നര്‍മ്മം മാത്രം എഴുതി വന്നപ്പോള്‍ ജീവിതത്തിലെ ചില സത്യങ്ങള്‍ മറച്ചു വെക്കാനാവില്ല.പക്ഷെ നര്‍മ്മം കൊണ്ട് അല്പം ആശ്വാസം കിട്ടിയാലോ? ഇത്തരത്തില്‍ ഒരു തലവാചകം കൊടുത്തതു തന്നെ പ്രത്യേക ഉദ്ദേശം വെച്ചാണ്,ഇഷ്ടപ്പെടാത്ത വിഷയമാണെങ്കില്‍ ചിലര്‍ക്കെങ്കിലും വായിക്കാന്‍ മിനക്കെടേണ്ടല്ലോ?.പക്ഷെ ഈ സത്യം നാം അംഗീകരിച്ചേ പറ്റൂ. പലപ്പോഴും നമുക്കു വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോള്‍ മാത്രം നാമതിനെപ്പറ്റി ചിന്തിക്കുന്നു!. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് ശവപ്പറമ്പിലൂടെ വേണം നടന്നു പോവാന്‍, എന്നിട്ടും അന്നൊന്നും ഇത്തരം ഒരു ചിന്ത മനസ്സില്‍ വന്നിട്ടില്ല. വീട്ടിലേക്കുള്ള വഴിയിലും റോഡ് വക്കില്‍ പള്ളിപ്പറമ്പുണ്ട്, അവിടെ ഖബറുകളും.അതും ഒരു സാധാരണ കാഴ്ച മാത്രം!. ഇപ്പോള്‍ മതില് കെട്ടിയതിനാല്‍ റോഡില്‍ നിന്നു കാണുകയുമില്ല. മനസ്സില്‍ ഓടിയെത്തുന്ന ആദ്യ മരണം സ്വന്തം പിതാവിന്റെയാണ്. പക്ഷെഅന്നൊന്നും അതുണ്ടാക്കുന്ന മുറിവിനെപ്പറ്റി അറിയില്ലായിരുന്നു, പതിനഞ്ചാമത്തെ വയസ്സില്‍. എല്ലാവരും കരയുന്നു,താനും കരഞ്ഞു. പിന്നെ അതൊക്കെ മറക്കുന്നു. താന്‍ വലുതാവുന്നു. ഉത്തരവാദിത്തങ്ങള്‍ മനസ്സിലാവുന്നു. കുടുംബനാഥനും ഉദ്യോഗസ്ഥനുമൊക്കെയായി നടക്കുന്നതിന്നിടയില്‍ ഒരു ദിവസം അത് സംഭവിക്കുന്നു. തന്നോടൊത്ത് ഉറങ്ങിക്കിടന്ന പ്രിയതമയുടെ ഞരക്കം കേട്ടാണുണര്‍ന്നത്. പ്രത്യേകിച്ചസുഖമൊന്നുമുണ്ടായിരുന്നില്ല. ഇരുപത് വര്‍ഷം മുമ്പ് ഹാര്‍ട്ടിന്റെ വാല്‍വിന്നു ഓപ്പറേഷന് നടത്തിയിരുന്നു.പിന്നെ സധാരണ ജീവിതമായിരുന്നു. തലേന്നു വരെ സുഖമില്ലാത്ത എന്റെ മാതാവിന്നു കൂട്ടു കിടന്നതാണ്...ലൈറ്റിട്ടു ക്ലോക്കില്‍ നോക്കി. സമയം രാത്രി രണ്ട് മണി. മിണ്ടാന്‍ പോലും പറ്റുന്നില്ല.ശരീരത്തിന്റെ ഒരു വശം അപ്പാടെ തളര്‍ന്നിരിക്കുന്നു. പെട്ടെന്ന് എല്ലാവരെയും വിളിച്ചുണര്‍ത്തി അയല്‍ക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ആസ്പത്രിയിലെത്തിച്ചു. ഓപറേഷന് കഴിഞ്ഞ് വൈകി വീട്ടില്‍ പോയ ബന്ധുവായ ഡോക്ടര്‍ ഉടനെ വന്നു പരിശോധിച്ചു വേണ്ടതൊക്കെ ചെയ്തു. പിറ്റേന്ന് രാവിലെ ഒരു ഗ്ലാസ്സ് കാപി കുടിച്ചു. ആശ്വാസം തോന്നി. പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ എല്ലാവരുടെയും അഭിപ്രായമനുസരിച്ച് അകലെയുള്ള വലിയ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഭാഗ്യത്തിനു പണ്ടു ചികിത്സിച്ച അതേ ഡോക്ടര്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം വേഗം തിരിച്ചറിഞ്ഞു. പേടിക്കാനൊന്നുമില്ല. എല്ലാം ശരിയാവും.അദ്ദേഹം ആശ്വസിപ്പിച്ചു. അവിടത്തെ പരിശോധനകളും ടെസ്റ്റുകളും കഴിഞ്ഞ് ഐ.സി,യു വില്‍ കയറ്റിയപ്പോഴേക്കും വൈകുന്നേരമായി. രോഗിയുടെ പേരെയുതിയ പാത്രത്തില്‍ കുടിക്കാന്‍ വേണ്ടതൊക്കെ അറ്റന്ററുടെയടുത്ത് കൊടുക്കുമ്പോഴും അരുതാത്തതൊന്നും സംഭവിക്കില്ലെന്നുറപ്പായിരുന്നു. മൂത്ത മകനെ അവിടെ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ മരുമകന്റെ കൂടെ വെളിയില്‍ പോയതായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈലടിച്ചു .ഒരു ബന്ധുവിന്റെയാണ്. ഉടനെ ഐ.സി.യുവിന്റെ മുന്നിലെത്തണമെന്ന്. ഭക്ഷണം മതിയാക്കി ഓടി. ഉടനെ തന്നെ മറ്റൊരു ഫോണ്‍ സഹപ്രവര്‍ത്തകന്റെയാണ്. ചികില്‍സക്കുള്ള അഡ്വാന്‍സ് ശരിയായിട്ടുണ്ട്, നാളെത്തന്നെ District office ല്‍ പോയി വാങ്ങണമെന്ന്.. എങ്ങിനെയോ ഒരു വിധത്തില്‍ പാഞ്ഞെത്തി. അപ്പോള്‍ വെന്റിലേറ്ററില്‍ ....
ആ മുഖത്തേക്കു ഒന്നു നോക്കാനേ കഴിഞ്ഞുള്ളു. മരുമകന് തന്നെ ചേര്‍ത്ത് പിടിച്ച് അരികില്‍ തന്നെയുണ്ട്. പിന്നെ ഏതാനും നിമിഷങ്ങള്‍.....ഡ്യൂട്ടി ഡോക്ടര്‍ പുറത്ത് വന്നു.
"കഴിഞ്ഞു.." ഭൂമി മൊത്തം മുമ്പിലൂടെ കറങ്ങുന്ന പോലെ തോന്നി.
പിന്നെ പലരും പല നമ്പറുകളും ചോദിക്കുന്നു,എവിടെയൊക്കെയോ വിളിക്കുന്നു...
അല്പ സമയം കൊണ്ട് കുറെ ബന്ധുക്കള്‍ പാഞ്ഞെത്തി. പിന്നെ ആമ്പുലന്‍സില്‍ ചലനമറ്റ ശരീരവുമായി വീട്ടിലേക്കു....തലേന്നു ആസ്പത്രിയിലേക്ക് പോയ അതെ സമയത്ത്. വീട്ടിലെത്തുമ്പോള്‍ വലിയ ജനക്കൂട്ടം. ബന്ധുക്കളും അയല്‍ക്കാരും. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടി ഓരോ കാര്യങ്ങള്‍ ഏര്‍പ്പാടു ചെയ്യുന്നു. കുട്ടികള്‍ [മുതിര്‍ന്നവരാണ്] അവിടവിടെയായി കരഞ്ഞു
കിടക്കുന്നു. പ്രായമായ തന്റെ മാതാവ് രോഗശയ്യയില്‍ നിന്നെണീറ്റ് തരിച്ചിരിക്കുന്നു....
ഒരു വര്‍ഷം കഴിഞ്ഞു അവരും പോയി. അതു എല്ലാവരും പ്രതീക്ഷിച്ചതാണ്, പക്ഷെ അതും ആസ്പത്രിയില്‍ വെച്ച് ഡോക്ടര്‍ പോലും നിനക്കാത്ത നേരത്ത്..............
.....................................
ഇപ്പോള്‍ ആറു വര്‍ഷം പിന്നിട്ടിരിക്കുന്നു....മേശപ്പുറത്തുള്ള ഫ്രെയിം ചെയ്ത ഫോട്ടോയില്‍ നിന്നു തന്നെ
നോക്കി അവള് ചിരിക്കുന്നു. ഒരു പക്ഷെ അങ്ങോട്ട് വിളിക്കുകയാവാം......
19 comments:
ഇത് വായിക്കാന്‍ ഞാനാരോടും പറയുന്നില്ല,യാദൃശ്ചികമായി കാണുന്നവര്‍ വായിക്കട്ടെ!
പ്രീയപ്പെട്ട മുഹമ്മദ്കുട്ടി ഇക്കാ,
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ വേര്‍പാടിന്റെ പശ്ചാത്തലം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആണ്. ഞാന്‍ യാദൃശ്ചികമായി ഈ ഹോസ്പിറ്റലിന്റെ പേര് എന്റെ ഒരു പോസ്റ്റില്‍ ഉപയോഗിച്ചപ്പോള്‍ ഇക്കാ പറഞ്ഞാണ് ഞാന്‍ ഓര്‍ത്തത്. അന്ന് അറിയാതെ ആ പേര് പോസ്റ്റില്‍ വന്നത് ഇക്കയ്ക്ക് അല്പം വിഷമം ഉണ്ടാക്കുവാന്‍ കാരണമായത് പിന്നീട് വളരെ നാള് എനിക്കും അല്പം വിഷമം തന്നു. വേര്‍പാട് എന്നും ഒരുപാട് വേദനകള്‍ മാത്രമേ നല്‍കാറുള്ളൂ. എന്തായാലും ഭാര്യ വിളിച്ചാലും ഉടനെ ഞങ്ങള്‍ വിടില്ല. സ്നേഹമുള്ള ആളാണ് ഇക്കായെന്നറിയാം. ഈ പോസ്റ്റിലൂടെ ആ ഹൃദയത്തിന്റെ നൈര്‍മ്മല്ല്യം മനസ്സിലാവും. ഒരു പക്ഷെ യാദൃശ്ചികമായി ഈ പോസ്റ്റ് കാണാന്‍ ഇടയായതും അതുകൊണ്ടാവും.
ഒരു പക്ഷെ ഈത്തവണ നേരില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ
സ്നേഹപൂര്‍വ്വം
(ദീപക് രാജ് )
യാദ്യശ്ചികമായി ഇവിടെ വന്നു... ഈ പോസ്റ്റ് വായിച്ചു.
ആ വേദന മനസിലാക്കുന്നു. സഹിക്കാനുള്ള ശക്തി പരമകാരുണ്യവാന് നല്‍കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഇക്കാ,
ആ വേദനയുടെ ആഴം മനസ്സിലാക്കുന്നു.
മരണം ആര്‍ക്കും ഒഴിവാക്കാനാവാത്തതല്ലേ..
നമുക്കു നമ്മുടെ ഊഴത്തിനായി കാത്തിരിക്കാം...
ആരും ഓർക്കാനിഷ്ടപ്പെടാത്ത എന്നാൽ എപ്പോഴും ഓർത്തിരിക്കേണ്ട പ്രപഞ്ച സത്യം മരണം.
പ്രിയതമയുടെയും മാതാപിതാക്കളുടെയും ആഖിറം അല്ലാഹു സ്വർഗപൂങ്കാവനമാക്കട്ടെ. തെറ്റു കുറ്റങ്ങൾ പൊറുത്ത് കൊടുക്കട്ടെ.. ഒരു മകന് ,ഭർത്താവിന് ഇനി ചെയ്യാനുള്ളതു അവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്.
മരണത്തെ ഓർക്കാൻ മനസ്സിനെ പാകപ്പെടുത്താൻ ഇടയ്ക്കെങ്കിലും ഇത്തരം അനുഭവക്കുറിപ്പുകൾ പ്രയോജനം ചെയ്യും..
പടച്ചവന്റെ തീരുമാനങളെ നമുക്കാര്‍ക്കെങ്കിലും മാറ്റാന്‍ കഴിയുമോ..?
അവന്റെ തീരുമാനങള്‍ അതാതുസമയത്ത് തെല്ലിട വ്യത്യാസമില്ലാതെ സംഭവിച്ചുകൊണ്ടേയിരിക്കും....!
അനശ്വരമായി ഈ ദുനിയാവില് ഒന്നും തന്നെയില്ല..
വളരെ പക്വമായ ആ മനസ്സിന് ഈ തത്വങളൊന്നും പറയേണ്ടതില്ലെന്നറിയാം..
പക്ഷെ ഈ പറഞതൊക്കെയും എന്റെ ഒരു മനസമാധാനത്തിനാണ്...
ഇക്കാക്ക് ഞങളൊക്കെയില്ലേ..ഞങള്‍ക്ക് ഇക്കായും...
ഈ പോസ്റ്റ് വായിച്ച് എന്റെ മനസ്സ് കരയുന്നു..
വിട പറഞ്ഞവർക്കും താങ്കൾക്കും വേണ്ടി പ്രാർത്ഥനയോടെ
അത്താഴ ശേഷം വാഷ് ബേസിനില്‍ കൈയ് കഴുകുമ്പോള്‍ അയാള്‍ പറഞ്ഞു :ഒരു ദിനം കൂടി കഴിഞ്ഞു .ചുവടുകള്‍ ...ഏതാനും ചുവടുകള്‍ ... ടൈനിംഗ് റൂമില്‍ നിന്നും ബെഡ് റൂമിലേക്ക്. അയാള്‍ കുഴഞ്ഞു വീണു. ഡോക്ടര്‍ മരണം സ്തീരികരിച്ചു. ഇതാണ് ജീവിതം; മരണം.
ഇക്ക എത്ര ചുരുങ്ങിയ വരികളിലാണ് ജീവിതത്തെത്തന്നെ പിടിച്ചുലച്ചുകളയുന്നതരത്തിലുള്ള ഒരു കാര്യം വരച്ചുവെച്ചിരിക്കുന്നത്. ഇതുപോലുള്ള സന്ദര്ഭങ്ങളിലൂടൊക്കെ എല്ലാവര്ക്കും കടന്നുപോകേണ്ടിവരും അല്ലേ ? അന്നുമാത്രമല്ലേ അതിന്റെ ശരിയായുള്ള ആഴം മനസ്സിലാക്കാന്‍ പറ്റൂ.
നന്മകള് നേരുന്നു.
പരേതാന്മാവിന് ആദരാജ്ഞലികള്‍ .
എന്തോ,എന്ത് എഴുതണം എന്ന്റിയുന്നില്ല ഇക്ക ....വാക്കുകള്‍ക്കിടയില്‍ ഒളിച്ചു കിടക്കുന്ന വേദന കാണാന്‍ കഴിയുന്നു ..... ഇതാണ് ഇന്നത്തെ എന്റെ ആദ്യത്തെ വായന ...കണ്ണുകള്‍ ഇതാ നിറഞ്ഞൊഴുകുന്നു ....എനിക്ക് മരണത്തെ പേടിയില്ല ...പക്ഷെ നമ്മള് ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ക്ക് വേണ്ട പെട്ടവരെ മരണം കൂടെ കൂട്ടിപോകുമ്പോള് ....ഇന്ന് വെള്ളിയാഴ്ച ...നമ്മള്‍ക്ക് പ്രിയപെട്ട ദിവസം ...ജുമാ ഉള്ള ദിവസം ,ഇന്ഷ അള്ളാ ...പ്രാര്‍ഥിക്കാം ....സ്വര്‍ഗം നല്കി അനുഗ്രഹിക്കട്ടെ പടച്ചവന് .....ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എന്റെ ഒരു സുഹൃത്ത് മരിച്ചപ്പോള്‍ കുത്തികുറിച്ച വരികള്‍ താഴെ കാണാം ....ലിങ്കില്‍ പോയിനോക്കു...
http://aadhillasdiary.blogspot.com/2009/06/blog-post_29.html
http://aadhillasdiary.blogspot.com/2008/04/death.html
ഇന്നു മെയ് 29, ഇന്നേക്ക് 7 വര്‍ഷം കഴിഞ്ഞു എന്റെ ജമീല എന്നെ വിട്ടു പിരിഞ്ഞിട്ട്. മനസ്സില്‍ ഒത്തിരി നൊമ്പരങ്ങളുമായി ഞാന്‍ കാത്തിരിക്കുന്നു.....
ഇന്നു മെയ് 29, ഇന്നേക്ക് 7 വര്‍ഷം കഴിഞ്ഞു എന്റെ ജമീല എന്നെ വിട്ടു പിരിഞ്ഞിട്ട്. മനസ്സില്‍ ഒത്തിരി നൊമ്പരങ്ങളുമായി ഞാന്‍ കാത്തിരിക്കുന്നു
വേണ്ട ഇക്കാ. അങ്ങിനെ ഒരു കാത്തിരിപ്പ് വേണ്ട. വെറുതെ വായിച്ചു തുടങ്ങിയതാണ്. പല വിവരണങ്ങളും വായിച്ചിട്ടുണ്ട്. പക്ഷെ സ്വന്തം പ്രിയതമയുടെ... ആദ്യായിട്ട വായിക്കുന്നത്.
അറിയുന്നു ആ മനസിലെ നൊമ്പരം. എല്ലാവരും ഒരുനാള്‍ മറഞ്ഞു പോകും. പക്ഷെ. .. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നും അറിയില്ല.
വായിച്ചപ്പോള്‍ കണ്ണിലെവിടെയോ ഇത്തിരി. തുടക്കത്തില്‍ തന്നെ ഈ പോസ്റ്റ് വായിക്കെണ്ടിയിരുന്നില്ലെന്നു തോന്നി.
ഇവിടെ വരെ വരാന്‍ കുറച്ചു വൈകി...
ഞാനെന്താ പറയാ..?
വാക്കുകള്‍ കിട്ടുന്നില്ല..
പ്രാര്‍ത്ഥിക്കുക.അതു മാത്രമേ മരിച്ചവര്‍ക്കു വേണ്ടി ഇനി
നമുക്കു ചെയ്യാനുള്ളൂ...
അള്ളാഹു നമ്മളെയെല്ലാം കാത്തു രക്ഷിക്കട്ടെ.(ആമീന്‍)
മനുഷ്യന് എത്ര വള്ളര്ന്നാലും സാങ്കേതികത എത്ര തന്നേയ് പുരോഗമിച്ചാലും ശരി മനുഷ്യ ജീവന് ഒരു നിമിഷതെയ്ക്ക് പോലും പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ല എന്ന് നാം യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നത് നമുക്കെ വേണ്ടപ്പെട്ടവര്‍ മരണപ്പെടുമ്പോള്‍ ആണ്.പ്രിയപ്പെട്ടവരുടെയ് വേര്‍പാട് ജീവിതത്തില്‍ സൃഷ്ടിക്കുന്ന ശൂന്യത എത്രത്തോളം എന്ന് പറഞ്ഞറിയിക്കാന്‍ സാധ്യമല്ല അതിലുപരിയായി ഇന്നലെ വരെ നമ്മുടെ കൂടെ ഉണ്ടായിരുന്ന നമ്മുടെ സഹയാത്രികന് ഇന്നില്ല എന്ന് സ്വന്തം മനസ്സിനെ പറഞ്ഞു മനസ്സിലാക്കാനാണ് അതിലെരേ പ്രയാസം.സമാനമായ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് എന്റെ പ്രിയപ്പെട്ട വലിയുപ്പ എന്റെ തോള്ളില്‍ കിടന്നാണ് മരിച്ചത്.മനുഷ്യന് എത്രതോള്ളം നിസ്സഹായന് ആണ് എന്ന് ഞാന്‍ അന്നാണ് മനസ്സിലാക്കിയത്.താങ്കളുടെ ഭാര്യയുടെ വേര്‍പാട് താങ്കളുടെ ജീവിതത്തില്‍ സൃഷ്ടിച്ച മുരിവിന്റെയ് ആഴം ഞാന്‍ മനസിലാക്കുന്നു ഒപ്പം അവരുടെ പരലോക സൌക്യത്തിനു വെമ്ടി പ്രാര്‍ത്ഥിക്കുന്നു.
അള്ളാഹു ആഹിറം സുഗമാകികൊടുക്കട്ടെ ...നാളെ അവന്റെ സ്വര്‍ഗം കിട്ടുനവരില് ഉള്പെടുതട്ടെ ..ആമീന്‍
കുട്ടിക്കാ സാറേ...യാദൃശ്ചീകമായി ഏതൊ ഒരു ബ്ലോഗിൽ കയറിയപ്പൊ കണ്ടൂ.. അതിശയമായീരുന്നു ബ്ലോഗറാണെന്നറിഞ്ഞപ്പോ പക്ഷെ ക്ലിക്കി വന്നപ്പൊ കണ്ടതു ഈ പോസ്റ്റും.... എന്തായാലും പ്രാർത്ഥനയിൽ സാറുണ്ട് ഇന്ന് മുതൽ..
എന്റെ വേദനയിൽ എന്നോടൊപ്പം പങ്കു വെച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
എല്ലാ വേദനയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാരിലും എത്തുന്നുണ്ട്... ജീവിതത്തിന്റെ ചില സമയം അങ്ങിനെയും.....
Post a Comment