ഓണവും പെരുന്നാളും വന്നപ്പൊ ഭക്ഷണത്തെ പറ്റിയും അതിലെ വിഷത്തെയും ഓര്‍ത്തപ്പോള്‍ ഒരു പോസ്റ്റിടാമെന്നു വിചാരിച്ചു.
നമ്മുടെ നിത്യ ജീവിതത്തില്‍ ആരോഗ്യപരമായ ഒരു ഭക്ഷണ ക്രമമാണു വേണ്ടത്. അതിനു വിഷമയമല്ലാത്ത പച്ചക്കറിയും മീനും മാംസവും നമ്മള്‍ തന്നെ ഉൽപാദിപ്പിച്ചു നല്ല നിലയില്‍ നാടന്‍ രീതിയില്‍ പാകം ചെയ്തു ഭക്ഷിക്കണം. അതിന്നായി എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം വേണം . മലയാളിയും മണ്ണുമായുള്ള ബന്ധം തീര്‍ത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോഴുള്ളത്. ഒരു കുടുംബത്തിലേക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വ പ്രയത്നം കൊണ്ടു നേടിയെടുക്കാന്‍ കഴിയുമെന്നത് അവഗണിക്കാവുന്ന ഒരു കാര്യമല്ല. പണവും സമയവും നഷ്ടപ്പെടുത്താതെ തന്നെ , ശാരീരികാരോഗ്യം നില നിര്‍ത്താനും,ആഹ്ലാദപൂര്‍ണ്ണമായ കുടുംബ ജീവിതം നയിക്കാനും ,രുചികരമായ ഭക്ഷണം തൃപ്തിയോടെ കഴിക്കാനും നമുക്ക് അവസരം ലഭിക്കുമെങ്കില്‍ അതു വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ നാം മടിച്ചു നില്‍ക്കുന്നത് ശരിയല്ല. വീട്ടിലെ കുടുംബാംഗങ്ങള്‍ മൊത്തം സഹകരി ച്ചാല്‍ നമുക്കാവശ്യമായ പച്ചക്കറികള്‍ വളരെ എളുപ്പത്തിലും രസകരമായും കൃഷി ചെയ്യാന്‍ സാധിക്കും.
പച്ചക്കറി കൃഷി ചെയ്യാന്‍ വിശാലമായ വയലും പുരയിടവും ആവശ്യമാണെന്ന ധാരണ തെറ്റാണ്. മണ്ണും വെള്ളവും അതോടൊപ്പം നല്ല സൂര്യ പ്രകാശവും ലഭിക്കുന്ന എവിടെയും നമുക്ക് കൃഷി ചെയ്യാം. ടെറസ്സിലോ മുറ്റത്തെ മതിലിന്മേലോ ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ എളുപ്പമാണ്. കറിവെക്കാൻ പച്ചക്കറി ആവശ്യമുള്ളപ്പോൾ, സ്വന്തം മട്ടുപ്പാവിൽ സ്വയം നട്ടുവളർത്തിയ ചെടികളിൽനിന്ന് പച്ചപ്പു മാറാതെ ഇറുത്തെടുത്ത വിളവുകൾ തന്നെ ഉപയോഗിക്കുക എന്ന ആശയത്തിൽ നിന്നാണു് ടെറസ് കൃഷി പ്രചോദനം ഉൾക്കൊള്ളുന്നതു്.
ഓരോരുത്തർക്കും ആവശ്യമുള്ള ഭക്ഷണം സ്വയം അദ്ധ്വാനിച്ച് ഉത്പാദിപ്പിക്കുക, അതോടൊപ്പം പ്രകൃതിയെ കൂടുതൽ അടുത്തുകണ്ട് പഠിക്കുക എന്നീ സാമൂഹ്യലക്ഷ്യങ്ങൾ കൂടി ടെറസ്സ് കൃഷിയെ പ്രചോദിപ്പിക്കുന്നു. വിപണിയുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി, അമിതമായ കീടനാശിനി പ്രയോഗത്തിനും അനാരോഗ്യകരമായ ഉൽപാദനരീതികൾക്കും വിധേയമായ, പുതുമ നഷ്ടപ്പെട്ട ഭക്ഷ്യവിളകൾ വാങ്ങാൻ നിർബന്ധിക്കപ്പെടാത്ത സാമ്പത്തികസ്വാതന്ത്ര്യം കൂടിയാണു് ഈ നൂതനകൃഷിരീതി വഴി ലഭ്യമാകുന്നതു്.വളരെ കുറഞ്ഞ അളവു് മണ്ണ്, ആവശ്യത്തിനു മാത്രം വെള്ളം, അന്യഥാ വെറുതെ നഷ്ടപ്പെട്ടുപോകുന്ന സൗരോർജ്ജം, നീക്കം ചെയ്യുക എന്നതു് ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ജൈവാവശിഷ്ടങ്ങൾ എന്നിവ ഏറ്റവും യുക്തിസഹമായി പ്രയോജനപ്പെടുത്തിയാണു് ടെറസ് കൃഷി വിജയകരമായി നടത്തുന്നതു്.
ഊർജ്ജം, ജലം, കൃഷിഭൂമി മുതലായി അനുദിനം ചുരുങ്ങിവരുന്ന പ്രകൃതിവിഭവങ്ങൾ കൂടുതൽ സമർത്ഥമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുത്തൻപ്രവണത കൂടിയാണു് ടെറസ്സ് കൃഷി. വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി,മുളക് മുതലായവ എളുപ്പത്തിൽ കൃഷി ചെയ്യാം. ഇവകൂടാതെ പരീക്ഷണ അടിസ്ഥാനത്തിൽ എല്ലായിനം ഹ്രസ്വകാല വിളകളും കിഴങ്ങുകളും ടെറസ്സിൽ കൃഷി ചെയ്യാം .
ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാൻ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബർ മദ്ധ്യത്തിൽ) കൃഷി തുടങ്ങിയാൽ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടർന്നു വരുന്ന തുലാവർഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവർഷം ആരംഭിക്കുന്നതിന് അല്പദിവസം മുൻപ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീൻ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാൽ അടുത്ത കൃഷിക്ക് അതേ മണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
പോളിത്തീൻ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തിൽ മണ്ണ് നിറച്ചാൽ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങൾ ആവശ്യമാണ്. സുതാര്യമായ പോളിത്തീൻ കവറിൽ കൃഷി ചെയ്യരുത്. വേരുകൾക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളർച്ചയെ തകരാറിലാക്കും. പ്രത്യേക തരം ഗ്രോ ബാഗുകള്‍ ഇപ്പോള്‍ കടകളില്‍ ലഭ്യമാന്. ചെടിനട്ടതിനു ശേഷം വളർച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേർക്കേണ്ടി വരുന്നതിനാൽ ആദ്യമേ കൂടുതൽ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സിൽ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ വളർച്ചക്കനുസരിച്ച് ചെടികൾ തമ്മിലുള്ള അകലം ക്രമീകരിക്കാം. മൂന്ന് വർഷം വരെ ഉപയോഗിക്കാൻ സാധിക്കുന്ന ഉൾഭാഗം കറുപ്പുള്ള ഗ്രോബാഗുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ എല്ലായിടത്തും ലഭ്യമാണ് . അതിൽ തന്നെ വലുതും ചെറുതും ലഭ്യമാണ് , വലിയ തരം വാങ്ങുന്നതാണ് നല്ലത് . ഇത് ഉപയോഗിക്കാനും എളുപ്പം .
പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോൾ അടിയിൽ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണൽ(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങൾ ആദിയായവ ലഭ്യതയനുസരിച്ച് മിക്സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതിൽ ഉണങ്ങിയ ചാണകം കൂടുതൽ ചേർക്കുന്നത് പച്ചക്കറിയുടെ വളർച്ചക്ക് നല്ലതാണ്. ടെറസ്സിൽ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകൾ നടേണ്ടത്.
ടെറസ്സ്കൃഷിയിൽ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിർത്തിയാൽ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവർ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂർ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോൾ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട് നേരമെങ്കിലും കർഷകൻ ടെറസ്സിൽ കയറണം. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേർത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികൾ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
ചെടികൾ നടാനായി മണ്ണ് തയ്യാറാക്കുമ്പോൾതന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിൻപിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ ഇടയ്ക്കിടെ ചേർത്താൽ സസ്യങ്ങൾ നന്നായി വളരും. ഒടുവിൽ പറഞ്ഞവ ചെടിയുടെ ചുവട്ടിൽനിന്നും അഞ്ച് സെന്റീമീറ്റർ അകലെയായി മാത്രം ചേർക്കുകയും പൂർണ്ണമായി മണ്ണിനടിയിൽ ആയിരിക്കുകയും വേണം. വേപ്പിൻപിണ്ണാക്ക് ചെടി നടുമ്പോൾ മണ്ണിനടിയിൽ വളരെകുറച്ച് മാത്രം ചേർത്താൽ മതി. രണ്ട് ആഴ്ചയിൽ ഒരു തവണയെങ്കിലും വളം ചേർക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോൾ പുതിയമണ്ണ് ചെടിയുടെ ചുവട്ടിൽ ഇടുന്നതാണ് നല്ലത്.
അതു പോലെ അക്വാ പോണിക്സ് എന്നൊരു പുതിയ കൃഷി രീതി ഇപ്പോള്‍ സര്‍വ്വത്ര പ്രചാരമായിക്കൊണ്ടിരിക്കുന്നു. മല്‍സ്യം വളര്‍ത്തലും പച്ചക്കറി കൃഷിയും ഒന്നിച്ചു നടത്താമെന്നതാണു ഇതിന്‍റെ പ്രത്യേകത. മല്‍സ്യം വളര്‍ത്താന്‍ ഒരു ചെറിയ ടാങ്കാണു ആദ്യമായി വേണ്ടത്. ടാങ്കിനു പകരം ഒരു കുഴിയുണ്ടാക്കി അതില്‍ ടാര്‍പോളിന്‍ വിരിച്ചും വെള്ളം നിറക്കാവുന്നതാണ്. ടാങ്കില്‍ മല്‍സ്യത്തെ വളര്‍ത്തി ആ മല്‍സ്യത്തിന്‍റെവിസര്‍ജ്ജ്യം കലര്‍ന്ന വെള്ളം ഒരു ചെറിയ പമ്പുപയോഗിച്ചു ചെടികള്‍ വളര്‍ത്തുന്ന ബക്കറ്റ് / പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ എന്നിവയിലൂടെ പ്രവഹിപ്പിച്ച് വീണ്ടും ശുദ്ധീകരിക്കപ്പെട്ട് മല്‍സ്യ ടാങ്കിലേക്ക് തന്നെ ഒഴുകിയെത്തുന്നു. മല്‍സ്യ ടാങ്കിലെ അമോണിയ കലര്‍ന്ന വെള്ളത്തില്‍ നിന്ന് പോഷക മൂല്യങ്ങള്‍ ചെടി വലിച്ചെടുക്കുന്നു. ഇപ്രകാരം ചെയ്യുമ്പോള്‍ പ്രത്യേകിച്ചു നനയുടെയും വളപ്രയോഗത്തിന്‍റെയും ആവശ്യമില്ല. ടാങ്കിലെ വെള്ളം എപ്പോഴും പമ്പു ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ മല്‍സ്യങ്ങള്‍ക്ക് ധാരാളം ഓക്സിജന്‍ ലഭികുകയും ചെയ്യുന്നു. ആയതിനാല്‍ ടാങ്കിലെ വെള്ളം എപ്പോഴും മാറ്റേണ്ട ആവശ്യമില്ല. കുറവു വരുന്ന ജലം ഇടയ്ക്കിടെനികത്തിയാല്‍ മതി.
അക്വാപോണിക്സ് കൃഷിക്ക് മണ്ണ് തീരെ ആവശ്യമില്ല. പകരം കരിങ്കള്‍ ചീളുകള്‍ നിറച്ച ബക്കറ്റുകളാണുപയോഗിക്കുന്നത് . അര ഇഞ്ചു മെറ്റലോ ബേബി മെറ്റലോ ഉപയോഗിക്കാം. നല്ലവണ്ണം കഴുകിയ മെറ്റലാണുപയോഗിക്കുന്നത്. വളരെ കുറച്ചു മാത്രം വൈദ്യുതി ഉപയോഗിക്കുന്ന വെള്ളത്തില്‍ ഇറക്കി വെക്കാവുന്ന പമ്പാണുപയോഗിക്കുന്നത്. ഒരു ടൈമര്‍ കൂടി ഘടിപ്പിച്ചാല്‍ പമ്പു തുടര്‍ച്ചയായി ഉപയോഗിക്കാതെ ആവശ്യാനുസരണം ഇടവേളകള്‍ നല്‍കി ഉപയോഗിക്കാവുന്നതാണ്. അപ്പോള്‍ വൈദ്യുതി ചിലവ് ലാഭിക്കുകയും ചെയ്യാം. ഒരേ സമയം മല്‍സ്യവും പച്ചക്കറികളും വളര്‍ത്തി നമുക്കാവശ്യമായ പച്ചക്കറിയും മല്‍സ്യവും വീട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാവുന്നതാണ്. മല്‍സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. തിലോപ്പി, നട്ടര്‍ , കട്ട് ല മുതലായ പല തരം മല്‍സ്യങ്ങളും ഒന്നിച്ചു വളര്‍ത്താവുന്നതാണ്.
കൃഷിയോടൊപ്പം നല്ലൊരു ഹോബി കൂടിയാണ് അക്വാപോണിക്സ് കൃഷി. വീട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതു പ്രത്യേക ആനന്ദം തരുന്നു. അതു വഴി ജീവിതത്തിലെ പിരി മുറുക്കങ്ങള്‍ക്ക് ആശ്വാസവും ലഭിക്കും. കമ്പ്യൂട്ടറും ഇന്‍റെര്‍നെറ്റും സര്‍വ്വ ത്ര വ്യാപകമായ ഇക്കാലത്ത് കൂടുതല്‍ കൃഷി അറിവുകള്‍ ലഭിക്കുവാന്‍ വളരെ എളുപ്പമാണ്. ഫേസ് ബുക്കില്‍ ഏതാനും സുഹൃത്തുക്കളുടെ സഹകരണത്തോടെ അടുക്കളത്തോട്ടം എന്നൊരു ഗ്രൂപ്പ് നടത്തുന്നുണ്ട് . താല്‍പര്യമുള്ളവര്‍ക്ക് അതില്‍ അംഗമായാല്‍ ദിവസവും പുതിയ കൃഷി അറിവുകള്‍ ലഭിക്കുകയും ചര്‍ച്ചകള്‍ വഴി സംശയ നിവാരണം നടത്തുകയും ചെയ്യാം. കൂടാതെ അംഗങ്ങള്‍ തമ്മില്‍ വിത്തുകള്‍ കൈമാറ്റം ചെയ്യുന്ന ഒരേര്‍പ്പാടുമുണ്ട്. അങ്ങിനെ സൌജന്യമായി നമുക്കാവശ്യമായ നല്ലയിനം വിത്തുകള്‍ ലഭിക്കും.
ഫേസ് ബുക്കിലെ അടുക്കളത്തോട്ടം എന്ന ഗ്രൂപ്പിന്‍റെ വിലാസം
https://www.facebook.com/groups/adukalathottam/ എന്നാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം 9400542294.