Friday, May 6, 2011

സ്വരം നന്നാവുമ്പോള്‍..........

സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തുക, നമ്മള്‍ സാധാരണ കേള്‍ക്കാറുള്ളൊരു പഴ മൊഴിയാണിത്. ഇന്നിപ്പോള്‍ ഇതെപ്പറ്റി പറയാന്‍ പ്രത്യേക കാരണമുണ്ട്. ഇന്നലെ രാത്രി ഞാന്‍ വളരെ വൈകിയാണുറങ്ങാന്‍ കിടന്നത്. കാരണം ഇന്റര്‍ നെറ്റും ബ്ലോഗും തന്നെ!. ഈയിടെയായി വല്ലാതെ ഇതിന്റെ അഡിക്റ്റായി മാറിയിരിക്കുന്നു.
ഇതു കൊണ്ട് പല ആരോഗ്യ പ്രശ്നങ്ങളും വരാന്‍ തുടങ്ങിയിരിക്കുന്നു. ഈ പ്രായത്തില്‍ ഇങ്ങനെയൊരു ഹോബി വേണ്ടായെന്നിപ്പോള്‍ തോന്നുന്നു.  അതിനും കാരണമുണ്ട്.

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെട്ടതു മുതല്‍ എന്നും ഇതൊരു ദിന ചര്യ പോലെ ആയിരുന്നു. ആദ്യമൊക്കെ സ്വന്തമായി ഒരു വെബ് പേജുണ്ടാക്കി അതില്‍ കുറെ ചിത്രങ്ങളും മറ്റും നിരത്തി മറ്റുള്ളവരെ കാണിച്ചു ആളാവാന്‍ ശ്രമിച്ചു!. പതുക്കെ ഗസ്റ്റു ബുക്കായി. ധാരാളം സുഹൃത്തുക്കള്‍ വരാന്‍ തുടങ്ങി. അതില്‍ ചിലര്‍ മെയിലയക്കാനും മറ്റും തുടങ്ങി.

പിന്നെ ഓര്‍ക്കൂട്ടും അതു പോലെയുള്ള സോഷ്യല്‍ നെറ്റു വര്‍ക്കുകളും പരിചയപ്പെട്ടു. അന്നൊക്കെ മനസ്സിലാക്കിയ ഒരു കാര്യം, ഒരിക്കലും എന്റെ സമ പ്രായക്കാരോ സഹ പാഠികളോ സഹ പ്രവര്‍ത്തകരോ ഈ രംഗത്തു കാണുന്നില്ല എന്നതായിരുന്നു. അധികവും പുതിയ തലമുറയിലെ കുട്ടികള്‍. ആണും പെണ്ണും കാണും. പെണ്ണിന്റെ പേരിലുള്ള ആണുങ്ങളും ആണിന്റെ പേരില്‍ പെണ്ണുങ്ങളുമുണ്ടാവാം!.
സോഷ്യല്‍ നെറ്റു വര്‍ക്കുകളില്‍ സജീവമായതോടെ അവിടെ ഒരു കാരണവര്‍ എന്ന നിലയില്‍ പല പ്രശ്നങ്ങളും , തര്‍ക്കങ്ങളും പരിഹരിക്കാന്‍ അതില്‍ ഇട പെടേണ്ടതായും വന്നിട്ടുണ്ട്. പലരും ഫോണില്‍ വിളിക്കാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തുടങ്ങി. അതിന്നിടയില്‍ മറ്റു സുഹൃത്തുക്കളുടെ ചാറ്റിങ്ങ് വേറെയും. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ കുടുംബത്തില്‍ ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം നെറ്റിലും അതിലെ പരിചയക്കാര്‍ക്കും വേണ്ടി ചിലവഴിക്കേണ്ടി വരുന്നു.

അതിന്നിടയിലാണ് ബ്ലോഗെഴുതാനും ബ്ലോഗില്‍ കമന്റെഴുതാനും തുടങ്ങിയത്.  വീണ്ടും പരിചയക്കാരുടെ എണ്ണം കൂടുകയും പലരുമായും സംസാരിക്കാനും   അതു വഴി സൌഹൃദം വീണ്ടും കൂടുവാനും കഴിഞ്ഞു. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ആണും പെണ്ണും വിളിക്കാനും ഒരു കുടുംബാംഗത്തെ പോലെ കണക്കാക്കി പരാതികളും പരിഭവങ്ങളും പങ്കു വെക്കാന്‍ വരെ തുടങ്ങി.
ഇതിന്നിടയില്‍ എന്റെ പോസ്റ്റുകളിലൂടെ പരിചയപ്പെട്ട പലരും വീട്ടില്‍ വന്നിട്ടുമുണ്ട്.  വീടു നിര്‍മ്മാണത്തെപ്പറ്റി പോസ്റ്റഴുതിയപ്പോള്‍ പുതുതായി പണിത വീടു കാണാന്‍ വന്ന ദമ്പതികളും അക്കൂട്ടത്തില്‍ പെടും. അതു പോലെ നെറ്റില്‍ ആരംഭ കാലത്തു പരിചയപ്പെട്ട ഗള്‍ഫിലായിരുന്ന ഒരു കുടുംബം നാട്ടില്‍ വന്നപ്പോള്‍ എന്നെ കാണാന്‍ വരികയുണ്ടായി. ഇതൊക്കെ വളരെയധികം സന്തോഷം തരുന്ന അനുഭവങ്ങളായിരുന്നു.
അതിന്നിടയില്‍ മലയാളം ബ്ലോഗേഴ്സിന്റെ കൂട്ടായ്മയായ തുഞ്ചന്‍ മീറ്റു നടന്നു. പുതുതായി പലരെയും പരിചയപ്പെടാനും പഴയ പല പരിചയക്കാരെയും നേരില്‍ കാണാനും അതു മൂലം കഴിഞ്ഞു. അതും ഒരു ആഘോഷം പോലെയായിരുന്നു.

എന്നാല്‍ ഈയിടെയുണ്ടായ രണ്ടു സംഭവങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒന്നു തിരൂര്‍ മീറ്റില്‍ അമരത്തു പ്രവര്‍ത്തിച്ചിരുന്ന രണ്ടു സുഹൃത്തുക്കള്‍, രണ്ടു പേരും എന്നെ നന്നായി അറിയുന്നവര്‍, തമ്മില്‍ ബ്ലോഗിലൂടെ നേര്‍ക്കു നേര്‍ കമന്റ് യുദ്ധം നടത്തി.  അതു ഒരു വിധം കെട്ടടങ്ങിയപ്പോയതാ മറ്റൊരു ബ്ലോഗിണി ,നേരിട്ടറിയില്ലെങ്കിലും ബ്ലോഗ് മീറ്റില്‍ കാണുകയും അറിയുകയുംചെയ്യുന്ന , അവര്‍ മറ്റൊരു ബ്ലോഗറില്‍ നിന്നുണ്ടായ അനുഭവത്തെപ്പറ്റി പോസ്റ്റിറക്കുകയും അതു വഴി ഒരു കമന്റു യുദ്ധം തന്നെ നടക്കുകയും ചെയ്തിരിക്കുന്നു.

നേരിട്ടറിയാത്ത ആളായിട്ടും കൂടി മറ്റുള്ളവര്‍ തന്ന ലിങ്കിലൂടെ മേല്‍ പറഞ്ഞ കമന്റുകള്‍ മുഴുവന്‍ വായിക്കാനിടയായി.  ഇന്നലെ രാത്രി കൂടുതല്‍ സമയം ചിലവഴിച്ചതതിനായിരുന്നു. അവിടെ കമന്റ് ക്ലോസ് ചെയ്തതിനാല്‍ അഭിപ്രായമൊന്നും എഴുതാതെ പോന്നു. അതില്‍ പറയുന്ന പരാമര്‍ശങ്ങള്‍ എത്രത്തോളം ശരിയാണെന്നറിയില്ലെങ്കിലും ഞാന്‍ ഒരു കാര്യം മനസ്സിലാക്കി, അതായത് നമ്മള്‍ ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കുന്നതിന്നപ്പുറം ആരുമായും കൂടുതല്‍ അടുക്കാതിരിക്കുന്നതായിരിക്കും നമ്മുടെ കുടുംബ ജീവിതത്തിന്റെ ഭദ്രതക്കു നല്ലതെന്ന്. പലപ്പോഴും പലരുടെയും പോസ്റ്റുകള്‍ക്ക് കമന്റിടുമ്പോള്‍ പല വിവാദങ്ങളും ഉയരാനും അതില്‍ നമ്മുടെ അഭിപ്രായം പറയുമ്പോള്‍ ചിലര്‍ക്കതിഷ്ടപ്പെടാതിരിക്കുകയും ചെയ്തിട്ടുണ്ട്. എന്തിനു വെറുതെ വയ്യാ വേലി?. ജീവിതത്തിലെ പല പിരിമുറുക്കത്തില്‍ നിന്നും തെല്ലൊരാശ്വാസം കിട്ടാനാണ് ഇത്തരം വേദികളില്‍ വരുന്നതു തന്നെ. എന്നിട്ട് അതു തന്നെ  ഒരു തല വേദനയായാല്‍  പിന്നെ!.

മുമ്പു കണ്ടിരുന്ന പല ബ്ലോഗര്‍മാരും  പതുക്കെ പിന്‍ വലിഞ്ഞതായി കാണുന്നുണ്ട്. എന്റെ ബ്ലോഗിലെ പല ഫോളോവേഴ്സിനേയും ഇപ്പോള്‍ രംഗത്തു കാണാനില്ല. അതു പോലെ കമ്യൂണിറ്റി സൈറ്റുകളില്‍ ഫ്രന്റ്സായി ആഡ് ചെയ്തു അനവധി കാലം സജീവമായിരുന്ന പലരും എവിടെയോ പോയി ഒളിച്ചിരിക്കുന്നു!. പിന്നെ ഞാന്‍ മാത്രം എന്തിനിത്ര കഷ്ടപ്പെടണം?. രണ്ടു വര്‍ഷമായി ഈ രംഗത്തു വളരെ സജീവമായിരുന്നു.  എന്നാല്‍ ഇനിയും തുടരുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്നാണിപ്പോള്‍ തോന്നുന്നത്.

വല്ലപ്പോഴും സൌകര്യം പോലെ നെറ്റില്‍ കയറി നമുക്കാവശ്യമുള്ള കാര്യങ്ങള്‍ നോക്കുകയും വായിക്കുകയും ചെയ്യുന്നതിന്നപ്പുറം ഇതൊരു ദിന ചര്യയായി തുടരേണ്ടെന്നു ഞാന്‍ തീരുമാനിച്ചിരിക്കുന്നു. അതിന്നുള്ള മുന്നോടിയായി എന്റെ ബ്രോഡ് ബാന്റ് കണക്ഷന്‍ തല്‍ക്കാലത്തേയ്ക്ക് സീറോ പ്ലാനിലേക്ക് മാറ്റുകയും തല്‍ക്കാലാവശ്യത്തിനായി ഒരു മൊബൈല്‍ നെറ്റ് വര്‍ക്ക് കണക്ഷന്‍ എടുക്കുകയും ചെയ്തു. ഇനി ഈ വയസ്സാം കാലത്തു ഇത്രയൊക്കെ മതി.

സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് ബുദ്ധി!. എല്ലാവര്‍ക്കും നന്ദി!. ഇവിടെ കമന്റും വേണ്ടെന്നു തോന്നുന്നു.

6 comments:

Mohamedkutty മുഹമ്മദുകുട്ടി said...

കമന്റ് ബോക്സിന്റെ വാതില്‍ അറിയാതെ അടഞ്ഞു പോയതായിരുന്നു. സദയം ക്ഷമിക്കുക.

Pranavam Ravikumar said...

ഞാനും അതുകൊണ്ട് മലയാളത്തില്‍ നിന്നും കുറച്ചു നാള്‍ മാറിനിന്നു.. പകരം തമിഴിലും ഇംഗ്ലീഷിലും ചേക്കേറി.. എങ്കിലും പറഞ്ഞ പോലെ ആഴ്ചയില്‍ ഒരിക്കെ വായിക്കാറുണ്ട്..

dilshad raihan said...

assalamu alikum

ikka njanivide adyamayanu
total colurful anallo
nannayittundto
manas niranja perunal ashamsakal

raihan7.blogspot.com

രജിത്ത് കൊടുങ്ങല്ലൂര്‍ said...

nalla theerumanam...oru nerampokku ennathil appuram athu oru addiction aakumbo samayam pokum..pala vijnanavum ithil koodi kittum..puthiya changathikal..oru paridhi undakkunnathu nallathu.

മൌനം said...

ജീവിതത്തിലെ പല പിരിമുറുക്കത്തില്‍ നിന്നും തെല്ലൊരാശ്വാസം കിട്ടാനാണ് ഇത്തരം വേദികളില്‍ വരുന്നതു തന്നെ. .. സത്യം

നീര്‍വിളാകന്‍ said...

എനിക്ക് എല്ലാവരുമായി ബന്ധമുണ്ട് എന്നാല്‍ ആരുമായിട്ടും ബന്ധമില്ല താനും.... സോഷ്യന്‍ നെറ്റ്വര്‍ക്ക് സുഹൃത്തുക്കള്‍ എന്‍റെ വീട്ടുകാരേക്കാള്‍ അടുപ്പം ഉള്ളവര്‍ ആയ കുറെ നാള്‍ എനിക്കും ഉണ്ടായിരുന്നു.... പിന്നെ അതിലെ പൊള്ളത്തരങ്ങള്‍ മനസ്സില്ലായപ്പോള്‍ മനപൂര്‍വ്വം വേണ്ട എന്ന് വച്ചു.... ഇന്ന് എല്ലാവരോടും സൌഹൃദമാണ് എന്നാല്‍ ആരുമായും സൌഹൃദമില്ല...!!!!