കൂട്ടുകാരിയുടെ ആങ്ങളയുടെ കല്യാണത്തിനു പോകാന്‍ വന്നതായിരുന്നു മൂത്ത മകള്‍ ഷാഹിന . പെട്രോളിനു വില കൂടിയ ശേഷം ടൌണില്‍ പോകാന്‍ വണ്ടിയെടുക്കാന്‍ അല്‍പം മടിയാ. അതിനാല്‍ കല്യാണത്തിനു പോകുന്ന മകളുടെ കൂടെ ടൌണിലേക്ക് ഓസിയടിച്ചു. സ്വയം നിര്‍മ്മിത ഇങ്കുബേറ്ററില്‍ പുതിയതായി വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ വിറ്റാമിന്‍ മരുന്നും അല്‍പം കോഴിത്തീറ്റയും വാങ്ങലായിരുന്നു ലക്ഷ്യം.
സാധനങ്ങല്‍ വാങ്ങി ബസ് സ്റ്റാന്‍റില്‍ വന്നു നാട്ടിലേക്കുള്ള മിനി ബസ്സില്‍ കയറാന്‍ നോക്കുമ്പൊ സീറ്റെല്ലാം ഫുള്‍. കയ്യില്‍ ഘനമുള്ള കവറുമുണ്ട്. അപ്പോഴാണു " വൃദ്ധര്‍" എന്നെഴുതിയ സീറ്റിലേക്ക് നോക്കിയത്. രണ്ടു പയ്യന്മാര്‍ സുഖമായി അവിടെ ഇരിക്കുന്നു. ബസ്സിലെ എഴുത്തിലേക്ക് ചൂണ്ടി കാണിച്ചപ്പോള്‍ അവര്‍ എണീറ്റ് തന്നു. സ്വസ്ഥമായി സീറ്റിലിരുന്നപ്പോള്‍ തെല്ലൊരാശ്വാസം. ബസ്സിലിരുന്നു പുറത്തേക്ക് നോക്കിയപ്പോള്‍ ചിന്തകള്‍ പുറകിലോട്ട് പോയി. എത്ര പെട്ടെന്നാ താനൊക്കെ വൃദ്ധരുടെ ലിസ്റ്റില്‍ കയറി കൂടിയത്? .
രാവിലെ മകള്‍ വന്നപ്പോള്‍ തോന്നിയ ആശയമാ പൂട്ടിയിട്ട ആ റൂമൊന്നു തുറന്ന് അതിലെ സാധനങ്ങളൊക്കെ ഒന്നു തിരയാന്‍. അത്തരം പണികള്‍ അവള്‍ക്കും കൌതുകമാ. പത്തിലും ഒമ്പതിലും പഠിക്കുന്ന രണ്ടാണ്‍ മക്കളുടെ ഉമ്മയായ അവള്‍ക്ക് തിരച്ചിലില്‍ അവളുടെ കല്യാണ ആല്‍ബവും കിട്ടി. എന്‍റെ കണ്ണുടക്കിയത് കാലൊടിഞ്ഞ ആ പഴയ മേശയിലാ. ഒത്തിരി പഴക്കമുണ്ടാ മേശക്ക് . ഞാന്‍ ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ എന്‍റെ പിതാവിന്‍റെ വില പിടിച്ച രേഖകളും മറ്റും വെച്ചിരുന്നത് അതിലായിരുന്നു. അന്നതിനു നല്ലൊരു നാടന്‍ പൂട്ടുമുണ്ടായിരുന്നു. സ്റ്റെയിന്‍ ലെസ്സ് സ്റ്റീലില്‍ എന്‍റെ പിതാവ് തന്നെ രൂപ കല്‍പന ചെയത അതിന്‍റെ താക്കോല്‍ ഇന്നും ഓര്‍മ്മയിലുണ്ട്. പിതാവിന്‍റെ മരണ ശേഷം ആ മേശ എന്‍റേതായി. താക്കോള്‍ എവിടെയോ കളഞ്ഞു പോയി . എന്‍റെ പുസ്തകങ്ങളും മറ്റും അതില്‍ വെച്ചിരുന്നു. എന്‍റെ പഠനവും മറ്റുമൊക്കെ അതിന്മേലായിരുന്നു. അന്ന് പേനയില്‍ മഷി നിറക്കുമ്പോള്‍ ചിന്തിപ്പോയ മഷിക്കറ ഇപ്പോഴും അതിന്മേലുണ്ട്. അതു പോലെ കല്ലു വെച്ചു കളിക്കാന്‍ കോമ്പസ് കൊണ്ട് കോറിയുണ്ടാക്കിയ ചതുരക്കള്ളികളും!.
.
പിന്നീട് മൂത്ത മകനിലേക്കും അവനില്‍ നിന്ന് മകളിലേക്കും കൈമാറ്റം നടന്നു. അവള്‍ പിന്നെ അനിയന്മാര്‍ക്കാര്‍ക്കും കൊടുത്തില്ല എന്ന് അതിന്മേല്‍ ഒട്ടിച്ചിരുന്ന അക്ഷരങ്ങള്‍ കൊണ്ടുള്ള സ്റ്റിക്കറില്‍ നിന്ന് മനസ്സിലായി . S-H-A-H-I-N-A-Z-I-R എന്ന് അക്ഷരങ്ങളില്‍ അവള്‍ തീര്‍ത്തിരുന്നു. ഭര്‍ത്താവ് നാസറിന്‍റെ പേരും ചേര്‍ത്ത് അങ്ങിനെയാ അവള്‍ എഴുതിയിരുന്നത്.
മകളുടെ സഹായത്തോടെ ഒരു വിധം ആ നിധി താഴിയിറക്കി. മുറ്റത്ത് വെച്ച് പൊടിയൊക്കെ തട്ടി. ഒടിഞ്ഞ കാലും തപ്പിയെടുത്തു. ചെറിയ മുള്ളാണികളുടെ സഹായത്താല്‍ വേര്‍പ്പെട്ട ഭാഗങ്ങള്‍ നേരെയാക്കി . മേശയുടെ ആട്ടമൊക്കെ തീര്‍ത്തു. പിതാവിന്‍റെ ഒട്ടേറെ കരവിരുതുകള്‍ അതിന്മേല്‍ കാണാമായിരുന്നു. മരപ്പലകയില്‍ ചെറിയ പൊട്ടുകളോ തുളകളോ ഉള്ള ഭാഗത്ത് പിത്തളയുടെ തകിടുപയോഗിച്ചാ മറച്ചിരുന്നത്. അന്നൊക്കെ അതായിരിക്കും കൂടുതല്‍ എളുപ്പവും ലാഭകരവും!. ( ഇന്നാണെങ്കില്‍ അല്‍പം എം സീലിന്‍റെ കാര്യമെ ഉള്ളൂ) . .......
- - - - - - - - - - -
ചിന്തയില്‍ നിന്നുണര്‍ന്നപ്പോള്‍ ബസ് ഇറങ്ങേണ്ട സ്റ്റോപ്പിലെത്തിയിരുന്നു. ഘനമുള്ള പൊതി അടുത്തൊരു കടയില്‍ വെച്ചു. പിന്നീട് എടുത്തോളാമെന്നും പറഞ്ഞു പതുക്കെ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തി മേശ പതുക്കെ തുറന്ന് നോക്കി. ഇനി ഇതിനെയൊന്നു കുളിപ്പിച്ചെടുത്ത് കുട്ടപ്പനാക്കണം. പണ്ടൊക്കെ പറമ്പിലുള്ള പാറോത്ത് എന്നൊരു മരത്തിന്‍റെ ഇല കൊണ്ടായിരുന്നു മരത്തിന്‍റെ ഉരുപ്പടികളെല്ലാം തേച്ചു കഴുകിയിരുന്നത് .അതുമൊന്ന് പരീക്ഷിക്കണം . മേശ അടുത്ത തലമുറയിലെ ആര്‍ക്കും വേണ്ടെങ്കിലും എനിക്കു വീണ്ടുമുപയോഗിക്കാമല്ലോ.?