നു.
കമ്പ്യൂട്ടര്‍ പ്രോഗ്രാം തുണക്കെത്തുന്നു.
മഹത്തായ ഭൌതിക ശാസ്ത്രകാരന്റെ ദുര്‍വിധി കണ്ട് വാള്‍ട്ട് വോള്‍ട്ടോസ് എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഒരു പുതിയ പ്രോഗ്രാം രൂപ കല്പന ചെയ്തു സ്റ്റീഫനു നല്കി. ‘ഇക്വലൈസര്‍’ എന്നായിരുന്നു അതിന്റെ പേര്. സ്ക്രീനില്‍ നിന്നും വാക്കുകള്‍ കൈയിലെ സ്വിച്ചമര്‍ത്തി തിരഞ്ഞെടുക്കാവുന്ന രീതിയായിരുന്നു അത്. തലയുടെയും കണ്ണിന്റെയും ചലനത്തിലൂടെയും സ്വിച്ച് പ്രവര്‍ത്തിപ്പിച്ച് മനസ്സിലുള്ള വാക്ക് തിരഞ്ഞെടുത്ത് കാര്യം വ്യക്തമാക്കാം.
‘ഡേവിഡ് മേസണ്‍ എന്നയാള്‍ കുറെക്കൂടി പരിഷ്കരിച്ച സ്പീച്ച് ഇക്വലൈസര്‍ സജ്ജമാക്കിത്തന്നു. എനിക്കു മിനിറ്റില്‍ 15 വാക്കു വരെ കൈകാര്യം ചെയ്യാവുന്നത്ര പുരോഗതിയുണ്ടായി. ഈ സംവിധാനം ഉപയൊഗിച്ചു ഞാനൊരു ശാസ്ത്ര പുസ്തകമെഴുതി. നിരവധി പ്രബന്ധങ്ങള്‍ തയ്യാറാക്കി.’ സ്റ്റീഫന്റെ വാക്കുകള്‍.
തളരാത്ത വീര്യവുമായിസ്റ്റീഫന്‍ ഹോക്കിങ്ങ്സ് എന്ന ശാസ്ത്രകാരന് പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഗവേഷണങ്ങള്‍ തുടരുന്നു. ലോകമെമ്പാടുമുള്ള നിരവധി ശാസ്ത്രകാരന്മാര്ക്ക് പാഠങ്ങള്‍ പകരുന്ന മികച്ച അദ്ധ്യാപകനായി തിളങ്ങുകയും ചെയ്യുന്നു.
ലേഖനത്തോട് കടപ്പാട് : മാധ്യമം വെളിച്ചം
Pictures from Wikipedia
മാണിക്യച്ചേച്ചി തന്ന ലിങ്കില്‍ നിന്നും കിട്ടിയ വീഡിയോ ഇതാ:-
26 comments:
വളരെ ചിന്തനീയം..!
പോട്ടങ്ങളില്ലാതേം പോസ്റ്റ്
ചെയ്യാന്‍ പഠിച്ചൂല്ലേ..?
ഇതുമൊരു സൂത്രപ്പണി തന്യാ...
നിങ്ങളിന്നലെ സന്ദര്‍ശിച്ച ആ കുഞ്ഞുമോനെ
ഞാനാദ്യായി ഫോണില്‍ ബന്ധപ്പെട്ട ഓര്മ
മറക്കാനാവില്ലെനിക്ക്..
അന്ന് റസീവര്‍ പലതവണ സ്ഥാനം തെറ്റി മറിഞ്ഞ് വീണപ്പോള്‍ ആ പൊന്നുമ്മ ഇടയ്ക്കിടെ
അടുക്കളയില്‍നിന്ന് ഓടി വന്ന് നേരെയാക്കും...
ഒടുവില്‍ മോനോട് ഉമ്മാന്റെ ചോദ്യം എന്നെ
വല്ലാതെ ചിന്തിപ്പിച്ചു..“മോനേ നിനക്ക്
എവിടേം അനക്കാനാവില്ലാ..പിന്നെങ്ങനാ
ഈ റസീവര്‍ തള്ളിയിടുന്നേ..??”
ഇതിനകം ഞങ്ങള്‍ അഞ്ച്തവണ കണ്ടുമുട്ടി..
യാത്രക്കിടയില്‍ വീട്ടില്‍ കയറി,പിന്നെ കുറച്ച്
നേരത്തെ സംസാരത്തിന് ശേഷം പിരിഞ്ഞ്
പോരാന്‍ മനസ്സ് പറിച്ചെടുക്കേണ്ടി വരും..!
ഒന്ന് കൂടി പോണം മോന്റടുത്ത്,പറപ്പൂരേക്ക്
വരുന്ന വഴിക്ക്,ഇന്‍ശാഅല്ലാഹ്..
“സ്റ്റീഫന്‍ ഹോക്കിങ്ങ്സിനെ”കൂടെ ചേര്‍ത്ത്
എഴുതിയ ഈ പോസ്റ്റ് “സ്ഥാനത്ത്”തന്നെ.!
പ്രാര്‍ഥനകള്‍...
:) ഈ “സൌണ്ട് ഈക്വലൈസര്‍ ”വിദ്യയുടെ
സൌകര്യം ആരെങ്കിലും ഈ കുഞ്ഞ്മോനും
ലഭ്യമാക്കിയെങ്കില്‍,നമുക്ക് യോഗ്യനായ ഒരു
ചിന്തകനെ കിട്ടിയേക്കും..
ഒരു ജലദോഷം പോലും ജീവിതം ദുരിതപൂര്‍ണമാക്കും എന്ന് വിചാരിക്കുന്നവര്‍ (അത്തരക്കാരാണല്ലോ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍!) ഇതൊക്കെ ഒന്ന് വായിച്ചു ആഴത്തില്‍ ചിന്തിച്ചെങ്കില്‍..
മുകളിൽ പറഞ്ഞവനെ എനിക്കറിയാം.അവനൊരു ബഡായി വീരനും തനി എട്ടുകാലി മമ്മൂഞ്ഞുമാണ്.ലോകം മുഴുവൻ കീഴടക്കി നിൽക്കാന്നാ അവന്റെ വിചാരം.ചുമ്മാ കണ്ണടക്കി ഒന്നു പടുക്കാൻ തോന്നും കിടപ്പ് കാണുമ്പോൾ,തനി അഹങ്കാരി.....
അവനെ വിട്,ഹോക്കിംഗ്സിനെ കുറിച്ചു പറഞ്ഞപ്പോഴാണ് ശബ്ദം കൊണ്ടു മാത്രം ഒരു സായുധ സേനയെ വിറപ്പിച്ച ശൈഖ് അഹമ്മദ് യാസീനെ കുറിച്ചു ഓർമ്മ വന്നത്.ആധുനിക ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിൽ ഒരാളായിരുന്നു.കഴുത്തിനു താഴെ തളർന്ന ശരീരം വെച്ച് യാങ്കി-സയണിസ്റ്റ് ശക്തികളെ പാന്റിൽ മുള്ളിച്ച മഹാനായ വിപ്ലവകാരി.ചലനമറ്റ് മനസ്സ്തളർന്ന് പോകുന്നവരുടെ മുന്നിൽ വെക്കാൻ പറ്റിയ ഏറ്റവും നല്ല ഉദഹരണം.സ്വന്തത്തേയും അതിലൂടെ ദൈവത്തേയും തിരിചറിഞ്ഞ ആ മഹാ വ്യക്തിത്തത്തെ കുറിച്ച് ഒന്നൂടെ ഓർക്കൻ അവസരം തന്നതിൽ കുട്ടിക്കാ നന്ദി....
എല്ലാമുണ്ടായിട്ടും നമ്മള് പല പരിമിതികളെയും കുറ്റം പറയുന്നു. പക്ഷെ ഇവരുടെയൊക്കെ മുമ്പില്‍ നമ്മള് വളരെ ചെറുതാണ്. നല്ല പോസ്റ്റ്. നല്ല ചിന്തകള്‍ പങ്കു വെച്ചതിനു നന്ദി.
എല്ലാ അംഗസൌഭാഗ്യങ്ങളും തികഞ്ഞ് സർവ്വശക്തന്റെ അപാരമായ കാരുണ്യം ആവോളം ആസ്വദിച്ച് കഴിയുന്ന മഹാഭൂരിപക്ഷം ആളുകളും അവരനുഭവിക്കുന്ന സൌകര്യങ്ങളുടെ അളവ് (മഹിമ) സ്വയം വിലയിരുത്തിയിട്ടുണ്ടോ (തിരിച്ചറിഞ്ഞിട്ടുണ്ടോ) എന്നു സംശയം.. താങ്കൾ സന്ദർശിച്ച ബ്ലോഗർ സുഹ്ര്ത്തിന്റേയും സ്റ്റീഫൻ ഹോക്കിൻസിന്റേയും കമന്റ്റിൽ പരാമർശിക്കപ്പെട്ട അഹമ്മത് യാസീന്റേയും ജീവിതചിത്രങ്ങളും അവരൊക്കെ പ്രദർശിപ്പിച്ച അനിതരസാധാരണമായ ഇഛാശക്തിയുടെ മാത്ര്കകളും പല തിരിച്ചറിവുകളിലേയ്ക്കും നമ്മെ നയിക്കേണ്ടതുണ്ട്. അത്തരം ആത്മാന്യേഷണങ്ങളിലേക്ക് വെളിച്ചം പ്രസരിപ്പിച്ച പോസ്റ്റിനു താങ്കളോട് നന്ദിയുണ്ട്.
ജീവിതത്തിന്റെ ശാരീരികമായ പരീക്ഷണഘട്ടങ്ങളിലെല്ലാം സ്റ്റീഫൻ ഹോക്കിംഗ്സിനെയും ഹെലൻ കെല്ലറെയും ഞാൻ ഓർക്കും. സ്വന്തം ഇച്ഛാശക്തികൊണ്ട് ജീവിച്ച് മുന്നേറാം എന്ന് എന്നെ പഠിപ്പിച്ച മഹാന്മാരുടെ ഓർമ്മകൾ എന്നെ മുന്നോട്ട് നയിക്കുന്നു. നല്ല പോസ്റ്റ്,
സ്വന്തം ഇച്ഛാശക്തി കൊണ്ട് കഠിനമായി പ്രയന്തിച്ചു കൊണ്ട് തന്നെ ജീവിതത്തെ നേരിടുന്ന വ്യക്തികള്‍ അനേകരാണു. ഇവിവ്ടെ എല്ലാം തികഞ്ഞവന് അവന്റെ സ്വാര്‍ത്ഥലാഭത്തിനായി മറ്റെല്ലാം മറക്കുമ്പോള്‍ ജീവനുകളിക്ക് ഒന്ന് തിരഞ്ഞു നോക്കിയിരുന്നെങ്കില്‍...
മനുഷ്യരില്‍ നന്മ വറ്റിയിട്ടില്ല എന്നു തെളിയിക്കുന്നു
മുഹമ്മദുകുട്ടിയുടെ ഈ പോസ്റ്റ് ..
സ്റ്റീഫന്‍ ഹോക്കിങ്ങ്സ്.ഇവിടെ വാട്ടര്‍ ലൂ യൂണിവേഴ്സിറ്റിയില്‍ ഓണററി പ്രോഫസര്‍ ആണു.
[Prof. Stephen Hawking to the position of PI Distinguished Research Chair. ] 2009 മുതല്‍ അദ്ദേഹമവിടെ യുണ്ട്.
(Perimeter Institute for Theoretical Physics ) .
എന്റെ മകള്‍ മാത്സ് ഓണേഴ്സ് ബിരുദം കഴിഞ്ഞു അടുത്ത് കോഴ്സ് ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്റില്‍ വിസിറ്റിങ്ങ് പ്രോഫസര്‍ ആണ് സ്റ്റീഫന്‍ ഹോക്കിങ്ങ്സ്.
ഈ ലിങ്കില്‍ അദ്ദേഹത്തിന്റെ ഒരു ലക്ച്ചര്‍ കേള്‍ക്കാം.
http://www.ted.com/talks/lang/eng/stephen_hawking_asks_big_questions_about_the_universe.html
Please see comment here:
http://enikkuthonniyathuitha.blogspot.com/
Thanks
Kochuravi :-)
എല്ലാം ഉണ്ടായിട്ടും ഒന്നുമല്ലാതായി ജീവിക്കുന്ന നമ്മളെ തോട്ടുണര്ത്തേണ്ടാതാണ് ഇവരുടെയൊക്കെ ജീവിതങ്ങള്‍.
ഇവരെ പരിചയപ്പെടുത്തിയതിനു കുട്ടിക്കാക്ക് അഭിനന്ദനങ്ങള്‍
വളരെ സാരസംപുഷ്ടമായ , ചിന്തോദ്ദീപകമായ ഒരു ലേഖനമാണ് തങ്കളുടെത്. എല്ലാം നേടി , എല്ലാം തന്റെ കാല്‍ക്കീഴിലാണ് എന്നഹങ്കരിക്കുന്ന ലോകത്ത് ദൃഷ്ടാന്തങ്ങളായി , പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടവര്‍ . വിധി വിലക്കുകളെയും പരിമിതികളെയും മറി കടന്ന് അസാമാന്യമായ ആത്മ വീര്യം പ്രകടിപ്പിക്കുന്നവര്‍ . അതും നിരാശയുടെ ലോകത്ത് ജീവിക്കുന്നവര്‍ക്ക് മറൊരു ദൃഷ്ടാന്തം . ഇത്തരം വൈരുദ്ധ്യാത്മക വാര്‍ത്തകള്‍ നിത്യവും വായിച്ചു തള്ളുമ്പോള്‍ അതിന്റെ വീര്യവും തീവ്രതയും മനസ്സിലേക്ക് ആവാഹിച്ച് സഹൃദയ ലോകത്തിന് ചിന്തിക്കുവാന്‍ വഴിമരുന്നിട്ടുകൊടുക്കുന്ന താങ്കളുടെ ജിഹ്വയെ , ആത്മാര്‍ത്ഥതയേ ,ആര്‍ദ്രതയെ അഭിനന്ദിക്കുവാന്‍ വാക്കുകള്‍ മതിയാവില്ലെന്റെ കയ്യില്‍ . ഈ പുണ്ണ്യ മാസത്തില്‍ അതിന്റെ പ്രതിഫലം താങ്കള്‍ക്കു ലഭിക്കുമാറാകട്ടെ .
പ്രസക്തമായ ഒരു കുറിപ്പ്.
ഉജ്ജ്വലമായ അവതരണം.
അഭിനന്ദനങ്ങള്‍
ജീവിതം അതുല്യമായ ചെറുത്തു നില്‍പ്പ് കൂടിയാണ്
അഹം ഭാവികളായ മനുഷ്യര്‍ക്ക് നല്ലൊരു പാഠം...
മുഹമ്മദ് കുട്ടിക്കാ,
പത്രം നോക്കി ഒരു ലേഖനം മുഴുവന്‍ ടൈപ്പ് ചെയ്തത് സാഹസം തന്നെയായി. കിട്ടിയ അറിവ് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള സന്മനസുകൊണ്ട് താങ്കളതു ചെയ്തതാണ്, ദൈവം അനുഗ്രഹിക്കട്ടെ
ഇനി ഒരു എളുപ്പ വിദ്യ പറയട്ടേ?
pdf ഫോര്‍മാറ്റില്‍ കിട്ടിയ പേജില്‍ നിന്ന് ടെക്സ്റ്റ് കോപ്പി ചെയ്ത് www.aksharangal.com എന്ന സൈറ്റില്‍ കൊണ്ടുപോയി വളരെ എളുപ്പത്തില്‍ യൂനികോഡിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാമായിരുന്നു!
Select font എന്ന ബോക്സില്‍ panchami സെലക്ട് ചെയ്താല്‍ മതി.(മാധ്യമം പത്രത്തില്‍ ഉപയോഗിക്കുന്ന ഫോണ്ട് panchami ആണ്. അതുപോലെ മനോരമ,കൌമുദി,ദേശാഭിമാനി പത്രങ്ങളിലെ വാര്‍ത്തകളും യൂണികോഡ് ആക്കാം.
മാതൃഭൂമി സൈറ്റ് ഇതിനകം യൂണികോഡിന്റെ പൂക്കളമാണ്.
മംഗ്ലീഷില്‍ ടൈപ്പ് ചെയ്തവ പോലും യൂണികോഡ് ആക്കാന്‍ www.aksharangal.com ഉപയോഗിക്കാം.
ഒന്ന് പരീക്ഷിച്ച് നോക്കില്ലേ? അപ്പോള്‍ അടുത്ത തവണ ഏതെങ്കിലും പത്രത്തില്‍ ഉപകാരപ്രദമായ വാര്‍ത്തകള്‍ കണ്ടാല്‍ ഈസിയായി കണ്‍വേര്‍ട്ട് ചെയ്ത് പോസ്റ്റ് ചെയ്യുമല്ലോ അല്ലേ
നന്മയുടെ നിറവാര്‍ന്ന പെരുന്നാള്‍ ആശംസിക്കുന്നു
ഒരു കാര്യം കൂടി:
സ്റ്റീഫന്‍ ഹോക്കിങ്ങ്സ് 2009 ജനുവരി 9ന് മരണപ്പെട്ടു എന്നൊരു വ്യാജ സന്ദേശം അഥവാ സന്ദേഹം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സ്കൂളുകളിലെ പ്രോജക്ട് വര്‍ക്കിന് ഇന്റര്‍നെറ്റിനെ കാര്യമായി ആശ്രയിക്കുന്ന കുട്ടികളും രക്ഷിതാക്കളും ആ തെറ്റ് പകര്‍ത്താന്‍ ചെറിയൊരു സാധ്യതയുണ്ട്.
2009 ല്‍ മരണപ്പെടുകയല്ലാ അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ Presidential Medal of Freedom നേടുകയാണ് ചെയ്തത്. അദ്ദേഹം ജീവിച്ചിരിക്കുന്നു
ഇന്ന് പോലും അദ്ദേഹത്തെക്കുറിച്ച് ബിബിസി വാര്‍ത്ത ചെയ്തിട്ടുണ്ട്
ലിങ്ക് http://www.bbc.co.uk/news/uk11172158
ദൈവത്തിന് പ്രസക്തിയില്ല എന്ന് അദ്ദേഹം പുതിയ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടുവെത്രേ
നിശ്ചയദാര്‍ഡ്യത്തോടെ ഇനിയുമേറെ മുന്നേറാന്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
ഒരു നല്ല ലേഖനം നന്നായി കാഴ്ചവെച്ചതിന് സന്തോഷം
ഉണ്ടുമാഷെ.
Hawkins ഇന്നും, എന്നും എനിക്കൊരു അത്ഭുതമാണ്..!!
സ്റ്റീഫന്‍ ഹോക്കിങ്ങ്സുമായുള്ള ഒരു ഇന്റര്‍വ്യൂ ഈ ലിങ്കില്‍ കാണാം .
http://www.youtube.com/watch?v=mUaiPw6xuPE
ചിന്തിക്കട്ടെ ഇങ്ങനെയെങ്കിലും- ഞാനും ഉള്‍പ്പെട്ട പുതു സമൂഹം...!
മനസ്സില്‍ കുന്നു പോലെ തിന്മയും അഹങ്കാരവും കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഇതൊരു നല്ല പാഠമാണ്.
ഈ പുണ്ണ്യ മാസത്തില്‍ ഇത്തരം നല്ല കാര്യങ്ങള്കായ് ചിലവിട്ട താങ്കള്‍ക്കു അതിന്റെ പ്രതിഫലം ലഭിക്കുമാറാകട്ടെ
(ആമീന്‍)
നല്ല ലേഖനം, മാഷേ
അതെ ജീവിത്തിലെ ഇല്ലയിമകളെ കുറിച്ച് മാത്രം ആവലാതി പറയുന്നവര്‍ക്ക് ഇത് ഒരു വലിയ ഉണര്‍ത്ത് തന്നെ ഇക്ക ..ഇല്ലായിമകളില്‍ നിന്നും ,നഷ്ട്ടപെട്ടവയില് നിന്നും ജീവിതത്തെ എത്തി പിടിച്ച് ജീവിച്ചു കാണിച്ചു തന്ന ഇത്തരം അനുഗ്രഹീത വ്യക്ത്വങ്ങള്‍ കാഴ്ചയില്‍ എല്ലാം ഉള്ള നമ്മള്‍ക്ക് നേരെ തൊടുത്തു വിടുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും ഉത്തരം നല്കാന് കഴിയാതെ പകച്ചു നില്‍ക്കാറുണ്ട് ഞാന്‍ ...അവര്‍ ജീവിതത്തില്‍ കാണുന്ന പ്രതീക്ഷകളും അനുഗ്രഹങ്ങള്‍ പോലും പലപ്പോഴും നമ്മള്‍ക്ക് കണ്ടെത്താന്‍ കഴിയാതെ പോകുന്നു ...അവതരണ ശൈലി നന്നായി ....അനുഭവക്കുറിപ്പും വാര്‍ത്തയും ഉചിതം തന്നെ ...നന്ദി ഇതിനു ..ഞാന്‍ ഇത് എന്റെ അനിയന് മാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട് ....
തളര്‍ന്ന ശരീരവും തളരാത്ത മനസും ഉള്ളവര്‍ക്ക് ഇത്രത്തോളമാകാമെങ്കില് തളരാത്ത ശരീരവും മനസുമുള്ള നമുക്ക് ആവുന്നത് ചെയ്യാം.
തളര്‍ന്ന ശരീരം തളരാത്ത മനസിന് ശക്തി പകരുന്നത് വായിച്ചറിഞ്ഞു. തളരാത്ത ശരീരവും മനസും ഉള്ളവര്‍ സ്വാര്‍ത്ഥതവെടിഞ്ഞ് എന്തെങ്കിലും ചെയ്തുകൂടെ. തുറന്ന് പറയുവാന്‍ സോഷ്യല്‍നെറ്റ്വര്‍ക്കുകളും ബ്ലോഗും ഉള്ളപ്പോള്‍ അവയെ പ്രയോജനപ്പെടുത്താം.
Post a Comment