Saturday, July 11, 2009

ഹൈടെക്‌.

മൊബൈലിലെ മ്യുസിക് അലാറം കേട്ടാണുണര്‍ന്നത്.ആ മ്യൂസിക് കേട്ടാല്‍ വീണ്ടും ഉറങ്ങാന്‍ തോന്നും.വേറൊരു പാട്ടായിരുന്നു ഈയിടെയാണ് മാറ്റിയത്. സമയം രാവിലെ 5 മണി.ഒരു ദിവസം ആരംഭിക്കുകയാണ്.പെട്ടെന്നു ബാത്ത് റൂമില്‍ പോയി പ്രഭാത കൃത്യങ്ങള്‍ കഴിച്ചു ,പ്രാര്‍ത്ഥനയും
കഴിഞ്ഞ് നേരെ ലാപ് ടോപിന്റെ മുന്നിലേക്ക്.8 മണി വരെ നെറ്റ് ഫ്രീയാണ്.അത്യാവശ്യം മെയില്‍ ചെക്കിങ്ങും വേണ്ട ഡൌണ്‍ലോഡിങ്ങും ചെയ്യാന്‍ പറ്റിയ സമയം. അതിന്നിടയില്‍ ഒരു കാലി ചായയുമുണ്ടാക്കാം,അതിനൊന്നും ആരെയും ബുദ്ധിമുട്ടിക്കേണ്ട. അല്ലെങ്കില്‍ തന്നെ രാവിലെ തന്നെ ഇതിന്നു മുമ്പിലിരിക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. കമ്യൂണിറ്റി സൈറ്റുകളിലെ ഫ്രന്റ്സിന്റെ കമന്റുകള്‍ക്കൊക്കെ മറുപടി കൊടുക്കണം.പ്രൊഫൈലിലെ ഡീറ്റയിത്സിലെ വയസ്സിന്റെ കോളം ഇതുവരെയും ഹൈഡായിരുന്നു. ഇനി പറയാതിരിക്കാന്‍ വയ്യ. 60 കഴിഞ്ഞു. ഇപ്പോ അതും ഒരു ക്രെഡിറ്റായി തോന്നുന്നു. ഗൂഗിളില്‍ മരുമകന്‍ ഓണ്‍ലൈനാണ്.ദുബായിയില്‍.എന്താണാവൊ ഇത്ര നേരത്തെ?.ഒന്നു കാളടിച്ചു നോക്കി.”ഒന്നുമില്ല,ഞാനൊരു ചായയിട്ട് വെറുതെ ഒന്നു ഓണാക്കിയതാ”.സുഖ വിവരങ്ങള്‍ തിരക്കി.“ആളിവിടെയുണ്ട്,നല്ല ഉറക്കമാ ഇന്നു വെള്ളിയാഴ്ചയല്ലെ?”. ഇളയ മകനെപ്പറ്റിയാ. അവന്‍ അബുദാബിയില്‍ നിന്ന് ഇന്നലെ വന്നതാണത്രെ. ഓണ്‍ലൈന്‍ പത്രങ്ങളുടെ തലക്കെട്ടുകള്‍ ഒന്നോടിച്ചു നോക്കി. അല്ലെങ്കിലും നമ്മളറിയാത്ത വല്ല സംഭവങ്ങളും പത്രത്തിലുണ്ടാവുമോ?.പത്രക്കാരന്‍ സൈക്കിളില്‍ വരുമ്പോഴേക്കും ന്യൂസൊക്കെ പഴയതായി! പുറത്തു ബൈക്കിന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നു. ചെറിയ അമ്മാവനാണ്. എന്നു പറഞ്ഞാല്‍ ഒരു വയസ്സിനു മൂത്തത്. ”ഞാനാ ഇന്‍വിറ്റേഷന്‍ കാര്‍ഡൊന്നു സ്കാന്‍ ചെയ്യാന്‍ വന്നതാ”. മൂപ്പരുടെ മകന്റെ കല്യാണമാ അടുത്ത മാസം. അവിടെ സ്കാനറില്ല. ”ഈ ഫ്ലാഷ് ഡ്രൈവിലിട്ടാമതി” ഞാനയച്ചോളാം. അവിടെയും ബ്രോഡ് ബാന്റാ. “മോന്‍ വരുന്നതിന്നു മുമ്പ് കാര്‍ഡിന്റെ കോപി അയച്ചാല്‍ അത്യാവശ്യം ആള്‍ക്കാരെ അവനും ക്ഷണിച്ചോളും”. ഈയിടെ ഒരു ഓര്‍ക്കൂട്ട് കല്യാണം നടത്തി ആശ്വാസത്തിലിരുക്കുന്ന എന്നോടാണ് മൂപ്പരുടെ വിശദീകരണം. രണ്ടാമത്തെ മോനു പെണ്ണന്വേഷിച്ച് നടക്കേണ്ടി വന്നില്ല. അത് ഗൂഗിള്‍ കമ്പനിക്കാര്‍ നടത്തി തന്നു!,ഓര്‍ക്കൂട്ട് മുഖേന. എന്റെ ചിന്തകള്‍ കുറെ പുറകോട്ട് പോകുന്നു.
..........................................................................................................................
തൊട്ടപ്പുറത്തെ ബന്ധു വീട്ടില്‍ ഗ്രാമഫോണ്‍ കേള്‍ക്കാന്‍ പോകും,ചെറുപ്പത്തില്‍. അവിടത്തെ എളാപ്പാക്ക് കുട്ടികളില്ല. ഞാന്‍ ചെന്നാല്‍ മൂപ്പര്‍ ഗ്രാമഫോണിന്റെ ചാവി കുറെ തിരിച്ച് ഒരു റിക്കാര്‍ഡ് വെച്ചു തരും. ”മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല”. അല്ലെങ്കില്‍ "കുയിലിനെ തേടി" അന്നൊന്നും അതൊക്കെ നീലക്കുയിലിലെ പാട്ടാണെന്നോ,എഴുതിയത് ഭാസ്കരന്‍ മാഷാണെന്നോ അറിയാനുള്ള പ്രായമായിട്ടില്ലായിരുന്നു. പിന്നെ കുറെ കഴിഞ്ഞു ഉപ്പാന്റെ കൂടെ ചന്ത ദിവസം ടൌണില്‍ പോകുമ്പോള്‍ ഹോട്ടലില്‍ നിന്നു ചായ കുടിക്കുമ്പോല്‍ റേഡിയോ കേള്‍ക്കും . കുറെ കാലം കഴിഞ്ഞപ്പോള്‍പഞ്ചായത്താഫീസില്‍ റേഡിയോ വന്നു. വൈകുന്നേരം 7 മണിക്കു ശേഷം ചലചിത്ര ഗാനങ്ങള്‍ കേള്‍ക്കാന്‍ പോകും. കോളേജില്‍ പഠിക്കുന്ന കാലത്താണ് ടേപ്പു റിക്കാര്‍ഡര്‍ കണ്ടത്. എന്തെങ്കിലും പരിപാടികള്‍ ഉണ്ടാകുമ്പോള്‍ അത് റിക്കാഡ് ചെയ്യുന്നത് കാണാം. രണ്ട് വലിയ ചക്രങ്ങള്‍ തിരിഞ്ഞു കൊണ്ടിരിക്കും.
ഹോസ്റ്റലില്‍ രാത്രിമെസ്സിന്റെ സമയത്ത് റേഡിയോ സിലോണില്‍ “ബിനാക്ക ഗീത് മാലാ”കേള്‍ക്കാന്‍ എന്ത് രസമായിരുന്നു. ഗള്‍ഫുകാരാണ് പുതിയ സാധനങ്ങള്‍ പരിചയപ്പെടുത്താന്‍ തുടങ്ങിയത്.ആദ്യം കാസറ്റ് റിക്കാര്‍ഡര്‍. പിന്നെ ഓരോന്നായി വരാന്‍ തുടങ്ങി. ഒരിക്കല്‍ പത്രത്തില്‍ ഒരു ന്യൂസ് കണ്ടു. ടീവിയില്‍ കാസറ്റിട്ടു പടം കാണാന്‍ പറ്റുന്ന യന്ത്രം എറണാകുളത്ത് ഒരു കമ്പനി വിതരണം ആരംഭിക്കുന്നു. അവര്‍ക്കൊരു കത്തയച്ചു പൂര്‍ണ്ണവിവരം തരാന്‍. മറുപടി വന്നു. ഒരിന്‍ലാന്റില്‍ റ്റൈപ്പു ചെയ്ത്. എല്ലാം കൂടി ഏകദേശം 1 ലക്ഷം രൂപയാകും. ടിവിയും വീ.സി.ആറും വേണം . കാസറ്റിനു തന്നെ 500 രൂപയോളം വരും. ഹിറ്റാച്ചി കമ്പനിയുടെ സഹകരണത്തോടെ വെസ്റ്റണ്‍ എന്നൊരു
കമ്പനിയാണ് ഇറക്കുന്നത്. ഇക്കാര്യം ഓഫീസില്‍ വെടി പറയുന്ന കൂട്ടത്തില്‍ തട്ടി വിട്ടു. അന്നൊക്കെ ടെക്നിക്കല്‍ “ബഡായി“ എന്റെ കുത്തകയായിരുന്നു. ജനം മൂക്കത്തു വിരല്‍ വെച്ചു. അധിക നാള്‍ കഴിഞ്ഞില്ല. സ്നേഹിതനും സഹപ്രവര്‍ത്തകനുമായ രാമേട്ടന്‍ പറഞ്ഞു:-“നീയന്നു
പറഞ്ഞ സാധനം സബ്ക ഹോട്ടലില്‍ കണ്ടു”. ഒട്ടും വൈകിക്കാതെ ഓഫീസു കഴിഞ്ഞയുടനെ അദ്ദേഹത്തിന്റെ കൂടെ ബസ്സില്‍ ചുറ്റിത്തിരിഞ്ഞു മേല്‍പറഞ്ഞ ഹോട്ടലില്‍ പോയി. വീട്ടിലെത്താന്‍ വൈകും എന്നാലും. പഴം പൊരിക്കും ചായക്കും ഓഡര്‍ കൊടുത്തു. കൌണ്ടറില്‍ തന്നെ അല്‍ഭുത യന്ത്രം സ്ഥാപിച്ചിരിക്കുന്നു. എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍. ”കുട്ടിക്കുപ്പായം”ഓടിക്കൊണ്ടിരിക്കുന്നു. രംഗത്ത് ബഹദൂറാണ്. ചായ കഴിയുവോളം അത്
കണ്ടു.
.......................................................
മകളും മകനും തമ്മിലുള്ള സംഭാഷണം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.”നിന്റെയടുത്ത് പുതിയ പാട്ടുണ്ടോ?”. അവള്‍ ബ്ലൂടൂത്തും ഓണാക്കി അവന്റെ ഹാന്റ് സെറ്റും പിടിച്ച് നില്‍ക്കുന്നു. പേരക്കുട്ടികള്‍ മൊബൈലിന്നു വേണ്ടി വാശി പിടിച്ചു നില്‍ക്കുന്നു,ഗെയിം കളിക്കാന്‍. കാലം പോയ പോക്കേ!. മുറ്റത്ത് നാളികേരം ഉണക്കാനിടുമ്പോള്‍ കാക്കയെ ഓടിക്കാന്‍ വീഡിയോ കാസറ്റിന്റെ റിബ്ബണാണ് വലിച്ച് കെട്ടുന്നത്. ഇനി എന്തൊക്കെ കാണാനിരിക്കുന്നു?.

Thursday, July 9, 2009

ആട്ടു മാംസം.


പിതാവിന്റെ ശിക്കാറിലുള്ള താല്പര്യം കൊണ്ട് ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പല വിധ വെടി ഇറച്ചികളും വീട്ടില്‍ പാകം ചെയ്യാറുണ്ടായിരുന്നതിനാല്‍ ചിലതൊക്കെ അതിന്റെ രുചിയനുസരിച്ച് താല്പര്യത്തോടെ കഴിച്ചിരുന്നു. പിന്നെ കോഴിയും ആടും കഴിച്ചിരുന്നു.പോത്തും മൂരിയുമൊന്നും ഇഷ്ടമായിരുന്നില്ല.ആട്ടിറച്ചിക്ക് നല്ല ശുദ്ധ മലയാളത്തില്‍ “ആട്ടു മാംസം”എന്നു തന്നെ പറയാനും ശീലിച്ചിരിന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം ഉമ്മാമ്മ[പിതാവിന്റെ ചിറ്റമ്മ] തറവാട്ടില്‍ നിന്ന് വീട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ എന്നെയും ക്ഷണിച്ചു.വളരെ അടുത്തു തന്നെയാണ് വീട്.വിരുന്നു പോകുന്നതിഷ്ടമാണ് പക്ഷെ രാത്രി ഉറങ്ങുന്നത് ഉപ്പാന്റെ കൂടെ തന്നെ വേണം.അത് നിര്‍ബന്ധമാണ്.ഒറ്റ മകനായതു കൊണ്ടുള്ള ഒരു അവകാശം കൂടിയാണത്.ഉപ്പാന്റെയും ഉമ്മാന്റെയും നടുക്കു വേണം എനിക്കുറങ്ങാന്‍. പക്ഷെ എപ്പോഴും രാവിലെ എണീക്കുമ്പോള്‍ ഞാന്‍ ഒരു സൈഡിലായിരിക്കും! ഇതെന്തു മറിമായം? [അന്നൊക്കെ അങ്ങിനെ ആശ്ചര്യപ്പെട്ടിരുന്നു].
തറവാട്ടില്‍ ചെന്ന് കുറച്ചു നേരം എളാപ്പ [എന്നേക്കാള്‍ ഒരു വയസ്സിനു മൂത്തതാണ്] യുടെ കൂടെ കളിച്ചു രാത്രിയായി. ഊണിന്നു അത്രയധികം വിഭവങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരു കറിയും പിന്നെ എന്തെങ്കിലും ഒരു കൂട്ടാനും. അത് മീനോ ഇറച്ചിയോ ആയിരിക്കും. അന്ന് ഒരു വലിയ പാത്രത്തില്‍ ഇറച്ചി കൊണ്ട് വന്നു വെച്ചിരുന്നു. അതെന്ത് ഇറച്ചിയാണെന്ന് എളാപ്പക്കുട്ടിയോട് ചോദിച്ചു. ആടാണെന്നു ഉത്തരം കിട്ടി.
നല്ലവണ്ണം വാരി വലിച്ച് ശാപ്പിടാന്‍ തുടങ്ങി. അധികം കഴിക്കാന്‍ പറ്റിയില്ല,അതിന്നു മുമ്പ് ഉപ്പ എന്നെ തിരക്കി വന്നു.മൂപ്പര്‍ കണ്ട കാഴ്ച ഞാന്‍ ഇറച്ചി നന്നായി തട്ടുന്നതാണ്.
”ഇതെന്താടാ നീ തിന്നുന്നത്?” ഉപ്പാന്റെ ചോദ്യം.
“ആട്ടു മാംസം” എന്റെ മറുപടി. മൂപ്പര്‍ക്കു കാര്യം മനസ്സിലായി.അന്നൊന്നും അത്ര വലിയ പാത്രത്തില്‍ ആട്ടിറച്ചി കൊണ്ട് വെക്കില്ല.ഇത് അസ്സല്‍ മൂരിക്കുട്ടനാണ്.
“മതി കഴിച്ചത്,നമുക്കു പോകാം” എന്നും പറഞ്ഞു ഉപ്പ എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു.
ഊണ് കഴിഞ്ഞതിനാല്‍ ചെന്നപാടെ ഉറങ്ങാനും കിടന്നു.
അന്ന് രാത്രി മുഴുവന്‍ ചര്‍ദ്ദിയോട് ചര്‍ദ്ദി.ബെഡ്ഡിലും ഉപ്പാന്റെ ശരീരത്തിലുമെല്ലാം ചര്‍ദ്ദില്‍.എങ്ങിനെയോ നേരം വെളുപ്പിച്ചു.
.................................
അതില്‍ പിന്നെ ആട് പോയിട്ട് കോഴി പോലും കഴിക്കാതായി.എന്നാലും മത്സ്യം കഴിക്കും.
ഏതെങ്കിലും കല്യാണത്തിനു പോയാല്‍ വെറും ചോറും കുമ്പളങ്ങാക്കറിയും കഴിക്കും. എത്ര വലിയ കല്യാണത്തിനും നമ്മുടെ മെനു അതായിരിക്കും.ഇന്നത്തെ പോലെ പല വിധ വിഭവങ്ങളൊന്നും അന്ന് ആരും ഒരുക്കാറുണ്ടായിരുന്നില്ല. മത്സ്യമൊന്നും ഇന്നത്തെപ്പോലെ ആരും തരില്ല. ഇറച്ചി കഴിക്കുന്നവര്‍ക്ക് ബിരിയാണിയോ നെയ്ച്ചോറോ കഴിക്കാം . പിന്നെ കോഴിയോ ആടോ പൊരിച്ചതും. വെറും ചോറു തന്നെ ബന്ധു വീട്ടിലാണെങ്കില്‍ ഉമ്മ ആദ്യം ഏര്‍പ്പാടാക്കും. അധികവും പന്തലില്‍ പോകാതെ അകത്തെവിടെയെങ്കിലും ഒരുക്കിത്തരും. അതായിരുന്നു പതിവ്. പലരും അന്നൊക്കെ എന്നെ ”കുമ്പളങ്ങ”എന്നും പറഞ്ഞ് കളിയാക്കും.
പിന്നെ കോളേജില്‍ ചേര്‍ന്നപ്പോള്‍ ഒരു പ്രശ്നം. ഹോസ്റ്റലില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മട്ടനാണ്,ചപ്പാത്തിയും. അല്ലാത്തപ്പോള്‍ ഉരുളക്കിഴങ്ങ് കറിയും. ഒടുവില്‍ ഞാന്‍ കഷ്ണം ആര്‍ക്കെങ്കിലും കൊടുത്തു കറി മനമില്ലാ മനസ്സോടെ കഴിക്കാന്‍ തുടങ്ങി. ഇക്കാരണത്താല്‍ ധാരാളം കൂട്ടുകാരെ കിട്ടിയിരുന്നു. കഷ്ണത്തിനു നല്ല ഡിമന്റായിരുന്നു.
അടുത്ത വര്‍ഷം മുതല്‍ ഹോസ്റ്റലില്‍ താമസം നിര്‍ത്തി, ലോഡ്ജില്‍ സെല്‍ഫു കുക്കിങ്ങാക്കി.
അങ്ങിനെ ഇറച്ചിയൊന്നും കഴിക്കാതെ മീനും ചോറും പച്ചകറിയും കഴിച്ച് ഞാന്‍ വളര്‍ന്നു വലുതായി. മക്കളും പേരക്കുട്ടികളുമായി.
ഇന്നു പിന്നെ കല്യാണത്തിനു പോയാല്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു കഴിക്കാം. രോഗികള്‍ കൂടിയത് കൊണ്ട് വെജിറ്റേറിയന്‍ എല്ലായിടത്തും ലഭ്യം!. ചിലര്‍ അതൊരു ഫാഷനാക്കിയിരിക്കുന്നു. എന്നിട്ടൊരു കമന്റ്റും”ഒരു ചെയിന്‍ജ്ജിനു വെറും ചോറാ നല്ലത്” എന്ന്.
പക്ഷെ എനിക്കു എളാപ്പാനെക്കൊണ്ട് ഒരു ഗുണം കിട്ടി, ഇപ്പോള്‍ അസുഖങ്ങള്‍ കുറവാണ്. കൊളസ്ട്രോളും!

Saturday, June 20, 2009

മരണം എന്ന സത്യം!


നര്‍മ്മം മാത്രം എഴുതി വന്നപ്പോള്‍ ജീവിതത്തിലെ ചില സത്യങ്ങള്‍ മറച്ചു വെക്കാനാവില്ല.പക്ഷെ നര്‍മ്മം കൊണ്ട് അല്പം ആശ്വാസം കിട്ടിയാലോ? ഇത്തരത്തില്‍ ഒരു തലവാചകം കൊടുത്തതു തന്നെ പ്രത്യേക ഉദ്ദേശം വെച്ചാണ്,ഇഷ്ടപ്പെടാത്ത വിഷയമാണെങ്കില്‍ ചിലര്‍ക്കെങ്കിലും വായിക്കാന്‍ മിനക്കെടേണ്ടല്ലോ?.പക്ഷെ ഈ സത്യം നാം അംഗീകരിച്ചേ പറ്റൂ. പലപ്പോഴും നമുക്കു വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോള്‍ മാത്രം നാമതിനെപ്പറ്റി ചിന്തിക്കുന്നു!. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് ശവപ്പറമ്പിലൂടെ വേണം നടന്നു പോവാന്‍, എന്നിട്ടും അന്നൊന്നും ഇത്തരം ഒരു ചിന്ത മനസ്സില്‍ വന്നിട്ടില്ല. വീട്ടിലേക്കുള്ള വഴിയിലും റോഡ് വക്കില്‍ പള്ളിപ്പറമ്പുണ്ട്, അവിടെ ഖബറുകളും.അതും ഒരു സാധാരണ കാഴ്ച മാത്രം!. ഇപ്പോള്‍ മതില്‍ കെട്ടിയതിനാല്‍ റോഡില്‍ നിന്നു കാണുകയുമില്ല. മനസ്സില്‍ ഓടിയെത്തുന്ന ആദ്യ മരണം സ്വന്തം പിതാവിന്റെയാണ്. പക്ഷെഅന്നൊന്നും അതുണ്ടാക്കുന്ന മുറിവിനെപ്പറ്റി അറിയില്ലായിരുന്നു, പതിനഞ്ചാമത്തെ വയസ്സില്‍. എല്ലാവരും കരയുന്നു,താനും കരഞ്ഞു. പിന്നെ അതൊക്കെ മറക്കുന്നു. താന്‍ വലുതാവുന്നു. ഉത്തരവാദിത്തങ്ങള്‍ മനസ്സിലാവുന്നു. കുടുംബനാഥനും ഉദ്യോഗസ്ഥനുമൊക്കെയായി നടക്കുന്നതിന്നിടയില്‍ ഒരു ദിവസം അത് സംഭവിക്കുന്നു. തന്നോടൊത്ത് ഉറങ്ങിക്കിടന്ന പ്രിയതമയുടെ ഞരക്കം കേട്ടാണുണര്‍ന്നത്. പ്രത്യേകിച്ചസുഖമൊന്നുമുണ്ടായിരുന്നില്ല. ഇരുപത് വര്‍ഷം മുമ്പ് ഹാര്‍ട്ടിന്റെ വാല്‍വിന്നു ഓപ്പറേഷന്‍ നടത്തിയിരുന്നു.പിന്നെ സധാരണ ജീവിതമായിരുന്നു. തലേന്നു വരെ സുഖമില്ലാത്ത എന്റെ മാതാവിന്നു കൂട്ടു കിടന്നതാണ്...ലൈറ്റിട്ടു ക്ലോക്കില്‍ നോക്കി. സമയം രാത്രി രണ്ട് മണി. മിണ്ടാന്‍ പോലും പറ്റുന്നില്ല.ശരീരത്തിന്റെ ഒരു വശം അപ്പാടെ തളര്‍ന്നിരിക്കുന്നു. പെട്ടെന്ന് എല്ലാവരെയും വിളിച്ചുണര്‍ത്തി അയല്‍ക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ആസ്പത്രിയിലെത്തിച്ചു. ഓപറേഷന്‍ കഴിഞ്ഞ് വൈകി വീട്ടില്‍ പോയ ബന്ധുവായ ഡോക്ടര്‍ ഉടനെ വന്നു പരിശോധിച്ചു വേണ്ടതൊക്കെ ചെയ്തു. പിറ്റേന്ന് രാവിലെ ഒരു ഗ്ലാസ്സ് കാപി കുടിച്ചു. ആശ്വാസം തോന്നി. പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ എല്ലാവരുടെയും അഭിപ്രായമനുസരിച്ച് അകലെയുള്ള വലിയ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഭാഗ്യത്തിനു പണ്ടു ചികിത്സിച്ച അതേ ഡോക്ടര്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം വേഗം തിരിച്ചറിഞ്ഞു. പേടിക്കാനൊന്നുമില്ല. എല്ലാം ശരിയാവും.അദ്ദേഹം ആശ്വസിപ്പിച്ചു. അവിടത്തെ പരിശോധനകളും ടെസ്റ്റുകളും കഴിഞ്ഞ് ഐ.സി,യു വില്‍ കയറ്റിയപ്പോഴേക്കും വൈകുന്നേരമായി. രോഗിയുടെ പേരെയുതിയ പാത്രത്തില്‍ കുടിക്കാന്‍ വേണ്ടതൊക്കെ അറ്റന്ററുടെയടുത്ത് കൊടുക്കുമ്പോഴും അരുതാത്തതൊന്നും സംഭവിക്കില്ലെന്നുറപ്പായിരുന്നു. മൂത്ത മകനെ അവിടെ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ മരുമകന്റെ കൂടെ വെളിയില്‍ പോയതായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈലടിച്ചു .ഒരു ബന്ധുവിന്റെയാണ്. ഉടനെ ഐ.സി.യുവിന്റെ മുന്നിലെത്തണമെന്ന്. ഭക്ഷണം മതിയാക്കി ഓടി. ഉടനെ തന്നെ മറ്റൊരു ഫോണ്‍ സഹപ്രവര്‍ത്തകന്റെയാണ്. ചികില്‍സക്കുള്ള അഡ്വാന്‍സ് ശരിയായിട്ടുണ്ട്, നാളെത്തന്നെ District office ല്‍ പോയി വാങ്ങണമെന്ന്.‍. എങ്ങിനെയോ ഒരു വിധത്തില്‍ പാഞ്ഞെത്തി. അപ്പോള്‍ വെന്റിലേറ്ററില്‍ ....
ആ മുഖത്തേക്കു ഒന്നു നോക്കാനേ കഴിഞ്ഞുള്ളു. മരുമകന്‍ തന്നെ ചേര്‍ത്ത് പിടിച്ച് അരികില്‍ തന്നെയുണ്ട്. പിന്നെ ഏതാനും നിമിഷങ്ങള്‍.....ഡ്യൂട്ടി ഡോക്ടര്‍ പുറത്ത് വന്നു.
"കഴിഞ്ഞു.." ഭൂമി മൊത്തം മുമ്പിലൂടെ കറങ്ങുന്ന പോലെ തോന്നി.
പിന്നെ പലരും പല നമ്പറുകളും ചോദിക്കുന്നു,എവിടെയൊക്കെയോ വിളിക്കുന്നു...
അല്പ സമയം കൊണ്ട് കുറെ ബന്ധുക്കള്‍ പാഞ്ഞെത്തി. പിന്നെ ആമ്പുലന്‍സില്‍ ചലനമറ്റ ശരീരവുമായി വീട്ടിലേക്കു....തലേന്നു ആസ്പത്രിയിലേക്ക് പോയ അതെ സമയത്ത്. വീട്ടിലെത്തുമ്പോള്‍ വലിയ ജനക്കൂട്ടം. ബന്ധുക്കളും അയല്‍ക്കാരും. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടി ഓരോ കാര്യങ്ങള്‍ ഏര്‍പ്പാടു ചെയ്യുന്നു. കുട്ടികള്‍ [മുതിര്‍ന്നവരാണ്] അവിടവിടെയായി കരഞ്ഞു
കിടക്കുന്നു. പ്രായമായ തന്റെ മാതാവ് രോഗശയ്യയില്‍ നിന്നെണീറ്റ് തരിച്ചിരിക്കുന്നു....
ഒരു വര്‍ഷം കഴിഞ്ഞു അവരും പോയി. അതു എല്ലാവരും പ്രതീക്ഷിച്ചതാണ്, പക്ഷെ അതും ആസ്പത്രിയില്‍ വെച്ച് ഡോക്ടര്‍ പോലും നിനക്കാത്ത നേരത്ത്..............
.....................................
ഇപ്പോള്‍ ആറു വര്‍ഷം പിന്നിട്ടിരിക്കുന്നു....മേശപ്പുറത്തുള്ള ഫ്രെയിം ചെയ്ത ഫോട്ടോയില്‍ നിന്നു തന്നെ
നോക്കി അവള്‍ ചിരിക്കുന്നു. ഒരു പക്ഷെ അങ്ങോട്ട് വിളിക്കുകയാവാം......

Friday, June 5, 2009

കടല വെടി.

ഇതൊരു സംഭവ കഥയാണ്.ആകെ രണ്ട് കഥാ പാത്രങ്ങളെയുള്ളു.പിന്നെ കഥ പറയുന്നഞാനും.ജീവിച്ചിരിപ്പില്ലാത്ത കഥാ നായകന്‍ എന്റെ പിതാവ് തന്നെ. അദ്ദേഹംവിലസിനടക്കുന്നകാലം. ഞാന്‍വളരെചെറിയകുട്ടിയാ. എന്നുപറഞ്ഞാല്‍നിക്കറൊക്കെയിട്ടുമൂക്കളയൊലിപ്പിച്ച്, കശുവണ്ടിയൊക്കെ പെറുക്കി അങ്ങിനെ നടക്കുന്ന കാലം. പിതാശ്രീ ഭയങ്കര ശിക്കാരിയാണ്.വലയെറിഞ്ഞു മീന്‍ പിടിക്കും,വെടിവെച്ചു പക്ഷികളെ [കുയില്‍,കൊക്കു അഥവാ കൊറ്റി,കുളക്കോഴി] ഇവയൊക്കെ പിടിക്കും പിന്നെ ഊത്തു കുഴല്‍ എന്നൊരു സാധനമുണ്ട്. ഓട മുളയുടെ നീളമുള്ള ഒരു കുഴല്‍,അതിനകത്ത് ഒരു ചെറിയ ചങ്ങണത്തണ്ടില്‍ ചുറ്റിവരിഞ്ഞ നൂല്‍. അതിന്റെ അറ്റത്തു പിടിപ്പിച്ച കൂര്‍ത്ത മുനയുള്ള അമ്പുപോലെയുള്ള ഒരു സാധനം] വരാല്‍ മീനിനെ പതുങ്ങിയിരുന്ന് ഒറ്റ് ഊത്തിനു മൂപ്പര്‍ മണ്ടയില്‍ ഉളി കയറ്റും. അതങ്ങിനെയൊരു വിദ്യയാണ്. ഞാനെപ്പോഴും വാല്‍ നക്ഷത്രമായി കൂടെയുണ്ടാവും. കാരണം ഒറ്റ സന്തതിയായതിനാല്‍ ഭയങ്കര ഫ്രീഡമാ!. അങ്ങനെ ഒരു എയര്‍ ഗണ്ണുമായി പിതാവും പിന്നാലെ ഞാനും കറങ്ങി നടന്നു പാടത്തിന്റെ അപ്പുറത്തുള്ള അമ്പലക്കുളത്തിന്റെയടുത്തെത്തിയപ്പോള്‍ അരയാലിന്റെ ചുവട്ടില്‍ വറുത്ത കടലയും വിറ്റ് നടക്കുന്ന ഒരു പയ്യന്‍ ‍[ആളെ ഇപ്പോഴും ഞാന്‍ കാണാറുണ്ട്,പേരു പറയില്ല!] മെല്ലെ അടുത്തു കൂടി.
“ഇക്കാക്കാ,ങ്ങള് ഇത് ആ തോക്കിലിട്ട് ഞമ്മളെ ഒന്നു വെടി വെക്കോ.?”
ഒരു കടല മണി അവന്റെ കയ്യിലുണ്ട്.
“പോടാ,കളിപ്പിക്കാതെ”. ഉപ്പ അതത്ര കാര്യമാക്കിയില്ല.
“അല്ല,ങ്ങള് ഒന്നു ബെച്ച് നോക്കീന്ന്” പയ്യന്‍ പിന്നെയും പിന്നാലെ. വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍
“ശരി”. ഉപ്പ കടലമണി എയര്‍ ഗണ്ണില്‍ ലോഡ് ചെയ്തു. പയ്യന്‍ പുറം തിരിഞ്ഞൊരു പോസും. ഉപ്പ ഉന്നം
പിടിക്കാന്‍ തുടങ്ങി. അതും വളരെ അടുത്ത് വെച്ച്!.
“ച്ചും” മൂപ്പര്‍ കാഞ്ചി വലിച്ചു.
“ന്റമ്മോ” പയ്യന്റെ നിലവിളി. ആളുകള്‍ കൂടി. അത്രയധികമില്ല... എന്നാലും.....അടക്കം പറച്ചിലായി.ചെക്കനെ ഒരു വിധം സമാധാനിപ്പിച്ചു വിട്ടു. പിന്നയല്ലെ പൂരം. സംഗതി വിപ്ലവ പാര്‍ട്ടിക്കാര്‍ ഏറ്റെടുത്തു. ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല.കാര്യം വധ ശ്രമമാണ്. നല്ലൊരു സമരത്തിനുള്ള വകുപ്പുണ്ട്. നിര്‍ദ്ദന കുടുംബത്തിലെ പാവം പയ്യന്‍. ഉപജീവനത്തിനായി ചെറിയ കച്ചവടം ചെയ്തു നടക്കുമ്പോല്‍ ബൂര്‍ഷോ കുടുംബത്തിലെ .....കാക്ക നടത്തിയ ക്രൂര കൃത്യം! എന്തോ ഭാഗ്യം കൊണ്ടും പിതാവിന്ന് അന്ന് നാട്ടിലുണ്ടായിരുന്ന സ്വാധീനം കൊണ്ടും അതങ്ങ് കെട്ടടങ്ങി. പക്ഷെ നാട്ടില്‍ ഇപ്പോഴും “കടല വെടി” എന്ന വിളിപ്പേര്‍ എല്ലാവര്‍ക്കും സുപരിചിതം!

Wednesday, May 20, 2009

ഒരു അടിയുടെ ഓര്‍മ്മക്കായി!


എന്റെ പതിനഞ്ചാം വയസ്സില്‍ എനിക്കു നഷ്ടപ്പെട്ട പിതാവിന്റെ സ്മരണക്കായി ഇതു സമര്‍പ്പിക്കുന്നു.സ്കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കാലമാണ്. വീട്ടില്‍ നിന്നധികം ദൂരമില്ല.അങ്ങോട്ടുമിങ്ങൊട്ടും നടന്നല്ലെ പോക്ക്. പിന്നെ ദൂരം കൂടിയാലും അന്നത്തെ കാലത്ത് അത് തന്നെയാണ് സ്ഥിതി. ഉച്ച ഭക്ഷണത്തിനു വീട്ടില്‍ വരാറാണ് പതിവ്. അങ്ങിനെ ഉച്ചക്കു ഭക്ഷണത്തിനായി വീട്ടിലേക്കു മടങ്ങാനിരിക്കുമ്പോഴാണ് അടുത്ത ചായക്കടയില്‍ നിന്ന് പിതാവിന്റെ വിളി.കയ്യിലൊരു ചെറിയ പൊതിയുമുണ്ട്.
“നീയിതു വീട്ടില്‍ കൊടുക്കണം,ഉള്ളിയാണ്”.
“എനിക്കു വയ്യ”,എന്റെ മറുപടി പെട്ടെന്നു കഴിഞ്ഞു.
പിന്നെ സംഭവിച്ചതെന്താണെന്നറിയാമോ?.
“ഠേ” കൈ കൊണ്ട് തന്നെ ആഞ്ഞൊരടി.[വടിയെടുക്കാനെവിടെ നേരം?]
പൊതിയും വാങ്ങി ഒന്നും മിണ്ടാതെ വീട്ടിലെത്തി.
നല്ല വേദനയുണ്ടായിരുന്നു.ഉമ്മ തുണി പൊക്കി നോക്കി.
തുടയില്‍ ഉപ്പാന്റെ അഞ്ചു വിരലുകളും മുഴച്ചു നില്‍ക്കുന്നു.
പിന്നെ വെളിച്ചെണ്ണ പുരട്ടി നന്നായി
ഉഴിഞ്ഞു തന്നു.ആ വേദന കുറെ നേരം നീണ്ടു നിന്നു.
അതിന്നു ശേഷം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തെങ്കിലും സാധനങ്ങള്‍ വീട്ടിലേക്കുപീടികയില്‍ നിന്നു വാങ്ങുമ്പോള്‍ ഈ സംഭവം ഓര്‍മ്മയില്‍ തികട്ടി വരും.അന്നാ ചെറിയ പൊതി വാങ്ങാന്‍ മടിച്ച ഞാന്‍ ഓഫീസില്‍ നിന്നൊക്കെ തിരിച്ചു പോരുമ്പോള്‍ രണ്ട് കയ്യിലും സാധനങ്ങളുമായി വരുന്ന കാഴ്ച്ച കാണേണ്ടതു തന്നെയായിരുന്നു.ഇപ്പോള്‍ ജോലിയില്‍ നിന്നു വിരമിച്ച് വീട്ടിലിരിക്കുമ്പോഴും എന്തെങ്കിലും സാധനങ്ങള്‍ക്കായി പുറത്തു പോയാല്‍ പഴയ സംഭവം ഓര്‍മ്മയില്‍ തിരിച്ചെത്തും.
എന്നാലും ഒരടിയുടെ ചൂട്!,
അതിന്റെ
പ്രയോചനവും!