Tuesday, May 4, 2010

എന്റെ ലോക്കല്‍ ഗാര്‍ഡിയന്‍.

ഞായറാഴ്ച (മെയ് 2) രാവിലെ യാദൃശ്ചികമായാണ് ആ ഫോണ്‍ കാള്‍ വന്നത്. ലാന്റ് ലൈനില്‍ ഈയിടെയായി ആരും അങ്ങിനെ വിളിക്കാറില്ല. കാളര്‍ ഐ.ഡി നോക്കിയേ സാധാരണ ഫോണെടുക്കാറുള്ളൂ. ധൃതില്‍ റിസീവറെടുത്തു.
അങ്ങേ തലക്കല്‍ ഒരു ചെറുപ്പക്കാരന്‍ “ പുളിക്കല്‍ കുഞ്ഞഹമ്മദ് കാക്ക ഇന്നു രാവിലെ മരിച്ചു, മയ്യത്ത് 4 മണിക്കെടുക്കും”. ആരാണ് സംസാരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ പയ്യന്‍ പരിചയപ്പെടുത്തി: “ അബു കാക്കാന്റെ മോനാണ്”. കുറെ സമയം കഴിഞ്ഞാണോര്‍ത്തത്, പഴയ സ്ഥലത്തു തന്നെയല്ലെ എന്നു ചോദിച്ചില്ല. കാളര്‍ ഐ.ഡിയില്‍ നോക്കി നമ്പര്‍ കണ്ടു പിടിച്ചു തിരിച്ചു വിളിച്ചു. “ഫറോക്കില്‍ തന്നെയല്ലെ?” . അതെയെന്നു മറുപടി കിട്ടി . 4 മണിക്കെന്നു വീണ്ടും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു ആ പയ്യന്‍.

പെട്ടെന്ന് എന്തൊക്കെയോ ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നു പോയി. ഒരു 45 വര്‍ഷം പിന്നിലേക്ക് !.
*******************************************
പത്താം ക്ലാസ് പാസായി കോളേജില്‍ ചേര്‍ന്ന് വീട്ടില്‍ നിന്നകന്നു കൂട്ടുകാരോടൊപ്പം ലോഡ്ജിലും പിന്നെ ഹോസ്റ്റലിലും അങ്ങിനെ മാറി മാറി പരീക്ഷണം നടത്തി ഡിഗ്രി ഒന്നാം വര്‍ഷം വരെ തള്ളി നീക്കി. വീട്ടില്‍ ഉമ്മ തനിച്ചാണെന്ന സങ്കടം വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അങ്ങിനെയാണ് ഉമ്മയെയും കൂടെ താമിസിപ്പിക്കുന്ന ചിന്ത വന്നത്.

കുഞ്ഞഹമ്മദ് സാഹിബ് എന്റെ നാട്ടുകാരനാണ്, അദ്ദേഹം അന്ന് വയനാട്ടില്‍ സപ്ലൈ ഓഫീസറാണ്. കുട്ടികളുടെ വിദ്യാഭ്യാസ സൌകര്യം മാനിച്ചു ഫാറൂഖ് കോളേജിനടുത്തു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നു. അദ്ദേഹം വേറെ വീട്ടിലേക്ക് അടുത്ത് താമസം മാറ്റുകയാണെന്നും ഇപ്പോള്‍ താമസിക്കുന്നത് ഉടനെ ഒഴിയുമെന്നും പറഞ്ഞു.

അങ്ങിനെയാണ് ഉമ്മയെയും കൂട്ടി നാട്ടിലെ വീടും പൂട്ടി എല്ലാം വാരി വലിച്ച് ഒരു 48 മോഡല്‍ ഹിന്ദുസ്ഥാന്‍ ടാക്സി കാറില്‍ ഫറോക്കിലേക്ക് പുറപ്പെട്ടത്. വീട്ടിലെ വളര്‍ത്തു പൂച്ചയെ അടക്കം ഒരു പെട്ടിയില്‍ കൂടെ കയറ്റി. പോകുന്ന പോക്കില്‍ ചേളാരിയില്‍ വെച്ച് ഹിന്ദു പത്രക്കാരുടെ വിമാനവും കണ്ടു. അവിടത്തെ എയര്‍ സ്ട്രിപ്പിലായിരുന്നു വിമാനം വഴി അന്ന് പത്രം ഇറക്കിയിരുന്നത്.

കുഞ്ഞഹമ്മദ് സാഹിബിന്റെ കുടുംബത്തിന്റെ കൂടെ ഒരാഴ്ച കഴിഞ്ഞു. ഉമ്മാക്ക് അവിടം നല്ല ഇഷ്ടമായി. എല്ലാം ഒന്നു പരിചയമായ ശേഷം വീട് ഞങ്ങള്‍ക്കൊഴിഞ്ഞു തന്നു അവര്‍ കുറച്ചകലെ വേറെ വീട്ടിലേക്ക് മാറി. എന്നും എന്തിനും ഒരു സഹായമായി ആ കുടുംബം അവിടെയുള്ളതൊരു സമാധാനമായി. എന്ത് പ്രശ്നമുണ്ടായാലും ആദ്യം ഓടിച്ചെല്ലുക അദ്ദേഹത്തിന്റെ അടുത്തേക്കായിരുന്നു. ഒരിക്കല്‍ അബദ്ധത്തില്‍ പൂച്ചയെ ചവുട്ടിയ ഉമ്മായുടെ കാലില്‍ പൂച്ചയുടെ കടിയേറ്റ് മുറിവുണ്ടാവുകയും അപ്പോഴൊക്കെ ഉമ്മാനെ ശുശ്രൂഷിക്കാനും എനിക്ക് ഭക്ഷണം ഉണ്ടാക്കാനുമൊക്കെ ആ കുടുംബം വല്ലാതെ സഹായിച്ചു.  ഒരു പിതാവിനെപ്പോലെ എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങല്‍ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.

അദ്ദേഹത്തിന്റെ പടി പടിയായുള്ള ഔദ്യോഗികമായുള്ള ഉയര്‍ച്ചകള്‍ എപ്പോഴും പറഞ്ഞു തരാറുണ്ടായിരുന്നു. എസ്.എസ്.എല്‍.സി പാസായി ഒരു  ക്ലര്‍ക്കായി മുതലുള്ള സര്‍വ്വീസ് ഹിസ്റ്ററി എനിക്കു പറഞ്ഞു തന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഒരു ഡപ്യൂട്ടി കലക്റ്ററായാണ് അദ്ദേഹം ജോലിയില്‍ നിന്നു വിരമിച്ചത്. പഴയ വിദ്യാഭ്യാസ മന്ത്രി ബീരാന്‍ സാഹിബും ഇദ്ദേഹവും സഹപാഠികളും കൂട്ടുകാരുമായിരുന്നു.

കോളേജില്‍ നിന്നും പോന്ന ശേഷവും പലപ്പോഴും അവരെ കാണാന്‍ പോവുകയും ആ ബന്ധം നില നിര്‍ത്തുകയും ചെയ്തിരുന്നു.അപ്പോഴേക്കും അദ്ദേഹം അവിടെ തന്നെ വീടുണ്ടാക്കി  സെറ്റില്‍ ചെയ്തിരുന്നു. സ്വന്തം ബന്ധുക്കളേക്കാള്‍ ഒരു പ്രത്യേക അടുപ്പം ആ കുടുംബവുമായി നില നിന്നു.

അദ്ദേഹത്തിന്റെ ഭാര്യ സൈനബ താത്തയും എന്റെ നാട്ടുകാരിയായതിനാല്‍ ഞങ്ങളുടെ കുടുംബകാര്യങ്ങളിലും അവര്‍ ശ്രദ്ധിച്ചു പോന്നു. എന്റെ കല്യാണം കഴിഞ്ഞു ഞാനും ഭാര്യയും ഉമ്മയും കൂടി ഒരിക്കല്‍ അവരെ കാണാന്‍ പോയതും അന്നു ഞങ്ങള്‍ക്ക് സ്വതന്ത്രമായി ടൌണില്‍ പോയി സിനിമയും കണ്ട് കറങ്ങാന്‍ അവര്‍ അവസരമുണ്ടാക്കിയതും വളരെ രസകരമായിരുന്നു. “ഞങ്ങള്‍ക്ക് പല പഴയ കാര്യങ്ങളും സംസാരിക്കാനുണ്ട്, നിങ്ങള്‍ എവിടെയാച്ചാ പോയി പതുക്കെ വന്നാല്‍ മതി” എന്ന് പറഞ്ഞു ഉമ്മായെ കൂടെ പിടിച്ചിരുത്തി ഞങ്ങളെ ടൌണിലേക്ക് വിട്ടു.  അന്ന് 2 സിനിമകളും കണ്ട് ലോഡ്ജില്‍ തങ്ങിയ ഞങ്ങള്‍ പിറ്റേന്നാണ് അവരുടെ വീട്ടില്‍ തിരിച്ചെത്തിയത്. ഇടക്ക് ഫോണില്‍ ബന്ധപ്പെട്ട് തങ്ങുന്ന കാര്യം പറഞ്ഞിരുന്നുവെന്നു മാത്രം.

പിന്നീട് സൈനബ താത്തയുടെ മരണവിവരം അറിഞ്ഞു  അവിടെ പോയിട്ടുണ്ട്. കാലം പിന്നെയും കടന്നു പോയി. കുഞ്ഞഹമ്മദ് സാഹിബ് വീണ്ടു വിവാഹിതനായി. നാട്ടില്‍ വരുമ്പോല്‍ അദ്ദേഹം ഞങ്ങളുടെ വീട്ടിലും വന്നിരുന്നു. പിന്നീട് എന്റെ ഉമ്മ മരിച്ചപ്പോഴും അദ്ദേഹം വീട്ടില്‍ വന്നിരുന്നു.
**************************************
ബസ് ഫറോക്ക് ചുങ്കത്തെത്തിയപ്പോഴാണ് ഓര്‍മ്മയില്‍ നിന്നുണര്‍ന്നത്. പഴയ കലാലയത്തിലേക്കുള്ള വഴി. റോഡൊക്കെ വീതി കൂടിയിരിക്കുന്നു. കോളേജ് ഭാഗത്തേക്ക് കുറച്ച് സമയം ബസ് കാത്തു നിന്നപ്പോഴേക്കും ഒരു ഓട്ടൊ കിട്ടി. എന്തെല്ലാം മാറ്റങ്ങള്‍ !.പണ്ട് സയാഹ്ന സവാരിക്കെന്നും പറഞ്ഞു കറങ്ങിയിരുന്ന സ്ഥലങ്ങളെല്ലാം കണ്‍ മുമ്പിലൂടെ മിന്നിപ്പാഞ്ഞു. ഇപ്പോള്‍ അതൊന്നും നോക്കാനുള്ള മൂഡിലല്ല. സമയം മൂന്നരയോടടുത്തിരിക്കുന്നു. ഓട്ടോക്കാരനോട് ഏകദേശ വഴി പറഞ്ഞു കൊടുത്തു. വെക്കേഷനായിട്ടും കോളേജ് ഗയിറ്റ് മലര്‍ക്കെ തുറന്നു വെച്ചിരിക്കുന്നു. മരിച്ച വീട്ടിലേക്ക് വാഹനങ്ങള്‍ പോകാനുള്ള സൌകര്യമോര്‍ത്തായിരിക്കും!. അന്നത്തെ ആ രാജാ ഗേറ്റ് ഇന്നും പ്രൌഢ ഗംഭീര്യത്തോടെ നില്‍ക്കുന്നു. ഗേറ്റിലൂടെ പോകാവുന്നേടത്തോളം ദൂരം ഓട്ടോയില്‍ പോയി .  പിന്നെ ഇറങ്ങി. അപ്പോഴേക്കും പല വാഹനങ്ങളും അതു വഴി വരുന്നത് കണ്ടു. അങ്ങിനെ പഴയ സ്ഥലം ഒരു വിധം മനസ്സിലാക്കി. അങ്ങോട്ടു നടന്നു. നാട്ടുകാരും അല്ലാത്തവരുമൊക്കെയായി വന്‍ ജനക്കൂട്ടം.

മുമ്പു അദ്ദേഹം താമസിച്ചിരുന്ന വീട്ടിനു പുറകിലായി വലിയൊരു വീട്. ഒരു മകന്റെയാണ്. അവിടെയാണ് കിടത്തിയിരിക്കുന്നത്. പള്ളിയിലേക്കെടുക്കാന്‍ സമയമായി തുടങ്ങിയതിനാല്‍ മയ്യത്തിന്റെ മുഖം കാണാനൊത്തില്ല!. വെള്ളത്തുണിയില്‍ കഫം ചെയ്ത ശരീരം കണ്ടു, അല്ലെങ്കിലും ആ മുഖത്തേക്കു നോക്കാന്‍ കഴിയില്ല. മയ്യത്തിന്റെ കൂടെ നേരെ പള്ളിയിലേക്കു നടന്നു. പള്ളിയില്‍ വെച്ച് പഴയ പല മുഖങ്ങളും കണ്ടു. അദ്ദേഹത്തിന്റെ മൂന്നാണ്‍ മക്കളെയും.

അസര്‍ നമസ്ക്കാരത്തിനു ശേഷം ജനാസ നമസ്കാരവും കഴിഞ്ഞു. നേരെ ഖബര്‍ സ്ഥാനത്തേക്ക്.......എല്ലാവരും പല വഴി പിരിഞ്ഞു. വീണ്ടും പഴയ ഓര്‍മ്മകളുമായി നാട്ടിലേക്കു തിരിച്ചു. ഇതു പോലെ ഒരു നാള്‍ എനിക്കും മടങ്ങേണ്ടി വരും!..........സവ്വശക്തന്‍ അതു വരെ നന്നായി ജീവിക്കാന്‍ ശക്തി തരട്ടെ!.

28 comments:

കുഞ്ഞൂസ് (Kunjuss) said...

മരണം എന്നും വേദനകളും ഓര്‍മകളും തരുന്നു. അദ്ധേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു....

കൂതറHashimܓ said...

<<< ഇതു പോലെ ഒരു നാള്‍ എനിക്കും മടങ്ങേണ്ടി വരും!..........സവ്വശക്തന്‍ അതു വരെ നന്നായി ജീവിക്കാന്‍ ശക്തി തരട്ടെ!. >>>
എനിക്കും..!!
ജീവിക്കുന്നോടത്തോളം കാലം മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാന്‍ എന്നെ നീ അനുഗ്രഹിക്കണേ നാഥാ

Unknown said...

ഇക്കാ...പഴയ ഓര്‍മ്മകള്‍... അതും നമ്മളെ വേര്‍പിരിഞ്ഞവരെക്കുറിച്ചാകുമ്പോള്‍ കൂടുതല്‍ വേദനിപ്പിക്കുന്നു. എങ്കിലും അതു ഓര്‍ക്കതിരിക്കാന്‍ നമുക്കു കഴിയില്ല...

സാഹിബിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു‍.

Mohamed Salahudheen said...

ഓര്മകള് നമ്മെ വീണ്ടും ജീവിപ്പിക്കുന്നു. പ്രാര്ഥനയോടെ

Sidheek Thozhiyoor said...

മരണം അതേകുറിച്ച് ചിന്തിച്ചാല്‍ ജീവിക്കാന്‍ തോന്നില്ല മാഷെ.

Ashly said...

അദ്ധേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു

ഹംസ said...

വേണ്ടപെട്ടരുടെ മരണം വല്ലാതെ വേദനിപ്പിക്കും എല്ലാവരും ഒരുനാള്‍ മടങ്ങേണ്ടവര്‍ തന്നെ ഓര്‍മകളിലൂടെ അവര്‍ക്ക് പുനര്‍ജന്മം കൊടുക്കുന്നത് നല്ല കാര്യം തന്നെ.!! അദ്ദേഹത്തിന്‍റെ ഖബര്‍ റഹമത്തുള്ള ഖബറായി നാഥന്‍ തീര്‍ക്കുമാറാവട്ടെ. (ആമീന്‍)

Rejeesh Sanathanan said...

എല്ലാം ഉപേക്ഷിച്ച് ഇന്നല്ലെങ്കില്‍ നാളെ നാമോരോരുത്തരും കളം ഒഴിഞ്ഞേ മതിയാകൂ.....എന്നാല്‍ ഇത് എന്തൊക്കെയോ കണ്ട് അഹങ്കരിക്കുന്ന നാം പലപ്പോഴും മറക്കുന്നു.......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒരു നാള്‍ എല്ലാവരും മരണത്തെ രുചിക്കുക തന്നെ വേണം.
(അവര്‍ മരിക്കും നാമത് മറക്കും..
പിന്നെ നാം മരിക്കും..
മറ്റുള്ളവര്‍ അതു മറക്കും..
മരണവും പിന്നാലെ മറവിയും
ഒത്തുചേര്‍ന്ന് ലോകാവസാനം വരെ.....)

Sapna Anu B.George said...

ആര്‍ക്കും അതിന്‍റെ ആഘാതത്തിന്‍റെ വലിയ പ്രഹരത്തിന്‍ നിന്ന് കടന്നു കയറാന്‍ പ്രയാസമാണ്.ഒരു സുഹൃത്തിന്‍റെതാണെങ്കില്‍പ്പോലും നമ്മുടെ ഓര്‍മ്മകള്‍ കൂടെ ഉണരും.8 വര്‍ഷത്തില്‍ കൂടുതലായി നഷ്ടപ്പെട്ട അപ്പനും അമ്മയും ഇല്ലാത്തതിന്‍റെ വേദന മനസ്സില്‍ തട്ടി ഒന്നു കരയാന്‍ പോലും കഴിയാതെ മരവിച്ചു പോയ എന്‍റെ മനസ്സ്,മറ്റുള്ളവരുടെ വിയോഗത്തില്‍ ദു:ഖിക്കുന്നു

Anonymous said...

യഥാര്‍ത്ഥ ജീവിതം തുടങ്ങുന്നത് മരണത്തോടെ യാണ് എന്ന് വിശ്വസ്ക്കുന്ന നമ്മള്‍ക്ക് അതുകരുതി ആശ്വസിക്കാം ....ജീവിതം എത്ര നൈമിഷികം ...വര്‍ഷങ്ങള്‍ നിമിഷങ്ങളായി ഉതിര്‍ന്നു പോക്കുമ്പോഴും ജീവിക്ക തന്നെ ....ഈ ഓര്‍മകളും തലോടി ....പിന്നെ ഒത്തിരി നന്ദി ...എന്റെ ഫാറൂക്ക് കോളേജും രാജാ ഗയിറ്റും അങ്ങിനെ അങ്ങിനെ അവിടെ തങ്ങിനില്‍ക്കുന്ന എന്റെ ഓര്‍മകളെ ഒന്ന് ഉണര്‍ത്തി വിട്ടതിനു ..
." ഇതു പോലെ ഒരു നാള്‍ എനിക്കും മടങ്ങേണ്ടി വരും!..........സവ്വശക്തന്‍ അതു വരെ നന്നായി ജീവിക്കാന്‍ ശക്തി തരട്ടെ!.".പ്രാര്‍ത്ഥന പൂര്‍വ്വം

ഒരു നുറുങ്ങ് said...

വേണ്ടപ്പെട്ടവരുടെ വേര്‍പാട് നമ്മെ വ്യസനിപ്പിക്കും..
ചിലര്‍ കടന്ന് പോയിരിക്കുന്നു..മറ്റുചിലര്‍ തയാറായി
കാത്ത് കിടക്കുന്നു..ഒരുനാള്‍ നാമും പോയേ ഒക്കൂ!!
എന്‍റെ കഫന്‍ പുടവ ഏതോ ഒരു ജൌളിക്കടയില്‍
മോചനം കാത്ത് കിടക്കുന്നല്ലൊ...!!

കുഞ്ഞഹമ്മദ് സാഹിബിന്‍റെ പരലോകമോക്ഷത്തിനായി
പ്രാര്‍ത്ഥിക്കുന്നു,അദ്ദേഹത്തിന്റ്റെ കുടുംബാംഗങ്ങള്‍ക്കും
കൂട്ട് കാര്‍ക്കും സമാധാനം ലഭിക്കാട്ടെ ( ആമീന്‍ )

lekshmi. lachu said...

എല്ലാം ഉപേക്ഷിച്ച് ഇന്നല്ലെങ്കില്‍ നാളെ നാമോരോരുത്തരും കളം ഒഴിഞ്ഞേ മതിയാകൂ.....

Unknown said...

എല്ലാവരും ഒരുനാള്‍ അത് രുചിച്ചേതീരൂ, അതുവരെ നന്മ ചെയ്യാന്‍ പടച്ചവന്‍ സഹായിക്കട്ടെ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ജീവിതവഴികളിൽ നമുക്ക് താങ്ങായും തണലായും നിന്നവരുടെ വിയോഗം... അതു സ്ര്‌ഷ്ടിക്കുന്ന ഹ്ര്‌ദയ വേദന....

അവരുടേയും‌ നമ്മുടേയും‌ ആത്മശാന്തിക്കായുള്ള മനസ്സിൽ തട്ടിയ പ്രാർത്ഥനകൾ‌ സർ‌വ്വശക്തൻ സ്വീകരിക്കുമാറാകട്ടെ.

ഈ അനുസ്മരണക്കുറിപ്പ് ഹ്ര്‌ദയത്തിൽ തൊട്ടു.

ramanika said...

സാറിന്റെ പഴയ ഓര്‍മ്മകള്‍
മനസ്സിനെ സ്പര്‍ശിച്ചു .....

ശ്രീ said...

മനസ്സില്‍ തൊടുന്ന കുറിപ്പ്, മാഷേ. ഇതു പോലെ കഴിയും വിധമെല്ലാം മറ്റുള്ളവരെ സഹായിയ്ക്കാന്‍ നമുക്കും സാധിയ്ക്കട്ടെ.

സിനു said...

ഒഴിക്കാനാവാത്ത അനിവാര്യമായ ഒരു യാത്ര..
ഒടുവില്‍ നാം എത്തേണ്ടയിടം..!!
ഈ ഓര്‍മ്മക്കുറിപ്പ്‌ മനസ്സിനെ ഒന്ന് തൊട്ടുണര്‍ത്തി..

sm sadique said...

ഖബറിലേക്കുള്ള ദൂരം അളക്കുന്നു ഈ ഞാനും . പക്ഷെ , എന്റെ അളവ് വളയുന്നു.
പരമകാരുണികനായ പടച്ചതമ്പുരാന്റെ അളവ് നേര്‍രേഘയില്‍ എത്തും . അവിടെ
ഞാനുണ്ടാവും, നമ്മളുണ്ടാവും .

Unknown said...

എല്ലാവരും ഒരുനാള്‍ മടങ്ങേണ്ടവര്‍ തന്നെഎല്ലാം ഉപേക്ഷിച്ച് ഇന്നല്ലെങ്കില്‍ നാളെ

ബഷീർ said...

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

അവനിലേക്ക് തന്നെ മടങ്ങേണ്ട ഒരു നാൾ നമ്മെയും തേടിയെത്തും അതുവരെ ഈ തത്കാലിക ഇടം ധന്യമാക്കാൻ നമുക്കാവട്ടെ..

പ്രാർത്ഥനയോടെ

ഏകാന്തതയുടെ കാമുകി said...

ഇന്നു ഞാന്‍ ;
നാളെ നീ ;

(റെഫി: ReffY) said...

മരിക്കുമെന്ന ഓര്‍മ്മയുണ്ടെങ്കില്‍ ഒരു നല്ല ജീവിതം നയിക്കാന്‍ പറ്റും. ഞാന്‍ മരിക്കേന്ടവനാണ് എന്ന ചിന്ത ഇല്ലാത്തത് കൊണ്ടാണ് മനുഷ്യന്‍ പിന്നെയും പിന്നെയും സ്വയം നശിക്കുന്നത്. മരണം കൂടെയുണ്ടെന്ന് കരുതുക, അപ്പോള്‍ തിന്മ നമ്മെ വിട്ടകലും. "അനായെസ ജീവിതം.. അനായെസ മരണം.." നല്ലൊരു ജീവിതവും നല്ലൊരു മരണവും എനിക്ക് (നമുക്ക്)ആശംസിക്കുന്നു.

Jishad Cronic said...

ഇതു പോലെ ഒരു നാള്‍ എനിക്കും മടങ്ങേണ്ടി വരും!..........സവ്വശക്തന്‍ അതു വരെ നന്നായി ജീവിക്കാന്‍ ശക്തി തരട്ടെ!.

സാബിബാവ said...

വിത്ത് ഇട്ടവന്‍ വിള കൊയ്യുമെന്നു തീര്‍ച്ച എങ്കിലും ഭയകേണ്ടുന്ന ഒരു ദിനം നമുക്കും ഉണ്ട് .
നശ്വരമായ ഈ ഭുമി വിട്ടു മടങ്ങെടുന്ന ഒരു ദിനം ഇക്കാ നമ്മെയും അധ്യെഹതെയും സ്വര്കത്തില്‍ ഒരുമിപ്പിക്കട്ടെ

വിരോധാഭാസന്‍ said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നൊമ്പരം...താങ്കളുടെ നഷ്ടവും വിഷമവും ശരിക്കും ഫീല്‍ ചെയ്യാന്‍ കഴിഞ്ഞു..

Anil cheleri kumaran said...

ആദരാഞ്ജലികള്‍..!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതു പോലെ ഒരു നാള്‍ എനിക്കും മടങ്ങേണ്ടി വരും!..........സവ്വശക്തന്‍ ശക്തി തരട്ടെ!.